Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു; 32 പ്രതികളെയും കോടതി വെറുതേ വിട്ടത് തെളിവുകളുടെ അഭാവത്തിൽ; ബാബറി മസ്ജിദ് പൊളിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്തു കൊണ്ടാണെന്നതിന് തെളിവില്ലെന്ന് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി; തെളിവായി സിബിഐ നൽകിയ ദൃശ്യങ്ങളും തള്ളി; പെട്ടന്നുണ്ടായ വികാരത്തിൽ ചെയ്ത പ്രവർത്തിയെന്ന് വിധി; വീഡിയോ കോൺഫറൻസിലൂടെ കേട്ട് എൽ.കെ. അദ്വാനി, മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയവർ

ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു; 32 പ്രതികളെയും കോടതി വെറുതേ വിട്ടത് തെളിവുകളുടെ അഭാവത്തിൽ; ബാബറി മസ്ജിദ് പൊളിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്തു കൊണ്ടാണെന്നതിന് തെളിവില്ലെന്ന് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി; തെളിവായി സിബിഐ നൽകിയ ദൃശ്യങ്ങളും തള്ളി; പെട്ടന്നുണ്ടായ വികാരത്തിൽ ചെയ്ത പ്രവർത്തിയെന്ന് വിധി; വീഡിയോ കോൺഫറൻസിലൂടെ കേട്ട് എൽ.കെ. അദ്വാനി, മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയവർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ രാജ്യത്തിന്റെ മതേതര ചരിത്രത്തിന് കളങ്കമായ ബാബറി മസ്ജിദ് തകർത്ത കേസിലെ സുപ്രധാന വിധി പ്രസ്താവിച്ചു. കേസിൽ പ്രതികളായ ബിജെപി നേതാക്കൾ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തു എന്നതിന് തെളിവില്ലെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

1992 ഡിസംബർ ആറിന് അയോധ്യ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992 , ക്രൈം നമ്പർ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്. പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്‌നൗ സിബിഐ കോടതിയുടെ നിർണായക വിധി. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്‌കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിക്കുന്നത്.

എൽകെ അദ്വാനി , മുരളീ മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. എൽ കെ അദ്വാനി, മുരളി മനോഹർജോഷി, ഉമാഭാരതി, കല്ല്യാൺ സിങ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളിൽ എൽ കെ അദ്വാനി, മുരളി മനോഹർജോഷി, ഉമാഭാരതി, കല്ല്യാൺ സിങ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറ് പേർ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി. വീഡിയോ കോൺഫറൻസ് വഴിയാണ് ഇവർ വിധി പ്രസ്താവം കേട്ടത്.

1992 ഡിസംബർ 6 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബറാൻ കമ്മീഷന്റ് റിപ്പോർട്ട് 17 വർഷം വൈകിയെങ്കിൽ, 28 വർഷത്തിന് ശേഷമാണ് മസ്ജിദ് തകർത്ത കേസിലെ വിധി വരുന്നത്. കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂർത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകർത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകർത്ത കേസിൽ വിധി എന്നതും ശ്രദ്ധേയമാണ്.

മസ്ജിദ് തകർത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഢാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകർക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017 ൽ വിധിക്കുകയായിരുന്നു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു.

48 പേരായിരുന്നു കേസിലെ പ്രതികൾ. മറ്റുള്ളവർ ഇതിനോടകം മരിച്ചിരുന്നു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കുമാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി.

92കാരനായ അദ്വാനി പ്രത്യേക സിബിഐ കോടതിയിൽ കഴിഞ്ഞ ജൂലൈ 24ന് വിഡിയോ കോൺഫറൻസിലൂടെയാണ് മൊഴി നൽകിയത്. 86 കാരനായ ജോഷി അതിന്റെ തലേന്നും മൊഴി നൽകി. തങ്ങൾക്കെതിരെ ചുമത്തിയ കുറ്റം ഇരുവരും നിഷേധിച്ചു. പള്ളി തകർത്തതിന്റെ പേരിൽ തന്നെ ജയിലിലയക്കുകയാണെങ്കിൽ താൻ അനുഗ്രഹിക്കപ്പെട്ടവളാകുമെന്നാണ് ഒന്നാം മോദി സർക്കാറിൽ മന്ത്രിയായിരുന്ന ഉമ ഭാരതി പറഞ്ഞത്. ദിവസേന വിചാരണ നടത്തി രണ്ടുവർഷത്തിനകം വിധി പറയാൻ 2017 ഏപ്രിലിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും നിരവധി തവണ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവ് അവധി നീട്ടി വാങ്ങുകയായിരുന്നു. ഒടുവിൽ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിയാണ് സെപ്റ്റംബർ 30. ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റമാണെന്ന് കഴിഞ്ഞവർഷം നവംബറിൽ പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ, അതേ സുപ്രീംകോടതി എല്ലാവരെയും അമ്പരപ്പിച്ച് അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകർത്ത സ്ഥലത്ത് രാമക്ഷേത്രമുണ്ടാക്കാൻ തകർക്കുന്നതിൽ പങ്കാളിയായ വിശ്വഹിന്ദു പരിഷത്തിന് തന്നെ സ്ഥലം വിട്ടുകൊടുക്കുന്ന തരത്തിലായിരുന്നു വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഭൂമി വിട്ടുകൊടുക്കാൻ ഉത്തരവിട്ട 'രാം ലല്ല വിരാജ്മാൻ' എന്ന കക്ഷിയായി കേസ് നടത്തിയത് വിശ്വ ഹിന്ദു പരിഷത്ത് ആയിരുന്നു. വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ മൂന്നുമാസം കൊണ്ട് ബിജെപി സർക്കാർ രാജ്യസഭയിലെത്തിക്കുകയും ചെയ്തു.

1992 ഡിസംബർ ആറിനാണ് കർസേവ പ്രവർത്തകർ ബാബരി മസ്ജിദ് പൊളിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 1992 ഡിസംബർ 16ന് ബാബറി മസ്ജിദ് പൊളിക്കൽ അന്വേഷിക്കാൻ ലിബർഹാൻ കമ്മിഷനെ നിയോഗിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബിജെപി നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP