Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിപി വധക്കേസ് പ്രതി കൊടി സുനി സ്വർണ്ണക്കടത്ത് സംഘത്തിന്റെ പ്രധാന കണ്ണി; പരോളിൽ ഇറങ്ങിയപ്പോൾ വ്യവസായിയെ തട്ടിക്കൊണ്ട് പോയത് സ്വർണ്ണക്കടത്തിലെ പക തീർക്കാൻ; ഏറാമല പഞ്ചായത്തിലെ തിരുത്തി ടൂറിസം പ്രോജക്റ്റ് മുടങ്ങിയതും ടിപിയെ വധിക്കാൻ വഴിവെച്ചോ? പദ്ധതിയുടെ പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ അദൃശ്യസാന്നിധ്യം; എൻഐഎ അന്വേഷണം വരുമെന്ന ആശങ്കയിൽ സിപിഎമ്മിലെ ഒരുവിഭാഗം

ടിപി വധക്കേസ് പ്രതി കൊടി സുനി സ്വർണ്ണക്കടത്ത് സംഘത്തിന്റെ പ്രധാന കണ്ണി; പരോളിൽ ഇറങ്ങിയപ്പോൾ വ്യവസായിയെ തട്ടിക്കൊണ്ട് പോയത് സ്വർണ്ണക്കടത്തിലെ പക തീർക്കാൻ; ഏറാമല പഞ്ചായത്തിലെ തിരുത്തി ടൂറിസം പ്രോജക്റ്റ് മുടങ്ങിയതും ടിപിയെ വധിക്കാൻ വഴിവെച്ചോ? പദ്ധതിയുടെ പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ അദൃശ്യസാന്നിധ്യം; എൻഐഎ അന്വേഷണം വരുമെന്ന ആശങ്കയിൽ സിപിഎമ്മിലെ ഒരുവിഭാഗം

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്തിന്റെ പണം ഭീകരപ്രവർത്തനങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചുള്ള എൻഐഎ അന്വേഷണം മുടങ്ങിപ്പോയ തിരുത്തി ടൂറിസം പദ്ധതിയിലേക്ക് നീളുമോ എന്ന ചിന്ത സിപിഎമ്മിലെ കണ്ണൂർ വിഭാഗത്തെ അസ്വസ്ഥമാക്കുന്നു. വടകര ഏറാന്മല പഞ്ചായത്തിലെ മുടങ്ങിപ്പോയ തിരുത്തി ടൂറിസം പദ്ധതിയും ടിപി വധവും തമ്മിലുള്ള ബന്ധം എൻഐഎ അന്വേഷിക്കും എന്ന സൂചനകൾ വരുന്നതാണ് സിപിഎമ്മിലെ അസ്വസ്ഥതയ്ക്ക് കാരണം. തിരുത്തി പദ്ധതിക്ക് പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ സാന്നിധ്യം ശക്തമായിരുന്നു എന്ന സൂചനകളാണ് വെളിയിൽ വരുന്നത്.

തിരുത്തി ടൂറിസം പദ്ധതിയും ടിപി വധവും തമ്മിലുള്ള ബന്ധം അന്വേഷിച്ചാൽ സിപിഎമ്മിലെ പല ഉന്നതരുടെയും പേരുകൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വെളിയിൽ വരും. ടിപി വധത്തിനു പിന്നിൽ തിരുത്തി പദ്ധതി ഒരു കാരണമാണെന്ന് ആർഎംപി മുൻപ് തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ബന്ധം മാത്രമല്ല സാമ്പത്തിക ബന്ധം കൂടി അന്വേഷിക്കണം എന്നാണ് ആർഎംപി ആവശ്യപ്പെട്ടത്. സാമ്പത്തിക ബന്ധം എന്ന് പറഞ്ഞാൽ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ടിപിവധവുമായി നിലനിൽക്കുന്ന ബന്ധം കൂടി വെളിയിൽ വരണം. ഗൂഢാലോചന സിദ്ധാന്തത്തെക്കുറിച്ച് അന്വേഷണം വന്നാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. പക്ഷെ ഒരന്വേഷണവും ഇതുവരെ പ്രതികൾക്ക് അപ്പുറത്തേക്ക് നീണ്ടിട്ടില്ല. ഈ ഘട്ടത്തിൽ തന്നെയാണ് സ്വർണ്ണക്കടത്ത് പണം തീവ്രവാദ ബന്ധങ്ങൾക്ക് ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചുള്ള എൻഐഎ അന്വേഷണം നടക്കുന്നത്. തീവ്രവാദ ബന്ധങ്ങൾക്ക് മാത്രമല്ല കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൂടി ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന സൂചനകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ടിപി വധവും തിരുത്തി പദ്ധതിയുമെല്ലാം എൻഐഎയുടെ മുന്നിലേക്ക് വരുന്നത്.

ടിപി വധത്തിന് പിന്നിലെ ഉള്ളുകള്ളികൾ അറിയാവുന്ന ഒരാൾ എൻഐഎയിലുണ്ട്. ടിപി വധം അന്വേഷിക്കുകയും ടിപി വധക്കേസ് പ്രതികളെ മുടക്കൊഴി മലയിൽ നിന്ന് അതി സാഹസികമായി പിടികൂടുകയുമൊക്കെ ചെയ്ത ഷൗക്കത്തലി. തിരുത്തി പ്രോജക്റ്റ് ടിപി വധത്തിനു പിന്നിലെ ഒരു കാരണമാണെന്നും 200 കോടിയുടെ റിയൽ എസ്റ്റേറ്റ് മുടക്കിയതിന് പിന്നിലെ പക ടിപി വധത്തിനു വഴി തെളിച്ചു എന്നെല്ലാം ഷൗക്കത്തലിക്ക് അറിയാം. സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പകകൂടി ടിപി വധത്തിനു പിന്നിലുണ്ട് എന്ന് വരുമ്പോഴാണ് തിരുത്തി പ്രോജക്ടും ടിപി വധവുമെല്ലാം എൻഐഎ അന്വേഷണത്തിൽ കടന്നുവരുന്നത്.

ടിപി വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ശക്തമായ ബന്ധങ്ങളുണ്ട്. ജയിലഴികൾക്കകത്തും നിന്നും സ്വർണ്ണക്കടത്ത് സംഘങ്ങളെ കൊടി സുനി നിയന്ത്രിക്കുന്നതായി വാർത്തകൾ വന്നിരുന്നു. പരോളിൽ ഇറങ്ങിയപ്പോൾ സ്വർണ്ണക്കടത്ത് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു ഒരു വ്യാപാരിയെ കോടി സുനിയും സംഘവും തട്ടിക്കൊണ്ടു പോയിരുന്നു. കൂത്ത്പറമ്പ് പൊലീസാണ് ഈ കേസിൽ കൊടി സുനിയെ അറസ്റ്റ് ചെയ്തത്. ഇതെല്ലാം എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തിരുത്തി പ്രോജക്ടും ടിപി വധവും എൻഐഎഅന്വേഷണ പരിധിയിൽ കടന്നുവരുന്നത്.

വടകര ഏറാമല പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു തിരുത്തി ടൂറിസം പദ്ധതി. ടിപി വധത്തിനു പിന്നിലെ ഒരു പ്രധാന കാരണം കൂടിയാണ് തിരുത്തി പദ്ധതി. മാഹിപ്പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ തിരുത്തിയെ ടൂറിസം ഹോട്ട് സ്‌പോട്ട് ആക്കുകയായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം. തിരുത്തി പദ്ധതി ഏറാമല പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഉൾപ്പെടുത്തി ഒരു വൻ ടൂറിസം പ്രോജ്ക്ടായി വികസിപ്പിക്കുക എന്നതായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം.

അന്ന് എൻ.വേണുവായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പദ്ധതി വിട്ടുകൊടുക്കാതിരിക്കാൻ ശക്തമായ എതിർപ്പാണ് എൻ.വേണുവും അതിന്റെ പിന്നിൽ നിന്ന് ടി.പി.ചന്ദ്രശേഖരനും നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതനാണ് അന്ന് തിരുത്തി പദ്ധതി പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഉൾപ്പെടുത്തിയുള്ള പദ്ധതിയാക്കി മാറ്റണം എന്നാവശ്യപ്പെട്ടത്. സിപിഎം വിഭാഗീയത കൊടി കുത്തി വാണ ആ കാലത്ത് തിരുത്തി പ്രോജക്ടിനെ എതിർത്തത് അന്ന് വി എസ്പക്ഷത്തിന്റെ വക്താക്കളായിരുന്ന ടിപിയും എൻ.വേണുവുമൊക്കെയായിരുന്നു.

വേണുവിനു ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാക്കിയതും ആർഎംപി പിറവിയെടുക്കാൻ കാരണമായതിനു പിന്നിലൊക്കെ തിരുത്തി ടൂറിസം പ്രോജക്ടിന് വലിയ പങ്കുണ്ട്. രണ്ടു കോടിയുടെ പദ്ധതി ഇരുനൂറു കോടിയാക്കി മാറ്റാനുള്ള പദ്ധതിക്ക് തടസം നിന്നത് എൻ.വേണു എന്നതിലുപരി ടിപിയായിരുന്നു. വിഭാഗീയത കത്തി നിന്ന ആ കാലത്ത് സിപിഎം ഔദ്യോഗിക പക്ഷത്തിനു വൻ തിരിച്ചടിയായിരുന്നു ടിപിയുടെയും വേണുവിന്റെയും നീക്കങ്ങൾ. സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗത്തിനു പ്രിയങ്കരായവരായിരുന്നു തിരുത്തി പദ്ധതിക്ക് പിന്നിൽ. പദ്ധതി മുടങ്ങിയത് ഇവർക്കുള്ള വൻ തിരിച്ചടിയായിരുന്നു.

ഇതു സിപിഎം വിഭാഗീയതയുമായി കൂട്ടിക്കെട്ടുകയാണ് ചെയ്തത്. ഇതോടെ ടിപി ചിലരുടെ കണ്ണിലെ കരടായി മാറി. പാർട്ടിയിൽ നിന്നും പുറത്താവുകയും ചെയ്തു. ഇതോടെയാണ് കണക്കുതീർക്കാൻ ടിപിയെ തീർക്കാനുള്ള പദ്ധതികൾ അണിയറയിൽ ആരംഭിച്ചത്. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് ടിപി വധത്തിനു പിന്നിൽ. ഈ ക്വട്ടേഷന് നിർദ്ദേശം നൽകിയത് സിപിഎമ്മിലെ താഴെത്തട്ടിലുള്ള ചില നേതാക്കൾ മാത്രം. ടിപിയെ പോലുള്ള ഒരാളെ വധിക്കുമ്പോൾ അതിൽ പാർട്ടി തലത്തിൽ തീരുമാനം വരണം. അതുകൊണ്ട് തന്നെയാണ് ടിപി വധത്തിനു പിന്നിലെ ഗൂഢാലോചന അത് വെളിയിൽ വരണം എന്ന് ആർഎംപി അവശ്യപ്പെട്ടുകൊണ്ടിരുന്നത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിത്തട്ടിൽ സ്വർണ്ണക്കടത്ത് പണത്തിന്റെ സ്വാധീനം എൻഐഎയ്ക്ക് ബോധ്യമായിട്ടുണ്ട്. ടിപി വധത്തിനു പിന്നിലും ഒഴുകിയത് സ്വർണ്ണക്കടത്ത് പണമാണ് എന്ന് ആരോപണം ശക്തമാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്കും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കും സ്വർണ്ണക്കടത്ത് പണം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് വരുമ്പോൾ സ്വാഭാവികമായും അന്വേഷണം ഈ രീതിയിലും നീങ്ങും. കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലെ സ്വർണ്ണക്കടത്ത് പണത്തിന്റെ ബന്ധം അന്വേഷണ വിധേയമാകുമ്പോൾ അത് സിപിഎമ്മിനെ അസ്വസ്ഥമാക്കാൻ പര്യാപ്തമാണ്. ഇതിന്നിടയിൽ തന്നെയാണ് തിരുത്തി ടൂറിസം പ്രോജക്റ്റ് കൂടി അന്വേഷിക്കുമെന്ന സൂചനകൾ ശക്തമാകുന്നത്. ടിപി വധത്തിനു പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ മാത്രം ചർച്ച ചെയ്തപ്പോൾ വധത്തിനു പിന്നിലെ സാമ്പത്തിക കാര്യങ്ങൾ ഇരുൾമൂടിക്കിടക്കുകയായിരുന്നു.

ടിപി വധത്തിനു പിന്നിലെ യഥാർത്ഥ ആസൂത്രകർ വിവാദങ്ങൾക്കിടയിൽ സുരക്ഷിതരായി രക്ഷപ്പെടുകയും ചെയ്തു. ടിപി വധം ആരുടെ ഗൂഢാലോചനയിൽ രൂപപ്പെട്ടു എന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സ്വർണ്ണക്കടത്തിന്റെ പണം ടിപി വധത്തിനു പിന്നിൽ ഉപയോഗിക്കപ്പെട്ടു എന്ന് ആർഎംപി മുൻപ് തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ടിപി വധത്തിനു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്ന ആർഎംപിയുടെ ആവശ്യത്തിൽ ഒരു തീരുമാനവും വന്നിട്ടില്ല. ഇടത് വലതു മുന്നണികൾ യോജിച്ചു നിന്ന് ഈ നീക്കത്തെ പരാജയപ്പെടുത്തി എന്നാണ് ആർഎംപി ഇപ്പോഴും ആരോപിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധവും അന്വേഷിക്കാൻ എൻഐഎ എത്തുമ്പോഴാണ് തിരുത്തി ടൂറിസം പദ്ധതിക്ക് പിന്നിലെ സ്വർണ്ണക്കടത്ത് സംഘത്തിന്റെ സാന്നിധ്യവും അന്വേഷണ വിധേയമാകും എന്ന സൂചനകൾ വരുന്നത്. 'തിരുത്തി പദ്ധതി മുടങ്ങിയത് ടിപി വധത്തിനു പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. പക്ഷെ അന്വേഷണം ഈ രീതിയിൽ നീങ്ങിയിട്ടില്ല. സ്വർണ്ണക്കടത്ത് ബന്ധവും രാഷ്ട്രീയ കൊലപാതകങ്ങളും തമ്മിലുള്ള ബന്ധം കൂടി പുറത്ത് വരണം. ടിപി വധത്തിനു പിന്നിലും ഇതേ സ്വർണ്ണക്കടത്ത് സംഘത്തിന്റെ നീരാളിക്കൈകൾ ഉണ്ടെന്ന ആരോപണം മുൻപ് തന്നെ ഞങ്ങൾ ഉയർത്തിയിരുന്നു-ആർഎംപി നേതാവ് എൻ.വേണു മറുനാടനോട് പറഞ്ഞു.

സിപിഎം വിഭാഗീയത കത്തി നിന്ന കാലത്ത് താരമായിരുന്ന ഒരു വ്യവസായ പ്രമുഖനും കൂടി താത്പര്യമുള്ള പ്രോജക്റ്റ് ആയിരുന്നു തിരുത്തിയിലേത്. സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പണം തിരുത്തിയിൽ ഒഴുക്കാനുള്ള പദ്ധതിയും അന്ന് രൂപപ്പെട്ടിരുന്നു. ഇന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതനാണ് ആ ഘട്ടത്തിൽ തിരുത്തി പദ്ധതി പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഏൽപ്പിച്ച് വിപുലമാക്കാം എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. എൻ.വേണുവും ടി.പിയും എല്ലാം ഒറ്റക്കെട്ടായി നിന്നപ്പോൾ പദ്ധതി പരാജയപ്പെട്ടു. തിരുത്തി പദ്ധതി നടപ്പിലാക്കാത്തത് ടിപിയുടെ ശത്രുക്കളെ മുഴുവൻ ഒരുമിപ്പിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് എൻ.വേണുവിനെ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സിപിഎം നീക്കം ചെയ്തു. പിണറായി വിജയന്റെ വീട് നിർമ്മാണം നടക്കുന്നത് കാണാൻ ഒരു ടീം ഒഞ്ചിയത്ത് നിന്നും പോയിരുന്നു. അവരെ സിപിഎം പുറത്താക്കി. ഇത് വൻ വിവാദമായിരുന്നു. പാർട്ടിയിൽ ഇത് ടിപിയും വേണുവും ഉന്നയിക്കുകയും ചെയ്തു. ഇതിനെല്ലാം നടപടിയായി വന്നത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വേണുവിനെ നീക്കുകയായിരുന്നു. ഇതും ടിപി അടക്കമുള്ളവർ ചോദ്യം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ ഒഞ്ചിയത്ത് നിന്നും തടഞ്ഞു വെക്കുക വരെ ചെയ്തു. ഇതോടെ ടിപി അടക്കമുള്ളവർ പാർട്ടിയിൽ നിന്നും പുറത്തായി. ഇതാണ് പിന്നീട് ആർഎംപിയുടെ പിറവിയിലേക്കും പിന്നീട് ടിപി വധത്തിലേക്കുമൊക്കെ കലാശിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP