Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും ചെയ്തത് ഭൂതകാലം; മൂന്നുവർഷമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല; അനുജൻ അനീസ് ഇബ്രാഹിമും അടുത്ത അനുയായികളും എവിടെയാണെന്ന് അറിയില്ല; ആരോഗ്യം ക്ഷയിച്ചിട്ടും ഡി കമ്പനി പൊളിഞ്ഞിട്ടും രാജ്യാന്തര കള്ളക്കടത്തുകാരൻ കാണാമറയത്ത്; ഇമ്രാൻഖാൻ ആവർത്തിച്ച് നിഷേധിക്കുമ്പോഴും പാക്മണ്ണിൽ തന്നെ ഉണ്ടെന്ന് റോ വൃത്തങ്ങൾ; മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹിം എവിടെ?

ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും ചെയ്തത് ഭൂതകാലം; മൂന്നുവർഷമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല; അനുജൻ അനീസ് ഇബ്രാഹിമും അടുത്ത അനുയായികളും എവിടെയാണെന്ന് അറിയില്ല; ആരോഗ്യം ക്ഷയിച്ചിട്ടും ഡി കമ്പനി പൊളിഞ്ഞിട്ടും രാജ്യാന്തര കള്ളക്കടത്തുകാരൻ കാണാമറയത്ത്; ഇമ്രാൻഖാൻ ആവർത്തിച്ച് നിഷേധിക്കുമ്പോഴും പാക്മണ്ണിൽ തന്നെ ഉണ്ടെന്ന് റോ വൃത്തങ്ങൾ; മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹിം എവിടെ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും, ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും, ഹിന്ദിസിനിമാ ലോകത്തെ ഉള്ളം കൈയിൽ എടുത്ത് അമ്മാനമാടുകയും ചെയ്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു, ഇന്ന് ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി അറിയപ്പെടുന്ന, ദാവൂദ് ഇബ്രാഹീമിന്. 70കളുടെ അവസാനം മുതൽ 90കളുടെ തുടക്കം വരെ ബോംബെ എന്ന മഹാരാജ്യത്തെ നിയന്ത്രിച്ചിരുന്നത് ദാവൂദ് കസ്‌ക്കർ ഇബ്രാഹീം എന്ന ആ അധോലോക നായകൻ തന്നെയായിരുന്നു. 93ലെ മുംബൈ സ്ഫോടനത്തിൽ പ്രതിചേർക്കപ്പെട്ട് രാജ്യം വിട്ട ദാവൂദ് പാക്കിസ്ഥാൻ ഗവൺമെന്റിന്റെ സംരക്ഷണയിലും ശരിക്കും വിലസിയാണ് ജീവിച്ചത്. മുബൈ വിട്ട് കറാച്ചി കേന്ദ്രീകരിച്ച് പുതിയ അധോലോകം കെട്ടിപ്പെടുത്ത് ഡി കമ്പനി ലോകത്തിന് ഭീഷണിയായി. എന്നാൽ ഇപ്പോൾ അങ്ങേയറ്റം ശോചനീയമായ വാർത്തകളാണ് ഡി കമ്പനിയെകുറിച്ച് പുറത്തുവരുന്നത്. ദാവൂദും, അനിയൻ അനീസ് ഇബ്രാഹീമും, എവിടെയാണെന്ന് ആർക്കും അറിയില്ല. ഇതിനിടെ ഡി കമ്പനി പിളർന്നുവെന്നും പൊളിഞ്ഞുവെന്നും വാർത്തകൾ വന്നു. ദാവൂദിന് ഗുരുതരമായ അസുഖമാണെന്നും ഇതിനിടെ പലതവണ വാർത്ത വന്നു. ഇവർ പാക്കിസ്ഥാനിൽ ഇല്ലെന്ന് പാക്് പ്രധാനമന്ത്രി ഇംറാൻഖാൻ പറയുമ്പോഴും അവിടെ തന്നെയാണെന്നാണ് റോ അടക്കമുള്ള വിവിധ എജൻസികൾ പറയുന്നത്.

ഏറ്റവും ഒടുവിലായി കഴിഞ്ഞ മൂന്നുവർഷമായി ദാവൂദ് മൈബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപിൽ മുഴുവൻ സമയവും പാക്കിസ്ഥാൻ തീരസേനയുടെ കാവലിലുള്ള ദാവൂദിന്റെ രഹസ്യ സങ്കേതം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇന്ത്യ പാക്ക് അതിർത്തിയിൽ ഉൾപ്പെടെ സുരക്ഷാച്ചുമതല നിർവഹിക്കുന്ന അർധസൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ മേൽനോട്ടത്തിൽ ദാവൂദിനു സുരക്ഷ ഒരുക്കി കൊണ്ട് ദാവൂദ് പാക്ക് മണ്ണിൽ ഇല്ലെന്ന നിലപാട് രാജ്യാന്തര വേദികളിൽ ഉയർത്തുകയായിരുന്നു പാക്കിസ്ഥാൻ ഇതു വരെ. അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറുകൾക്കകം ദാവൂദിനു കടൽ മാർഗം ദുബായിൽ എത്താൻ തയാറാക്കിയ രക്ഷാമാർഗവും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പാക്ക് ചാരസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാൻ അനുവാദമുണ്ടായിരുന്നുള്ളു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഉപഗ്രഹഫോണിൽ പ്രത്യേക ഫ്രീക്വൻസിയിലാണ് ഇവർ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്സ് വിഫലമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ദാവൂദിന് തിരിച്ചടിയുണ്ടായത് ഇങ്ങനെ

രാജ്യാന്തര തലത്തിൽ പുതിയ കൂടുതൽ പ്രൊഫഷണൽ ക്രിമിനൽ സംഘടനകൾ വന്നതാണ്, സ്വർണ്ണക്കള്ളകടത്തും മയക്കുമരുന്ന് വ്യാപാരവും പ്രധാന ബിസിനസായ ഡി കമ്പനിക്ക് വലിയ തിരിച്ചടിയായത്. പാക്കിസ്ഥാനിലും അഫ്്ഗാനിലും വിളയുന്ന കഞ്ചാവ്, അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ എത്തിക്കുക, ദുബൈ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുക, ഈ രണ്ട് ഏർപ്പാടുകളും പുതിയ ടീമുകൾ ഏറ്റെടുത്തു. ഡി കമ്പിയിൽ ഉണ്ടാകുന്ന പിളർപ്പും, അമേരിക്കയിൽ നിന്നടക്കം ഉണ്ടായ ശക്തമായ നടപടികളും ഡി കമ്പനിയെ ഒറ്റപ്പെടുത്തി. പുതിയ പ്രധാനമന്ത്രിയായി ഇംറാൻഖാൻ വന്നതോടെ ദാവൂദിനുള്ള രാഷ്ട്രീയ സംരക്ഷണവും ഇല്ലാതായി. ഇതിനു പുറമെ ദാവുദിന്റെ അനാരോഗ്യവും പ്രശ്നമായി.

മാർച്ച് 12, 1993 ഉണ്ടായ ഇന്ത്യയുടെ നെഞ്ചകം തകർത്ത മുംബൈയിലെ സ്ഫോടന പരമ്പരയിലാണ് സത്യത്തിൽ ദാവൂദ് കുടുങ്ങിയത്. മൂന്ന് ഇടങ്ങളിലായി നടത്തിയ കാർ സ്ഫോടനങ്ങളിൽ പൊലിഞ്ഞത് 250 ജീവനുകളാണ്. 1400 പേർ ഗുരുതര പരുക്കുകളോടെ ജീവിക്കുന്ന രക്തസാക്ഷികളായി. ലോകമനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യങ്ങളിൽ മുൻനിരയിലാണ് മുംബൈ സ്ഫോടനത്തിന്റെ സ്ഥാനം. പ്രതിസ്ഥാനത്ത് ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളിൽ ഒന്നാം പേരുകാരൻ ദാവൂദ് ഇബ്രാഹിം. മുംബൈ സ്ഫോടനക്കേസിൽ പിടിയിലാകുമെന്ന ഘട്ടത്തിൽ രാത്രിക്കു രാത്രി കറാച്ചിയിലേക്കു ഒളിച്ചു കടക്കയാണ് ദാവൂദ് ചെയ്തത്.

മൂന്ന് വർഷം മുൻപാണ് അവസാനമായി ദാവൂദ് ഇബ്രാഹിം ഫോണിൽ സംസാരിച്ചത്- 2016 നവംബറിൽ. ഫോണിന്റെ മറുതലക്കൽ ഡി കമ്പനിയിലെ പ്രമുഖനെന്നാണു നിഗമനം. ആരെന്നു കണ്ടുപിടിക്കാനായില്ല. സംസാരിച്ചത് പതിനഞ്ച് മിനിറ്റോളം. കൂടുതലും വ്യക്തിപരമായ കാര്യങ്ങൾ, ഡി കമ്പനിയെ കുറിച്ചോ അധോലോക ബന്ധങ്ങളെ കുറിച്ചോ പരാമർശങ്ങളില്ല. റോ നൽകിയ രഹസ്യവിവരത്തെ അടിസ്ഥാനപ്പെടുത്തി ഡൽഹി പൊലീസ് ദാവൂദിന്റെ കറാച്ചി നമ്പർ നിരീക്ഷിച്ചതു കൊണ്ടായിരുന്നു അന്ന് ഫോൺ ചോർത്താൻ കഴിഞ്ഞത്. ദാവൂദിന്റെ ഫോൺ കോൾ സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് എന്നിവരും അന്വേഷണ വിധേയമാക്കിയിരുന്നു. മുൻ ഡൽഹി പൊലീസ് കമ്മിഷണർ നീരജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിയത്.

ഐപിഎൽ വാതുവയ്‌പ്പുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റെ ഫോൺ പൊലീസ് ചോർത്തിയത്. നിലവിൽ ദാവൂദ് ഫോൺ ഉപയോഗിക്കുന്നില്ലായിരിക്കാം. എന്നാൽ അയാൾ കറാച്ചിയിൽ ഉണ്ടെന്നുള്ള കാര്യത്തിനു തർക്കമില്ല നീരജ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. കറാച്ചിയിൽ നിന്ന് പുറത്തു കടക്കാനുള്ള സാധ്യതകൾ വിരളമാണ്. പാക്ക് മണ്ണിൽ ദാവൂദ് നടത്തുന്ന നീക്കങ്ങളെക്കുറിച്ച് ഡൽഹി െപൊലീസിന് സൂചന ലഭിച്ചരുന്നു.

ഗൾഫിലും യൂറോപ്പിലും കടുത്ത സമ്മർദം തുടർന്ന് ഇന്ത്യ

ദാവൂദ് ഇബ്രാഹിമിനായി ഇന്ത്യ ഗൾഫിലും യുറോപ്പിലും കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് നിലവിൽ ലഭ്യമായ വിവരം. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമും മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലിൽ നിന്നു വന്നു കൊണ്ടിരുന്ന ഭീഷണി കോളുകളും നിലച്ചതായി മുംബൈയിലെ വ്യാപാരികളും പറയുന്നു.

ഫോൺ കോളുകൾ നിലച്ചത് ദാവൂദിന്റെ ആരോഗ്യസ്ഥിതി ക്ഷയിച്ചതിന്റെ തെളിവായി ചിലർ വ്യാഖ്യാനിക്കുന്നുണ്ടെങ്കിൽ അത്തരം വാദങ്ങൾ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. കഴിഞ്ഞ ജൂണിലാണ് പൂർണ ആരോഗ്യവാനായ ദാവൂദിന്റെ ചിത്രം രഹസ്യാന്വേഷണ ഏജൻസികൾ പുറത്തു വിട്ടത്. ദാവൂദിന് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന വാദം സഹോദരൻ അനീസ് ഇബ്രാഹിമും നിഷേധിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ രാജ്യാന്തര തലത്തിലുള്ള ലഹരി മാഫിയ കറാച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്നതായി യുഎസ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2003 ൽ ദാവൂദിനെ യുഎസ് രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദാവൂദിന്റെ വലംകൈയും പാക്ക് പൗരനുമായ ജാബിർ സിദ്ദിഖ് എന്ന ജാബിർ മോട്ടിവാലയുമായി ദാവൂദ് കറാച്ചിയിൽ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തു വിട്ടിരുന്നു.

എന്നാൽ എല്ലാം കെട്ടിചമച്ച തെളിവുകളാണെന്നും ദാവൂദ് പാക്ക് മണ്ണിൽ ഇല്ലെന്നുമാണ് രാജ്യാന്തര വേദികളിൽ പാക്കിസ്ഥാൻ പറഞ്ഞിരുന്നത്. അൻപത്തിയൊന്നുകാരനായ ജാബിർ മോട്ടിവാലയെ യുഎസിലേക്കു നാടുകടത്തി വിചാരണ ചെയ്യാനുള്ള ശ്രമങ്ങൾ തടയാനും പാക്കിസ്ഥാൻ ശ്രമിച്ചിരുന്നു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ എഫ്ബിഐയുടെ ഹർജി പരിഗണിക്കവേ ജാബിർ മോട്ടിവാല വിഷാദരോഗത്തിനു അടിമയാണെന്നും നിരവധി തവണ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും ഇങ്ങനെയുള്ള ഒരാളെ യുഎസിലേക്കു നാടുകടത്തുന്നത് നീതിയല്ലെന്നുമാണ് പാക്ക് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

വൻ തിരിച്ചടിയായി സഹോദരപുത്രന്റെ അറസ്റ്റ്

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കറിന്റെ മകൻ റിസ്വാനെ രഹസ്യനീക്കത്തിലൂടെ കഴിഞ്ഞ വർഷം മുംബൈ പൊലീസ് കുടുക്കിയത് ഡി കമ്പനിയുടെ മുബൈ വേര് അറത്തു. ഡി കമ്പനിയുടെ കണ്ണികൾക്കായി പൊലീസ് വല വിരിച്ചതിനാൽ രാജ്യം വിടാൻ ശ്രമിക്കുകയായിരുന്നു റിസ്വാൻ. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. റിസ്വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നീ കേസുകളുണ്ട്.

ഡി' കമ്പനിയുടെ ഇന്ത്യയിലെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇയാളിൽനിന്നു ലഭിച്ചെന്നാണ് സൂചന. ഛോട്ടാ ഷക്കീലിന്റെ അനുയായിയുമായ അഹമ്മദ് റാസയും മുംബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ അഹമ്മദ് റാസയെ മുംബൈ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ദാവൂദിന്റെ അടുത്ത അനുയായി ഫാഹിം മച്ച്മച്ചിന് ഛോട്ടാ ഷക്കീലിന്റെ നിർദ്ദേശങ്ങൾ കൈമാറി ഡി കമ്പനിയുടെ ഹവാല ബന്ധം ശക്തിപ്പെടുത്തിയിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു. ഇതോടെ ഡി കമ്പനിയുടെ മുംെബൈ, താനെ, സൂറത്ത് എന്നിവടങ്ങളിലെ വ്യാപാരികൾക്കിടയിൽ ഹവാല പണമിടപാടും നിന്നു. ഇതോടൊക്കെ പ്രതിസന്ധിയിലായ ദാവൂദിന് ഇനി എത്രകാലം പിടിച്ചു നിൽക്കാൻ കഴിയുമെന്നാണ് റോയും അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP