Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

2.74 കോടിയുടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്: ഒന്നാം പ്രതി എം.ആർ.ബിജുലാലിന് ജാമ്യമില്ല; ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തി മൊഴി തിരുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യത; സംഭവത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നും കോടതി

2.74 കോടിയുടെ വഞ്ചിയൂർ സബ്  ട്രഷറി തട്ടിപ്പ്: ഒന്നാം പ്രതി എം.ആർ.ബിജുലാലിന് ജാമ്യമില്ല; ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തി മൊഴി തിരുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യത; സംഭവത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നും കോടതി

അഡ്വ.പി.നാഗ് രാജ്

 തിരുവനന്തപുരം: 2.74 കോടി രൂപയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പു കേസിൽ ഒന്നാം പ്രതിക്ക് ജാമ്യമില്ല. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതിയും സി പി എം സൈബർ പോരാളിയും അഡീഷണൽ സബ്ബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റുമായിരുന്ന എം.ആർ. ബിജുലാലിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ട്. പ്രതി കൃത്യം ചെയ്തതായി വിശ്വസിക്കാവുന്ന ന്യായമായ കാരണങ്ങൾ കേസ് റെക്കോഡ് പരിശോധിച്ചതിൽ നിന്ന് വ്യക്തമാകുന്നതായും ജാമ്യം നിരസിച്ച ഉത്തരവിൽ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ചൂണ്ടിക്കാട്ടി.

സംസ്ഥാന ഖജനാവ് കൊള്ളയടിച്ചു പണം സ്വന്തം ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്തതായി പ്രതിക്കെതിരെ ആരോപണമുള്ള സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ല. സമൂഹത്തിനത് തെറ്റായ സന്ദേശം നൽകി. ജാമ്യത്തിൽ സ്വതന്ത്രനാക്കി വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തി മൊഴി തിരുത്താനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതി ഒളിവിൽ പോകുവാനും സാധ്യതയുണ്ട്. സംഭവത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.ഓഗസ്റ്റ് 5 ന് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ വക്കീലാഫീസിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു.

സർവ്വീസിൽ നിന്നും വിരമിച്ച സബ്ബ് ട്രഷറി ഓഫീസർ ഭാസ്‌ക്കരന്റെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പു നടത്തിയത്. 2020 മാർച്ചിൽ ഒരു ദിവസം ട്രഷറി ഓഫീസർ നേരത്തേ വീട്ടിൽ പോയപ്പോൾ കമ്പ്യൂട്ടർ ഓഫാക്കാൻ പസ് വേഡ് പറഞ്ഞു തന്നതെന്നതായാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയിൽ പറയുന്നത്.

ട്രഷറി ഓഫീസർ വിരമിക്കും മുമ്പ് അവധിയിൽ പോയ ശേഷം ഏപ്രിലിൽ പണം പിൻവലിച്ചു. ആദ്യം 74 ലക്ഷവും പിന്നീട് രണ്ടു കോടിയുമാണ് പിൻവലിച്ചത്. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാൻ സഹോദരിക്ക് അഡ്വാൻസ് നൽകി. ഭാര്യക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങി. ബാക്കി പണം ഓൺലൈനിൽ റമ്മി ചീട്ടു കളിക്ക് ഉപയോഗിച്ചുവെന്നുമാണ് പ്രതി നൽകിയതായ കുറ്റസമ്മത മൊഴി. അതേ സമയം ഒരു പൊലീസുദ്യോഗസ്ഥനോട് നടത്തുന്ന യാതൊരു കുറ്റസമ്മതവും അയാൾക്കെതിരായി തെളിയിക്കാൻ പാടില്ലെന്ന് ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 25 വിവക്ഷിക്കുന്നുണ്ട്.

അതേ പോലെ തന്നെ പ്രതി പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോൾ നടത്തുന്ന കുറ്റസമ്മതം അയാൾക്കെതിരായി തെളിയിക്കാവുന്നതല്ലെന്ന് തെളിവു നിയമത്തിലെ വകുപ്പ് 26 ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കുറ്റസമ്മത മൊഴിക്ക് കോടതിയിൽ നിയമസാധുത വരണമെങ്കിൽ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി നയിച്ചാനയിച്ച വഴിയേ പ്രതിയുമൊത്ത് അന്വേഷണ ഉദ്യോഗസ്ഥൻ ചെന്ന് ആ പണമോ വസ്തുക്കളോ റിക്കവറി നടത്തണം. എന്നാൽ മാത്രമേ കോടതി തെളിവായി സ്വീകരിക്കുകയുള്ളു. ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരമുള്ള അത്തരം റിക്കവറിയുടെ തെളിവു മൂല്യം കോടതി വിലയിരുത്തുന്നത് സാക്ഷി വിസ്താര വിചാരണക്ക് ശേഷമാണ്. ഇവിടെ പ്രതിയുടെ അക്കൗണ്ടിൽ നിന്നല്ലാതെയാണ് ഭൂരിഭാഗം ക്രമക്കടും നടന്നിരിക്കുന്നത്. അത് ബിജുലാലല്ലെങ്കിൽ മറ്റാരൊക്കെയാണെന്ന് കണ്ടെത്തണം. അന്വേഷണ ഉദ്യോഗസ്ഥൻ നേരിടേണ്ട കടുത്ത വെല്ലുവിളിയാണത്. ക്രിമിനൽ കേസിൽ പ്രതിക്ക് താൻ നിരപരാധിയാണെന്നവകാശപ്പെട്ട് പ്രതിക്കൂട്ടിൽ നിശബ്ദനായി നിന്നാൽ മതിയാകും. ആരോപിക്കുന്ന കുറ്റം തെളിയിക്കേണ്ടത് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനടങ്ങുന്ന പ്രോസിക്യൂട്ടിങ് ഏജൻസിയാണ്.

അതേ സമയം പ്രതിയുടെ കൈവശത്ത് നിന്നും റിക്കവറി നടത്തിയിട്ടുള്ളതായി വിചാരണയിൽ തെളിയുന്നുണ്ടെങ്കിൽ മാത്രം അത് തന്റെ കൈവശത്തിൽ എങ്ങനെ എത്തിയെന്നുള്ള തന്റെ അറിവിൽപ്പെട്ട വസ്തുതാ സാഹചര്യം വിശദീകരിക്കേണ്ട തെളിവു ഭാരം ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 106 പ്രകാരം പ്രതിക്കുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP