Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

സ്വർണ്ണക്കവർച്ച: ആട് ആന്റണിയ്‌ക്കെതിരായ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് അന്ത്യശാസനം; കസ്റ്റഡി പ്രതികളുടെ വിചാരണ അനന്തമായി നീട്ടാനാവില്ലെന്ന് കോടതി; ജനുവരി 16 ന് ആട് ആന്റണിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്

സ്വർണ്ണക്കവർച്ച: ആട് ആന്റണിയ്‌ക്കെതിരായ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് അന്ത്യശാസനം; കസ്റ്റഡി പ്രതികളുടെ വിചാരണ അനന്തമായി നീട്ടാനാവില്ലെന്ന് കോടതി; ജനുവരി 16 ന്  ആട് ആന്റണിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പ്രതിയായ സ്വർണ്ണ കവർച്ചാ കേസിൽ ആന്റണിക്കെതിരായ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി അന്ത്യശാസനം നൽകി. ജനുവരി പതിനാറിനകം ഹാജരാക്കാൻ തിരുനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വിചാരണ നേരിടുന്ന പ്രതികളുടെ വിചാരണ അനന്തമായി നീട്ടാനാവില്ലെന്ന് മജിസ്‌ട്രേട്ട് വിവീജ രവീന്ദ്രൻ പ്രോസിക്യൂഷനെ ഓർമ്മിപ്പിച്ചു. അഞ്ചു പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ച ശേഷം പ്രോസിക്യൂഷൻ ആന്റണിക്കെതിരായ രേഖകൾ ഹാജരാക്കാൻ കോടതിയിൽ സമയം തേടുകയായിരുന്നു. ഒക്ടോബർ 28 , നവംബർ 11 , നവംബർ 25 , ഡിസംബർ 9 , ഡിസംബർ 23 എന്നീ തീയതികളിലായി അഞ്ചു തവണ സമയം അനുവദിച്ചിട്ടും രേഖകൾ ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

ഓരോ പ്രാവശ്യവും പ്രോസിക്യൂഷൻ സമയം തേടുകയായിരുന്നു. അതേ സമയം പ്രതിക്ക് വേണ്ടി കേസ് നടത്താൻ ലീഗൽ സർവ്വീസ് അഥോറിറ്റി ചുമതലപ്പെടുത്തിയ അഭിഭാഷകൻ കോടതിയിൽ ഹാജരാകാനായി നോട്ടീസയക്കാൻ കോടതി നിർദ്ദേശിച്ചിട്ടും അതനുസരിക്കാത്ത പ്രോസസ് ക്ലാർക്കിന് കോടതി മെമോ നൽകി.ക്ലാർക്കിനെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് മെമോ നൽകിയത്. വിചാരണക്കായി സാക്ഷികളെ ഹാജരാക്കാത്ത മംഗലപുരം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.സാക്ഷി സമൻസ് വീഴ്ച കൂടാതെ നടപ്പിലാക്കാൻ പല തവണ രേഖാമൂലം കോടതി ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാത്തതിനാലാണ് സർക്കിൾ ഇൻസ്‌പെക്ടറെ കോടതി രൂക്ഷമായ ഭാഷയിൽ ശാസിക്കുകയും വിമർശിക്കുകയും ചെയ്ത് . സി ഐ യുടെ നിഷ്‌ക്രിയത്വം കൃത്യ വിലോപവും നിരുത്തവാദപരവുമാണെന്ന് നിരീക്ഷിച്ച കോടതി സാക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മേലുദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പി യോട് ഉത്തരവിട്ടിരുന്നു. ജനുവരി 16 ന് ആട് ആന്റണിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും കോടതി ഉത്തരവിട്ടു.

ആറ്റിങ്ങൽ മംഗലപുരത്തെ വീട്ടിൽ രാത്രി ഭവനഭേദനം നടത്തി അലമാര കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിന്റെ വിചാരണയാണ് തിരുവനന്തപുരം റൂറൽ മംഗലപുരം പൊലീസിന്റെ അനാസ്ഥ കാരണം തടസ്സപ്പെട്ടത്. 2017 ജൂലൈ 14നാണ് ആട് ആന്റണിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കൊല്ലം പാരിപ്പള്ളി പൊലീസ് നൈറ്റ് പട്രോളിങ് നടത്തവേ അർദ്ധ രാത്രി മോഷണ ശ്രമം കഴിഞ്ഞ് മാരുതി വാൻ ഓടിച്ചു മടങ്ങി വന്ന ആട് ആന്റണിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനാൽ വാനിൽ നിന്ന് നീക്കം ചെയ്ത് ആന്റണിയെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ പൊലീസ് ജീപ്പ് ഡ്രൈവർ മണിയൻ പിള്ളയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് ആന്റണി എന്ന ആട് ആന്റണി. ഇയാൾ കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം , കൊലപാതകം , പീഡനം എന്നിവയടക്കം 400 ഓളം ക്രിമിനൽ കേസുകൾ നിലവിലുള്ളയാളും തലസ്ഥാന ജില്ലയിലും മറ്റു ജില്ലകളിലുമായി 17 ഓളം കാമിനിമാരുമുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസുകാരനെ കുത്തി ഒളിവിൽ പോയ ആന്റണിയെ ഒന്നര വർഷങ്ങൾക്ക് ശേഷമാണ് പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇയാളുടെ കാമിനിമാരെ ഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ച് ചോദ്യം ചെയ്ത് തുടങ്ങിയതോടെയാണ് ആടിന്റെ ഒളിയിടം സംബന്ധിച്ച തുമ്പ് പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ 2009 ൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസ് , കഴക്കൂട്ടം സ്വർണ്ണ കവർച്ചാ കേസ് , കോട്ടയം കംപ്യൂട്ടർ സ്ഥാപനത്തിലെ കംപ്യൂട്ടർ ഉൽപ്പന്നങ്ങൾ മോഷണം , ഷൊർണ്ണൂർ സ്വർണ്ണക്കവർച്ച , 2011 ഏപ്രിലിൽ പി.സി.ജോർജ് എംഎൽഎയുടെ കാഞ്ഞിരപ്പള്ളി പാറത്തോട് വീട്ടിലെ സ്വർണ്ണക്കവർച്ച തുടങ്ങി സംസ്ഥാനത്തിനകത്ത് അനവധി മോഷണ കേസുകളിൽ ആട് ആന്റണി പ്രതിയാണ്.

പാരിപ്പള്ളി പൊലീസുകാരനെ കുത്തിക്കൊന്ന ശേഷം വാനിൽ രക്ഷപ്പെട്ട ആന്റണി നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള വാടക വീട്ടിൽച്ചെന്ന് രക്തക്കറ പുരണ്ട കത്തി അവിടെ ഉപേക്ഷിച്ച് രണ്ടു നാൾ തങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. അവിടെ സൂസൻ എന്ന സ്ത്രീയും മറ്റൊരു സ്ത്രീയും ഭാര്യമാരായി താമസിപ്പിച്ചു വരികയായിരുന്നു ആന്റണി. അതിൽ ഒരു സ്ത്രീ ആന്റണിയിൽ നിന്ന് ഗർഭിണിയായിരുന്നു. ആന്റണിയെ ഒളിവിൽ പാർപ്പിച്ചതിനും രക്ഷപ്പെടാൻ സഹായിച്ചതിനും രണ്ടു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയവേയാണ് സ്ത്രീ പ്രസവിച്ചത്.

കൊലപാതകത്തിന് ശേഷം ഒന്നര വർഷമായി പല ഒളിത്താവളങ്ങളിൽ മാറി മാറി താമസിച്ച് ഒളിവിലായിരുന്ന ആന്റണി പൊള്ളാച്ചി ധാരാപുരത്ത് താമസിച്ച് ഇടക്കിടെ പാലക്കാട് ഗോപാലപുരത്തുള്ള മറ്റൊരു ഭാര്യ വീട്ടിൽ വന്നു പോകുമായിരുന്നു. ഇത് പാലക്കാട് ചിറ്റൂർ പൊലീസ് സ്റ്റേഷനിലെ ഒരു വനിതാ കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ വിവരം ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ഒന്നര മാസം നിരീക്ഷിച്ച ക്രൈംബ്രാഞ്ച് സംഘം ആന്റണിയെന്ന് തിരിച്ചറിഞ്ഞ് ഉറപ്പിച്ച ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ഒന്നര വർഷത്തിനിടെ ആന്റണിയെന്ന് തെറ്റിദ്ധരിച്ച് പലരെയും ആളുമാറി പിടികൂടിയിരുന്നു. ഇത് പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയതിനാലാണ് നിരീക്ഷിച്ച് ഉറപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തപ്പോൾ ശേഖരിച്ച ആന്റണിയുടെ വിരലടയാളങ്ങളും മോഷണ വീടുകളിൽ കാണപ്പെട്ട വിരലടയാളങ്ങളും ഒന്നാണെന്ന വിരലടയാള വിദഗ്ധരടങ്ങുന്ന ഫോറൻസിക് സംഘത്തിന്റെ ലാബ് പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതി ആന്റണിയാണെന്ന് പൊലീസ് ഉറപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP