Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോട്ടയത്ത് ഗാന്ധി പ്രതിമയുടെ മുന്നിൽ പൊതുയോഗം നടക്കുന്നതിനിടെ എന്നെ മാറ്റി നിർത്തി; അഭയ കേസുമായി മുന്നോട്ടു പോയാൽ ശരിയാക്കുമെന്നും സഭയ്‌ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപ്പെട്ടിട്ടില്ലെന്നും' ഫാ.തോമസ് കോട്ടൂർ ഭീഷണി മുഴക്കി; സ്വന്തം സഹോദരൻ തന്നെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലും കോട്ടൂർ; സഹോദരൻ മരിച്ചപ്പോൾ കുടുംബത്തിന് സഭാനേതൃത്വം 10 ലക്ഷം നൽകിയെന്നും ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴി

'കോട്ടയത്ത് ഗാന്ധി പ്രതിമയുടെ മുന്നിൽ പൊതുയോഗം നടക്കുന്നതിനിടെ എന്നെ മാറ്റി നിർത്തി; അഭയ കേസുമായി മുന്നോട്ടു പോയാൽ ശരിയാക്കുമെന്നും സഭയ്‌ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപ്പെട്ടിട്ടില്ലെന്നും' ഫാ.തോമസ് കോട്ടൂർ ഭീഷണി മുഴക്കി; സ്വന്തം സഹോദരൻ തന്നെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലും കോട്ടൂർ; സഹോദരൻ മരിച്ചപ്പോൾ കുടുംബത്തിന് സഭാനേതൃത്വം 10 ലക്ഷം നൽകിയെന്നും ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തിയെന്ന് ആക്ഷൻ കൗൺസിൽ കൺവീനറും പ്രോസിക്യൂഷൻ ഇരുപത്തിനാലാം സാക്ഷിയുമായ ജോമോൻ പുത്തൻപുരയ്ക്കൽ തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി.

1993 ഡിസംബർ മാസത്തിൽ കോട്ടയത്ത് ഗാന്ധി പ്രതിമയുടെ മുൻപിൽ അഭയ കേസുമായി ബന്ധപ്പെട്ട പൊതുയോഗം നടക്കുന്നതിനിടയിൽ തന്നെ വിളിച്ചു മാറ്റി നിർത്തി 'അഭയ കേസുമായി മുന്നോട്ടുപോയാൽ നിന്നെ ശരിയാക്കു'മെന്നും 'സഭയ്ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപെട്ടിട്ടില്ല' എന്നുംഫാ. കോട്ടൂർ പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നാണ് ജോമോൻ പുത്തൻപുരയ്ക്കൽ മൊഴി നൽകിയത്.

സ്വന്തം സഹോദരൻ 1994 നവംബർ 27 ന് തന്നെ കോടാലി കൊണ്ടു വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചതിനു പിന്നിൽ അഭയ കേസിലെ പ്രതി ഫാ. കോട്ടൂരാണെന്നും ഈ സഹോദരൻ 2014 ൽ മരിച്ചപ്പോൾ സഹോദരന്റെ കുടുംബത്തിനു സഭാനേതൃത്വം പത്തു ലക്ഷം രൂപ നൽകിയെന്നും ജോമോൻ പുത്തൻപുരയ്ക്കൽ സിബിഐ കോടതിയിൽ മൊഴി നൽകി. പ്രോസിക്യൂഷൻ ഇരുപത്തിനാലാം സാക്ഷിയായാണ് തിരുവനന്തപുരം സിബിഐ കോടതി ജോമോനെ വിസ്തരിച്ചത്.പ്രതികളുടെ നുണ പരിശോധന നടത്തിയ ഡോക്ടർമാരെ ഇന്നലെ കോടതിയിൽ വിസ്തരിക്കാനിരുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റി. രണ്ടു ഡോക്ടർമാരിൽ ഒരാൾ മരിച്ചുപോയെന്ന് കോടതിയെ അറിയിച്ചു.

സിസ്റ്റർ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സാക്ഷിമൊഴി നൽകിയിരുന്നു. മുൻ കെമിക്കൽ എക്‌സാമിനർ ആർ ഗീതയും അനലിസ്റ്റ് ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ഇവർ കോടതിയിൽ മൊഴി നൽകി. സിസ്റ്റർ അഭയയുടെ രാസപരിശോധന റിപ്പോർട്ട് തിരുത്തിയ കേസിൽ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരാണ് മൊഴി നൽകിയ രണ്ട് സാക്ഷികളും. 1992 ഏപ്രിൽ പത്തിന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന് കാട്ടി ജോമോൻ പുത്തൻപുരയ്ക്കലാണ് സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്നത്.

കേസിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സാക്ഷിയുടെ ഒപ്പിൽ കൃത്രിമം നടത്തിയെന്ന് ഫോറൻസിക് റിപ്പോർട്ടിൽ തെളിഞ്ഞിരുന്നതായി ഡൽഹി ഫോറൻസിക് ലാബിലെ സീനിയർ സയന്റിഫിക് എക്സാമിനർ ഡോ.എം.എ അലി മൊഴി നൽകിയിരുന്നു. സിസ്റ്റർ അഭയ മരിച്ച ദിവസം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അഡീഷണൽ എസ്ഐ ആയിരുന്ന വി.വി അഗസ്റ്റിൻ തയ്യാറാക്കിയ റിപ്പോർട്ടിൽ കൃത്രിമം നടന്നതായാണ് വെളിപ്പെടുത്തൽ. ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ സാക്ഷിയായി അയ്മനം സ്വദേശി ജോൺ സ്‌കറിയ എന്നയാളുടെ ഒപ്പ് കൃത്രിമമായി ഇട്ടതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2009ൽ വി.വി അഗസ്റ്റിനെ പ്രതിയാക്കി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. തെളിവു നശിപ്പിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ അഗസ്റ്റിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. അഗസ്റ്റിൻ ഇന്ന് ജീവിച്ചിരിപ്പില്ല.

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP