Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പിഎ യും സി പി എം ഏരിയാ സെക്രട്ടറിയുമടക്കം 21 പ്രതികൾ; കുറ്റം ചുമത്തലിന് 19 പ്രതികൾ മാർച്ച് 20 ന് ഹാജരാകാൻ ഉത്തരവ്; രാമഭദ്രനെ വകവരുത്തിയത് സിപി എമ്മിൽ നിന്ന് അണികൾ കൊഴിഞ്ഞു കോൺഗ്രസിൽ ചേർന്നതിലുള്ള പ്രതികാരം തീർക്കാൻ

അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പിഎ യും സി പി എം ഏരിയാ സെക്രട്ടറിയുമടക്കം 21 പ്രതികൾ; കുറ്റം ചുമത്തലിന് 19 പ്രതികൾ മാർച്ച് 20 ന് ഹാജരാകാൻ ഉത്തരവ്; രാമഭദ്രനെ വകവരുത്തിയത് സിപി എമ്മിൽ നിന്ന് അണികൾ കൊഴിഞ്ഞു കോൺഗ്രസിൽ ചേർന്നതിലുള്ള പ്രതികാരം തീർക്കാൻ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രന്റെ കൊലപാതകക്കേസിലെ 19 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് മാർച്ച് 20ന് ഹാജരാകാനാണുത്തരവ്.പാസ്‌പോർട്ട് കോടതിയിൽ കെട്ടി വയ്ക്കണമെന്നത് അടക്കമുള്ള കർശന ഉപാധികളോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.

പാസ്‌പോർട്ട് എടുത്തിട്ടില്ലായെങ്കിൽ വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. തെളിവുകൾ നശിപ്പിക്കരുത്. ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി വീണ്ടും കൽതുറുങ്കിൽ അടക്കുമെന്നും ജാമ്യ ഉത്തരവിൽ സിബിഐ ജഡ്ജി സനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയുടെ പി.എ അടക്കമുള്ള സി പി എം നേതാക്കളും അണികളുമായ 19 പ്രതികളാണ് വിചാരണ നേരിടേണ്ടത്. 21 പേരുള്ള പ്രതിപ്പട്ടികയിൽ നിന്നും 2 പ്രതികളെ കുറവു ചെയ്ത് കോടതി മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.

2010 ഏപ്രിൽ 10ന് രാത്രിയിലായിരുന്നു സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. രാമഭദ്രനെ സി പി എം കാർ മാരകായുധങ്ങളുമായി സംഘം ചേർന്ന് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.പുനലൂർ,അഞ്ചൽ മേഖലകളിലെ സി പി എം അനുഭാവികളും അണികളും മികച്ച സംഘാടകനായ രാമഭദ്രന്റെ സജീവ , സംശുദ്ധ രാഷ്ട്രീയ പ്രവർത്തന ഫലമായി സി പി എം വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. സിപിഎം പാർട്ടിയിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞു പോക്കിൽ നിന്നുടലെടുത്ത ഈ രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമായി സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.

സി പി എം കൊല്ലം മുൻ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ , മുൻ അഞ്ചൽ ഏരിയാ സെക്രട്ടറി പി.എസ്. സുമൻ , ഡിവൈഎഫ്‌ഐ നേതാവ് പുനലൂർ റിയാസ് , മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മുൻ പേഴ്‌സണൽ സ്റ്റാഫംഗം കുണ്ടറ മാർക്‌സൺ യേശുദാസ് , സി പി എം പ്രവർത്തകരായ ഗിരീഷ് കുമാർ , ജെ. പത്മൻ , റ്റി. അഫ്‌സൽ , നജുമൽ ഹുസൈൻ , ഷിബു , വി. വിമൽ , എസ്. സുധീഷ് , ഷാൻ , രതീഷ് , ബിജു , ജി. രഞ്ജിത് , കൊച്ചുണ്ണി എന്ന സാലി , മുനീർ എന്ന റിയാസ് , ജയമോഹൻ , റോയിക്കുട്ടി എന്നിവരാണ് കൊലക്കേസിൽ വിചാരണ നേരിടേണ്ട പത്തൊമ്പത് പ്രതികൾ. ഈ പത്തൊമ്പത് പേരടക്കം 21 സി പി എം കാരായിരുന്നു കേസിലെ പ്രതികൾ.

എന്നാൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പ്രതികളെ സിബിഐ കേസിൽ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. 1872 ൽ നിലവിൽ വന്ന ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 133 പ്രകാരം കൂട്ടുകുറ്റക്കാരൻ മറ്റു പ്രതികൾക്കെതിരെ ക്ഷമതയുള്ള സാക്ഷി ആയിരിക്കുന്നതാണ്. ഒരു കൂട്ടുകുറ്റക്കാരന്റെ ഉപോൽബല (സ്വതന്ത്രമായതും മറ്റു തെളിവുകളെ ദൃഢപ്പെടുത്തുന്നതുമായ തെളിവ്) രഹിതമായ സാക്ഷിമൊഴിത്തെളിവിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ ശിക്ഷിക്കുന്നത് നിയമ വിരുദ്ധമാകുന്നതല്ലായെന്ന് വകുപ്പ് 133 വിവക്ഷിക്കുന്നുണ്ട്. ഈ വകുപ്പിന്റെ ചുവട് പിടിച്ച് സിബിഐ കേസന്വേഷണ ഘട്ടത്തിൽ കൂട്ടു പ്രതികളിൽ കൊലപാതകത്തിലും ഗൂഢാലോചനയിലും മറ്റു പ്രതികളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ പങ്കും പങ്കാളിത്തവുമുള്ള രണ്ടു പ്രതികളെക്കൊണ്ട് നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും കോടതിയിൽ പറയാമെന്നുള്ള അവരുടെ സമ്മതം വാങ്ങിയ ശേഷം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്താനായി അപേക്ഷ സമർപ്പിക്കുകയായിരുന്നു.

ഈ രണ്ടു പ്രതികളും സ്വമേധയാ തങ്ങൾ ചെയ്ത കൃത്യങ്ങളും മറ്റു പ്രതികൾ ചെയ്ത നിഷ്ഠൂര കൃത്യങ്ങളും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് മുമ്പാകെ അടച്ചിട്ട കോടതി മുറിയിൽ വച്ച് രഹസ്യമൊഴി നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് ഇവരുടെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയത്. ഇപ്രകാരമൊരു മൊഴി നൽകാൻ രണ്ടു പേർക്കും ബാധ്യതയില്ലെന്നും മൊഴി പ്രതികൾക്കെതിരായ തെളിവായി ഉപയോഗിക്കുമെന്നും വിചാരണയിൽ മൊഴി മാറ്റിയാൽ കോടതിയിൽ കള്ളത്തെളിവ് നൽകിയതിന് ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകി മറുപടി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് മജിസ്‌ട്രേട്ട് മൊഴിയെടുത്തത്. തുടർന്ന് മൊഴിപ്പകർപ്പിന്റെ അടയാള സഹിതം പകർപ്പ് പകർപ്പപേക്ഷ സമർപ്പിച്ച് കോടതിയിൽ നിന്നും സി ബി ഐ എടുത്ത ശേഷം ഇവരെ മാപ്പ് സാക്ഷികളാക്കുന്നതിലേക്കായി സിജെഎം കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കുകയായിരുന്നു.

രണ്ടു പ്രതികളെയും വരുത്തിക്കേട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് നേരിട്ടു നടത്തിയ എൻക്വയറിക്ക് ശേഷമാണ് ഇരുവരെയും മാപ്പുസാക്ഷികളാക്കിയത്. മൊഴി നൽകിയത് പര പ്രേരണയോ സ്വാധീനമോ ഭീഷണി മൂലമോ അല്ലാതെ സ്വമേധയാലാണോയെന്നും മാപ്പു സാക്ഷിയാകാൻ സമ്മതമാണോയെന്നും ആരാഞ്ഞ് മൊഴിയെടുത്ത് മൊഴിയിൽ പ്രതികളുടെ വിരൽപ്പതിപ്പും കൈയൊപ്പും വാങ്ങിയ ശേഷമാണ് കോടതി ഇരുവർക്കും കണ്ടീഷണൽ മാപ്പു നൽകി പ്രതിസ്ഥാനത്തു നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷികളാക്കിയത്. കണ്ടീഷണൽ മാപ്പ് സ്വീകരിക്കുന്നതായി സത്യവാങ്മൂലവും എഴുതി വാങ്ങിയ ശേഷമാണ് കോടതി മാപ്പു നൽകുന്നത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് പ്രതികളായ ഇരുവർക്കും മാപ്പ് നൽകി മാപ്പുസാക്ഷികളാക്കിയത്. പ്രതിസ്ഥാനത്തു നിന്നും കുറവു ചെയ്ത് മാപ്പുസാക്ഷിയായ ആൾ വിചാരണയിൽ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നാൽ അവരെ വീണ്ടും പ്രതിസ്ഥാനത്ത് ചേർത്ത് പ്രത്യേക വിചാരണ ചെയ്യുന്നതാണ്. രഹസ്യമൊഴി നൽകിയ സാക്ഷിയാണ് വിചാരണയിൽ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നാൽ ആ സാക്ഷിയെ കോടതിയിൽ കള്ളത്തെളിവ് നൽകിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം ഏഴു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്നതാണ്.

പ്രോസിക്യൂഷൻ കേസ് ബലപ്പെടുത്താനും ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 154 പ്രകാരം വിചാരണയിൽ ആദ്യ മൊഴി തിരുത്തിയുള്ള കൂറുമാറ്റം തടയുന്നതിനുമായാണ് അന്വേഷണ സംഘം നിർണ്ണായക സാക്ഷികളുടെയും കൃത്യത്തിൽ കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതി മുമ്പാകെ അപേക്ഷ സമർപ്പിക്കുന്നത്. പ്രതി പൊലീസ് കസ്റ്റഡിയിലാണെങ്കിൽ ജയിലിലേക്ക് റിമാന്റ് ചെയ്ത് പിന്നീട് ജയിലിൽ നിന്ന് വരുത്തിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. പൊലീസ് അകമ്പടിയിലോ കസ്റ്റഡിയിലോ കൊണ്ടുവരുന്ന വ്യക്തിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പാടില്ലായെന്ന് ക്രിമിനൽ നടപടിക്രമം വ്യവസ്ഥ ചെയ്തിട്ടുള്ളതിനാലാണ് അപ്രകാരം ചെയ്യുന്നത്. കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികൾക്ക് നിയമ സംരക്ഷണത്തിലൂടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും ദൃക്‌സാക്ഷികളുടെ അഭാവമുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മറ്റു പ്രതികൾക്ക് ഇതിലൂടെ ശിക്ഷ ലഭിക്കാനും വേണ്ടിയാണ് ഇന്ത്യൻ തെളിവു നിയമത്തിൽ ഈ വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സി പി എം നേതാക്കൾ ഉൾപ്പെടുന്ന കൊലക്കേസിലെ ഗൂഢാലോചനക്കാരെ ഒഴിവാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിപിഎം നേതാക്കളെ ഒഴിവാക്കി ക്യത്യത്തിൽ നേരിട്ട് പങ്കെടുത്ത 17 പേരെ മാത്രമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സിബിഐയാണ് ഗൂഢാലോചനയിൽ പങ്കെടുത്ത നേതാക്കളെ ഉൾപ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 109 (കുറ്റകൃത്യത്തിന് പ്രേരണ നൽകൽ) , 414 (കളവു മുതൽ ഒളിപ്പിച്ചു വയ്ക്കുന്നതിന് സഹായിക്കൽ) ,120- ബി (ക്രിമിനൽ ഗൂഢാലോചന) , 143 (നിയമവിരുദ്ധ സംഘത്തിലെ അംഗമാകൽ) , 147 (ലഹള നടത്തൽ) , 148 (മാരകായുധം ധരിച്ച് ലഹള നടത്തൽ) , 201 (കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കുകയും വ്യാജമായ വിവരം നൽകുകയും ചെയ്യൽ) , 212 (കുറ്റക്കാർക്ക് അഭയം നൽകി ഒളിവിൽ പാർപ്പിക്കൽ) , 302 (കൊലപാതകം) , 447 (കുറ്റകരമായ വസ്തു കൈയേറ്റം) , 448 (ഭവന കൈയേറ്റം) , 449 (കൊല ചെയ്യുന്നതിന് വേണ്ടിയുള്ള ഭവന കൈയേറ്റം) , 452 ( ദേഹോപദ്രവത്തിന് ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 457 ( രാത്രി പതുങ്ങിയിരുന്നുള്ള ഭവന ഭേദനം) , 506 (ശശ) (വധ ഭീഷണി മുഴക്കൽ) എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ ഇരുപത്തിയേഴാം വകുപ്പും ( മാരകായുധങ്ങൾ കൈവശം വയ്ക്കൽ) ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2019 മെയ് 10 നാണ് സിജെഎം കോടതി വിചാരണക്കായി കേസ് റെക്കോർഡുകൾ തിരുവനന്തപുരം സിബിഐ കോടതിയിൽ കമ്മിറ്റ് ചെയ്തയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP