Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെഹ്ലുഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും കോടതിയിൽ തെളിവായില്ല; ആൽവാറിൽ പശുക്കടത്ത് ആരോപിച്ച് അമ്പത്തിയഞ്ചുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ ആറു പ്രതികളെ വെറുതെവിട്ടു കോടതി ഉത്തരവ്; ഫോട്ടോകൾ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കാതെയും തെളിവു നശിപ്പിച്ചും നേടിയെടുത്ത വിധിയെന്ന് പ്രതിഭാഗം അഭിഭാഷകർ; രാജ്യത്തുടനീളം ആൾക്കൂട്ടക്കൊലകൾ വർധിക്കാൻ കാരണമാകുമെന്നും അഡ്വ. അക്തർ ഹുസൈൻ

പെഹ്ലുഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും കോടതിയിൽ തെളിവായില്ല; ആൽവാറിൽ പശുക്കടത്ത് ആരോപിച്ച് അമ്പത്തിയഞ്ചുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ ആറു പ്രതികളെ വെറുതെവിട്ടു കോടതി ഉത്തരവ്; ഫോട്ടോകൾ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കാതെയും തെളിവു നശിപ്പിച്ചും നേടിയെടുത്ത വിധിയെന്ന് പ്രതിഭാഗം അഭിഭാഷകർ; രാജ്യത്തുടനീളം ആൾക്കൂട്ടക്കൊലകൾ വർധിക്കാൻ കാരണമാകുമെന്നും അഡ്വ. അക്തർ ഹുസൈൻ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: പശുക്കടത്ത് ആരോപിച്ചുള്ള ആൾവാർ ആൾക്കൂട്ട കൊലപാതകത്തിൽ ആറ് പ്രതികളെ വെറുതേവിട്ടു കോടതി ഉത്തരവ്. രാജസ്ഥാനിലെ പെഹ്ലുഖാൻ എന്ന 55 വയസുകാരനെയാണ് ആൾക്കൂട്ട വിചാരണയിൽ തല്ലിക്കൊന്നത്. ഈ സംഭവത്തിൽ ആറു പ്രതികളെയാണ് കോടതി വെറുതേ വിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടത്. പെഹ്ലുഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൊണ്ടുമാത്രം കുറ്റം തെളിയിക്കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് ആൽവാറിലെ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്.

പശുക്കടത്താരോപിച്ച് ഗോരക്ഷകർ എന്നവകാശപ്പെട്ട ആൾക്കൂട്ടം 2017 ഏപ്രിൽ ഒന്നിനാണ് പെഹ്ലുഖാനെ ക്രൂരമായി മർദ്ദിച്ചത്. മൂന്നാം ദിവസം പെഹ്ലുഖാൻ ആശുപത്രിയിൽ മരിച്ചു. ട്രക്കിൽ നിന്ന് വലിച്ചിഴച്ച് മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ടു കുട്ടികളുടെ വിചാരണ ജ്യുനൈൽ കോടതിയിൽ നടക്കും. പ്രതികളിലൊരാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും പോസ്റ്റ് മാർട്ടം റിപ്പോർട്ടും തമ്മിലുള്ള വൈരുധ്യവും പ്രതികൾക്ക് തുണയായി. മരണകാരണം ഹൃദയാഘാതമെന്നാണ് ഡോക്ടർമാരുടെ മൊഴി. ശരീരത്തിലേറ്റ മർദ്ദനമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

ആക്രമണ ദൃശ്യങ്ങളുടെ ആധികാരികതയും പ്രോസിക്യൂഷന് ബോധ്യപ്പെടുത്താനായില്ല. രഹസ്യ ദൃശ്യങ്ങൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന വാദിഭാഗം ആവശ്യവും കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പെഹ്ലൂഖാന്റെ അഭിഭാഷകൻ പറഞ്ഞു. സംഭവത്തിൽ ഏഴു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പെഹ്ലുഖാൻ വധക്കേസും മറ്റ് ആറെണ്ണം പശുക്കടത്തും. പശുക്കടത്ത് കേസിലെ കുറ്റപത്രത്തിൽ പെഹ്ലുഖാനെയും പ്രതിചേർത്തത് വിവാദമായിരുന്നു.

അതേസമയം പശുക്കടത്താരോപിച്ച് ക്ഷീരകർഷകൻ പെഹ്ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ വെറുതെവിട്ടത് രാജ്യത്തുടനീളം ആൾക്കൂട്ടക്കൊലകൾ വർധിക്കാൻ കാരണമാകുമെന്ന് ഖാന്റെ കുടുംബത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു. കേസിൽ വിധിപ്രഖ്യാപനം കഴിഞ്ഞാണ് അക്തർ ഹുസൈൻ ഇക്കാര്യം പറഞ്ഞത്. 'ഇത്തരം വിധിപ്രഖ്യാപനങ്ങൾ രാജ്യത്തുടനീളം ആൾക്കൂട്ടക്കൊലകൾ വർധിക്കാൻ കാരണമാകും. അന്വേഷണത്തിൽ പൊലീസ് വരുത്തിയ വീഴ്ചകളാണ് എല്ലാവരെയും വെറുതെവിടാൻ കാരണം. ഒന്നിലധികം തവണ അന്വേഷണത്തിൽ മനഃപൂർവം പിഴവ് വരുത്താൻ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ഒന്നാമതായി, സംഭവത്തിന്റെ വീഡിയോ ഫൊറൻസിക് ലാബുകളിലേക്ക് ആ സമയം അയച്ചിരുന്നില്ല.

ഈ വീഡിയോയിൽ നിന്നെടുത്ത ഫോട്ടോകൾ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കും അയച്ചില്ല. അതുകൊണ്ട് സ്വീകാര്യമായ തെളിവായി കോടതി അതിനെ സ്വീകരിക്കാത്തത്. പൊലീസ് യഥാസമയം പ്രവർത്തിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. പ്രതികളെ രക്ഷിക്കാൻ വേണ്ടിയായിരുന്നോ? എനിക്കറിയില്ല. - അദ്ദേഹം പഞ്ഞു. പക്ഷേ പൊലീസ് ഈ കേസിൽ മനഃപൂർവം വെള്ളം ചേർത്തതാണ്. ഞങ്ങൾ പഴുതില്ലാത്ത തെളിവാണ് കൊടുത്തത്. വീഡിയോ കൂടാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. അതിൽ ബാഹ്യമായേറ്റ മുറിവുകളാണ് മരണത്തിനു കാരണമെന്നു പറയുന്നുണ്ട്.'- അദ്ദേഹം പറഞ്ഞു. ഇന്നാണ് കേസിലെ ആറു പ്രതികളെയും രാജസ്ഥാനിലെ വിചാരണക്കോടതി വെറുതെവിട്ടത്.

ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും സംഘവും 2017 ഏപ്രിൽ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ അക്രമികളുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിർത്തിയ അക്രമി സംഘം ഖാനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിലെ വിചാരണ ഓഗസ്റ്റ് 7 ന് പൂർത്തിയായിരുന്നു. കേസിൽ ആകെ 9 പ്രതികളാണുണ്ടായിരുന്നത്. അതിൽ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. ഇവർ ജാമ്യത്തിലാണ്. ഇവരുടെ കേസ് ജുവനൈൽ കോടതിയിലാണ് വിചാരണ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP