Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്; കേസ് പരിഗണിക്കുക മറ്റന്നാൾ; വാദം കേൾക്കുക 10 മുതൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്

അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്; കേസ് പരിഗണിക്കുക മറ്റന്നാൾ; വാദം കേൾക്കുക 10 മുതൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യക്കേസിൽ അഞ്ചംഗ ഭരണഘടനാ ബഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്. കേസ് മറ്റന്നാൾ പരിഗണിക്കും. ഈ മാസം പത്തിന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേൾക്കുന്നത്.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡേ, എൻ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടാവുക. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരെ ഉൾപ്പെടുത്തിയാണ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. നേരത്തേ അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന് വിടാൻ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനം.

തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പതിനഞ്ചോളം ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. കോടതി വിധിക്ക് കാത്തുനിൽക്കാതെ, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നാണ് ആർഎസ്എസ്, വി എച്ച് പി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്

അയോധ്യ കേസ് ഉടൻ പരിഗണിക്കണമെന്നും തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി കോടതി തള്ളിയിരുന്നു. കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജി നവംബർ 12ന് കോടതി തള്ളിയിരുന്നു. മുസ്ലിം മതവിശ്വാസികളുടെ ആരാധനാക്രമമായ 'നമസ്‌കാരം' നിർവഹിക്കുന്നതിന് പള്ളികൾ നിർബന്ധമാണോ എന്നതിൽ സെപ്റ്റംബർ 27 ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും 'നമാസ്' നിർവഹിക്കാൻ പള്ളികൾ വേണമെന്നില്ലെന്ന് വിധിച്ചപ്പോൾ, ജസ്റ്റിസ് അബ്ദുൾ നസീർ ഇതിനോട് വിയോജിച്ചിരുന്നു. (2:1)

അയോധ്യയിലെ തർക്കഭൂമി ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ച് നൽകണമെന്ന അലബഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്പാകെ വന്നത്. വാദം തുടങ്ങിയപ്പോൾ തന്നെ കേസിന്റെ വിശദാംശങ്ങൾ സംബന്ധിച്ച രേഖകൾ തങ്ങൾക്ക് ലഭ്യമായിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ ചരിത്ര രേഖകളടക്കം 19,590 രേഖകൾ പരിഭാഷപ്പെടുത്തി സമർപ്പിച്ചിട്ടുണ്ടെന്ന് യുപി സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ രേഖകളൊന്നും ഹർജിക്കാർക്ക് കിട്ടിയിട്ടില്ലെന്നും, ഇവയെല്ലാം ശേഖരിച്ച് പഠിച്ച ശേഷമേ വാദം തുടങ്ങാവൂ എന്ന് കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കേസിൽ ഇപ്പോൾ വാദം കേൾക്കുകയോ വിധി പറയുകയോ ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കപിൽ സിബൽ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ജൂലൈ 15 ന് മാത്രമെ വാദം കേൾക്കാവൂവെന്നും കപിൽ സിബൽ വാദിച്ചു.

മറ്റൊരു കക്ഷിയായ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും ഇതിനെ പിന്തുണച്ചു. എന്നാൽ രേഖകൾ ശേഖരിക്കാൻ സമയം അനുവദിച്ച കോടതി വഖഫ് ബോർഡിന്റെ മറ്റെല്ലാ ആവശ്യങ്ങളും നിരാകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP