Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിന്ദുവിന് ദുബായ് വിമാനത്താവളത്തിൽ വച്ച് ചിലർ സ്വർണം നൽകാൻ ശ്രമിച്ചുെന്ന് മാതാവ്; മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്ന് ബിന്ദുവും; വീടു കയറി ആക്രമണവും തട്ടിക്കൊണ്ടു പോകലും സ്വർണം ലഭിക്കാതെ വന്നതോടെ; മുളകുവെള്ളമെടുത്തുള്ള മാതവിന്റെ പ്രതിരോധവും ഫലിച്ചില്ല; യുവതിയെ കസ്റ്റംസും ചോദ്യം ചെയ്യും

ബിന്ദുവിന് ദുബായ് വിമാനത്താവളത്തിൽ വച്ച് ചിലർ സ്വർണം നൽകാൻ ശ്രമിച്ചുെന്ന് മാതാവ്; മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്ന് ബിന്ദുവും; വീടു കയറി ആക്രമണവും തട്ടിക്കൊണ്ടു പോകലും സ്വർണം ലഭിക്കാതെ വന്നതോടെ; മുളകുവെള്ളമെടുത്തുള്ള മാതവിന്റെ പ്രതിരോധവും ഫലിച്ചില്ല; യുവതിയെ കസ്റ്റംസും ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

മാന്നാർ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കസ്റ്റംസും യുവതിയെ ചോദ്യം ചെയ്യും. ബിന്ദു സ്വർണം കടത്തുന്ന കാരിയർമാരിൽ ഒരാളാണെന്ന വിവരം പുറത്തുവന്നതോടയാണ് കസ്റ്റംസും അന്വേഷിക്കുന്നത്. യുവതി സ്വർണ്ണക്കടത്തിലെ കണ്ണിയാണെന്ന് പൊലീസും നേരത്തെ വ്യക്തമാക്കിയിണ്ട്. ഇവർ നിരവധി തവണ സ്വ്ർണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇക്കുറി കടത്തിയ സ്വർണം സംഘത്തിന് കിട്ടാതെ വന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. സംഭവത്തിൽ യുവതിയുടെ മൊഴി പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

ബിന്ദുവിന് ദുബായ് വിമാനത്താവളത്തിൽ വച്ച് ചിലർ സ്വർണം നൽകാൻ ശ്രമിച്ചതായാണ് അമ്മ ജഗദമ്മയുടെ മൊഴി. നാട്ടിലേക്കു മടങ്ങാൻ ദുബായ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് ചിലർ അടുത്തുകൂടി സ്വർണം നൽകാമെന്നും അതു നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടതെന്നു ബിന്ദു പറഞ്ഞതായി ജഗദമ്മ പറഞ്ഞു. ബിന്ദു ഇതിനു വിസമ്മതിച്ചു. തുടർന്ന് നാട്ടിലെത്തിയ ശേഷമാണ് സ്വർണം ആവശ്യപ്പെട്ട് പലപ്പോഴായി ഒരു സംഘം വീട്ടിലെത്തിയതെന്നും ജഗദമ്മ പറഞ്ഞു.

അതേസമയം, തന്നെ ഏൽപിച്ച സ്വർണം മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്നാണ് ബിന്ദുവിന്റെ മൊഴി. നാട്ടിലെത്തിക്കാൻ ബാഗ് നൽകുകയായിരുന്നു, പിന്നീടാണ് സ്വർണമാണെന്ന് പറഞ്ഞത്. സ്വർണവുമായി എത്തിയാൽ പ്രശ്‌നമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറിൽവച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയതെന്നും ബിന്ദു പറഞ്ഞു.

ബിന്ദുവിനെ മണിക്കൂറുകൾ നീണ്ട അനിശ്വചിതത്വത്തിനും അന്വേഷണത്തിനും ഒടുവിൽ 200 കിലോമീറ്റർ അകലെ വടക്കഞ്ചേരിയിൽനിന്നു കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത ഇനിയും ബാക്കിയാണ്. സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നത്: നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ബിന്ദു നാട്ടിലെത്തിയ ശേഷം ജോലി തേടി 40 ദിവസം മുൻപ് സന്ദർശക വീസയിൽ ദുബായിലേക്കു പോയി. കഴിഞ്ഞ 19 നാണ് മടങ്ങിയെത്തിയത്. ഇതിനിടയിൽ ബിന്ദുവിനെ അന്വേഷിച്ച് ചിലർ പലവട്ടം കുരട്ടിക്കാട്ടെ വീട്ടിലെത്തി. 20 ന് രാജേഷ് എന്നയാൾ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടു.

തന്റെ കയ്യിൽ ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു ബിന്ദു പറഞ്ഞതോടെ ആളു മാറിപ്പോയതാണെന്നു പറഞ്ഞു രാജേഷ് മടങ്ങി. പിന്നെയും ചിലർ സ്വർണം ആവശ്യപ്പെട്ട് ഇവിടെയെത്തി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പതിനഞ്ചോളം പേർ ഉൾപ്പെടുന്ന സംഘം വീടു വളഞ്ഞത്. അവർ ആവശ്യപ്പെട്ടെങ്കിലും കതകു തുറക്കാത്തതിനാൽ മാരകായുധങ്ങളുപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തു കയറി. മുറിയിൽ കയറി കതകടച്ച് പൊലീസിനെ വിളിക്കുകയായിരുന്ന ബിന്ദുവിനെ കതകു പൊളിച്ചു കയറിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിന്റെ ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ജഗദമ്മയ്ക്ക് പരുക്കേറ്റു. ഈ സമയത്ത് ബിന്ദുവിന്റെ ഭർത്താവും സഹോദരനും ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും എതിർക്കാനായില്ല.

ബിന്ദുവിന്റെ മൊബൈൽ ഫോൺ സംഘം എറിഞ്ഞു പൊട്ടിച്ച ശേഷം എടുത്തു കൊണ്ടു പോയി. അക്രമം നടന്ന് അരമണിക്കൂറിനു ശേഷമാണ് പൊലീസ് വീട്ടിലെത്തിയത്. ഇതിനിടെ അടുക്കളയിൽച്ചെന്ന് മുളകുവെള്ളം എടുത്ത് അക്രമികളുടെ നേരെ ഒഴിച്ചെന്നും അപ്പോഴേക്കും അവർ കടന്നുകളഞ്ഞെന്നും ജഗദമ്മ പറയുന്നു. ഞായറാഴ്ചയും ഈ സംഘത്തിലെ ചിലർ വീടിന്റെ പരിസരത്തുണ്ടായിരുന്നു. ആക്രമണത്തിൽ എന്റെ നെറ്റിയിലും കഴുത്തിനു പിന്നിലും അടിയേറ്റു. പൊട്ടലുണ്ട്.' ജഗദമ്മ പറഞ്ഞു.

18 വയസ് മുതൽ ബിന്ദു ഗൾഫിലാണെന്നും ഇതുപോലൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. അക്രമം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയി പറയുന്നു. 'തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതിൽ തകർത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരൻ ബൈജുവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതിൽ തകർത്ത് അകത്തു കയറി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്നു പറഞ്ഞ് അമ്മ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.' ബിനോയി പറഞ്ഞു.

പൊലീസ് എത്തിയ ശേഷമാണ് നാട്ടുകാരും അയൽവാസികളും വിവരമറിഞ്ഞത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരിൽ വഴിയിലുപേക്ഷിച്ചു കടന്നത്. 1000 രൂപയും ബിന്ദുവിനു നൽകിയിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ച് വടക്കഞ്ചേരി സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. സ്റ്റേഷനിൽ വച്ച് ബോധരഹിതയായ യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മാന്നാറിലേക്കു കൊണ്ടുപോയി. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണു വീട്ടുകാരുടെ പരാതി. ബിന്ദുവിനെ പിന്നീട് രാത്രി ഏഴോടെ വടക്കഞ്ചേരി പൊലീസ് മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ.ജോസിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു. ബിന്ദു അവശ നിലയിലായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം ഓൺലൈനിലൂടെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ചെങ്ങന്നൂർ ഡിവൈഎസ്‌പി: ആർ. ജോസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിനു നേതൃത്വം നൽകി. ശാസ്ത്രീയ പരിശോധനാ വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP