Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്: 2010ലെ കേസിൽ പ്രതി സ്ഥാനത്ത് എസ്‌ഐ അടക്കം ആറ് പൊലീസുകാർ; ഒരു പ്രതി മരണപ്പെട്ടു; തർക്കവും കേസ് എത്തിയത് പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്; കാണാതായ തൊണ്ടിമുതൽ കോടതി ഇടപെടലിൽ കണ്ടെത്തി; രണ്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്: 2010ലെ കേസിൽ പ്രതി സ്ഥാനത്ത് എസ്‌ഐ അടക്കം ആറ് പൊലീസുകാർ; ഒരു പ്രതി മരണപ്പെട്ടു; തർക്കവും കേസ് എത്തിയത് പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്; കാണാതായ തൊണ്ടിമുതൽ കോടതി ഇടപെടലിൽ കണ്ടെത്തി; രണ്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: തലസ്ഥാന സിറ്റിയിൽ പൊലീസ് കമ്മീഷണർ ഓഫീസ് ജീവനക്കാരിയെ കന്റോൺമെന്റ് അസി. പൊലീസ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡിലെ പൊലീസുദ്യോഗസ്ഥർ ആക്രമിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൾ കരീമും സെല്ലുലാർ വോഡാഫോൺ ഐഡിയ മൊബൈൽ ഫോൺ കമ്പനി ലോ ഓഫീസർ രാജ് കുമാറും സാക്ഷിമൊഴി നൽകി. വിചാരണക്കോടതിയായ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ.അനീസ മുമ്പാകെയാണ് വിചാരണ പുരോഗമിക്കുന്നത്.

കൃത്യ സ്ഥല മഹസർ തയ്യാറാക്കിയത് താനാണെന്നും താനും സാക്ഷികളും അതിൽ ഒപ്പിട്ടതായും ഒറ്റ ദിവസത്തെ അന്വേഷണമേ താൻ നടത്തിയിട്ടുള്ളുവെന്നും അടുത്ത ദിവസം മുതൽ സിറ്റി ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണറാണ് അന്വേഷണം നടത്തിയതെന്നും പതിനേഴാം സാക്ഷിയായി സിറ്റി ഫോർട്ട് മുൻ സി ഐ മൊഴി നൽകി. കൃത്യസ്ഥല മഹസർ പ്രോസിക്യൂഷൻ ഭാഗം ഇരുപത്തെട്ടാം രേഖയായി കോടതി തെളിവിൽ സ്വീകരിച്ചു. കൃത്യസമയം പ്രതികളുടെ മൊബൈൽ ഫോണുകൾ ഒരേ ടവർ ലൊക്കേഷന് കീഴിലായിരുന്നെന്ന് പതിനെട്ടാം സാക്ഷിയായി രാജ് കുമാർ മൊഴി നൽകി. കമ്പനി മുദ്ര പതിച്ച കാൾ ഡീറ്റെയിൽസ് റെക്കോർഡും ഇന്ത്യൻ തെളിവു നിയമപ്രകാരമുള്ള വകുപ്പ് 65 ബി സർട്ടിഫിക്കറ്റും കോടതി എക്‌സിബിറ്റ് പി 29 , 30 സീരീസായി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു.

2010 ലാണ് കോളിളക്കം സൃഷ്ടിച്ച സംഭവം നടന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ വീടിന് സമീപം വച്ചാണ് ആക്രമിക്കപ്പെട്ടത്. ക്രൈം സ്‌ക്വാഡ് എസ്‌ഐ അടക്കം 6 പൊലീസുകാരാണ് പ്രതികൾ. ഒരു പ്രതി വിചാരണയ്ക്കു മുമ്പേ മരണപ്പെട്ടു. സബ്ബ് ഇൻസ്‌പെക്ടർ അജിത് കുമാർ, എ എസ് ഐ യും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുമായ സുരേഷ് കുമാർ , വിനോദ് കുമാർ എന്ന തങ്കൻ വിനു , റിയാസ് , മണിക്കുട്ടൻ എന്ന ശ്യാം എന്നിവരാണ് സ്ത്രീയുടെ മാന അധിക്ഷേപ - മാനഭംഗ കേസിൽ നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ.

പ്രതികൾ നേരിട്ടും മൊബൈൽ ഫോണിലൂടെയും ഗൂഢാലോചന നടത്തി പൊലീസുകാരിയെ അന്യായമായി തടഞ്ഞു നിർത്തി മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ വാക്കുകൾ പ്രയോഗിക്കുകയും ആംഗ്യങ്ങളും ചേഷ്ടകളും കാണിക്കുകയും മനഭാംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തുകയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പൊലീസ് സംഘടനാ തെരഞ്ഞെടുപ്പിലുണ്ടായ കോലാഹലങ്ങളുടെ ബാക്കിപത്രമാണ് പുഷ്‌കല കേസിൽ കലാശിച്ചതെന്നാണ് 2012 ലെ ക്രൈം ഡിറ്റാച്ച്‌മെന്റ് കുറ്റപത്രത്തിൽ പറയുന്നത്.

അതേ സമയം വിചാരണക്കിടെ തൊണ്ടി മുതലുകൾ കാണാതായത് വിചാരണ മുടങ്ങാൻ കാരണമായി. ഓഗസ്റ്റ് 5 ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത സമയം ഉണ്ടായിരുന്ന മൊബൈൽ ഫോൺ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് നൽകിയ16-ാം സാക്ഷിയെ വിസ്തരിക്കുന്ന വേളയിലാണ് തൊണ്ടി മുതലുകളായ പ്രതികൾ കൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോണുകൾ കോടതിയിൽ കാണാതായ വിവരം പുറത്ത് വന്നത്. ഒളിവിൽ പോയ ഒരു പ്രതിയെ ബംഗ്‌ളുരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണുകൾ പരിശോധിച്ച് ഫോറൻസിക് റിപ്പോർട്ട് നൽകിയ പതിനാറാം സാക്ഷിയുടെ സാക്ഷി വിസ്താരം ഇതോടെ പാതി വഴിയിൽ മുടങ്ങി. തുടർന്ന് തൊണ്ടി സെക്ഷൻ ക്ലാർക്കിന് തൊണ്ടി കണ്ടെത്താൻ കർശന നിർദ്ദേശം കോടതി നൽകുകയും ജൂനിയർ സൂപ്രണ്ടിനോടും തൊണ്ടി മുതലുകൾ കണ്ടെത്താൻ സമഗ്ര സൂക്ഷ്മ പരിശോധന നടത്താനും മജിസ്‌ട്രേട്ട് എ.അനീസ ഉത്തരവിട്ടതോടെ തൊണ്ടിമുതലുകളായ മൊബൈൽ ഫോണുകളും ഫോറൻസിക് റിപ്പോർട്ടും കണ്ടെത്തി ഹാജരാക്കുകയായിരുന്നു.

ഇതിനിടെ പ്രതികളുടെ ഹർജിയിൽ കേസ് 8 മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച സ്പീഡി ഡിസ്‌പോസൽ (കേസ് വേഗത്തിൽ തീർപ്പാക്കൽ) ഉത്തരവ് പ്രതികൾ തൊണ്ടിമുതലുകൾ കാണാതായ ഓഗസ്റ്റ് 5 ന് തന്നെ ഹാജരാക്കി. 2022 ജൂൺ 6 മുതൽ 8 മാസങ്ങൾക്കകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന ഉത്തരവാണ് പ്രതികൾ ഹാജരാക്കിയത്. തുടർന്ന് വിചാരണക്കുള്ള സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത 23-ാം സാക്ഷിയെ അറസ്റ്റ് ചെയ്യാൻ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 17 , 18 എന്നീ സാക്ഷികളും 25 മുതൽ 28 വരെയുള്ള അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള ഔദ്യോഗിക സാക്ഷികൾ ഓഗസ്റ്റ് 25 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. കേസ് 8 മാസത്തിനകം തീർപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാൽ കേസ് വിചാരണ തീർത്ത് വിധിന്യായം പുറപ്പെടുവിച്ച് ഹൈക്കോടതിക്ക് കംപ്ലയൻസ് (ഉത്തരവ് പാലിച്ച) റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാലാണ് വിചാരണക്കോടതി നിലപാട് കടുപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP