Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വനിതാ ജഡ്ജിക്ക് പിറന്നാൾ സന്ദേശം അയച്ച അഭിഭാഷകൻ ജയിലിലായി; സന്ദേശം അശ്ലീലമെന്ന് എഫ്‌ഐആറിൽ; ജഡ്ജിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് അനുമതിയില്ലാതെ ഫോട്ടോ ഡൗൺലോഡ് ചെയ്തതിന് ഐടി നിയമപ്രകാരവും കേസ്; മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ അഡ്വ.വിജയ് സിങ് യാദവ് 21 ദിവസമായി തുറങ്കലിൽ

വനിതാ ജഡ്ജിക്ക് പിറന്നാൾ സന്ദേശം അയച്ച അഭിഭാഷകൻ ജയിലിലായി;  സന്ദേശം അശ്ലീലമെന്ന് എഫ്‌ഐആറിൽ; ജഡ്ജിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് അനുമതിയില്ലാതെ ഫോട്ടോ ഡൗൺലോഡ് ചെയ്തതിന് ഐടി നിയമപ്രകാരവും കേസ്; മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ അഡ്വ.വിജയ് സിങ് യാദവ് 21 ദിവസമായി തുറങ്കലിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: വനിതാ ജഡ്ജിക്ക് ഇ-മെയിൽ വഴിയും തപാൽ വഴിയും പിറന്നാൾ ആശംസകൾ അയച്ച അഭിഭാഷകൻ ജയിലിലായി. ഫെബ്രുവരി 9 നാണ് മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മിഥാലി പഥക്കിന് 37 കാരനായ അഭിഭാഷകൻ വിജയ് സിങ് യാദവാണ് ജന്മദിനാശംസകൾ അയച്ചത്. കഴിഞ്ഞ 21 ദിവസമായി വിജയ്‌സിങ് ജയിലിലാണ്. വഞ്ചന, വ്യാജരേഖചമയ്ക്കൽ, യശസിന് കോട്ടം വരുത്താൻ വ്യാജരേഖ ചമയ്ക്കൽ, ഐടി വകുപ്പിന്റെ സെക്ഷൻ 67, 42( അനുമതിയില്ലാതെ ഫേസ്‌ബുക്കിൽ നിന്ന് പടം ഡൗൺലോഡ് ചെയ്തു) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അറസ്റ്റിന് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 13 ന് കീഴ് ക്കോടതി ജാമ്യഹർജി തള്ളി. ഇതോടെ കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്. മാർച്ച് മൂന്നിനാണ് കേസ് പരിഗണിക്കുന്നത്.

ജയ് കുൽ ദേവി സേവസമിതി രത്‌ലം എന്ന് സാമൂഹിക സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലുമാണ് താൻ ജഡ്ജിയുടെ ഔദ്യോഗിക ഇ-മെയിലിൽ പിറന്നാൾ ആശംസ അയച്ചതെന്നാണ് ജാമ്യഹർജിയിൽ വിജയ് സിങ് വാദിക്കുന്നത്. രത്‌ലം ജില്ലാ കോടതിയിലെ സിസ്റ്റം ഓഫീസർ മഹേന്ദ്ര സിങ് ചൗഹാന്റെ പരാതിപ്രകാരമാണ് എഫ്‌ഐആർ എടുത്തതെന്ന് പൊലീസ് പറയുന്നു. ജഡ്ജിയുടെ യശസിന് കോട്ടം വരുത്താൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും ഇന്റർനെറ്റിനെയും സോഷ്യൽ മീഡിയയെയും കുറിച്ച് തനിക്ക് വലിയ പരിജ്ഞാനം ഇല്ലെന്നും വിജയ് സിങ് ജാമ്യഹർജിയിൽ പറയുന്നു.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മിഥാലി പഥക്കിന് ജനുവരി 28 ന് പുലർച്ചെ 1.11 മണിക്ക് ഔദ്യോഗിക ഇ-മെയിലിൽ അഭിഭാഷകൻ പിറന്നാൾ ആശംസകൾ അയച്ചു. ഇതുകൂടാതെ അടുത്ത ദിവസം കോടതി പ്രവർത്തിക്കുന്ന സമയത്ത് സ്പീഡ് പോസ്റ്റ് വഴി ബർത്ത്‌ഡേ ഗ്രീറ്റിങ് കാർഡ് അയച്ചു. ജഡ്ജിയുടെ ഫേസബുക്ക് അക്കൗണ്ടിൽ നിന്ന് അവരുടെ അനുമതിയില്ലാതെ പ്രൊഫൈൽ പിക്ച്ചർ ഡൗൺലോഡ് ചെയ്ത് മാന്യമല്ലാത്ത സന്ദേശം കുറിച്ച ഗ്രീങ്ങിങ് കാർഡിനൊപ്പം അയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ബർത്ത് ഡേ കാർഡ് അയച്ച് 10 ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കേസ് കെട്ടിച്ചമച്ചതെന്നാണ് വിജയുടെ കുടുംബം ആരോപിക്കുന്നത്. ജഡ്ജി മിഥാലി പഥക്കിനെതിരെ ഒരുകേസുമായി ബന്ധപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറേറിന് പരാതി നൽകിയതിന്റെ പേരിൽ കെട്ടിച്ചമച്ചതാണ് കേസെന്നാണ് ആരോപണം. തന്റെ കക്ഷിയെ പൊലീസ് അനധികൃത കസ്റ്റഡിയിൽ വച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി വനിതാ ജഡ്ജി തള്ളിയതാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ സിജെഎമ്മിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. വിവാഹിതനും നാലുകുട്ടികളുടെ അച്ഛനുമാണ് അഭിഭാഷകൻ വിജയ് സിങ് യാദവ്. വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസ് വിജയ് തന്നെയാണ് വാദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP