Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് കൊലക്കേസിൽ ശോഭാ ജോണടക്കമുള്ള പ്രതികൾ ജനുവരി 29 ന് ഹാജരാകണമെന്ന് കോടതി; വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് പൊലീസ് കമ്മീഷണറുടെ മുന്നിൽ ഒപ്പിട്ട് റോഡിൽ ഇറങ്ങിയ ഉടൻ; പ്രതിയെ സ്‌കെച്ചിട്ടു ശോഭക്ക് വിവരം ചോർത്തി നൽകിയത് ഒരു സിഐ; കൊലപാതകത്തിന് കാരണം ശോഭാ ജോണിന്റെ നിയമവിരുദ്ധ ഇടപാടുകൾക്ക് ഗുണ്ടാപ്പിരിവ് ചോദിച്ചതിലും ബിസിനസ്സ് വൈരാഗ്യവും

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് കൊലക്കേസിൽ ശോഭാ ജോണടക്കമുള്ള പ്രതികൾ ജനുവരി 29 ന് ഹാജരാകണമെന്ന് കോടതി; വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് പൊലീസ് കമ്മീഷണറുടെ മുന്നിൽ ഒപ്പിട്ട് റോഡിൽ ഇറങ്ങിയ ഉടൻ; പ്രതിയെ സ്‌കെച്ചിട്ടു ശോഭക്ക് വിവരം ചോർത്തി നൽകിയത് ഒരു സിഐ; കൊലപാതകത്തിന് കാരണം ശോഭാ ജോണിന്റെ നിയമവിരുദ്ധ ഇടപാടുകൾക്ക് ഗുണ്ടാപ്പിരിവ് ചോദിച്ചതിലും ബിസിനസ്സ് വൈരാഗ്യവും

പി നാഗരാജ്‌

തിരുവനന്തപുരം: ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് സമീപം വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ ജനുവരി 29 ന് ഹാജരാകാൻ തിരുവനന്തപുരം അഡീ.സെഷൻസ് കോടതി ഉത്തരവിട്ടു.കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുന്ന നാലാം പ്രതിയെ അറസ്റ്റ് ചെയ്യാൻ അറസ്റ്റ് വാറണ്ടുത്തരവും കോടതി പുറപ്പെടുവിച്ചു.

കേരളാ പൊലീസിന്റെ ഗുണ്ടാലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനൽ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയും ശാസ്തമംഗലം പാങ്ങോട് കൂട്ടാം വിള തച്ചങ്കരി വീട്ടിൽ കേപ്പൻ അനി എന്ന അനിൽ കുമാർ, ശാസ്തമംഗലം സ്വദേശി പൂക്കട രാജൻ എന്ന ടി.രാജേന്ദ്രൻ, ശോഭാ ജോൺ, ചന്ദ്ര ബോസ് ,അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമൽ , രാധാകൃഷ്ണൻ എന്നിവരാണ് കൊലക്കേസിലെ പ്രതികൾ.

2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ ഹോട്ടലുകൾ , മണൽ ലോറികൾ തുടങ്ങിയവരിൽ നിന്നും ഗുണ്ടാ പിരിവ് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയായിരുന്നു ആൽത്തറ വിനീഷ് . ഇയാൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ മുന്നിൽ കോടതി ഉത്തരവിട്ട ജാമ്യ വ്യവസ്ഥ പാലിക്കാനായി ഹാജരായി ഒപ്പിട്ട് മടങ്ങിയ ഉടൻ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകൽ നഗര മധ്യത്തിൽ വെച്ച് വെട്ടിവീഴ്‌ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥനായിരുന്ന റാവുവിന്റെ കരിങ്കൽ മതിൽ ചാടിക്കടന്നെങ്കിലും ഗുണ്ടകൾ സംഘം ചേർന്ന് മാരകായുധമായ വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കമ്മീഷണറാഫീസിലെ ഒരു സർക്കിൾ ഇൻസ്‌പെക്ടറാണ് വിനീഷിനെ ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്.

കൊല്ലപ്പെടുന്നതിന് ആറുമാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാഖ് ഹോട്ടലിൽ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാൽ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാൻ പറ്റില്ലെന്നും കാഷ്യർ അറിയിച്ച ഉടൻ വാൾ കൊണ്ട് വെട്ടി കാഷ്യറുടെ കൈയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് ക്യാഷ് ബോക്‌സിൽ നിന്ന് പണം പിടിച്ചുപറിച്ചു കൊണ്ടുപോയി. നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തിൽ ചേർത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിച്ച് അവർക്ക് പുറത്തിറങ്ങാനാത്ത വിധം അവരെ തന്റെ വരുതിയിൽ നിർത്തുന്നതിൽ വിരുതനായിരുന്നു വിനീഷ്.

മണൽ ലോബികളിൽ നിന്നും ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ നിന്നും ഗുണ്ടാപ്പിരിവ് നടത്തുക പതിവായിരുന്നു. ബ്ലേഡ് മാഫിയക്ക് പലിശപ്പണം പിരിക്കൽ, ഭീഷണിപ്പെടുത്തി മുതലും പലിശയും വാങ്ങി നൽകി ഉയർന്ന തുക കമ്മിഷനായി ഈടാക്കൽ തുടങ്ങിയ കൃത്യങ്ങൾ ചെയ്ത് നഗരത്തിൽ വിലസവേയാണ് ശോഭാ ജോണിന്റെ ഗുണ്ടാസംഘത്തിന്റെ കൊലക്കത്തിക്കിരയായത്. നഗരത്തിൽ ശോഭാ ജോൺ നടത്തി വന്ന വേശ്യാലയം ഉൾപ്പെടെയുള്ള നിയമവിരുദ്ധ ബിസിനസ്സിൽ നിന്നും ഗുണ്ടാപ്പിരിവ് ചോദിച്ചതും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് കൊലക്ക് കാരണമെന്നാണ് കേസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ പീഡനക്കേസിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭ ഇപ്പോൾ അപ്പീൽ ജാമ്യത്തിൽ കഴിയുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP