Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്യ ജാതിക്കാരനെ വിവാഹം കഴിക്കാനാഗ്രഹിച്ച മകളെ കുത്തി കൊന്നത് ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ; താഴ്ന്ന ജാതിക്കാരനെ അംഗീകരിക്കാൻ മടിച്ച് മകളെ കൊലപ്പെടുത്തിയ പിതാവിന്റെ ആവശ്യം കേസ് മാറ്റി വയ്ക്കണമെന്ന്; കോടതി ആവശ്യം നിരാകരിച്ചതിന് പിന്നാലെ രാജന്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകനും; ആതിര കൊലക്കേസ് ഈ മാസം തന്നെ പരിഗണിക്കും

അന്യ ജാതിക്കാരനെ വിവാഹം കഴിക്കാനാഗ്രഹിച്ച മകളെ കുത്തി കൊന്നത് ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ; താഴ്ന്ന ജാതിക്കാരനെ അംഗീകരിക്കാൻ മടിച്ച് മകളെ കൊലപ്പെടുത്തിയ പിതാവിന്റെ ആവശ്യം കേസ് മാറ്റി വയ്ക്കണമെന്ന്; കോടതി ആവശ്യം നിരാകരിച്ചതിന് പിന്നാലെ രാജന്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകനും; ആതിര കൊലക്കേസ് ഈ മാസം തന്നെ പരിഗണിക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം അരീക്കോട് വിവാഹ തലേന്ന് മകളെ പിതാവ് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവെക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രതിഭാഗം അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു. ഈ മാസം 13നാണ് കേസിൽ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിഭാഗം അഭിഭാഷകനായ എൻ സി ഫൈസൽ തനിക്ക് ശാരീരിക വിഷമതകളുണ്ടെന്നും വിചാരണ മാറ്റിവെക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം തന്നെ വിചാരണക്കെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുള്ളതിനാൽ മാറ്റിവെക്കുന്നതിന് കഴിയില്ലെന്ന് ജഡ്ജി എ വി നാരായണൻ അറിയിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് വക്കാലത്ത് ഒഴിയുന്നതായി കാണിച്ച് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനെ തുടർന്ന് കേസിലെ പ്രതിയായ അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ വേലു മകൻ രാജൻ (43) തനിക്ക് മറ്റൊരു വക്കീലിനെ അനുവദിക്കണമെന്ന് കോടതിയോട് അപേക്ഷിച്ചു. മഞ്ചേരി സബ്ജയിലിൽ റിമാന്റിൽ കഴിയുന്ന രാജൻ ജയിൽ സൂപ്രണ്ട് മുഖേനയാണ് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

2018 മാർച്ച് 22ന് വൈകീട്ട് 4.45നാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ മകളായ ആതിര(21)യാണ് കൊല്ലപ്പെട്ടത്. വിവാഹ തലേന്ന് മകളെ കൊല്ലാൻ പിതാവിനെ പ്രേരിപ്പിച്ചത് കടുത്ത ജാതീയ ചിന്തയെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (21)യെയാണ് അച്ഛൻ രാജൻ കത്തി ഉപയോഗിച്ച് വയറ്റിൽകുത്തി കൊലപ്പെടുത്തിയത്. തിയ്യ വിഭാഗത്തിൽപെട്ട മകൾ സ്നേഹിച്ചതു താഴ്ന്ന ജാതിക്കാരനായത് പ്രതിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഭാര്യയും മറ്റുമക്കളും എല്ലാവരും വിവാഹത്തിന് അനുകൂല നിലപാടെടുത്തതോടെ പ്രതിയുടെ എതിർപ്പ് പരസ്യമാക്കിയില്ല. മഞ്ചേരി മെഡിക്കൽ കോളജിൽ ഡയാലിസിസ് ടെക്നീഷ്യ ആയി ജോലിചെയ്തുവരുന്ന ആതിര കോഴിക്കോട് സ്വദേശി മിലിട്ടറിയിൽ ജോലിചെയ്ത് വരുന്ന ബ്രിഗേഷിനെയാണ് സ്നേഹിച്ചിരുന്നത്. ബന്ധം പിതാവ് അംഗീകരിക്കാതിരുന്നതിനെ തുടർന്ന് ഇരുവരും രജിസ്റ്റർ മാരേജിനുവേണ്ടി രജിസ്റ്റർ ചെയ്തിരുന്നു.

ഇതിനെ തുടർന്ന് അരീക്കോട് പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന മധ്യസ്ഥ ചർച്ചയിൽ ബന്ധുക്കളുടെയും മധ്യസ്ഥന്മാരുടെയും നിർബന്ധത്തിന് വഴങ്ങിയാണു ഗത്യന്തരമില്ലാതെ പ്രതി വിവാഹം നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചത്. തുടർന്നു മകളെ പൂവത്തികണ്ടിയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്നാണു പ്രതി മകളെ കൊലപ്പെടുത്തിയത്. അരീക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്നലെ പൊലീസ് വിശദമായി ചോദ്യംചെയ്തു. ചെറിയ തോതിൽ പ്രതി മാനസിക അസ്വസ്ത്യം കാണിച്ചിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിലാണു കൊലച്ചപാതകത്തിലേക്ക് നയിച്ചതെന്നു പ്രതിപൊലീസിന് മൊഴി നൽകി.

പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. യുവതി സ്നേഹിച്ചിരുന്ന ബ്രിഗേഷിനെ ഉടൻ പൊലീസ് ചോദ്യംചെയ്തിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും മൊഴികളും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇടക്ക് മൃഗവേട്ടക്ക് പോകുന്നയാളാണ് രാജൻ. മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന തന്ത്രമാണ് മകളെ കുത്തി കൊല്ലുന്നതിലും അച്ചൻ പ്രയോഗിച്ചത് . ഇടത് നെഞ്ചിന്റെ അടിയിലായി ഹൃദയത്തിലേക്ക് തറക്കുന്ന മുറിവാണ് മരണത്തിന് കാരണമായത്. കൊല നടത്തി ഭരിപ്രാന്തരായ നാട്ടുകാരോട് ആരും രക്ഷിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല എന്ന് പറയുകയും ചെയ്തെന്ന് ദൃസാക്ഷികൾ പറഞ്ഞു.

വിവാഹം ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ ശേഷവും പ്രതി മകളെ പിന്തിരിപ്പിക്കാൻ പല ശ്രമങ്ങൾ നടത്തി. തുടർന്ന് കല്ല്യാണ വീട്ടിലേക്ക് വൈകുന്നേരം നാലുമണിയോടെ പ്രതി മദ്യപിച്ചെത്തുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും വീട്ടുകാരോടും ബന്ധുക്കളോടും തട്ടികയറുകയും അതിരയെ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തുകയും ചെയ്തു. അക്രമം ഭയന്ന ആതിര അടുത്തുള്ള അബ്ദുൽ ലത്തീഫിന്റെ വീട്ടിലേക്ക് പ്രാണരക്ഷാർത്ഥം ഓടുകയും ഒരു റൂമിൽ കയറി ഒളിക്കുയും ചെയ്തു.

എന്നാൽ ആതിരയെ പിന്തുടർന്ന അച്ചൻ വാതിൽ ചവിട്ടി പോളിച്ച് അകത്ത് കടക്കുകയും കയ്യിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു. ആതിരയെ ഉടൻതന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മെഡിക്കൽ കോളേക്കിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാൻ നവവരൻ ബ്രിഗേഷും ബന്ധുക്കളും എത്തിയിരുന്നു.അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മഞ്ചേരി സി ഐ എൻ ബി ഷൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസ് ഈ മാസം 27ന് കോടതി പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP