Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൾദൈവത്തിന് ശിക്ഷ കഠിനം! ഗുർമീത് റാം റഹിം സിങിന് രണ്ട് ബലാത്സംഗ കേസുകളിൽ 20 വർഷം തടവ് വിധിച്ച് സിബിഐ കോടതി; ഇരകൾക്ക് 15 ലക്ഷം വീതം പിഴ നൽകണം; പൊട്ടിക്കരഞ്ഞ് അനുകമ്പ പിടിച്ചു പറ്റാനുള്ള ഗുർമീതിന്റെ തന്ത്രങ്ങളും വിലപ്പോയില്ല; ശിക്ഷ കടുത്തതെന്ന് വ്യക്തമായത് വിധിയുടെ വിശദാശംങ്ങൾ പുറത്ത് വന്നപ്പോൾ

ആൾദൈവത്തിന് ശിക്ഷ കഠിനം! ഗുർമീത് റാം റഹിം സിങിന് രണ്ട് ബലാത്സംഗ കേസുകളിൽ 20 വർഷം തടവ് വിധിച്ച് സിബിഐ കോടതി; ഇരകൾക്ക് 15 ലക്ഷം വീതം പിഴ നൽകണം; പൊട്ടിക്കരഞ്ഞ് അനുകമ്പ പിടിച്ചു പറ്റാനുള്ള ഗുർമീതിന്റെ തന്ത്രങ്ങളും വിലപ്പോയില്ല; ശിക്ഷ കടുത്തതെന്ന് വ്യക്തമായത് വിധിയുടെ വിശദാശംങ്ങൾ പുറത്ത് വന്നപ്പോൾ

റോത്തക്: സ്വയം പ്രഖ്യാപിത ആൾദൈവം ദേരാ സച്ചാ സൗദ നേതാവുമായി ഗുർമീത് റാം റഹിം സിങിന് ഇനി തടവറയിൽ കഴിയാം. രണ്ട് ബലാൽസംഗക്കേസുകളിലായി 10 വർഷം വീതമാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഇതോടെ 20 വർഷമാണ് ഗുർമീത് തടവറയ്ക്കുള്ളിൽ കഴിയേണ്ടി വരിക. ഗുർമീത് 15 ലക്ഷം വീതം ഇരകൾക്ക് പിഴ നൽകണമെന്നും  കോടതി വിധിച്ചു. പ്രത്യേക സിബിഐ കോടതിയുടെ വിധിയുടെ വിശദാംശങ്ങൾ പുറത്തു വന്നപ്പോൾ ആണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ പത്ത് വർഷം തടവും 65,000 രൂപ പിഴയും ആണ് ശിക്ഷ എന്ന നിലയിലായിരുന്നു വാർത്ത വന്നത്.

 

ഗുർമീതിനെ പാർപ്പിച്ച റോഹ്തക്കിലെ പ്രത്യേക ജയിലിലെത്തിയാണ് സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷാപ്രഖ്യാപനം നടത്തിയത്. വിധി പുറത്തുവന്നതോടെ ആൾദൈവത്തിന്റെ അനുയായികൾ പലയിടത്തായി അക്രമം അഴിച്ചുവിട്ടു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. രണ്ട് ബസുകൾ അക്രമികൾ അഗ്‌നിക്കിരയാക്കി.

 ജയിൽ ലൈബ്രറിയിൽ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയിലാണ് സിബിഐ ജഡ്ജി ഗുർമീത് റാമിനുള്ള ശിക്ഷ വിധിച്ചത്. കേസിൽ ഗുർമീത് റാം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുൻപിൽ ഗുർമീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്നായിരുന്നു കൂപ്പുകൈകളോടെ ഗുർമീത് കോടതിയോട് അപേക്ഷിച്ചത്.

ഗുർമീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവർത്തകൻ എന്ന നിലയിലെ സംഭവാനകൾ, ജനങ്ങൾക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിധി പ്രസ്താവത്തിന് മുൻപ് കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ, ഒരു കൊടിയ ക്രിമിനലാണ് ഗൂർമീതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ അപേക്ഷിച്ചെങ്കിലും കോടതി ഇത് അംഗീകിരിച്ചില്ല.

ഒന്നോ രണ്ടോ തവണയല്ല വർഷങ്ങളോളം നീണ്ട ലൈംഗികപീഡനമാണ് ഗുർമീത് നടത്തിയതെന്നും പരാതിക്കാരായ രണ്ട് സ്ത്രീകൾ മാത്രമല്ല നാൽപ്പത്തിലേറെ സ്ത്രീകൾ കൊടുംക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും സിബിഐഅഭിഭാഷകൻ കോടതിയോട് പറഞ്ഞു. പ്രമേഹ രോഗിയായ ഗുർമീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് സിവിൽ സർജൻ ഡോ. ദീപ ആംബുലൻസുമായി റോത്തക് ജയിലിലെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടി വിധിയിൽ ഇളവു നേടാനാണ് ശ്രമം നടന്നതെങ്കിലും കോടതി വഴങ്ങിയില്ല.

ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷൻ അഭിഭാഷകരും പിന്നെ പ്രതിയായ ഗുർമീതും അടക്കം ഒൻപത് പേർ മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോൾ താൽകാലിക കോടതിയിലുണ്ടായിരുന്നത്. വിധി പുറത്തുവന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സുരക്ഷ സേനകൾ അതീവജാഗ്രത പാലിക്കുകയാണ്. ഹരിയാനയിലും പഞ്ചാബിലും പൊലീസിനും കേന്ദ്രസേനയ്ക്കും പുറമേ സൈന്യവും സർവ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്.

ഗുർമീതിനെ പാർപ്പിച്ച ജയിലിന് ചുറ്റുമായി അഞ്ച് സംരക്ഷണ വലയങ്ങളാണ് സുരക്ഷാ സേനകൾ ഒരുക്കിയിട്ടുള്ളത്. പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ ഗുർമീതിന് ഭക്തരുള്ള രാജസ്ഥാൻ, ഉത്തർപ്രദേശ്,ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പൊലീസ് ജാഗ്രതയിലാണ്.
വെള്ളിയാഴ്‌ച്ച വിധി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന-കേന്ദ്രസർക്കാരുകൾ പരാജയപ്പെട്ടുവെന്ന വിമർശനം ഉയർന്നതിനാൽ ഇക്കുറി കടുത്ത നടപടി സ്വീകരിക്കാനാണ് സുരക്ഷാസേനകളുടെ തീരുമാനം.

അതേസമയം പഞ്ചാബിലെ സംഗ്രൂരിൽനിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകൾ എത്തുന്നതുകണ്ടാൽ വെടിവച്ചുവീഴ്‌ത്തുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റോത്തക്കിലേക്കെത്തുന്നവർ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും എത്തുന്ന ജനങ്ങളെ കർശന പരിശോധനയ്ക്കുശേഷം തിരിച്ചയയ്ക്കുകയാണ്. നാല് അഞ്ച് പേരിൽക്കൂടുതൽ കൂട്ടംകൂടിനിൽക്കുന്നത് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ് ബലാൽസംഗ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ അനുയായികൾ ഹരിയാനയിൽ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 38 പേർ അക്രമത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു.

ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുമ്പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഗുർമീത് റാം റഹിം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ അനുയായികളായ രണ്ട് യുവതികളെ ഗുർമീത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അനുയായികളായ മുപ്പതോളം യുവതികളെ ഗുർമീത് ബലാത്സംഗം ചെയ്തതായി ആരോപണമുണ്ട്. എന്നാൽ രണ്ട് പേർ മാത്രമാണ് ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP