Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയ കൊലക്കേസ്: പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമെന്ന് എസ്‌പി.നന്ദകുമാർ നായർ സി ബി ഐ കോടതിയിൽ; കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചെന്നും സിബിഐ ഉദ്യോഗസ്ഥർ കോടതിയിൽ

അഭയ കൊലക്കേസ്: പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമെന്ന് എസ്‌പി.നന്ദകുമാർ നായർ സി ബി ഐ കോടതിയിൽ; കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചെന്നും സിബിഐ ഉദ്യോഗസ്ഥർ കോടതിയിൽ

പി നാഗരാജ്‌

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികൾ കൃത്യം ചെയ്തുവെന്ന ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതെന്ന് സിബിഐ എസ്‌പി. തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്‌പി. നന്ദകുമാർ നായർ പ്രോസിക്യൂഷൻ ഭാഗം നാൽപത്തിയൊമ്പതാം സാക്ഷിയായി മൊഴി നൽകവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2008 നവംബർ 18 നാണ് അഭയ കേസിലെ പ്രതികളെ തന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തതെന്ന് സിബിഐ ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ എസ്. പി. മൊഴി നൽകി. പ്രതികൾ 49 ദിവസങ്ങളായി ജയിൽ റിമാൻഡിൽ കഴിയവേ 2009 ജൂലൈ 17 ന് പ്രതികൾക്കെതിരെ കോടതിയിൽ താൻ കുറ്റപത്രം സമർപ്പിച്ചു. 2008 നവംബർ 1നാണ് അഭയ കേസിന്റെ അന്വേഷണം താൻ ഏറ്റെടുത്തത്. 17 ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം മൊഴി നൽകി.

16 വർഷത്തിനുള്ളിൽ 13 സി ബി ഐ ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ നന്ദകുമാർ നായർ അന്വേഷണം ഏറ്റെടുത്ത് 17 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചാണെന്ന് സിബിഐ ഡിവൈഎസ്‌പി ദേവരാജൻ സിബിഐ കോടതിയിൽ നേരത്തേ സാക്ഷിമൊഴി നൽകിയിരുന്നു. അഭയയെ പ്രതികൾ കിണറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകവേ വാതിലിനിടയിൽ കുടുങ്ങിയ അഭയയുടെ ശിരോവസ്ത്രം , തെറിച്ചുവീണ ചെരുപ്പുകൾ എന്നിവയടക്കമുള്ള തൊണ്ടിമുതലുകൾ കോട്ടയം ആർ ഡി ഒ കോടതിയിൽ നിന്നും മടക്കി വാങ്ങിയ ശേഷം ക്രൈംബ്രാഞ്ച് എസ്‌പി. സാമുവൽ അവ തിര്യെ ഏൽപ്പിച്ചില്ലെന്നും ഡിവൈഎസ്‌പി ദേവരാജൻ മൊഴി നൽകിയിരുന്നു.

1992 മാർച്ച് 27 നാണ് അഭയ കൊല്ലപ്പെട്ടത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ. അഭയ കേസിൽ പ്രോസിക്യൂഷൻ ഭാഗം നാൽപ്പത്തൊമ്പതാം സാക്ഷിയായി എസ്‌പി. നന്ദകുമാർ നായരെ വിസ്തരിച്ചതോടെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായതായി പ്രോസിക്യൂട്ടർ നവാസ് സിബിഐ ജഡ്ജി സനിൽകുമാർ മുമ്പാകെ ബോധിപ്പിച്ചു. സുപ്രീം കോടതി വരെ നീണ്ട നിയമക്കുരുക്കിനൊടുവിൽ 2019 ലാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി മുമ്പാകെ സാക്ഷി വിസ്താര വിചാരണ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP