Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിശീലന കാലത്ത് മൊട്ടിട്ട പ്രണയം; പണം നൽകിയതും മനസ്സിലേക്ക് കയറിക്കൂടാൻ തന്നെ; കാറിന് ഇടിച്ചിട്ട് മതി വരുവോളം കുത്തിയ ശേഷം തീകൊളുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വാരിപ്പുണർന്നത് ആത്മഹത്യാ ലക്ഷത്തോടെയെന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന്റെ മൊഴി; പകമൂത്തത് ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ; വള്ളികുന്നത്ത് പൊലീസുകാരിയെ ചുട്ടുകൊന്ന കൊടും ക്രൂരതയുടെ കഥ തുടങ്ങുന്നത് തൃശ്ശൂരിലെ പൊലീസ് ട്രെയിനിങ് കോളേജിൽ

പരിശീലന കാലത്ത് മൊട്ടിട്ട പ്രണയം; പണം നൽകിയതും മനസ്സിലേക്ക് കയറിക്കൂടാൻ തന്നെ; കാറിന് ഇടിച്ചിട്ട് മതി വരുവോളം കുത്തിയ ശേഷം തീകൊളുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വാരിപ്പുണർന്നത് ആത്മഹത്യാ ലക്ഷത്തോടെയെന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന്റെ മൊഴി; പകമൂത്തത് ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ; വള്ളികുന്നത്ത് പൊലീസുകാരിയെ ചുട്ടുകൊന്ന കൊടും ക്രൂരതയുടെ കഥ തുടങ്ങുന്നത് തൃശ്ശൂരിലെ പൊലീസ് ട്രെയിനിങ് കോളേജിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി. സൗമ്യയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അജാസ് പൊലീസിനോടും പറയുന്നത്. പ്രണയം തലയ്ക്ക് പിടിച്ചപ്പോഴാണ് വിവാഹ അഭ്യർത്ഥന നടത്തിയത്. ഇത് നിരസിച്ചതിന്റെ പ്രതികാരമായിരുന്നു കൊലയെന്നും അജാസ് പറയുന്നു. അജാസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. അജാസിന്റെ ഫോൺ സൗമ്യ ബ്ലോക്കും ചെയ്തു. ഇതിനുശേഷം മറ്റു നമ്പറുകളിൽനിന്ന് ഫോൺ വിളിച്ച് അജാസ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്‌ട്രേറ്റിനും മൊഴി നൽകി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി. ഇത് ആത്മഹത്യായെന്ന ലക്ഷ്യത്തോടെയാണെന്നാണ് അജാസ് പറയുന്നത്. എന്നാൽ അജാസിനെ രക്ഷപ്പെടാൻ അനുവദിക്കാതെ സൗമ്യ കെട്ടിപിടിച്ചുവെന്നാണ് സംഭവ സ്ഥലത്തെത്തിയവർ പറയുന്നത്. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപ്പെടാനും അജാസ് ശ്രമിച്ചിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതാണ് പൊലീസുകാരിയായ സൗമ്യയെ അജാസ് ചുട്ടുകൊല്ലാൻ കാരണമെന്ന് സൗമ്യയുടെ അമ്മയുടെ മൊഴിയും പൊലീസിന് കിട്ടിയിരുന്നു. സൗമ്യയെ അജാസ് വിവാഹത്തിന് നിർബന്ധിച്ചിരുന്നതായും മുൻപും പെട്രോളൊഴിച്ചു കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ ഇന്ദിര പൊലീസിനു മൊഴി നൽകി. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ സൗമ്യ പുഷ്പാകരനും അജാസും സൗഹൃദത്തിലാകുന്നത് തൃശൂരിലെ പൊലീസ് ട്രെയിനിങ് ക്യാമ്പിൽ വച്ചാണ്. സൗമ്യയുടെ പരിശീലകനായിരുന്നു അജാസ്. അന്ന് മുതൽ തന്നെ സൗമ്യയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അജാസ് പറയുന്നത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചും സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തി സൗമ്യയെ കാറിൽ പിന്തുടർന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയിൽ വച്ച് സ്‌കൂട്ടർ ഇടിച്ച് വീഴ്‌ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നിൽ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

സൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഫൊറൻസിക് വിഭാഗം മേധാവി ഡോ.കെ.ശ്രീദേവിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഞായറാഴ്ച പകൽ 11-ന് ആരംഭിച്ച പോസ്റ്റുമോർട്ടം ഉച്ചയ്ക്ക് 1.30-നാണ് പൂർത്തിയായത്. ചെങ്ങന്നൂർ ഡിവൈ.എസ്‌പി. അനീഷ് വി.കോര, വള്ളികുന്നം എസ്‌ഐ. ഇ.ഷിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം. അജാസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശമടക്കമുള്ള ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് സംശയിക്കുന്നു. 72 മണിക്കൂർ കഴിയാതെ ആരോഗ്യനിലയെപ്പറ്റി ഒന്നും വ്യക്തമാകില്ലെന്നും അധികൃതർ പറഞ്ഞു.

മൂന്നുകുട്ടികളുടെ അമ്മയാണ് സൗമ്യ. സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയതായി സൗമ്യയുടെ അമ്മ ഇന്ദിര പറയുന്നു. അജാസ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ പറഞ്ഞതായി സൗമ്യയുടെ മൂത്തമകൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഋഷികേശും മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. സൗമ്യ അജാസിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതു തിരികെ നൽകിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടർന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു.

തുടർന്ന് സൗമ്യ അമ്മയ്ക്കൊപ്പം എറണാകുളത്തെത്തി അജാസിനെ നേരിൽ കണ്ട് പണം നൽകാൻ ശ്രമിച്ചു. എന്നാൽ അയാൾ പണം വാങ്ങാൻ തയാറാകാതെ സൗമ്യയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എറണാകുളത്തുനിന്നു സൗമ്യയെയും അമ്മയെയും തിരികെ കാറിൽ കൊണ്ടുവിട്ടത് അജാസായിരുന്നു. ഒരു വർഷമായി അജാസിൽനിന്ന് നിരന്തരഭീഷണി നേരിട്ടിരുന്നതായി അമ്മയുടെ മൊഴിയിലുണ്ട്. അജാസ് മുമ്പും വീട്ടിലെത്തി സൗമ്യയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയിരുന്നു.

ശനിയാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് സൗമ്യ കൊല്ലപ്പെട്ടത്. പൊലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം തെളിവുശേഖരണം പൂർത്തിയാക്കിയപ്പോഴേക്കും മൂന്നു മണിക്കൂർ കഴിഞ്ഞു. തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്‌പി. അനീഷ് വി.കോരയുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് പൂർത്തിയായപ്പോൾ രാത്രി ഏഴേകാൽ. സമഗ്ര അന്വേഷണം നടത്തുമെന്ന് ഐ.ജി. എം.ആർ.അജിത് കുമാർ പറഞ്ഞു. സൗമ്യയുടെ വള്ളികുന്നത്ത് വീട്ടിൽ അമ്മ ഇന്ദിര, അച്ഛൻ പുഷ്പാകരൻ, മക്കളായ ഋഷികേശ്, ആദികേശ് എന്നിവരുമായി അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം സംസാരിച്ചിരുന്നു.

പ്രതി അജാസിന്റെ ഭീഷണിയെപ്പറ്റി വള്ളികുന്നം സ്റ്റേഷൻ ഓഫീസറെ സൗമ്യ ധരിപ്പിച്ചിരുന്നതായി അമ്മ ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം നിഷേധിച്ചു. ഇതിൽ വ്യക്തത വരുത്താൻ ബന്ധുക്കളുമായി ഐ.ജി. സംസാരിച്ചു. സൗമ്യ കൊല്ലപ്പെട്ട സ്ഥലം സന്ദർശിച്ച ഐ.ജി. സമീപവാസികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നേരത്തെ വള്ളികുന്നം സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗവും അദ്ദേഹം വിളിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP