Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോൺ വിളിക്കാതെയും നാട്ടുകാരോട് സംസാരിക്കാതെയും കുടകിൽ ഒളിവിൽ കഴിഞ്ഞു; അടിയന്തരമായി ഭാര്യയെയും കുട്ടികളെയും കാണാനെത്തിയപ്പോൾ വിലങ്ങ് വീണു; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിലായത് 20 വർഷത്തിന് ശേഷം; മതംമാറ്റത്തിന്റെ പേരിലുള്ള ഫൈസൽ വധക്കേസിന് സമാനമായ യാസിർ വധക്കേസിലെ പുത്തൻ വഴിത്തിരിവ് ഇങ്ങനെ

ഫോൺ വിളിക്കാതെയും നാട്ടുകാരോട് സംസാരിക്കാതെയും കുടകിൽ ഒളിവിൽ കഴിഞ്ഞു; അടിയന്തരമായി ഭാര്യയെയും കുട്ടികളെയും കാണാനെത്തിയപ്പോൾ വിലങ്ങ് വീണു; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിലായത് 20 വർഷത്തിന് ശേഷം; മതംമാറ്റത്തിന്റെ പേരിലുള്ള ഫൈസൽ വധക്കേസിന് സമാനമായ യാസിർ വധക്കേസിലെ പുത്തൻ വഴിത്തിരിവ് ഇങ്ങനെ

എംപി.റാഫി

മലപ്പുറം: യാസിർ വധക്കേസ് പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ.മതം മാറിയതിന് ഓട്ടോ ഡ്രൈവർ യാസിറിനെ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ നാലാം പ്രതി പുറത്തൂർ പുതുപ്പള്ളി ചന്ദനപ്പറമ്പിൽ സുരേന്ദ്രൻ (45) ആണ് 20 വർഷത്തിന് ശേഷം പിടിയിലായത് .

1998 ലാണ് കേസിനാസ്പദമായ സംഭവം. ആറ് പ്രതികളുള്ള കേസിൽ ഒരു പ്രതി രവി പിന്നീട് കൊല്ലപ്പെട്ടു. മറ്റുള്ളവരെ കോടതി ഈയിടെ വെറുതെ വിട്ടിരുന്നു. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേന്ദ്രൻ കുടകിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. ഫോൺ ഉപയോഗിക്കാതെയും, നാട്ടുകാരുമായി യാതൊരു ബന്ധവും പുലർത്താതെയും കഴിഞ്ഞതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന് എസ്.ഐ. സുമേഷ് സുധാകരൻ പറഞ്ഞു.

ഹെർണിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഭാര്യയെയും, കുട്ടികളെയും കാണാനെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് എത്തി പ്രതിയെ പിടികൂടുന്നത്.ഇസ്ലാം സ്വീകരിച്ച കൊടിഞ്ഞി പുല്ലാണി ഫൈസൽ കൊല്ലപ്പെട്ടതോടെ യാസിർ വധവും കേസിന്റെ അന്വേഷണ പിഴവുകളും ഏറെ ചർച്ചയായിരുന്നു. യാസിർ വധക്കേസിലെ പ്രതികളെ വെറുതെവിട്ടതായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ച് കൃത്യം നാല് മാസം തികയുമ്പോഴായിരുന്നു പുല്ലാണി വിനോദ് കുമാർ എന്ന ഫൈസലിനെ മതംമാറിയതിന്റെ പേരിൽ അതേ ശൈലിയിൽ കൊലപ്പെടുത്തിയത്. ഇരു കേസുകളിലും ആർ.എസ്.എസ് പ്രവർത്തകരായിരുന്നു പ്രതികൾ.

അയ്യപ്പൻ യാസിർ ആയതിലെ പ്രതികാരമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.1998 ഓഗസ്റ്റ് 18നു പുലർച്ചെ തിരൂർ പഴംകുളങ്ങര ജങ്ഷനിൽവച്ചായിരുന്നു സ്വർണപ്പണിക്കാരനായ ആമപ്പാറക്കൽ യാസിറിനെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ആളുകളെ ഇസ്ലാംമതത്തിലേക്കു ക്ഷണിക്കുന്നതിൽ പ്രകോപിതരായിട്ടാണത്രെ അന്ന് കൊലനടത്തിയത്. കൂടെ ജോലി ചെയ്തിരുന്ന ബൈജു, യാസിറിന്റെ പ്രേരണയാൽ ഇസ്ലാം സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു കൊല നടത്തിയത്. ഇനിയും കൂടുതൽ യുവാക്കൾ ഇസ്ലാമിലേക്ക് പോകുമെന്ന് ആശങ്കപ്പെട്ടതിനെ തുടർന്ന് ഗൂഢാലോചനകൾക്കു ശേഷം യാസിറിനെ വധിക്കുകയായിരുന്നു. ആക്രമണത്തിൽ ബൈജു എന്ന അബ്ദുൽ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

എന്നാൽ ഈ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. 2016 ജൂലൈ 21 നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

പ്രതികളുടെ പേരിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കണ്ടെത്തിയാണ് ജസ്റ്റിസുമാരായ ഗോപാലഗൗഡ, എ കെ ഗോയൽ എന്നിവരുൾപ്പെട്ട സുപ്രിംകോടതി ബെഞ്ചിന്റെ നടപടി. കേസിലെ ഒന്നാംപ്രതി തൃക്കണ്ടിയൂർ സ്വദേശി മഠത്തിൽ നാരായണൻ, മൂന്നാംപ്രതി തലക്കാട് സ്വദേശി സുനിൽകുമാർ, ആറാംപ്രതി മനോജ്കുമാർ, ഏഴാംപ്രതി കൊല്ലം എടമല സ്വദേശി ശിവപ്രസാദ്, എട്ടാംപ്രതി നിറമരുതൂർ സ്വദേശി നന്ദകുമാർ എന്നിവരെയാണു വെറുതെവിട്ടത്. വിചാരണാ നടപടികൾക്കു ശേഷം മഞ്ചേരി രണ്ടാം അതിവേഗ കോടതി കേസിലെ 7 പ്രതികളെ അന്ന് വെറുതെവിട്ടിരുന്നു. പിന്നീട് യാസിറിന്റെ ഭാര്യ സുമയ്യ നൽകിയ റിവിഷൻ ഹരജിയെത്തുടർന്ന് ആറു പ്രതികളെ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസിൽ രണ്ടാംപ്രതിയായിരുന്ന രവീന്ദ്രൻ 2007 ജനുവരിയിൽ തിരൂരിലുണ്ടായ അക്രമസംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.

യാസർ വധത്തിലെ ഒന്നാം പ്രതി മഠത്തിൽ നാരായണൻ ഫൈസൽ വധക്കേസിലെ പ്രധാന പ്രതികളിലൊരാളാണ്. നാലാംപ്രതി സുരേന്ദ്രനെ സംഭവം നടന്ന് രണ്ട് പതിറ്റാണ്ട് ആയിട്ടും പൊലിസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ അറസ്റ്റ്. വൈദ്യ പരിശോധനക്കു ശേഷം ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP