Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറ്റിങ്ങൽ സൂര്യ കൊലക്കേസ്: മരണകാരണം ആഴത്തിലേറ്റ മുറിവും രക്തം വാർന്നു പോയതിനാലുമെന്ന് ഫോറൻസിക് അസോസിയേറ്റ് പ്രൊഫസർ; തലയിലും കഴുത്തിലും ഹൃദയത്തിലും മാരകമായ അഞ്ച് മുറിവുകളുണ്ടായിരുന്നെന്നും തലയോട്ടിയിലുണ്ടായ മാരകമായ മുറിവിന് പിന്നാലെ ആന്തരിക രക്ത സ്രാവുമുണ്ടായെന്നും മൊഴി; സംഭവത്തിന് തലേ ദിവസം പ്രതിയും സൂര്യയും ഫോണിൽ സംസാരിച്ചതിന്റെ രേഖകളും കോടതിയിൽ

ആറ്റിങ്ങൽ സൂര്യ കൊലക്കേസ്: മരണകാരണം ആഴത്തിലേറ്റ മുറിവും രക്തം വാർന്നു പോയതിനാലുമെന്ന് ഫോറൻസിക് അസോസിയേറ്റ് പ്രൊഫസർ; തലയിലും കഴുത്തിലും ഹൃദയത്തിലും മാരകമായ അഞ്ച് മുറിവുകളുണ്ടായിരുന്നെന്നും തലയോട്ടിയിലുണ്ടായ മാരകമായ മുറിവിന് പിന്നാലെ ആന്തരിക രക്ത സ്രാവുമുണ്ടായെന്നും മൊഴി; സംഭവത്തിന് തലേ ദിവസം പ്രതിയും സൂര്യയും ഫോണിൽ സംസാരിച്ചതിന്റെ രേഖകളും കോടതിയിൽ

പി.നാഗരാജ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സ് സൂര്യ.എസ്.നായരുടെ (23) മരണകാരണം തലയിലും കഴുത്തിലും ആഴത്തിലേറ്റ മുറിവുകളും രക്തം വാർന്നു പോയതുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് അസോസിയേറ്റ് പ്രൊഫസറും സൂര്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുമായ രഞ്ജു സാക്ഷി മൊഴി നൽകി. ആറ്റിങ്ങൽ നഗരത്തെ പട്ടാപ്പകൽ ഞെട്ടിച്ച സൂര്യാ കൊലക്കേസിൽ പ്രോസിക്യൂഷൻ ഭാഗം മുപ്പത്തിനാലാം സാക്ഷിയായി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ബാബു മുമ്പാകെ സാക്ഷിമൊഴി നൽകുകയായിരുന്നു ഡോ.രഞ്ജു.

സൂര്യ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് 2016 ജനുവരി 28നാണ് താൻ ഇരയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്. പോസ്റ്റ്‌മോർട്ടം ചെയ്യാനായി മോർച്ചറി മേശപ്പുറത്ത് കാണപ്പെട്ട സൂര്യയുടെ ശരീരത്തിൽ 27 മുറിവുകൾ കാണപ്പെട്ടു. തലയിലും കഴുത്തിലും ഹൃദയത്തിലും കാണപ്പെട്ട മാരകമായ ആഴത്തിലുള്ള 5 മുറിവുകൾ മാത്രം കൊണ്ടു തന്നെ സാധാരണ രീതിയിൽ മരണത്തിനുള്ള കാരണമാകുന്നതാണ്.

ആഴത്തിലുള്ള എല്ലാ മുറിവുകളും പൊലീസ് തൊണ്ടി മുതലായി ഹാജരാക്കിയ വെട്ടുകത്തി കൊണ്ട് വെട്ടിയാൽ ഉണ്ടാകുമെന്നും പ്രൊഫസർ മൊഴി നൽകി. ഡോക്ടർ തയ്യാറാക്കിയ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് പ്രോസിക്യൂഷൻ ഭാഗം എക്‌സിബിറ്റ് പി (പ്രോസിക്യൂഷൻ ഭാഗം) മുപ്പത്തിയാറാം നമ്പർരേഖയായി കോടതി തെളിവിൽ സ്വീകരിച്ചു.ശരീരത്തിൽ കാണപ്പെട്ട പോറൽ മുറിവുകൾ പരുക്കൻ പ്രതലത്തിൽ വീണ് പിടയുമ്പോൾ ഉണ്ടാകാം. പരിക്കുകളുടെ കാഠിന്യം കാണുമ്പോൾ ചുരുങ്ങിയ സമയം കൊണ്ട് ഇര മരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

രക്തധമനികളിലും ഞരമ്പുകളിലും കാണപ്പെട്ട മുറിവുകൾ വഴി വായു ഹൃദയത്തിലേക്ക് പ്രവേശിച്ച് മരണസാധ്യതയെ ത്വരിതപ്പെടുത്തുന്നതാണ്. തലയോട്ടിയിലുണ്ടായ മാരകമായ പരിക്ക് ആന്തരിക രക്തസ്രാവം മൂലം ഇര അബോധാവസ്ഥയിലാകാനും ശക്തി ക്ഷയിക്കാനും കാരണമാകും. പോറൽ ഒഴികെയുള്ള പരിക്കുകളെല്ലാം ഒറ്റ ആയുധം കൊണ്ടുണ്ടായതാണെന്നും വ്യത്യസ്ത ആയുധം കൊണ്ടുണ്ടായതല്ലെന്നും അദ്ദേഹം മൊഴി നൽകി. എന്നാൽ ഈ സാധ്യത പൂർണ്ണമായി തള്ളിക്കളയാനാകില്ലെന്നും പ്രതിഭാഗത്തിന്റെ ക്രോസ് ചോദ്യത്തിന് മറുപടിയായി പ്രൊഫസ്സർ മൊഴി നൽകി. പോറൽ മുറിവുകൾ മാല പിടിച്ചുപറിക്കിടയിൽ തട്ടി വീണാലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇരയുടെ രക്തത്തിൽ വിഷാംശം ഉണ്ടോയെന്നറിയാൻ താൻ രക്തസാമ്പിൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്കയച്ചു. പരിശോധനയിൽ വിഷാംശമൊന്നുമില്ലെന്ന റിപ്പോർട്ട് ആണ് വന്നതെന്നും ഡോക്ടർ മൊഴി നൽകി.

സൂര്യ വീട്ടിൽ നിന്നും സ്‌ക്കൂട്ടർ ഓടിച്ചു വന്ന് വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ച് പൂട്ടിയ ശേഷം അവിടെ കാത്തു നിന്ന കാമുകനായ ഷിജുവിനൊപ്പം സ്വകാര്യ ബസ്സിൽ കയറി ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിജു ആറ്റിങ്ങൽ സ്റ്റാന്റിന് സമീപത്തെ ഇടവഴിയിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് ട്രാൻസ്‌ഫോർമറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നടത്തുകയായിരുന്നു. 

സൂര്യ കൊല്ലപ്പെട്ടത് 2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി. പിരപ്പൻകോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോൺസ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടു കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്.

ഇവർ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന് കൃത്യത്തിനുപയോഗിച്ച വെട്ടു കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്. പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് കുറച്ചു നാൾ മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.

ബംഗ്‌ളുരുവിൽ ക്രിസ്ത്യൻ മിഷനറി കോളേജിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. കൊലക്ക് തലേന്ന് ഇരുവരും തമ്മിൽ ഒരു മണിക്കൂർ 10 മിനിറ്റ് സംസാരിച്ചതിന്റെ കാൾ ഡീറ്റയിൽസ് റെക്കോർഡ് ( സി. ഡി . ആർ ) പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുള്ളതായ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെയും മറ്റും പേരുകൾ കുറിച്ച് വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാൻ ഇയാൾ ആശുപത്രിയിൽ ചെല്ലുമ്പോൾ സൂര്യയുമായി സംസാരിച്ചു നിൽക്കുന്ന സോക്ടർമാരുടെയും മറ്റും പേരുകളാണ് ഇയാൾ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്. ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആണ് ഹാജരാകുന്നത്. സൂര്യയുടെ വീട്ടുകാരുടെ അപേക്ഷ പ്രകാരമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP