Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സോളാർ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാത്ത സാക്ഷികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നടപടി സാക്ഷികൾ സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്

സോളാർ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാത്ത സാക്ഷികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നടപടി സാക്ഷികൾ സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്തതിന് രണ്ടു സ്വതന്ത്ര സാക്ഷികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി. തലസ്ഥാനത്തെ ബിൽഡറെ ചതിച്ച് അരക്കോടി രൂപ തട്ടിയെടുത്ത കേസിലാണ് തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. കൃത്യ ഭാഗം സാക്ഷിയും മഹസർ ഭാഗം സാക്ഷിയുമായ രണ്ട് പ്രൊസിക്യൂഷൻ സാക്ഷികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണുത്തരവ്. സാക്ഷികളെ അറസ്റ്റ് ചെയ്യാൻ സിറ്റി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടറോടാണ് മജിസ്ട്രേട്ട് ജയകൃഷ്ണൻ ഉത്തരവിട്ടത്. സാക്ഷികൾ സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്തതിനാലാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 87 (ബി) പ്രകാരം വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്. വിചാരണക്കായി ജൂലൈ 16 ന് പ്രതികൾ ഹാജരാകാനും കോടതി ഉത്തരവിട്ടു.

ടീം സോളാർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ആർ.ബി.നായർ എന്ന് ആൾമാറാട്ടം നടത്തിയ ബിജു രാധാകൃഷ്ണൻ (42) , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലക്ഷ്മി നായരെന്ന് ആൾമാറാട്ടം നടത്തിയ സരിത എസ്.നായർ (33) എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന രണ്ട് പ്രതികൾ. കേസിലെ മൂന്നാം പ്രതിയായ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ഫിറോസിനെതിരെയുള്ള കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇദ്ദേഹമാണ് സരിതയെയും ബിജുവിനെയും ബിൽഡർക്ക്പ രിചയപ്പെടുത്തിയതെന്നും ഇദ്ദേഹം കൂടി പ്രലോഭിപ്പിച്ചതിനാലാണ് താൻ പണം നൽകിയതെന്നുമായിരുന്നു ബിൽഡർ പൊലീസിന് നൽകിയ മൊഴി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം ബിൽഡർ സലിം കൊടുത്ത ഒപ്പില്ലാത്ത സാക്ഷി മൊഴിയിൽ തന്റെ പേർ അനാവശ്യമായി വലിച്ചിഴച്ചതാണെന്നും തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും കാണിച്ച് പി.ആർ.ഡി. ഉദ്യോഗസ്ഥൻ ഫിറോസ് സമർപ്പിച്ച ഹർജിയിലാണ് ഫിറോസിനെതിരെയുള്ള വിചാരണ വിലക്കിയത്. തനിക്കെതിരെ മറ്റു സ്വതന്ത്ര സാക്ഷികളാരും മൊഴി പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഫിറോസിന്റെ ഹർജി. തലസ്ഥാന നഗരത്തിലെ കേശവദാസപുരം ഗ്രാന്റ് ടെക് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് എന്ന കെട്ടിട നിർമ്മാണ കമ്പനി എം.ഡിയും ഉടമയുമായ സലിം.എം.കബീറാണ് തട്ടിപ്പിനിരയായത്.

2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം കരസ്ഥമാക്കി ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ വൈദ്യുതി ബോർഡിന്റെ അമിത ബിൽ തുക കുറക്കാൻ ബിൽഡറുടെ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോ. ആർ.ബി.നായരെന്നും ലക്ഷ്മി നായരെന്നും ആൾമാറാട്ടം നടത്തിയും വ്യാജ രേഖകൾ കാട്ടിയും തെറ്റിദ്ധരിപ്പിച്ച് സലിമിൽ നിന്നും നാൽപ്പത് ലക്ഷത്തി അമ്പതിനായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി മാറിയെടുത്ത ശേഷം വാഗ്ദാനം ചെയ്ത സോളാർ പ്ലാന്റ് സ്ഥാപിച്ചു നൽകുകയോ പണം തിര്യെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.

2009 ൽ സലിമിന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസാണ് കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി 2013 ഒക്ടോബർ 17 നാണ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120- ബി(കുറ്റകരമായ ഗൂഢാലോചന), 419 (ആൾമാറാട്ടം വഴി ചതിക്കൽ) , 420 ( വഞ്ചന ) , 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിർമ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 472 (കപടാനുകരണം നടത്തി ഉണ്ടാക്കിയ മുദ്ര കൈവശം വെക്കൽ) , 34 ( കൂട്ടായ്മ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് വിചാരണ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP