Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും അനാസ്ഥയുടെ മരണക്കുരുക്ക്! മകൻ മുന്നറിയിപ്പ് നൽകും മുൻപേ അപകടം; റോഡിൽ അയഞ്ഞു തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി തലയിടിച്ചു വീണു; കൺമുന്നിൽ അമ്മയുടെ മരണം; കേസ് എടുത്ത് പൊലീസ്

വീണ്ടും അനാസ്ഥയുടെ മരണക്കുരുക്ക്! മകൻ മുന്നറിയിപ്പ് നൽകും മുൻപേ അപകടം; റോഡിൽ അയഞ്ഞു തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി തലയിടിച്ചു വീണു; കൺമുന്നിൽ അമ്മയുടെ മരണം; കേസ് എടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: റോഡിൽ അയഞ്ഞു തൂങ്ങിക്കിടന്ന കേബിൾ മരണക്കുരുക്കായി മാറുന്ന സംഭവങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ തുടരുന്ന അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കായംകുളം ഇടശേരിൽ ജംക്ഷനു സമീപം ഉണ്ടായ അപകടത്തിൽ മരിച്ച വീട്ടമ്മ. ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയാണ് വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി റോഡിൽ വീണ് മരിച്ചത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്.

തിങ്കളാഴ്ച രാത്രി 10.20ന് കായംകുളം ഇടശേരിൽ ജംക്ഷനു സമീപം എരുവമുട്ടാണിശേരിൽ റോഡിൽ ഉണ്ടായ അപകടത്തിലാണ് വീട്ടമ്മ മരിച്ചത്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അപകടകരമായി കിടക്കുന്ന എല്ലാ കേബിളുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവുകൾ നഗരത്തിൽ പ്രധാന റോഡുകളിൽ മാത്രം നടപടിയൊതുങ്ങുന്നുവെന്നും ആക്ഷേപമുണ്ട്.

എരുവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിലെത്തിയതായിരുന്നു ഉഷയും വിജയനും. തിരിച്ച് സ്‌കൂട്ടറിൽ പോകുമ്പോൾ റോഡിനുകുറുകെ താഴ്ന്നുകിടന്ന ടി വി കേബിൾ കഴുത്തിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.വിജയനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. കേബിൾ കണ്ട് വിജയൻ തല വെട്ടിച്ചുമാറ്റി. എന്നാൽ ഉഷയുടെ കഴുത്തിൽ തട്ടിയതോടെ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എടുത്ത് എറിഞ്ഞതുപോലെ ഉഷ താഴെക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശത്താണ് അപകടം നടന്നത്.

മുന്നിൽ സഞ്ചരിച്ചിരുന്ന മകനും ഭാര്യയും കേബിൾ കഴുത്തിൽ കുരുങ്ങാൻ തുടങ്ങിയപ്പോഴേക്കും ബൈക്ക് വെട്ടിച്ചുമാറ്റി ബ്രേക്കിട്ടു നിർത്തി. തൊട്ടുപിന്നിൽ ബൈക്കിൽ വരികയായിരുന്ന മാതാപിതാക്കൾക്കു മുന്നറിയിപ്പു നൽകും മുൻപേ അതു സംഭവിച്ചു. അച്ഛൻ ഒഴിഞ്ഞു മാറിയെങ്കിലും കേബിൾ കഴുത്തിൽ കുരുങ്ങി അമ്മ ഉഷ റോഡിലേക്കു തലയടിച്ചു വീണു.

മൂത്ത മകൻ വിശാഖിന്റെ ഭാര്യ മഞ്ജുവിന്റെ വീട്ടിൽ ഉത്സവാഘോഷച്ചടങ്ങിൽ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു കുടുംബം.''ഇരുട്ടായിരുന്നു. കേബിൾ തൂങ്ങിക്കിടക്കുന്നതു കണ്ടില്ല. എന്തോ മുഖത്തു തട്ടിയപ്പോൾ പെട്ടെന്നു തല കുനിച്ചു. എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ല. പിന്നിലിരുന്ന ഉഷ തെറിച്ചു വീണപ്പോഴാണ് അപകടം മനസ്സിലായത്'' ഭാര്യയ്ക്കു പറ്റിയ അപകടം വിജയൻ ഞെട്ടലോടെയാണ് ഓർത്തത്. ഉടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപേ ഉഷ മരിച്ചിരുന്നു.

ബിഎസ്എൻഎല്ലിന്റെയും സ്വകാര്യ ടെലികോം സ്ഥാപനങ്ങളുടെയും പ്രാദേശിക ചാനലുകളുടെയും കേബിളുകളാണു റോഡിൽ തൂങ്ങിക്കിടന്നിരുന്നത്. എരുവ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചകൾ കടന്നുപോകാൻ കേബിളുകൾ അഴിച്ചുമാറ്റി പോസ്റ്റിൽ കെട്ടിയിരുന്നതായി സ്വകാര്യ കേബിൾ ഉടമകൾ പറഞ്ഞു. പിന്നീട് ഇവ അഴിഞ്ഞു തൂങ്ങിയതാകാമെന്നാണു സംശയം.

രാത്രിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു സംസ്‌കരിച്ചു. അപകട മരണത്തിനു കായംകുളം പൊലീസ് കേസ് എടുത്തു. കേബിൾ അപകട കാരണമായതു സംബന്ധിച്ച് അന്വേഷിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

''രാത്രി പത്തേകാൽ കഴിഞ്ഞു കാണും, എന്തോ ഒരു ശബ്ദം കേട്ടാണ് വീട്ടിൽ നിന്ന് റോഡിലേക്ക് ഓടിയത്. നോക്കിയപ്പോൾ ഉഷയുടെ തലയിൽ നിന്ന് ചോരയൊഴുകുകയായിരുന്നു'' സമീപവാസി നമ്പലശേരിൽ മുഹമ്മദ് ഷെഫീഖ് പറഞ്ഞു. ഷെഫീഖിന്റെ വീടിനു തൊട്ടു മുൻപിലാണ് അപകടം നടന്നത്.

''റോഡിലേക്ക് താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തല റോഡിലിടിച്ചു. ഉടൻ തന്നെ അയൽവാസിയുടെ കാറിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.''അദ്ദേഹം പറഞ്ഞു.

റോഡരികിൽ അശ്രദ്ധമായി വലിച്ച് വെയ്ക്കുന്ന കേബിൾ ജീവനെടുക്കുന്നത് കേരളത്തിൽ ആദ്യമായല്ല. കഴിഞ്ഞ മാസം വെൽഡിങ് തൊഴിലാളിയായ മരട് ഇടയത്തുവീട്ടിൽ ഇ പി അനിൽകുമാറിന്റെ ജീവനെടുത്തത് വഴിയരികിലെ കേബിൾ ആയിരുന്നു. കേബിൾ തടഞ്ഞ് ബൈക്ക് മറിയുകയും തെറിച്ച് വീണ അനിൽ കുമാറിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ശോഭ റോഡ് എത്തുന്നതിനുമുമ്പുള്ള വൈദ്യുതിത്തൂണിൽ ചുരുട്ടിവച്ചിരുന്ന കേബിളിൽ ഹാൻഡിൽ കുടുങ്ങി ബൈക്ക് മറിയുകയാണ് ഉണ്ടായത്.

അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാഞ്ഞതിനെ തുടർ 15 മിനുട്ട് വൈകിയായിരുന്നു എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതും ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം ഡിസംബറിലും ഇത്തരത്തിൽ അപകടം കൊച്ചിയിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ, ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങിയായിരുന്നു അപകടം. ബൈക്ക് യാത്രികനായ സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. തുടർന്ന് ഇദ്ദേഹം റോഡിലേക്ക് വീണു. ഇതോടെ പിന്നിലിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും നടു റോഡലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ദമ്പതികൾ രക്ഷപ്പെട്ടത്. ഇതിന് തുടർച്ചയായി വീണ്ടും ആലപ്പുഴയിൽ സമാനം അപകടം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായ അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP