Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറിൽ നിന്നും വിളിച്ചിറക്കി എപി സുന്നി പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊന്നവർ ഇപ്പോഴും കൈയും വീശി നടക്കുന്നു; സംരക്ഷണം ഒരുക്കിയത് മുസ്ലിംലീഗ്: ഷംസുദ്ദീനെ തോൽപ്പിക്കാൻ കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്തതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

കാറിൽ നിന്നും വിളിച്ചിറക്കി എപി സുന്നി പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊന്നവർ ഇപ്പോഴും കൈയും വീശി നടക്കുന്നു; സംരക്ഷണം ഒരുക്കിയത് മുസ്ലിംലീഗ്: ഷംസുദ്ദീനെ തോൽപ്പിക്കാൻ കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്തതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

എം പി റാഫി

മലപ്പുറം: മണ്ണാർക്കാട് സുന്നി പ്രവർത്തകരുടെ കൊലപാതകികളെ രക്ഷിച്ചവർക്കു വോട്ടില്ലെന്ന ആഹ്വാനവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയതോടെ മണ്ണാർക്കാട് ഇരട്ട കൊലപാതകം വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. കോഴിക്കോട് കാരന്തൂർ മർക്കസിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇന്നലെയാണ് കാന്തപുരം മണ്ണാർക്കാട് എംഎ‍ൽഎ എൻ.ഷംസുദ്ധീനെതിരെ ആഹ്വാനവുമായി രംഗത്തു വന്നത്. ഏതെങ്കിലും കക്ഷിയെ പിന്തുണക്കുന്നത് സമസ്തയുടെ നയമല്ലെന്നു വ്യക്തമാക്കുന്നതോടൊപ്പം ന്യായവും യുക്തിയും അനുസരിച്ചായിരക്കും വോട്ടെന്ന് നിലപാട് പ്രസംഗത്തിൽ കാന്തപുരം വ്യക്തമാക്കിയിരുന്നു.

എന്നാൽ രണ്ട് സുന്നി പ്രവർത്തകരുടെ കൊലപാതകികളെ സഹായിച്ചയാളാണ് മണ്ണാർക്കാട് എംഎ‍ൽഎ ഷംസുദ്ധീനെന്നും അയാൾ ജയിക്കാൻ പാടില്ലെന്നുമായിരുന്നു അണികൾക്കു നൽകിയിട്ടുള്ള ആഹ്വാനം. കാന്തപുരം അബൂബക്കൽ മുസ്ലിംയാരുടെ പ്രസംഗത്തിനു ശേഷം മിനുട്ടുകൾക്കുള്ളിൽ പ്രസംഗം വൈറലാവുകയും സോഷ്യൽ മീഡിയയിൽ അടക്കം ലീഗ്-എ.പി സുന്നി പ്രവർത്തകർ പരസ്പര ചെളിവാരി എറിയൽ ശക്തമാക്കുകയും ചെയ്തു. കാന്തപുരത്തിന്റെ പ്രസ്ഥാവനക്കു തൊട്ടു പിന്നാലെ എൻ ഷംസുദ്ദീൻ എംഎ‍ൽഎ വാർത്താ സമ്മേളനം വിളിച്ചു കൊലപാതകം തന്റെ മണ്ഡലത്തിലല്ലെന്നും ഇപ്പോൾ ഇതു കുത്തിപ്പൊക്കിയതിനു പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും പറഞ്ഞു.

ഇതോടെ എ.പി സുന്നി-ലീഗ് പോര് ഈ തെരഞ്ഞെടുപ്പിൽ ശക്താകുമെന്ന സൂചനകളാണ് ഇത് നൽകുന്നത്. ഇതിനോടകം ഷംസുദ്ദീനെ തോൽപ്പിക്കാൻ എപി സുന്നികൾ കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. എന്നാൽ ലീഗ് എല്ലാ ശക്തിയും ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ്. ലീഗിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാണിക്കുകയാണ് എപി സുന്നികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞാഴ്ച മലപ്പുറം ജില്ലയിലെ താനൂർ മണ്ഡലത്തിലും ലീഗുകാരുടെ അക്രമത്തിൽ മൂന്ന് എപി സുന്നി പ്രവർത്തകരുടെ വീടുകൾ തകർക്കുകയും സ്ത്രീകളുൾപ്പടെയുള്ളവർക്ക് മർദനവും വെട്ടും ഏൽക്കേണ്ടി വന്നിരുന്നു.

ഇവിടെയും ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എപി വിഭാഗം സുന്നികൾ രംഗത്തിറങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ സംഘടനാ കൺവെൺഷനുകളിലൂടെ രഹസ്യമായി മാത്രം കൈമാറിയിരുന്ന രാഷ്ട്രീയ നിലപാടുകൾ ഇപ്പോൾ അണികളോടാണെങ്കിലും എ.പി സമസ്ത പരസ്യമായി പ്രഖ്യപിക്കുന്നത് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിലയിരുത്തൽ. പുതുതായി രൂപീകരിച്ച മുസ്ലിം ജമാഅത്തിലൂടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമാക്കുമെന്നും രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഒരു സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഇത് ആദ്യമായണ് ആഹ്വാനം ചെയ്യുന്നത്. ഇത്തരം ആഹ്വാനം കാന്തപുരം നടത്തിയതിനു പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്.

സഹോദരങ്ങളായ രണ്ട് സുന്നി പ്രവർത്തകരുടെ കൊലപാതകത്തിനു പിന്നിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കാന്തപുരം അടക്കമുള്ള പ്രമുഖരായ സുന്നി നേതാക്കളെല്ലാം പൊലീസുമായി ഇടപെട്ടിരുന്നു. എന്നാൽ പ്രതികളെ പിടികൂടുന്നതിലെ അമാന്തവും പിടികൂടിയവരെ സംരക്ഷിക്കാൻ പൊലീസ് കാണിച്ച താൽപര്യവും എല്ലാമാണ് എ.പി സുന്നികളെ ചൊടിപ്പിച്ചത്. സുന്നി സംഘടനാ ഘടകങ്ങളിലൂടെ നിരന്തരമായ സമരങ്ങൾ നടത്തുകയും പ്രതികൾക്ക് ശിക്ഷ നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും എംഎ‍ൽഎയും ലീഗ് നേതാക്കളും ഇതു ഗൗനിച്ചതേയില്ല. കേസിലെ പ്രതികളെല്ലാം ഇ.കെ സുന്നി പ്രവർത്തകരായ ലീഗുകാരാണ്.

ഇതിനാൽ പ്രതികൾക്ക് പരാമാവധി സംരക്ഷണം ഏർപ്പെടുത്തിയെന്നതും ലീഗിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാണക്കുകയെന്നതുമാണ് കാന്തപുരത്തിന്റെ ആഹ്വാനത്തിനു പിന്നിൽ. 2013 നവംബർ ഇരുപതിന് രാത്രിയിലായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിൽ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞി ഹംസ(48), സഹോദരൻ നൂറുദ്ദീൻ(42) എന്നീ സഹോദരങ്ങളായിരുന്നു വെട്ടേറ്റ് മരിച്ചത്. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാർ ഒരു കൂട്ടം ഇ.കെ സുന്നി, ലീഗ് പ്രവർത്തകർ തടയുകയും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

ജീവനു വേണ്ടി ഇവർ കേണിരുന്നെങ്കിലും വെട്ടി നുറുക്കുകയാണുണ്ടായത്. മൂത്ത സഹോദരൻ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. വെട്ടേറ്റ സഹോദരൻ കുഞ്ഞുമുഹമ്മദ് സമീപത്തെ വീട്ടിലേക്കു ഓടി അഭയം പ്രാപിക്കുകയായിരുന്നു. കുഞ്ഞി ഹംസക്കായിരുന്നു ആദ്യം വെട്ടേറ്റത്. തടയാനെത്തിയ നൂറുദ്ദീനെ സമീപത്തെ വിറക് പുരയുടെ പിറകിൽ കൊണ്ടുപോയി പലതവണ വെട്ടുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേർക്കും മൂന്നു വീതം മക്കളുണ്ട്. കൊല്ലപ്പെടുമ്പോൾ നൂറുദ്ദീന്റെ ഭാര്യ ഗർഭിണിയായിരുന്നു.

സംഭവത്തിൽ ലീഗ് നേതാക്കളും ഇ.കെ സുന്നി പ്രവർത്തകരുമാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലാംകുഴി തൃക്കളൂർ ചേലോട്ടിൽ സിദ്ദീഖ്, പാണ്ടി നൗഷാദ്, പൂളമണ്ണ് നിജാസ്, ചീരത്ത് ഹംസ, ചോലോട്ട് ശമീർ, സലാഹുദ്ദീൻ, മുനീർ, അമീർ ,റഷീദ് എന്നിവരടക്കം 21 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ കേസിലുൾപ്പെട്ടവർക്കും അറസ്റ്റു ചെയ്തവർക്കും ലീഗ് എംഎ‍ൽഎ ഷംസുദ്ദീൻ സംരക്ഷണമൊരുക്കുകയും ഇവരെ കേസിൽ നിന്നും ഇറക്കി പുറത്തു കൊണ്ടു വരികയും ചെയ്തു എന്നാണ് എപി വിഭാഗത്തിന്റെ ആരോപണം. സംഭവത്തിൽ കൊല്ലപ്പെട്ട സുന്നി പ്രവർത്തകരുടെ വീട് സ്ഥിതി ചെയ്യുന്ന ക്ലല്ലാംകുഴി കോങ്ങാട് നിയോജക മണ്ഡലത്തിലാണ്.

എന്നാൽ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് മണ്ണാർക്കാട് ആയതു കൊണ്ടുതന്നെ ഷംസിദ്ദീൻ പ്രതികൾക്കു വേണ്ടി പൊലീസിനെ ബന്ധപ്പെടുകയായിരുന്നുവത്രെ. പബ്ലിക്ക് പ്രോസിക്യൂട്ടറിൽ എംഎ‍ൽഎ സർക്കാറിലൂടെ ഇടപെടൽ നടത്തി പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നാണ് സുന്നികൾ ചൂണ്ടിക്കാട്ടുന്നത്. അറസ്റ്റു ചെയ്ത പ്രതികളെല്ലാം പത്തിൽ താഴെ ദിവസം മാത്രായിരുന്നു റിമാൻഡിൽ കഴിഞ്ഞിരുന്നത്. മാത്രമല്ല, കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്‌തെങ്കിലും ഇതുവരെയും വിചാരണ നടത്താതെ പബ്ലിക്ക് പ്രോസിക്യൂട്ടർ കേസ് നീട്ടിക്കൊണ്ടു പോവുകയാണ്. നിലവിൽ കേസ് യാതൊരു പുരോഗതിയുമില്ലാതെ സ്തംഭനാവസ്തയിലായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കേസിൽ ഉൾപ്പെട്ട പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം മരണപ്പെട്ട സഹോദരങ്ങളുടെ വീടിനെ നേരെ ഭീഷണിയും തെറിയഭിഷേകവും നടത്തിയിരുന്നു. ഇതിനു വേറെയും കേസ് നിലനിൽക്കുന്നു.

മാത്രമല്ല, പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചക്കിങ്ങൽ മൊയ്തുണ്ണി ഹാജി, സഹോദരൻ ഹസൻ എന്നിവരെ 2014 ജൂലൈ 18ന് ക്രൂരമായി അക്രമിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിലെ പ്രതികൾക്കെതിരെ കേസ് എടുക്കുന്നതിനു പകരം പ്രതികൾ നൽകിയ പരാതിന്മേൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ്‌ക്കെതിരെ പൊലീസ് ധൃതിയിൽ കേസെടുക്കുകയാണുണ്ടായത്. നിയമവും പൊലീസും തങ്ങൾക്ക് ഒന്നുമല്ലെന്നു കരുതിയ ഈ പ്രതികളടങ്ങുന്ന സംഘം സുന്നി പ്രവർത്തകർക്കു നേരെ പിന്നീട് നിരന്തരം വിളയാട്ടം ആരംഭിച്ചു. ഇത്രയേറെ സംഭവങ്ങളാണ് യഥാർത്ഥത്തിൽ കാന്തപുരത്തെ പരസ്യ പ്രസ്ഥാവനയിലേക്ക് നയച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

കാഞ്ഞിരപ്പുഴ ജുമാ മസ്ജിദിൽ ഇ.കെ വിഭാഗം സുന്നികളുടെ നേതൃത്വത്തിൽ തണൽ എന്ന സംഘടനയുടെ പിരിവിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. പള്ളിയിൽ ഒരു സംഘടനയുടെയും പിരിവ് നടത്തരുതെന്നായിരുന്നു കൊല്ലപ്പെട്ട ഹംസയുടെ നിലപാട്. പള്ളിയിൽ പിരിവ് നടത്തുന്നതിനെതരിരെ ഹംസ വഖഫ് ട്രിബ്യൂണലിൽ നിന്നും വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇതിനെ ചോദ്യം ചെയ്ത് ലീഗ്, ഇ.കെ സുന്നികൾ രംഗത്തു വരികയും ഈ തർക്കം നിലനിൽക്കുകയും ചെയ്തു. തുടർന്ന് തർക്കം നിലനിന്നതോടെ സഹോദരങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തികയായിരുന്നു. എന്നാൽ പതിറ്റാണ്ടുകൾക്കു മുമ്പ് പിതാവിനെ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പക തീർക്കുകയായിരുന്നു മക്കളെന്നാണ് സംഭവത്തിനു ശേഷം ലീഗ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഈ കേസുമായി ഇതിനെ ബന്ധമില്ലെന്നതാണ് വസ്തുത. മണ്ണാർക്കാട്ടെ ഇരട്ടക്കൊല നിയമസഭാ തെരഞഞെടുപ്പിൻെ സാഹചര്യത്തിൽ വാദപ്രതിവാദങ്ങൾ സജീവമായത് ഏറെ രാഷ്ട്രീയ പ്രാധ്യാന്യം കൈവന്നിരിക്കുകയാണ്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എപി സുന്നികൾ ലീഗിനെതിരെ ശക്തമായി നിലകൊണ്ടിരുന്നെങ്കിലും കാന്തപുരം ഉൾപ്പടെയുള്ള നേതാക്കളിൽ നിന്നും പരസ്യമായി പേരെടുത്തു പറഞ്ഞ് തോൽപ്പിക്കണമെന്ന ആഹ്വാനം ഉണ്ടായിരുന്നില്ല. ഇത് ആദ്യമായാണ് ഇത്തരത്തിലൊരു ആഹ്വാനം ഉണ്ടായിരിക്കുന്നത്. ഇതിനാൽ വളരെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം ഇതിനെ കാണുന്നത്. 2011ലെ തെരഞ്ഞെടുപ്പിൽ ലീഗ് - എപി സുന്നി നേതാക്കൾ അടുക്കുകയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ലീഗ് നേതാക്കൾ കാന്തപുരവുമായി ചർച്ച നടത്തുകയും ചെയ്്തിരുന്നു. എന്നാൽ മുസ്ലിം സംഘടനകളെ ഒരുപോലെ കാണണമെന്നും ഇ.കെ സുന്നികളുടെ വാലാകരുതെന്നും എ.പി വിഭാഗം ലീഗിനു മുന്നിലേക്കു നിർദ്ദേശം വച്ചു. ഇതിനു ശേഷം എപി-ഇകെ പ്രശ്‌നങ്ങളിൽ ലീഗ് മൗനം പാലിക്കുകയുണ്ടായി.

എന്നാൽ ഹൈദരലി തങ്ങൾ ഉപാധ്യക്ഷനായ ഇകെ സമസ്തയുടെ ലീഗിനു മുന്നിൽ വീണ്ടും കടിഞ്ഞാൺ മുറുക്കിയതോടെ ലീഗിനെ കയ്യൊഴിയാൻ കാന്തപുരം സുന്നികൾ തീരുമാനിക്കുകയായിരുന്നു. മണ്ണാർക്കാട് മണ്ഡലത്തിൽ എ.പി സുന്നികളുടെ നേതൃത്വത്തിൽ പ്രത്യേക കൺവെൺഷനുകൾ വിളിക്കുമെന്നാണ് അറിയുന്നത്. മണ്ണാർക്കാട് മണ്ഡലത്തിൽ നടന്ന കേരളയാത്ര, ഖാളി ആരോഹണ ചടങ്ങ്, എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് തുടങ്ങിയ എ.പി സുന്നികളുടെ പ്രധാന പരിപാടികളിൽ സ്ഥലം എംഎ‍ൽഎ എന്ന നിലയിൽ ഷംസുദ്ദീനെ ക്ഷണിച്ചിട്ടും എത്താതിരുന്നതും അതേസമയം ഇ.കെ സുന്നികളുടെ ചെറിയ പരിപാടികളിൽ പോലും സ്ഥിര സാന്നിദ്ധ്യമാണെന്നതും എ.പി വിഭാഗത്തിന്റെ പക ഇരട്ടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP