Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശുവണ്ടി കോർപ്പറേഷൻ എംഡിയാക്കാൻ ഒരുകോടി രൂപയുമായി വന്ന ക്രൈംബ്രാഞ്ച് എസ്‌പിയെ ഒരു മന്ത്രി തിരിച്ചയച്ചു; എന്നിട്ടും ഏറെ വൈകാതെ എസ്‌പി എംഡിയായെങ്കിൽ ആ ഒരു കോടി ആരു വാങ്ങി? വിജിലൻസ് കേസിന് പിന്നാലെ മന്ത്രിയുടെ പരാതി കൂടിയായപ്പോൾ മെഴ്‌സിക്കുട്ടിയമ്മയ്ക്ക് രാജിവയ്‌ക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

കശുവണ്ടി കോർപ്പറേഷൻ എംഡിയാക്കാൻ ഒരുകോടി രൂപയുമായി വന്ന ക്രൈംബ്രാഞ്ച് എസ്‌പിയെ ഒരു മന്ത്രി തിരിച്ചയച്ചു; എന്നിട്ടും ഏറെ വൈകാതെ എസ്‌പി എംഡിയായെങ്കിൽ ആ ഒരു കോടി ആരു വാങ്ങി? വിജിലൻസ് കേസിന് പിന്നാലെ മന്ത്രിയുടെ പരാതി കൂടിയായപ്പോൾ മെഴ്‌സിക്കുട്ടിയമ്മയ്ക്ക് രാജിവയ്‌ക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ജനങ്ങളുടെ കൈയടി നേടിയ ആദ്യ നടപടിയായിരുന്നു സംസ്ഥാനത്തെ പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ അടിയന്തിര നടപടി സ്വീകരിച്ചുവെന്നത്. തോട്ടണ്ടി തൊഴിലാളികളെ അടുത്തറിയുകയും അവരുടെ ഇടയിൽ പ്രവർത്തിക്കുകയും ചെയ്ത മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തന്നെ ഇതിന് നടപടിയെടുക്കുകയും കഴിഞ്ഞ ഓണക്കാലത്ത് ഫാക്ടറികൾ തുറക്കാൻ നടപടിയെടുക്കുകയും ചെയതു. അടിയന്തിരമായി തോട്ടണ്ടി ഇറക്കുമതി ചെയ്താണ് ഇതിന് വഴിയൊരുക്കിയത്. പക്ഷേ, ഈ ഇറക്കുമതിയിൽ വൻ അഴിമതി നടന്നുവെന്ന ആരോപണം ഉയർന്നതോടെ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരിറങ്ങുകയും ചെയ്തിരിക്കുന്നു.

ഇതോടെ മന്ത്രിയുടെ നില പരുങ്ങലിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തോട്ടണ്ടി ഇറക്കുമതിയിൽ സർക്കാരിനു 10.34 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യക്തമായ തെളിവുകൾ ലഭിച്ചതിനേത്തുടർന്നാണു മേഴ്‌സിക്കുട്ടിയമ്മ, ഭർത്താവും കേരള സ്‌റ്റേറ്റ് കാഷ്യു വർക്കേഴ്‌സ് അപെക്‌സ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി (കാപെക്‌സ്) മുൻ ഡയറക്ടർ ബോർഡ് അംഗവുമായ പി. തുളസീധരക്കുറുപ്പ്, കശുവണ്ടി വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ടി.എഫ്. സേവ്യർ തുടങ്ങിയവർക്കെതിരേ ദ്രുതപരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്തെന്നാണ് സൂചനകൾ.

എല്ലാക്കാലത്തും അഴിമതിയുടെ കൂത്തരങ്ങായി അറിയപ്പെടുന്ന തോട്ടണ്ടി ഇറക്കുമതിയിൽ ഇക്കുറി മന്ത്രിയും കുടുങ്ങിയോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. കുറഞ്ഞ തുകയുടെ ടെൻഡർ സമർപ്പിച്ചവരെ ഒഴിവാക്കിയതിലൂടെ കശുവണ്ടി കോർപറേഷന് 6.87 കോടി രൂപയുടെയും കാപെക്‌സിന് 3.47 കോടിയുടെയും ഉൾപ്പെടെ 10.34 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നാണു റഹിമിന്റെ പരാതി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ള ആരോപണവിധേയരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും.

അതേസമയം, പാർട്ടിയിൽതന്നെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പരാതി ഉയരുകയും ഇതിന്റെ ഭാഗമായാണ് അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചതെന്നുമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഓണക്കാലത്തെ തോട്ടണ്ടി ഇറക്കുമതിയിൽ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ചു സിപിഐ(എം). സംസ്ഥാനനേതൃത്വത്തിനും വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറക്കുമതി അഴിമതിമതിക്കുപുറമേ മറ്റൊരു മന്ത്രി തന്നെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

ഇടതുസർക്കാർ അധികാരമേറ്റശേഷം കശുവണ്ടി കോർപറേഷൻ എം.ഡി. സ്ഥാനത്തേക്കു തന്നെ ശുപാർശ ചെയ്യണമെന്നഭ്യർത്ഥിച്ച് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന സേവ്യർ ഈ മന്ത്രിയെ കണ്ടെന്നാണ് ആക്ഷേപം. കൊല്ലം ജില്ലയിൽനിന്നുള്ള പ്രമുഖ സിപിഐ(എം). നേതാവും ഒപ്പമുണ്ടായിരുന്നു. കാര്യസാധ്യത്തിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും എന്നാൽ, താൻ അവരെ പറഞ്ഞുവിടുകയായിരുന്നെന്നും മന്ത്രി പാർട്ടിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ പിന്നീട് അതേ എസ്‌പി തന്നെ ഡെപ്യൂട്ടേഷനിൽ കോർപറേഷൻ എം.ഡിയായി. തനിക്കു വാഗ്ദാനം ചെയ്ത ഒരുകോടി രൂപ മറ്റാർക്കോ നൽകിയെന്നും അതു മേഴ്‌സിക്കുട്ടിയമ്മയുടെ അറിവോടെയാണെന്നും ആണ് ഇതോടെ ആക്ഷേപമുയർന്നത്. പാർട്ടിയിൽ ഇക്കാര്യം ചർച്ചയായി മാറുകയും ചെയ്തു. കൊല്ലം ജില്ലയിലെ പ്രമുഖ വി എസ്. പക്ഷക്കാരിയാണു മേഴ്‌സിക്കുട്ടിയമ്മ. അതുകൊണ്ടുതന്നെ പാർട്ടിയിലെ ഔദ്യോഗികപക്ഷത്തിനു വീണുകിട്ടിയ വടിയാണ് തോട്ടണ്ടി ഇടപാടിലെ വിജിലൻസ് അന്വേഷണം. ബന്ധുനിയമനവിവാദത്തിന്റെ പേരിൽ ഔദ്യോഗികപക്ഷത്തെ കരുത്തനായ ഇ.പി. ജയരാജനു പോലും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ, 10.34 കോടി രൂപയുടെ അഴിമതിയാരോപണം നേരിടുന്ന മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെയും കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്നുതന്നെ ഉയർന്നുകഴിഞ്ഞു. വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ട് വരുന്നതിന് മുമ്പുതന്നെ ജയരാജനെ കൊണ്ട് രാജിവയ്പിച്ച മാതൃകയിൽ അഴിമതി ആരോപണം നേരിടുന്ന മെഴ്‌സിക്കുട്ടിയമ്മയും രാജിവയ്ക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. മെഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ ഒരു കൊലപാതകകേസിൽ അടുത്തിടെ സിബിഐ അറസ്റ്റുചെയ്തതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP