Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഓഫീസിൽ എന്തും ഒപ്പിയെടുക്കുന്ന വോയ്‌സ് റെക്കോഡറുള്ള ക്യാമറ; ശ്വാസം വിടാൻ പോലും അനുവാദമില്ലാത്ത അവസ്ഥ; 14 മണിക്കൂർ വരെ പണിയെടുപ്പിക്കും; ഒടുവിൽ ലോക് ഡൗണായപ്പോൾ കണ്ണിൽ ചോരയില്ലാതെ അഞ്ചു മാധ്യമ പ്രവർത്തകരെ പുറത്താക്കി; വോക് മലയാളം ഓൺലൈനിലെ കൂട്ടപ്പിരിച്ചുവിടൽ ആരെയും പിരിച്ചുവിടരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവില നൽകി; കമ്പനി ഉടമ മുഖ്യമന്ത്രിയുടെ സ്റ്റാർട്ട് അപ് മിഷൻ സീനിയർ ഫെല്ലോ ലാബി ജോർജ്; 'ഇഞ്ചി പെണ്ണ്' എന്ന ലാബിക്കെതിരെ സിപിഎമ്മിലും പ്രതിഷേധം

ഓഫീസിൽ എന്തും ഒപ്പിയെടുക്കുന്ന വോയ്‌സ് റെക്കോഡറുള്ള ക്യാമറ; ശ്വാസം വിടാൻ പോലും അനുവാദമില്ലാത്ത അവസ്ഥ; 14 മണിക്കൂർ വരെ പണിയെടുപ്പിക്കും; ഒടുവിൽ ലോക് ഡൗണായപ്പോൾ കണ്ണിൽ ചോരയില്ലാതെ അഞ്ചു മാധ്യമ പ്രവർത്തകരെ പുറത്താക്കി; വോക് മലയാളം ഓൺലൈനിലെ കൂട്ടപ്പിരിച്ചുവിടൽ ആരെയും പിരിച്ചുവിടരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവില നൽകി; കമ്പനി ഉടമ മുഖ്യമന്ത്രിയുടെ സ്റ്റാർട്ട് അപ് മിഷൻ സീനിയർ ഫെല്ലോ ലാബി ജോർജ്; 'ഇഞ്ചി പെണ്ണ്' എന്ന ലാബിക്കെതിരെ സിപിഎമ്മിലും പ്രതിഷേധം

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വോക്ക് മലയാളം ഓൺലൈൻ മാധ്യമത്തിൽ നിന്നും അഞ്ചു പേരെ പിരിച്ചുവിട്ടത് ലാബി ജോർജ് എന്ന ഇഞ്ചിപ്പെണ്ണിനു വിനയായേക്കും. ലോക്ക് ഡൗൺ കാലത്ത് ആരെയും പിരിച്ചുവിടുകയോ ശമ്പളം കട്ട് ചെയ്യുകയോ ചെയ്യരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് നിർദ്ദേശിച്ചിരിക്കെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ സീനിയർ ഫെല്ലോയായ ലാബി തനിക്ക് ബന്ധമുള്ള ഓൺലൈൻ മാധ്യമത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം കാറ്റിൽപ്പറത്തിയത്. ഇതോടെ ഇടത് സർക്കിളിലെ വിവാദനായികയായ ലാബിയുടെ നേർക്ക് പാർട്ടിയിലും പടയോട്ടം ശക്തമായിട്ടുണ്ട്. സ്പ്രിങ്‌ളർ ഇടപാടും ഡാറ്റാ കൈമാറ്റവും ദുരൂഹമെന്നു പ്രതിപക്ഷം ആരോപിക്കുമ്പോൾ ഇതേ ദുരൂഹത തന്നെയാണ് ഇടത് സർക്കിളുകൾ ലാബിക്കും നേരെയും ഉയർത്തുന്നത്.

പ്രോജക്ടുകൾ അംഗീകരിപ്പിക്കാനും തീരുമാനങ്ങൾ എടുക്കാനും ലാബിക്ക് സ്റ്റാർട്ട് അപ്പ് മിഷനിൽ നിന്നും കഴിയും. സ്റ്റാർട്ട് അപ്പ് മിഷനിലുള്ളത് പൊതു പണമാണ്. ഒരു പ്രോജക്ടിൽ ആർക്കൊക്കെ മുൻഗണന കൊടുക്കണം. ഏതൊക്കെ പ്രോജക്റ്റ് സ്വീകരിക്കാം എന്ന കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ലാബിയെ പോലുള്ളവർക്ക് നിർണ്ണായകമായ പങ്കുണ്ട്. ലാബി തന്നെ വോക്ക് മലയാളം പോലെ ഒരു സ്റ്റാർട്ട് അപ്പിൽ പങ്കാളിയായിരിക്കെ അധികാരം ദുരുപയോഗിക്കപ്പെടുമോ എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഇഞ്ചിപ്പെണ്ണിന്നെതിരെയും വോക്ക് മലയാളം ഓൺലൈൻ മാധ്യമത്തിനും എതിരെ ഉയരുന്നത്. സാംസ്‌കാരിക നായകരും മാധ്യമ പ്രവർത്തകരും അടക്കമുള്ള ഒട്ടുവളരെപ്പേർ വോക്ക് മലയാളം ഓൺലൈൻ മാധ്യമത്തിന്റെ നിലപാടിന് നേരെ കൈകോർത്തു കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിനും കാരണം വോക്ക് മലയാളം ഓൺലൈനിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പുറത്താക്കൽ തന്നെ.

സർക്കാരിനെതിരെ നിലപാട് എടുക്കുകയും വിവിധ വിഷയങ്ങളിൽ പ്രതിലോമകരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ലാബി എങ്ങനെ സ്റ്റാർട്ട് അപ്പ് മിഷനിലെ ഒരു പ്രധാന പോസ്റ്റിൽ എത്തി എന്ന ചോദ്യവും ഇപ്പോൾ ശക്തമാണ്. പാർട്ടിയുമായി ബന്ധമുള്ള ഒട്ടുവളരെ പേരെ മറികടന്നാണ് ലാബി ഈ പോസ്റ്റിൽ എത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിക്ക് നേർ വിപരീതമായ നിലപാട് എടുത്ത ലാബിയുടെ നടപടികൾ പാർട്ടിക്കകത്ത് ചർച്ചയാകുന്നത്.

വിവിധ യുഎസ് കമ്പനികളുമായി ബന്ധമുള്ള ലാബി സ്റ്റാർട്ടപ്പിൽ ഇരുന്നു എന്തൊക്കെ ചെയ്യുന്നു എന്നതും ഇപ്പോൾ ചോദ്യമായി ഉയരുന്നു. നിലവിൽ ഉയരുന്ന ആരോപണങ്ങൾ ലാബി ജോർജിനെ സംശയത്തിൽ നിർത്തുകയാണ്. സ്റ്റോർക്ക് മീഡിയാ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നത് രജിസ്റ്റർ ചെയ്യാത്ത കമ്പനിയാണ്. ഇത് തന്നെ ക്രിമിനൽ ഒഫൻസ് ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വോക്ക് മലയാളം എല്ലാം സ്റ്റാർട്ട്അപ്പ് ആയാണ് കൊണ്ടുപോകുന്നത്. സർക്കാർ ഫണ്ട് ഇതിനകത്തെക്ക് മാറ്റുന്നുണ്ടോ? വ്യക്തിപരമായ ഫണ്ടിംഗിലാണോ ഇത് ഓടിക്കുന്നത്. വിദേശ ഫണ്ട് കിട്ടുന്നുണ്ടോ?എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ലാബിക്ക് നേരെ പാർട്ടിയിൽ നിന്നും ഉയരുന്നത്.

ലോക്ക് ഡൗൺ കാലത്ത് ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട സ്പ്രിംഗളർ വിവാദത്തിൽ ഇടത് സർക്കാർ മൂക്കു കുത്തി വീണ അവസ്ഥയിലാണ്. ലോക്ക് ഡൗൺ കാലത്ത് വിനിമയത്തിനു മാത്രം ഉപയോഗിക്കുന്ന അമേരിക്കൻ കമ്പനി സ്പ്രിംഗളറിന് എന്തിനു ഡാറ്റ കൈമാറുന്നു എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. ഒട്ടനവധി ദുരൂഹതകൾ സ്പ്രിംഗളറുമായി ബന്ധപ്പെട്ടു ഉയർന്നിരിക്കുകയാണ്. ദുരൂഹമായ ഇടപാടും കരാറും എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. ഈ ആരോപണം ഉയർന്നിരിക്കുന്നത് മുഖ്യമന്ത്രി നയിക്കുന്ന ഐടി ഡിപ്പാർട്ട്‌മെന്ന്‌റിനു നേർക്കാണ്.

ഈ രീതിയിലുള്ള ഒരു ദുരൂഹത തന്നെയാണ് മുഖ്യമന്ത്രിയുടെ ഐടി വിഭാഗത്തിലെ ഏറ്റവും പ്രധാനമായ സ്റ്റാർട്ട് അപ്പ് മിഷനിൽ സീനിയർ ഫെല്ലോ ആയ ലാബി ജോർജ് എന്ന ഇഞ്ചിപ്പെണ്ണിന്റെ നേർക്കും വരുന്നത്. സ്വന്തം ഐഡന്റിറ്റി തന്നെയാണ് ലാബി മറച്ചുവയ്ക്കുന്നത്. ഒരു വശത്ത് നിന്നും സോഷ്യൽ ആക്ടിവിറ്റ്സിന്റെ റോൾ കയ്യാളുന്ന ഘട്ടത്തിൽ തന്നെയാണ് സ്വന്തം ഐഡന്റിയും ഇപ്പോൾ വിവാദമായ വോക്ക് മലയാളം ഓൺലൈനുമായുള്ള ബന്ധവും മറച്ചു വയ്ക്കുന്ന നീക്കങ്ങൾ ലാബി നടത്തുന്നത്.

ഐടി മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് സർക്കാർ കേരള സ്റ്റാർട്ട് അപ്പ് മിഷൻ രൂപീകരിച്ചത്. ഐടി രംഗത്തെ സ്റ്റാർട്ടപ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ഒരു വലിയ പങ്കാണ് സ്റ്റാർട്ട് അപ്പ് മിഷനുള്ളത്. ഈ സ്റ്റാർട്ടപ്പ് മിഷനിലാണ് ലാബി സീനിയർ ഫെല്ലോ ആയി ജോലി ചെയ്യുന്നത്. സ്റ്റാർട്ട് അപ്പ് മിഷന്റെ പ്രൊഡക്റ്റ് മാർക്കറ്റിൽ സീനിയർ ഫെല്ലോയാണ്. ലാബിയുമായി ബന്ധമുള്ള വോക്ക് മലയാളം ഓൺലൈൻ തന്നെ സ്റ്റാർട്ട് അപ്പ് ആണ്. സംശയകരമായ ഈ പശ്ചാത്തലവും ലാബിക്ക് നേരെ ആരോപണമായി ഇപ്പോൾ ഉയരുന്നുണ്ട്. സ്റ്റേറ്റിന്റെ പോളിസിക്ക് വിരുദ്ധമായി ലോക്ക് ഡൗൺ കാലത്ത് നിലപാട് എടുത്തതും ലാബിയുടെ നില പരുങ്ങലിലാക്കുകയാണ്. ഐടി വകുപ്പിൽ നിർണ്ണായക സ്ഥാനത്തിരുന്നു ലാബി മുഖ്യമന്ത്രിയുടെ നിർദ്ദേശം കാറ്റിൽപ്പറത്തുകയാണ് ചെയ്തത്. സർക്കാർ ഒരു നിലപാട് സ്വീകരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഐടി വകുപ്പിലെ സീനിയർ ഫെല്ലോ തനിക്ക് ബന്ധമുള്ള മാധ്യമ സ്ഥാപനത്തിൽ നിന്നും അഞ്ചു പേരെ ഒറ്റയടിക്ക് പുറത്താക്കിയതാണ് ലോക്ക് ഡൗൺ വിവാദമാകുന്നത്.

മുഖ്യമന്ത്രി എടുത്ത നിലപാടിന് നേർ എതിരായ നിലപാടാണ് ലാബി ജോർജിന്റെ മാധ്യമ സ്ഥാപനം സ്വീകരിച്ചത്. വോക്ക് മലയാളം ഓൺലൈൻ മാധ്യമത്തിൽ നിന്നും ജോലി നഷ്ടമായ വൈഷ്ണവി എംപിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ തന്നെ പറയുന്ന കാര്യങ്ങൾ ലാബിക്ക് എതിരെയുള്ള ആരോപണങ്ങൾ മൂർച്ച കൂടുന്നു. ലോക്ക് ഡൗൺ കാലത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എടുക്കുന്ന നയനിലപാടിനു നേർ വിപരീതമായ കാര്യങ്ങളാണ് വോക്ക് മലയാളം സ്വീകരിച്ചത്. 'കൊറോണ വൈറസ് വ്യാപിച്ചതിനാൽ അമേരിക്കയിൽ നിന്നുള്ള തങ്ങളുടെ ഫണ്ടിന്റെ കുറവ് മൂലം കമ്പനിയിലെ പകുതി ജീവനക്കാരെ (പ്രൊബേഷൻ പിരീഡിൽ ഉള്ളവരിൽ ചിലരെ) മൂന്ന് മാസത്തേക്ക് 'സസ്പെൻഷനിൽ' അയക്കുന്നു എന്നാണ് മാനേജ്‌മെന്റ് അംഗങ്ങളായ സന്തോഷ് , ഇഞ്ചിപ്പെണ്ണ് (ലാബി ജോർജ് ) എന്നിവർ ഇതിനായി പറഞ്ഞ വിചിത്രമായ ന്യായം. അതിന് ശേഷം ജോലിയിൽ തിരിച്ചെടുക്കുമെന്നും അവർ ഉറപ്പ് നൽകിയിരുന്നു.

ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പിന് പരാതി നൽകിയിട്ടുണ്ടെങ്കിലും ലോക് ഡൗണിന് ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് അധികൃതർ-വൈഷ്ണവി എഴുതുന്നു. ലോക്ക് ഡൗൺ കാലത്തുള്ള ജോലി നഷ്ടത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ഇഞ്ചിപ്പെണ്ണ് എന്ന അപര നാമധേയത്തിലാണ് ലാബി ജോർജ് എപ്പോഴും കഴിഞ്ഞു പോരുന്നത്. എന്തുകൊണ്ട് സ്വന്തം ഐഡി വെളിപ്പെടുത്താൻ ഇഞ്ചിപ്പെണ്ണ് തയ്യാറാകാത്തത് എന്നാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോഴുയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന്. ലോക്ക് ഡൗൺ കാലത്ത് ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട സ്പ്രിംഗളർ വിവാദത്തിൽ ഇടത് സർക്കാർ മൂക്കു കുത്തി വീണ അവസ്ഥയിലാണ്. ലോക്ക് ഡൗൺ കാലത്ത് വിനിമയത്തിനു മാത്രം ഉപയോഗിക്കുന്ന അമേരിക്കൻ കമ്പനി സ്പ്രിംഗളറിന് എന്തിനു ഡാറ്റ കൈമാറുന്നു എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. ഒട്ടനവധി ദുരൂഹതകൾ സ്പ്രിംഗളറുമായി ബന്ധപ്പെട്ടു ഉയർന്നിരിക്കുകയാണ്. ദുരൂഹമായ ഇടപാടും കരാറും എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. ആരോപണം ഉയർന്നിരിക്കുന്നത് മുഖ്യമന്ത്രി നയിക്കുന്ന ഐടി ഡിപ്പാർട്ട്‌മെന്റിനു നേർക്കാണ്. ഈ രീതിയിലുള്ള ഒരു ദുരൂഹത തന്നെയാണ് മുഖ്യമന്ത്രിയുടെ ഐടി വിഭാഗത്തിലെ ഏറ്റവും പ്രധാനമായ സ്റ്റാർട്ട് അപ്പ് മിഷനിൽ സീനിയർ ഫെല്ലോ ആയ ലാബി ജോർജ് എന്ന ഇഞ്ചിപ്പെണ്ണിന്റെ നേർക്കും വരുന്നത്.

സ്വന്തം ഐഡന്റിറ്റി തന്നെയാണ് ലാബി മറച്ചുവയ്ക്കുന്നത്. ഒരു വശത്ത് നിന്നും സോഷ്യൽ ആക്ടിവിറ്റ്സിന്റെ റോൾ കയ്യാളുന്ന ഘട്ടത്തിൽ തന്നെയാണ് സ്വന്തം ഐഡന്റിയും ഇപ്പോൾ വിവാദമായി വോക്ക് മലയാളം ഓൺലൈനുമായുള്ള ബന്ധം മറച്ചു വയ്ക്കുന്ന നീക്കങ്ങൾ ലാബി നടത്തുന്നത്. 2018-ൽ പ്രളയ സമയത്ത് ആക്ടിവിറ്റ്‌സ്, ടെക് സ്വഭാവമുള്ള ഇടപെടൽ നടത്തിയാണ് ലാബി രംഗപ്രവേശം ചെയ്യുന്നത്. ലാബി ജോർജ് എന്ന പേര് അപ്പോഴാണ് കേട്ട് തുടങ്ങിയത്. കളക്ടർ ബ്രോ പ്രശാന്ത് അടക്കമുള്ളവർ പ്രളയ സമയത്ത് ലാബിയുടെ പ്രവർത്തന മികവിനെ വാഴ്‌ത്തിയിരുന്നു. ഇതോടെ ഇവർ ടെക്‌നോളജിയുമായി ബന്ധപ്പെട്ടു അധികാരകേന്ദ്രങ്ങളെ സമീപിച്ചിരുന്നു. സവർണ്ണ ക്രിസ്ത്യൻ പശ്ചാത്തലമാണെങ്കിലും ദളിത് നിലപാടുകളിൽ ഊന്നിയുള്ള പ്രവർത്തനം എന്ന രീതിയിലാണ് ലാബി വീക്ഷിക്കപ്പെട്ടത്. പക്ഷെ ഇപ്പോൾ ഇടത് സർക്കിളുകൾ തന്നെ കടുത്ത അപ്രിയമാണ് വോക്ക് മലയാളത്തിലെ പിരിച്ചു വിടലിനെ തുടർന്നു ലാബിയോടു സ്വീകരിക്കുന്നത്.

വൈഷ്ണവിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കൊച്ചിയിലുള്ള വോക്ക് മലയാളം എന്ന ഓൺലൈൻ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഞാൻ. കൊറോണക്കാലത്ത് ജോലി നഷ്ടപെട്ടയാൾ എന്ന് പറയുന്നതായിരിക്കും കുറച്ച് കൂടി നല്ലത്. പഠനത്തിന് ശേഷം സ്വതന്ത്രമായും സുരക്ഷിതമായും ജോലി ചെയ്യാൻ ആഗ്രഹിച്ച്, തൊഴിലിടത്തിൽ ചതിക്കപ്പെട്ട് പുറത്ത് പോകേണ്ടി വന്നയാൾ.

മാസങ്ങളായി അവിടെ പ്രോബേഷനിൽ ജോലി ചെയ്ത് വന്നിരുന്നVaishnavi M Pഎന്ന ഞാനും Christy Mariya Joseph , Fayaz Abdul Razaq കൂടാതെ രണ്ട് പേരെയാണ് കൊറോണക്കാലത്ത് അനധികൃതമായി പിരിച്ച് വിട്ടത്. നിലവിലെ സാഹചര്യത്തിൽ എന്ത് കാരണം കൊണ്ടായാലും ഒരാളെയും ജോലിയിൽ നിന്ന് പിരിച്ച് വിടരുതെന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ പോലും കണക്കിലെടുക്കാതെയാണ് ഞങ്ങൾ അഞ്ചുപേരെ 'വോക്ക് ജേർണൽ' (സ്റ്റോർക്ക് മീഡിയ ഡിജിറ്റൽ, ഫസ്റ്റ് ഫ്‌ളോർ, #40, ലെയ്ൻ 9, ഷൈൻ റോഡ്, വൈറ്റില, കൊച്ചി) എന്ന മാധ്യമസ്ഥാപനത്തിൽ നിന്നും പുറത്താക്കിയത്. കൊറോണ വൈറസ് വ്യാപിച്ചതിനാൽ അമേരിക്കയിൽ നിന്നുള്ള തങ്ങളുടെ ഫണ്ടിന്റെ കുറവ് മൂലം കമ്പനിയിലെ പകുതി ജീവനക്കാരെ (പ്രൊബേഷൻ പിരീഡിൽ ഉള്ളവരിൽ ചിലരെ) മൂന്ന് മാസത്തേക്ക് 'സസ്പെൻഷനിൽ' അയക്കുന്നു എന്നാണ് മാനേജ്‌മെന്റ് അംഗങ്ങളായ santhosh, Inji Pennu (ലെബി George ) എന്നിവർ ഇതിനായി പറഞ്ഞ വിചിത്രമായ ന്യായം. അതിന് ശേഷം ജോലിയിൽ തിരിച്ചെടുക്കുമെന്നും അവർ ഉറപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പിന് പരാതി നൽകിയിട്ടുണ്ടെങ്കിലും ലോക് ഡൗണിന് ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് അധികൃതർ.

നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക മേഖലകളും നഷ്ടത്തിലാണെന്നും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്നുണ്ടെന്നും എനിക്കറിയാം. അതേ സമയം സ്ഥാപന മേധാവികളുടെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിൽ നിന്ന് കൊണ്ട് പോലും സ്ഥാപനത്തിന്റെ വളർച്ചയക്കായി മെച്ചപ്പെട്ട രാഷ്ട്രീയ ചർച്ചകളുടെ വേദിയാക്കാൻ ശ്രമിച്ച ഒരു കൂട്ടം ജീവനക്കാരെയാണ് മറ്റൊരു മാധ്യമ സ്ഥാപനവും ചെയ്യാത്ത തരത്തിൽ മോശമായ രീതിയിൽ മുഴുവൻ ശമ്പളം പോലും തരാതെ പുറത്താക്കിയത്. ഇതിന് മുൻപും ഇവിടെ ജോലി ചെയ്തിരുന്ന പലരെയും മാസങ്ങളോളം ശമ്പളം പോലും നൽകാതെ പുറത്താക്കിയിട്ടുണ്ട്. എന്തെങ്കിലും കാരണത്തിനായി ഓഫീസിലെത്തുന്ന മുൻ ജീവനക്കാരെ ഗേറ്റിന് പുറത്ത് നിർത്തി അപമാനിക്കുന്നതും ഇവരുടെ രീതിയാണ്

സാമൂഹ്യ അകലം പാലിക്കേണ്ട, വരുമാന നഷ്ടം നേരിടുന്ന കാലത്ത്, മറ്റ് കമ്പനികളുടെ മാതൃകയിൽ ജോലിക്കാരെ രണ്ട് വിഭാഗമാക്കി ഒന്നിടവിട്ട ദിവസങ്ങളിലായി ജോലി ചെയ്യിക്കാൻ പോലും അവർ തയ്യാറായില്ല. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്ന ഇ-മെയിൽ ആണ് വോക്ക് ജേർണലിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത്. പിരിച്ചുവിട്ടവർ സംഘടിക്കാതിരിക്കാനും നിയമ നടപടികൾക്ക് പോകാതിരിക്കാനുമായി ഒരാളുടേത് മാത്രം പിന്നെയും 'സസ്‌പെൻഷൻ നടപടി' എന്ന പേരിലാക്കുകയും ചെയ്തു. മെയിൽ ലഭിച്ചതിനെ തുടർന്ന് സ്ഥാപനത്തിന്റെ അധികൃതരിൽ ഒരാളായ santhoshനെ സമീപിച്ചപ്പോൾ ജോലിയിലെ മോശം പ്രകടനമാണ് പിരിച്ചുവിടാനുള്ള കാരണമെന്നായിരുന്നു അവർ നിരത്തിയ വാദം!

ഓരോരുത്തരായി കമ്പനിയെ ബന്ധപ്പെട്ടപ്പോൾ തിരിച്ചെടുക്കാനുള്ള ചർച്ച നടത്തുന്നുണ്ടെന്നും വൈകാതെ അനുകൂല നടപടി ഉണ്ടാകുമെന്നുമാണ് അറിയിച്ചത്. ഞങ്ങളിൽ ചിലരെ ജോലിയിലുണ്ടായിരുന്ന സമയത്തെ ശമ്പളത്തിന്റെ ഒരു വിഹിതം തന്ന് ഒഴിവാക്കുകയും ചെയ്തു. പിന്നീട് എന്റെ കൂടെ പിരിച്ച് വിട്ട ഫയാസിനെ ബോർഡ് ഓഫ് ഡയറക്‌റ്റേഴ്സ് അംഗങ്ങൾ ആരുമില്ലായിരുന്ന സമയത്ത് ബാക്കി ശമ്പളം നൽകാമെന്ന വ്യാജേന വിളിച്ച് വരുത്തുകയും, ജോലിയിലെ പ്രകടനം മോശമായിരുന്നതുകൊണ്ടാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും പരാതിയുമായി മുന്നോട്ട് പോവില്ലെന്നും നിർബന്ധപൂർവം എഴുതിനൽകാൻ ആവശ്യപ്പെടുകയും ചെയ്തു. 

മർദ്ദനത്തെ ന്യായീകരിക്കാനായി കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ് നിലവിൽ 'വോക് ജേണലി'ന്റെ അണിയറക്കാർ. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഞങ്ങൾക്കെതിരെ കമ്പനി അധികൃതർ ഉന്നയിക്കുന്നത്. അതോടൊപ്പം ഞങ്ങളുടെ പക്ഷം ചേരുന്നു എന്നാരോപിച്ച് കൂടെ ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരെയും അവർ ഭീഷണിപ്പെടുത്തുകയും ജോലിയിൽ നിന്ന് പറഞ്ഞ് വിടുകയും ചെയ്യുകയാണ്.

സംഘടിതരല്ലാത്തതിനാൽ വലിയ രീതിയിൽ വർഗബോധം ഇല്ലാത്ത തൊഴിൽ മേഖലയാണ് മാധ്യമ പ്രവർത്തനം.പ്രത്യേകിച്ച് ഓൺലൈൻ മാധ്യമപ്രവർത്തനം. ഉണർന്ന് തുടങ്ങുന്ന ഐക്യത്തെ തകർക്കാനും തൊഴിലാളികളെ മത്സരിപ്പിച്ചും തമ്മിലടിപ്പിച്ചും വർഗബോധത്തെ ഇല്ലാതാക്കാനും 'പുരോഗമന ലേബലുകളുള്ള' മാധ്യമ സ്ഥാപനങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളെ തീർത്തും ഒറ്റപ്പെടുത്താൻ പ്രവർത്തിക്കുകയാണ് അവർ ചെയ്യുന്നത്. മാധ്യമധർമ്മം എന്തെന്ന് പോലും മനസിലാക്കാതെ മാധ്യമപ്രവർത്തനത്തെ കച്ചവടമായി മാത്രം കാണുന്ന ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ജനങ്ങൾക്ക് മാതൃകയാകേണ്ട മാധ്യമപ്രവർത്തനത്തെ വെറും തൊഴിലായി മാത്രം കാണാതെ കഷ്ടപ്പെട്ട് ആത്മാർത്ഥയോടെ പഠിച്ചിറങ്ങുന്ന പുതുതലമുറ മാധ്യമ പ്രവർത്തകരെങ്കിലും ഇത്തരം ബിസിനസ് മൂരാച്ചികളുടെ ചതികുഴികളിൽ പെടാതിരിക്കട്ടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP