Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭയ കേസിൽ തെളിവു നശിപ്പിച്ചത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും; ഡി.വൈ.എസ്‌പി കെ.സാമുവൽ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്നും വാങ്ങിച്ച് നശിപ്പിച്ചു കളഞ്ഞു; എല്ലാറ്റിനും ഇടയാക്കിയത് പ്രതികളുടെ ഉന്നത സ്വാധീനമെന്ന് പ്രോസിക്യൂഷൻ; സെഫി അറിയാതെ അഭയ കൊല്ലപ്പെടില്ലെന്ന സാക്ഷി മൊഴിണ്ടെന്നും പ്രോസിക്യൂഷൻ വാദം

അഭയ കേസിൽ തെളിവു നശിപ്പിച്ചത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും; ഡി.വൈ.എസ്‌പി കെ.സാമുവൽ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്നും വാങ്ങിച്ച് നശിപ്പിച്ചു കളഞ്ഞു; എല്ലാറ്റിനും ഇടയാക്കിയത് പ്രതികളുടെ ഉന്നത സ്വാധീനമെന്ന് പ്രോസിക്യൂഷൻ; സെഫി അറിയാതെ അഭയ കൊല്ലപ്പെടില്ലെന്ന സാക്ഷി മൊഴിണ്ടെന്നും പ്രോസിക്യൂഷൻ വാദം

പി നാഗരാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് തുടക്കത്തിൽ തന്നെ അട്ടിമറിക്കാൻ കാരണം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമാണെന്ന് പ്രോസിക്യൂഷൻ. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ വി.വി.അഗസ്റ്റിൻ ഇൻക്യുസ്റ്റ് റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ഡി.വൈ.എസ്‌പി കെ.സാമുവൽ കേസിലെ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്നും വാങ്ങിച്ച് നശിപ്പിച്ച് കളഞ്ഞതും പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

തിരുവനന്തപുരം സിബിഐ കോടതിയിൽ നടന്ന പ്രോസിക്യൂഷൻ വാദത്തിനിടെയാണ് പ്രോസിക്യൂട്ടർ നവാസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അത് കാരണമാണ് ഈ രണ്ട് ഉദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ കുറ്റപത്രം കൊടുത്തതെന്ന് പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ കോടതിയിൽ പറഞ്ഞു. പയസ് ടെന്റ് കോൺവെന്റിലെ അടുക്കളയിൽവച്ച് സിസ്റ്റർ അഭയ കൊല്ലപ്പെട്ടപ്പോൾ ആ സമയത്ത് അടുക്കളയോട് ചേർന്ന മുറിയിൽ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റർ സെഫി അറിയാതെ അവിടെ ഒന്നും സംഭവിക്കില്ലെന്ന് സാക്ഷിമൊഴികളും ശക്തമായ തെളിവുകളും കോടതിക്ക് മുൻപിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതേസമയം പ്രോസിക്യൂഷൻ കഴിഞ്ഞ നാലു ദിവസമായി തുടർച്ചയായി അന്തിമ വാദം നടത്തി കൊണ്ടിരുന്നത് ഇന്ന് പൂർത്തിയായി. നാളെ മുതൽ പ്രതിഭാഗം വാദമാണ് ആരംഭിക്കുക. കേസിൽ ശക്തമായ വാദങ്ങളാണ് പ്രേസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. സിസ്റ്റർ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് കോടതിക്ക് മുൻപിൽ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ മുൻ ദിവസങ്ങളിലെ വാദങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സെഫിയും താനും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹയ്ക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുകൾ സിബിഐ കോടതിക്ക് മുൻപിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അത് ഇന്ത്യൻ തെളിവു നിയമത്തിലെ എക്സ്ട്രാ ജുഡീഷ്യൽ കൺഫഷൻ (കോടതിക്കു പുറത്ത് മറ്റൊരാളോട് നടത്തുന്ന കുറ്റസമ്മതം) ആയി പരിഗണിക്കണമെന്നും ബോധിപ്പിച്ചു.

കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്റെ പിന്നിൽ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്ന് പ്രോസിക്യൂഷൻ കോടതയിൽ ബോധിപ്പിച്ചിട്ടുണ്ട്. അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്‌ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നെന്ന് പ്രോസിക്യൂഷൻ സമർത്ഥിച്ചത്. പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റ് ചെയ്ത ശേഷം സിബിഐ 2008 നവംബർ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു.

ഇതിൽ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്‌ളാസ്റ്റിക് സർജറി നടത്തിയതായി തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ പൊലീസ് സർജനും പ്രോസിക്യൂഷൻ 29ാം സാക്ഷിയുമായ ഡോ.രമയും, കോളേജ് പ്രിൻസിപ്പലും പ്രോസിക്യൂഷൻ 19ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടികാട്ടി.

പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകൾ കോടതിക്ക് മുമ്പിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷൻ വാദം നടത്തി.

തിരുവനന്തപുരം സിബിഐ കോടതിയിൽ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ നടത്തുന്ന വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരും. 1992 മാർച്ച് 27 ന് വെളുപ്പിന് 4.15 നാണ് സംഭവം. പയസ് ടെൻത് കോൺവന്റിൽ പഠിക്കുന്നതിന് വേണ്ടി പുലർച്ചെ ഉണർന്ന അഭയ അടുക്കളയിലുള്ള ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോഴാണ് കാണരുതാത്ത കാഴ്ച കണ്ടത്.

അടുക്കളയോട് ചേർന്ന മുറിയിലെ താമസക്കാരിയായ (കേസിലെ മൂന്നാം പ്രതി) സിസ്റ്റർ സെഫിയും (ഒന്നാം പ്രതി) ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ്‌സിസ്റ്റർ അഭയ കൊല്ലപ്പെടാൻ കാരണം. ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷിമൊഴികളും കോടതിക്ക് മുൻപിൽ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർതിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനൽ കുമാർ മുൻപാകെവാദിച്ചിരുന്നു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരും, ഫാ.ജോസ് പൂതൃക്കയിലുംകോൺവെന്റിന്റെ സ്റ്റെയർകേസ് വഴിടെറസിലേയ്ക്ക് കയറിപോകുന്നത്കണ്ടു എന്ന മൊഴിയുണ്ട്. പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്കരാജു സിബിഐ കോടതിയിൽ മൊഴി നൽകിയ കാര്യം എടുത്തുപറഞ്ഞു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് ഹാജരാക്കിയതും കോടതി അക്കമിട്ട് തെളിവിൽ സ്വീകരിച്ച രേഖകളുടെയും പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിച്ച 49 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദം ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP