Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് തുടക്കത്തിലേ ബോധ്യമായിരുന്നതായി ഡിവൈഎസ്‌പി വർഗ്ഗീസ്; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് ഡയറി ഫയൽ പൂർണ്ണമായി തനിക്ക് വിട്ടു നൽകിയില്ലെന്നും ഡിവൈസ്പി; സാക്ഷിമൊഴി വിചാരണകോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി മുമ്പാകെ

അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് തുടക്കത്തിലേ ബോധ്യമായിരുന്നതായി ഡിവൈഎസ്‌പി വർഗ്ഗീസ്; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് ഡയറി ഫയൽ പൂർണ്ണമായി തനിക്ക് വിട്ടു നൽകിയില്ലെന്നും ഡിവൈസ്പി; സാക്ഷിമൊഴി വിചാരണകോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി മുമ്പാകെ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: പയസ് ടെൻത് കോൺവന്റിലെ അഭയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തനിക്ക് തുടക്കത്തിലെ ബോധ്യമായതായി സിബിഐ ഡിവൈഎസ്‌പി വർഗ്ഗീസ്. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്ത്ത്ത്തള്ളുകയായിരുന്നു.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് ഡയറി ഫയൽ പൂർണ്ണമായി തനിക്ക് വിട്ടു നൽകിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി വർഗ്ഗീസ് സാക്ഷിമൊഴി നൽകി. വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽ കുമാർ മുമ്പാകെ നടന്ന സാക്ഷി വിസ്താര വിചാരണയിൽ മൊഴി നൽകവേയാണ് ഇക്കാര്യം സിബിഐ ഡിവൈഎസ്‌പി വെളിപ്പെടുത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടിരുന്നു. സാക്ഷികളെ ഹാജരാക്കാൻ സി ബി ഐ യുടെ കൊച്ചി യൂണിറ്റ് ആന്റി കറപ്ഷൻ ബ്യൂറോ എസ്‌പിയോടാണ് കോടതി ഉത്തരവിട്ടത്.

കോട്ടയം പയസ് ടെൻത് കോൺവെന്റ് മഠത്തിലെ അന്തേവാസിയും സംഭവ കാലത്ത് കോട്ടയം ബി സി എം കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന സിസ്റ്റർ അഭയയെയാണ് പ്രതികൾ കൊലപ്പെടുത്തി മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ തള്ളിയത്.
സംഭവത്തിന് ശേഷം സീൻ ഓഫ് ക്രൈം പ്രതികൾ മാറ്റിമറിച്ചു. അടുക്കള ഭാഗത്ത് തെളിവുകൾ നശിപ്പിച്ചു. ഫയർഫോഴ്‌സ് വന്ന് മൃതശരീരം പൊക്കിയെടുത്ത് കരക്കെത്തിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് അഡിഷണൽ എസ്. ഐ അഗസ്റ്റിൻ ആദ്യം ഒരു മഹസർ തയ്യാറാക്കി. സാക്ഷികളായി രണ്ടു പേരെക്കൊണ്ട് ഒപ്പിടുവിച്ചു.

അടിവസ്ത്രമില്ലാതിരുന്ന നിലയിലായിരുന്നു മൃത ശരീരം. എന്നാൽ പ്രതികളുടെ ഉന്നത സ്വാധീനത്തെ തുടർന്ന് അഭയയുടെ മുറിയിൽ ചെന്ന് അടിവസ്ത്രം , ഡയറി തുടങ്ങിയവ അടക്കമുള്ള സാധന സാമഗ്രികൾ എടുത്തു കൊണ്ടുപോയി. പ്രതികളുടെ ഉന്നത സ്വാധീനത്താൽ യഥാർത്ഥ മഹസർ അഗസ്റ്റിൻവലിച്ചു കീറിക്കളഞ്ഞു. തുടർന്ന് അഭയയുടെ ശരീരത്തിൽ ഇല്ലാതിരുന്ന അടിവസ്ത്രം ഉള്ളതായി രേഖപ്പെടുത്തിയ കൃത്രിമ മഹസർ രേഖകൾ തയ്യാറാക്കി. സാക്ഷി ഒപ്പുകൾ വ്യാജമായിട്ട് കൃത്രിമ മഹസർ തയ്യാറാക്കി. തുടർന്ന് ക്രൈം 87/1992 ആയി അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം പ്രതിയില്ലാതെ കേസെടുത്ത് എഫ് ഐ ആറും കൃത്രിമ മഹസറും കോട്ടയം ആർ ഡി ഓ കോടതിയിൽ ഹാജരാക്കി.

തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുകയും ഉന്നത സ്വാധീനത്താൽ അപകട മരണമാക്കി കേസ് എഴുതി തള്ളി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കേസ് അട്ടിമറിക്കെതിരെ വലിയ രീതിയിൽ ജന രോഷം ഉണ്ടാവുകയും സിബിഐ അന്വേഷണ ആവശ്യം ഉയരുകയും ചെയ്തു. കൂടാതെ ആലുവ മദർ സുപ്പീരിയറും സംഭവത്തിൽ ആഴത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് കത്ത് നൽകി.

തുടർന്ന് മുഖ്യമന്ത്രി കെ.കരുണാകരൻ 1992 മെയ് 2ന് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിന് ശേഷം ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സി ബി ഐ 1993 മാർച്ച് 29 ന് കേസന്വേഷണം ഏറ്റെടുത്തു. തുടർന്ന് ഹാജരാക്കിയ പല അന്തിമ റിപ്പോർട്ടുകൾക്ക് ശേഷം 2009 ജൂലൈ 17നാണ് സി ബി ഐ പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന കാരണം പറഞ്ഞ് സി ബി ഐ സമർപ്പിച്ച അപൂർണ്ണമായ റിപ്പോർട്ടുകൾ കോടതി തള്ളിക്കളഞ്ഞ് തുടരന്വേഷണം നടത്താനുത്തരവിട്ടു. അനവധി തവണ എറണാകുളം സിജെഎം കോടതിയും ഹൈക്കോടതിയും സിബിഐയുടെ കേസന്വേഷണ വീഴ്ചയെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP