Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും; കോടതി 13 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്യാതിരുന്നത് ഭരണകക്ഷിയുടെ സ്വാധീനം കൊണ്ട്; യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും വാറണ്ട് പ്രതിയെന്ന കാര്യം ഉരിയാടാതെ പൊലീസ് ഉദ്യോഗസ്ഥർ

പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും; കോടതി 13 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്യാതിരുന്നത് ഭരണകക്ഷിയുടെ സ്വാധീനം കൊണ്ട്; യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും വാറണ്ട് പ്രതിയെന്ന കാര്യം ഉരിയാടാതെ പൊലീസ് ഉദ്യോഗസ്ഥർ

പി നാഗരാജ്

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും. നസീമിന്റെയും എസ്എഫ്‌ഐ പ്രവർത്തകരായ ഏഴ് കൂട്ടാളികളുടെയും മുൻ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ഓഗസ്റ്റ് ഒന്നിനകം നസീമടക്കം എട്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും ജാമ്യക്കാരെ ഹാജരാക്കാനും സിജെഎം ഷിജു ഷെയ്ക്ക് ഉത്തരവിട്ടത് കഴിഞ്ഞ മാസം പത്താം തീയതിയാണ്. മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

എന്നാൽ നസീമിനെ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ വധശ്രമ കേസിൽ കന്റോൺമെന്റ് പൊലീസ് ജൂലൈ 15 ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ വേളയിൽ റിമാന്റ് റിപ്പോർട്ടിൽ ഈ കേസിന്റെ വിവരം പൊലീസ് മറച്ച് വച്ചു. വാറണ്ട് പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടു പോലും മ്യൂസിയം പൊലീസ് കണ്ണടച്ച് ഇരുട്ടാക്കി. ഭരണ കക്ഷിയുടെ മാനസ പുത്രനായതിനാലാണ് മ്യൂസിയം പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.

തന്റെ അതിർത്തി സ്റ്റേഷനിൽ ലഭിച്ച വാറണ്ട് പ്രതിയെ മറ്റൊരു കോടതിയിൽ ഹാജരാക്കിയതറിഞ്ഞാൽ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ച കോടതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ സമർപ്പിച്ച് ജയിലിൽ നിന്നും പ്രതിയെ കോടതിയിൽ വരുത്തി അറസ്റ്റ് രേഖപ്പെടുത്തണമെന്നതാണ് കേരള പൊലീസ് മാന്വലിലും ക്രിമിനൽ റൂൾസ് ഓഫ് പ്രാക്റ്റീസിലും നിഷ്‌ക്കർശിക്കുന്നത്. ഭരണകക്ഷിക്ക് വേണ്ടി ചട്ടങ്ങളെല്ലാം പൊലീസ് കാറ്റിൽ പറത്തി.

2017 ഏപ്രിൽ 10 മുതൽ 2019 ജൂൺ 10 വരെ വിവിധ മാസങ്ങളിലായി 13 തവണ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടു പോലും നസീമിനെയും കൂട്ടാളികളെയും പിടികൂടാൻ മുട്ടുവിറച്ച മ്യൂസിയം പൊലീസ് വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ വാറണ്ടുകൾ ഒന്നൊന്നായി പല പല കാരണങ്ങൾ എഴുതി കോടതിക്ക് തിരിച്ചയച്ചു. പ്രതികളുടെ വീട് താഴിട്ടു പൂട്ടിയിരിക്കുന്നു, കേസ് വിവരം മനസ്സിലാക്കി ഒളിവിൽ പോയി, താമസം മാറി പോയി, സ്ഥലവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നറിയില്ല, വിഐപി ഡ്യൂട്ടിയുള്ളതിനാൽ സമയം കിട്ടിയില്ല സാവകാശം വേണം തുടങ്ങിയ കാരണങ്ങൾ രേഖപ്പെടുത്തിയാണ് വാറണ്ടുകൾ മടക്കിയത്. പ്രതിയെ സ്ഥലത്ത് പോയി തിരക്കാതെ സ്റ്റേഷൻ റൈറ്റർ സ്റ്റേഷനിൽ ഇരുന്ന് എഴുതി സി ഐ ഒപ്പിട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു എന്ന ആരോപണമാണുയർന്നിരിക്കുന്നത്.

പൊതു മുതൽ നശിപ്പിച്ചതിന് നസീമിനും കൂട്ടാളികൾക്കുമെതിരെ 2016 ഫെബ്രുവരി എട്ടിനാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസിന്റെ അനാസ്ഥയും അലംഭാവവും കാരണം ഓരോ തവണയും വാറണ്ട് എഴുതിയെഴുതി കൈ കുഴയുന്നത് കോടതിയിൽ വാറണ്ട് എഴുതുന്ന പ്രോസസ്സ് ക്ലാർക്കിനാണ്. കൂടാതെ ഓരോ തവണയും കേസും പ്രതികളുടെ പേരും വിളിച്ച് കോടതിയുടെ വിലപ്പെട്ട സമയവും പാഴാകുന്നു. സമയക്കുറവ് കാരണം സാക്ഷി വിസ്താരങ്ങളും മൊഴിയെടുപ്പും പൂർത്തീകരിക്കാതെ മറ്റു തീയതികളിലേക്ക് മാറ്റി വയ്‌ക്കേണ്ടിയും വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP