Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

കുട്ടിക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് രേഖകളിൽ; ഒന്നാം പ്രതിക്ക് എതിരായ ആരോപണം ഗൗരവം ഏറിയത്; കുഞ്ഞിനെ വളർത്താനാണ് ഏൽപിച്ചതെന്ന വാദം വിലപ്പോയില്ല; അനുപമയുടെ പിതാവ് ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല

കുട്ടിക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് രേഖകളിൽ; ഒന്നാം പ്രതിക്ക് എതിരായ ആരോപണം ഗൗരവം ഏറിയത്; കുഞ്ഞിനെ വളർത്താനാണ് ഏൽപിച്ചതെന്ന വാദം വിലപ്പോയില്ല; അനുപമയുടെ പിതാവ് ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ വ്യാജരേഖ ചമച്ച് ദത്ത് നൽകിയെന്ന കേസിൽ ഒന്നാം പ്രതി അനുപമയുടെ പിതാവ് പി. എസ്. ജയച്ചന്ദ്രന് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ ജഡ്ജി എൽ.ജയവന്ദാണ് ജാമ്യഹർജി തള്ളിയത്. കേസ് ഡയറി പരിശോധിച്ചതിൽ മുഖ്യപ്രതിയായ ഒന്നാം പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതെന്നും കുട്ടിക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനാണ് ഒന്നാം പ്രതിയെന്നാണ് രേഖകൾ കൊണ്ട് കാണുന്നതെന്നും ജാമ്യം തള്ളിയ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. പ്രതിക്ക് വിചാരണ കോടതിയായ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി ജാമ്യപേക്ഷ സമർപ്പിക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കൂട്ടു പ്രതികൾക്ക് ജാമ്യം ലഭിച്ചത് ഒന്നാം പ്രതിക്ക് ജാമ്യത്തിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള അഡീ.പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറിന്റെ വാദം കൂടി അംഗീകരിച്ചാണ് കോടതി ജയിച്ചന്ദ്രന് ജാമ്യം നിരസിച്ചത്.

കുട്ടിക്കടത്തു കേസിൽ 2 മുതൽ 5 വരെപ്രതികളായ മാതാവും സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നവംബർ 2 ന് ഉപാധികളോടെ അനുവദിച്ചിരുന്നു. അറസ്റ്റു ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ പ്രതികളെ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പടുത്തുവാനോ ചെയ്യരുതെന്നുമുള്ള ഉപാധികളോടെയാണ് ജഡ്ജി മിനി. എസ്. ദാസ് നവംബർ 2 ന് ജാമ്യം അനുവദിച്ചത്.

പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന വാദമായിരുന്നു പ്രതികൾ കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തങ്ങൾ മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച് വളർത്താനാണ് എൽപ്പിച്ചത്. ഗർഭം ധരിച്ച് 8 മാസമായപ്പോഴാണ് മകൾ വിവരം പറയുന്നത്. മകളുമായി ലവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ അജിതും ചേർന്ന് കഴക്കൂട്ടം ഏ. ജെ. ആശുപത്രിയിൽ ചെന്ന് പ്രഗ്‌നൻസി സ്ഥിരീകരിച്ച ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്. തങ്ങളുടെ ഇളയ മകളാണ് അനുപമ.

അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങൾ നടക്കുന്നത്. യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളിൽ ഒപ്പിട്ടത്. കട്ടപ്പനയിൽ 6 മാസം കൊണ്ടു നിർത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. അതിനാൽ അന്യായ തടങ്കലിൽ താമസിപ്പിച്ചുവെന്ന എഫ് ഐ ആറിലെ കുറ്റം നിലനിൽക്കില്ല. ചേച്ചിയുടെ കല്യാണത്തിന് വളരെ സന്തോഷവതിയായാണ് അനുപമ നിന്നത്. തങ്ങളെ എല്ലാവരും കല്ലെറിയുമ്പോൾ ഇത് ചിന്തിക്കണമെന്നും കോടതിയിൽ ബോധിപ്പിച്ചു. ആൺ കുഞ്ഞിനെ പെൺ കുഞ്ഞാക്കി വ്യാജ രേഖകൾ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികളല്ല. രണ്ടാഴ്ച മുമ്പ് അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏൽപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കൽ പൊലീസ് തൊട്ട് ഡി ജി പി വരെയുള്ളവർക്ക് നൽകിയ പരാതിയിലും താൻ തന്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ ഏൽപ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാൽ തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികൾ ബോധിപ്പിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 360 (ആളെ കടത്തിക്കൊണ്ടു പോകൽ) , 361 (മാതാപിതാക്കളുടെ രക്ഷകർതൃ ത്തിൽ നിന്നും തട്ടിക്കൊണ്ടു പോകൽ) , 471 (വ്യാജ നിർമ്മിതരേഖ അസൽ പോലെ ഉപയോഗിക്കൽ) എന്നീ വകുപ്പുകൾ ചേർത്താണ് കേസന്വേഷണം നടക്കുന്നത്.
കുട്ടിക്കടത്തു കേസിൽ 2 മുതൽ 5 വരെ പ്രതികളായ അനുപമയുടെ മാതാവ് സ്മിത ജെയിംസ് , സഹോദരി അഞ്ജു , ഭർത്താവ് അരുൺ , അനുപമയുടെ പിതാവ് ജയച്ചന്ദ്രന്റെ സുഹൃത്ത് രമേശ് , പേരൂർക്കട വാർഡ് മുൻ കൗൺസിലർ അനിൽ കുമാർ എന്നിവരാണ് നേരത്തേ ജില്ലാ കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി ജയച്ചന്ദ്രൻ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടില്ലായിരുന്നു.

താൻ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവും സമ്മതത്തോടെയുമാണ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയതെന്നും ജാമ്യഹർജിയിൽ പറയുന്നു. നിയമപരമായ തുടർ ഉത്തരവാദിത്വവും ബാധ്യതകളും തനിക്കല്ല മറിച്ച് ശിശുക്ഷേമ സമിതിക്കാണ്. തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. മീഡിയ ട്രയലാണിപ്പോൾ നടക്കുന്നത്. മാധ്യമ വാർത്തകളുടെ സമ്മർദ്ദത്താലും അനുപമയുടെ സ്വാധീനത്തിനും വഴങ്ങിയാണ് പൊലീസ് തങ്ങൾക്കെതിരെ കളവായി ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തത്.

പൊലീസ് നിരന്തരം തങ്ങളെ അന്വേഷിച്ചുവരികയാണ്. തങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും മറ്റു ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലാവരുമാണ്.അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് യാതൊന്നും കണ്ടെടുക്കേണ്ടതില്ല. ഏതു നിമിഷവും തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. കോടതി കൽപ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാൻ തങ്ങൾ തയ്യാറാണ്. അതിനാൽ പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുത്ത് തങ്ങൾക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നാണ് പ്രതികളുടെ ജാമ്യഹർജിയിലെ ആവശ്യം.

2020 ഒക്ടോബറിൽ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ ജനിച്ച കുഞ്ഞായതിനാൽ കുടുംബത്തിന് അപകീർത്തിയുണ്ടാവുമെന്ന് കരുതി മാതാപിതാക്കൾ ജനന സർട്ടിഫിക്കറ്റിലടക്കം തിരിമറി നടത്തി ശിശുക്ഷേമ സമിതിയിലെ രേഖകളിലും വ്യാജ കാരണങ്ങൾ എഴുതിച്ചേർത്ത് കുഞ്ഞിനെ ആന്ധ്ര സ്വദേശികൾക്ക് ദത്തു നൽകുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ പിതാവായ ജയച്ചന്ദ്രന്റെ പേരാണ് എഴുതി ചേർത്തത്.

പ്രസവിക്കും മുമ്പേ മുദ്രപ്പത്രത്തിൽ അനുപമയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി. ആ മുദ്രപ്പത്രത്തിൽ പ്രസവശേഷം കുഞ്ഞിനെ നോക്കാൻ തനിക്ക് ത്രാണിയില്ലാത്തതിനാൽ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുന്നതായി അനുപമ അറിയാതെ നോട്ടറി അറ്റസ്റ്റഡ് വ്യാജ രേഖയുണ്ടാക്കി. കുട്ടി ജനിച്ച് മൂന്നാം നാളായ ഒക്ടോബർ 22 ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് കൈമാറി. തുടർന്ന് ശിശുക്ഷേമ സമിതി അധികൃതരുടെ ഒത്താശയോടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കൊണ്ടു വന്ന് ഇട്ടതായി വ്യാജ രേഖയുണ്ടാക്കുകയായിരുന്നു. തെളിവു നശിപ്പിക്കാനായി ശിശുക്ഷേമ സമിതിയിലും ആദ്യം പെൺകുട്ടിയെന്ന് രേഖപ്പെടുത്തി. തുടർന്ന് ആൺ കുഞ്ഞാക്കി മാറ്റി. തൈക്കാട് ആശുപത്രിയിലും തെളിവു നശിപ്പിക്കാനായി ആദ്യം ഡോക്ടറെക്കൊണ്ട് പെൺകുഞ്ഞെന്ന് എഴുതിച്ചു. ലഭിച്ചത് ആൺ കുഞ്ഞാണെങ്കിലും പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചെന്നും മലാല എന്ന് പേരിട്ടെന്നു കാണിച്ച് അടുത്ത ദിവസം സമിതി ദത്ത് നോട്ടീസ് പത്രപ്പരസ്യം നൽകി. തുടർന്നു ആൺ കുഞ്ഞെന്ന് തിരുത്തി സിദ്ധാർത്ഥൻ എന്ന് കുഞ്ഞിന്റെ പേര് മാറ്റി. കുഞ്ഞിനെ അന്വേഷിച്ച് മാതാപിതാക്കൾ നടക്കുകയാണെന്നറിഞ്ഞിട്ടും ദത്ത് നൽകാൻ നവംബർ 4 ന് പത്രപ്പരസ്യം നൽകി.

ജൂലൈയിൽ ദത്തു നൽകാനായി സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റിയുടെ വെബ്‌സൈറ്റിൽ കുഞ്ഞിന്റെ വിവരം അപ് ലോഡ് ചെയ്തു. ദത്തു നൽകൽ കമ്മിറ്റിയിൽ ഷിജുഖാനും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ സുനന്ദയും ഉണ്ടായിരുന്നു. മാതാപിതാക്കളുടെ പരാതികൾ മറച്ചു വച്ച് ഓഗസ്റ്റ് 7 ന് ആന്ധ്രാ സ്വദേശികൾക്ക് കുഞ്ഞിനെ ദത്തു നൽകി. ഇതിന്റെ രണ്ടു ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ നൽകിയത് ശിശുക്ഷേമ സമിതിയിലാണെന്ന് പൊലീസ് അനുപമയെ അറിയിക്കുന്നത്. ഓഗസ്റ്റ് 11 ന് കുഞ്ഞിനെ അന്വേഷിച്ച് അനുപമ പൂജപ്പുര സി. ഡബ്ലു. സി. യിലും ശിശുക്ഷേമ സമിതിയിലും എത്തി ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30 ന് മറ്റൊരു കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും രക്തമെടുത്ത് ഡിഎൻഎ പരിശോധന നടത്തി കുഞ്ഞിഞിന്റെ ബയോളജിക്കൽ അമ്മ അനുപമയല്ലെന്ന ഡിഎൻഎ പരിശോധന ഫലമ ങ്ങെിയ റിപ്പോർട്ട് നൽകി അനുപമയെ തിരിച്ചയച്ചു. ഒക്ടോബർ 13 ന് ആന്ധ്രാക്കാർക്ക് നൽകിയ അനുപമയുടെ കുഞ്ഞിന്റെ താൽക്കാലിക ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനായി തിരുവനന്തപുരം കുടുംബക്കോടതിയിൽ ഷിജുഖാൻ സത്യവാങ്മൂലവും ഹർജിയും സമർപ്പിച്ചു. ദത്തു കേന്ദ്രത്തിലുണ്ടായിരുന്ന കുട്ടികളുടെ സീനിയോരിറ്റി മറി കടന്നാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത്.

അനുപമ - അജിത് ലീവിങ് ടുഗെതർ ദാമ്പത്യ ബന്ധത്തിൽ പിറന്ന ആൺകുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ ഏപ്രിൽ 19 നാണ് അനുപമ പരാതി നൽകിയത്. ഇതിനിടെ അജിത് ആദ്യ ഭാര്യയായ നസിയയിൽ നിന്ന് വിവാഹമോചനം നേടി. ദിവസങ്ങളോളം അജിത്തിനെയും അനുപമയേയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയതല്ലാതെ കേസെടുത്തില്ല. ഏപ്രിൽ 29 ന് അന്നത്തെ ഡി ജി പി ലോകനാഥ് ബെഹ്‌റക്ക് പരാതി നൽകി. മെയ് മാസത്തിൽ പേരൂർക്കട പൊലീസ് അനുപമയുടെയുടെ മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആർ ഇട്ടില്ല.

നിയമോപദേശത്തിന് വേണ്ടി കാക്കുകയാണെന്ന വിവരമാണ് അനുപമയ്ക്ക് പിന്നീട് പൊലീസ് നൽകിയത്. കുഞ്ഞ് ദത്ത് പോയ ശേഷം ഓഗസ്റ്റ് 10 നാണ് കന്റോൺമെന്റ് അസി.കമ്മീഷണർ കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് നൽകിയ കാര്യം അറിയിക്കുന്നത്. സംഭവങ്ങൾ മാധ്യമ വാർത്തകളിലൂടെ വിവാദമായതോടെ പരാതി ലഭിച്ച് 7 മാസങ്ങൾക്ക് ശേഷം ഒക്ടോബർ 19 ന് പേരൂർക്കട പൊലീസ് കുട്ടിക്കടത്തു കേസ് രജിസ്റ്റർ ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു. അതേ സമയം കൃത്യത്തിലുൾപ്പെട്ട തൈക്കാട് ശിശുക്ഷേമ സമിതി , പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റി അധികൃതർ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയാണ് കേസ് അന്വേഷണം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP