Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനമിറങ്ങിയ ജർമ്മനിക്കാരി വള്ളിക്കാവ് ആശ്രമത്തിൽ എത്തിയെന്നോ ഇല്ലെന്നോ തെളിയിക്കാൻ പൊലീസിന്റെ കൈയിൽ രേഖകളില്ല; സത്‌നാം സിംഗിനെ പോലെ വിവാദം കത്തിപ്പടരാതിരിക്കാൻ കരുതലോടെ പ്രതികരണവുമായി അമൃതാനന്ദമയീ മഠം; ഇന്റർപോളിനെ തൊട്ട് കൈകഴുകാൻ കേരളാ പൊലീസ്; ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുന്നത് ലിസ ഇന്ത്യ വിട്ടില്ലെന്ന സൂചനകളിൽ; നിർണ്ണായകമാവുക മുഹമ്മദാലിയുടെ മൊഴി; പിണറായി സർക്കാരിനെ വെട്ടിലാക്കി ലിസ വെയ്‌സിന്റെ തിരോധാനവും

വിമാനമിറങ്ങിയ ജർമ്മനിക്കാരി വള്ളിക്കാവ് ആശ്രമത്തിൽ എത്തിയെന്നോ ഇല്ലെന്നോ തെളിയിക്കാൻ പൊലീസിന്റെ കൈയിൽ രേഖകളില്ല; സത്‌നാം സിംഗിനെ പോലെ വിവാദം കത്തിപ്പടരാതിരിക്കാൻ കരുതലോടെ പ്രതികരണവുമായി അമൃതാനന്ദമയീ മഠം; ഇന്റർപോളിനെ തൊട്ട് കൈകഴുകാൻ കേരളാ പൊലീസ്; ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുന്നത് ലിസ ഇന്ത്യ വിട്ടില്ലെന്ന സൂചനകളിൽ; നിർണ്ണായകമാവുക മുഹമ്മദാലിയുടെ മൊഴി; പിണറായി സർക്കാരിനെ വെട്ടിലാക്കി ലിസ വെയ്‌സിന്റെ തിരോധാനവും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊല്ലം അമൃതപുരിയിൽ സന്ദർശനം നടത്താനെത്തി കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കുറിച്ച് പൊലീസിന് എത്തും പിടിയുമില്ല. കൊല്ലം അമൃതപുരിയിലേക്കാണ് ജർമൻ യുവതി എത്തിയത്. എന്നാൽ ആശ്രമത്തിൽ എത്തിയില്ലെന്നാണ് ആശ്രമം പറയുന്നത്. ഈ സാഹചര്യത്തിൽ യുവതി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ദിവസങ്ങളിൽ ആശ്രമത്തിലെ അതിഥികളുടെ ലിസ്റ്റ് പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസികൾ പിണങ്ങിയ സാഹചര്യത്തിൽ വള്ളിക്കാവ് ആശ്രമത്തിലേക്ക് അന്വേഷണം നീളാനും സാധ്യതയില്ല. അന്വേഷണ സംഘത്തിന് ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാർ തലത്തിൽ നിന്ന് പോയിക്കഴിഞ്ഞു. അന്വേഷണത്തിൽ ഇന്റർപോളിന്റെ സഹായവും തേടും.

ജർമൻ യുവതി ലിസക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലിസയ്ക്കായി മത കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ജർമൻ എംബസി വഴി ബന്ധുക്കളിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാർച്ച് 5ന് തിരികെ പോയിരുന്നു. ഇയാളിൽനിന്നും പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. മാർച്ച് അഞ്ചിനാണ് ലിസ വെയ്സ് ജർമനിയിൽനിന്ന് പുറപ്പെട്ടത്.

അതിനിടെ യുവതി കോവളത്തെത്തിയിരുന്നതായി സംശയം ബലപ്പെടുന്നുണ്ട്. ലിസയോടു സാദൃശ്യമുള്ള യുവതി മൂന്നു മാസം മുമ്പു കോവളത്തെത്തയിരുന്നതായി കടൽ തീരത്തെ ഹോട്ടലുടയും ജീവനക്കാരും പറഞ്ഞു. ഇതോടെയാണ് യുവതി കോവളത്തെത്തിയതായി സംശയമുയർന്നത്. യുവതിയും സുഹൃത്തും ഒരുമിച്ചാണ് ഹോട്ടലിലെത്തിയത്. നാലു മണിക്കൂറോളം ഹോട്ടലിൽ ചിലവഴിച്ചു. എന്നാൽ റൂമെടുത്തിരുന്നില്ല. ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കി. യുവതി കൊല്ലം അമൃതപുരി സന്ദർശിക്കാനാണ് എത്തിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ അമൃതപുരിയിൽ എത്തിയെന്നതിനു തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ ആശ്രമത്തിലെ രേഖകളൊന്നും പൊലീസ് പരിശോധിച്ചിട്ടില്ല. അമൃതപുരിയിൽ കാര്യങ്ങൾ തിരക്കുക മാത്രമാണ് ചെയ്തത്. വിശ്വാസികളെ പിണക്കുന്നതൊന്നും ഇക്കാര്യത്തിൽ പൊലീസ് ചെയ്യില്ല.

ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ആശ്രമത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതിരിക്കാനാണ് ഇന്റർപോളിന്റെ സഹായം തേടുന്നത്. കഴിഞ്ഞ മാർച്ച് 7നു തിരുവനന്തപുരത്തു വിമാനമിറങ്ങിയ യുവതിയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അമ്മ ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയതോടെയാണ് വിഷയത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചത്. കേരളത്തിൽ എത്തിയ ശേഷം ഫോൺ വിളിയോ, വിവരങ്ങളോ ഇല്ലെന്നു പരാതിയിൽ അമ്മ വ്യക്തമാക്കിയിരുന്നു. എന്നാൽ യുവതിയുടെ ഒപ്പമെത്തിയ സുഹൃത്ത് മുഹമ്മദാലി മാർച്ച് 15ന് തിരിച്ചുപോയതായി പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് യുവതിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയത്.

ഒരു വർഷംമുമ്പ് കേരളത്തിൽ സന്ദർശനത്തിനെത്തിയ ലാത്വിയൻ യുവതിയെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അന്നു ആദ്യഘട്ടത്തിൽ ലഭിച്ച പരാതി പൊലീസ് അവഗണിച്ചതായി വിമർശനമുയർന്നിരുന്നു. ലാത്വിയൻ യുവതിയും കേരളത്തിലെത്തിയത് അമൃതപുരിയിൽ എത്താനായിരുന്നു. എന്നാൽ തിരുവനന്തപുരത്തെ പോത്തൻകോട്ടെ മറ്റൊരു ആശ്രമത്തിലാണ് അവർ ചികിൽസ തേടി എത്തിയത്. ഇവിടെ നിന്നാണ് കാണാതായതും. നേരത്തെ വള്ളിക്കാവിലെത്തിയ ബീഹാറുകാരൻ സ്തനാം സിംഗിന്റെ ജയിലിലെ മരണവും ഏറെ ചർച്ചയായിരുന്നു. ഈ വിഷയങ്ങളിൽ ഒന്നിലും വള്ളിക്കാവ് ആശ്രമത്തിനെതിരെ തെളിവൊന്നും കിട്ടിയിരുന്നില്ല. ജർമൻ യുവതിയുടെ കാര്യത്തിലും സമാന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ആശ്രമത്തെ വെറുതെ പ്രതിക്കൂട്ടിൽ നിർത്തരുതെന്ന സന്ദേശമാണ് പൊലീസിന് സർക്കാർ വൃത്തങ്ങൾ നൽകിയിട്ടുള്ളത്.

ബന്ധുക്കൾ പറയുന്നത് ഇങ്ങനെ

കേരളത്തിൽ എത്തിയശേഷം കാണാതായ ജർമ്മൻ വനിത ലിസ വെയ്‌സിന്റെ തിരോധാനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹോദരി കരോളിൻ രംഗത്ത് വന്നിരുന്നു. കേരളത്തിലേക്കുള്ള ലിസയുടെ യാത്ര ശാന്തി തേടിയായിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്നു സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും കരോളിൻ പറഞ്ഞു. ഒരു വർഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിനിയുടെ സഹോദരി ഇല്ലീസ് സ്‌കോർമെയിനുമായി നടത്തിയ സംഭാഷണത്തിലാണ് കരോളിൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സന്നദ്ധ പ്രവർത്തകർ അവകാശപ്പെടുന്നു. കരോളിന് ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതിനാൽ ജർമ്മൻ ഭാഷ സംസാരിക്കുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് ഇല്ലീസ് ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കേരളത്തിലെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ലിസ വെയ്‌സിനായി തിരച്ചിൽ ഊർജ്ജിതമാക്കുകയാണ് ഇല്ലീസ്. കരോളിനുമായി സംസാരിച്ച ശേഷം ഇല്ലീസ് പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെ.

ഏകദേശം എട്ടുവർഷം മുമ്പാണ് ജർമ്മൻ സ്വദേശിനിയായ ലിസ വെയ്‌സ് ഇസ്ലാം ആശയങ്ങളിൽ ആകൃഷ്ടയായി മതം മാറുന്നത്. തുടർന്ന് മുസ്ലിം വിശുദ്ധ കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളിലൊന്നിൽ കയ്‌റോയിൽ വച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തുടർന്ന് ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ ഭർത്താവുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതായി കരോളിൻ പറയുന്നു. ഇക്കാലമത്രയും ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. മുസ്ലിം മതത്തിലേക്ക് ലിസ മാറുന്നതിനോട് കുടുംബാംഗങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നില്ലത്രേ.

അമേരിക്കയിൽ നിന്ന് തിരികെയെത്തിയ ശേഷം രണ്ടു വർഷത്തോളം ബെർലിനിലും സ്വീഡനിലുമായാണ് ലിസ കഴിഞ്ഞത്. ഇതിനിടെ കുട്ടികളെ ഭർതൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയക്കേണ്ടതായും വന്നു. ഇതൊക്കെയും ലിസയെ മാനസികമായി തകർത്തിരുന്നുവെന്നു സഹോദരി പറയുന്നു. ലിസ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നുവെന്ന് കരോളിൻ പറയുന്നു. ആത്മശാന്തി തേടിയാണ് ഇന്ത്യയിലേക്ക് എത്തിയത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും അങ്ങിനെയാണ്. യു.കെ സ്വദേശിയ്‌ക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി ലിസ സഹോദരിയോട് പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു കെ സ്വദേശിക്കും മറ്റൊരു സുഹൃത്തായ സ്വീഡിഷ് സ്വദേശിക്കും ഒപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

ഇതിനിടെ കരോളിനെ വിളിച്ച് താൻ കേരളത്തിലേക്ക് പോവുകയാണെന്നും, അമൃതാനന്ദമയീ അശ്രമത്തിൽ കുറച്ചു ദിവസം ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞിരുന്നു. വരുന്ന കുറച്ചു ദിവസത്തേക്ക് ഒറ്റയ്ക്കു കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ലിസ കരോളിനോട് പറഞ്ഞു. മാർച്ച് പത്തിനായിരുന്നു ഇത്. വളരെ സന്തോഷവതിയായിരുന്നു ലിസ അന്ന്. അതായിരുന്നു കുടുംബവും ആയി ലിസയുടെ അവസാന ഫോൺ സംഭാഷണം. എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാതായതോടെയാണ് കരോളിൻ സഹോദരിയെ തിരഞ്ഞിറങ്ങിയത്. ലിസയുടെ പിറന്നാളിനും ഫോണെത്താതായതോടെ കൊല്ലത്തെ അമൃതാനന്തമയി ആശ്രമത്തിൽ ജർമ്മൻ എംബസി മുഖേന ബന്ധപ്പെട്ടു. എന്നാൽ അവിടെ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാതായതോടെയാണ് എംബസി മുഖാന്തിരം ഡൽഹിയിലേക്കും, അവിടെ നിന്ന് കേരളത്തിലേക്കും കോൺസുലേറ്റ് മുഖേന പരാതി എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP