Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടത്ത് പരീക്ഷയെഴുതിയ സുമിത്തിന് പിടി വീണത് ഇടയ്ക്കിടെ ചെവിയിൽ പിടിക്കുന്നത് അദ്ധ്യാപിക ശ്രദ്ധിച്ചതോടെ; വഴുതയ്ക്കാട്ടെ സ്‌കൂളിൽ സുനിലിന്റെ കോപ്പിയടി പിടിച്ചതും അദ്ധ്യാപിക; ചെവിക്കുള്ളിൽ കുഞ്ഞൻ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും വയറ്റിൽ ബെൽറ്റ് കെട്ടി ഫോണും; സുരക്ഷാ പരിശോധന ഇല്ലാതെ നടത്തിയ വി എസ്എസ് സി പരീക്ഷ റദ്ദാക്കി

പട്ടത്ത് പരീക്ഷയെഴുതിയ സുമിത്തിന് പിടി വീണത് ഇടയ്ക്കിടെ ചെവിയിൽ പിടിക്കുന്നത് അദ്ധ്യാപിക ശ്രദ്ധിച്ചതോടെ; വഴുതയ്ക്കാട്ടെ സ്‌കൂളിൽ സുനിലിന്റെ കോപ്പിയടി പിടിച്ചതും അദ്ധ്യാപിക; ചെവിക്കുള്ളിൽ കുഞ്ഞൻ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും വയറ്റിൽ ബെൽറ്റ് കെട്ടി ഫോണും; സുരക്ഷാ പരിശോധന ഇല്ലാതെ നടത്തിയ വി എസ്എസ് സി പരീക്ഷ റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നവിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റർ (വി എസ്എസ്സി) ടെക്‌നീഷൻ തസ്തികയിലേക്കുള്ള പരീക്ഷ റദ്ദാക്കി. ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, റേഡിയോഗ്രാഫർ എന്നി തസ്തികകളിലേക്ക് ഇന്നലെ നടന്ന പരീക്ഷ റദ്ദാക്കിയതായി വി എസ് എസ് സി അറിയിച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്തൊക്കെ തട്ടിപ്പുകളാണ് പരീക്ഷയിൽ നടന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് റിപ്പോർട്ട് നൽകിയത്. ഇനി പരീക്ഷ നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച ശുപാർശയും കത്തിലുണ്ട്.

ടെക്നീഷൻ ഗ്രെയ്ഡ് റിക്രൂട്ട്മെന്റ് പരീക്ഷയിലെ കോപ്പിയടിക്ക് പിന്നിൽ വൻ സംഘമെന്നാണ് സൂചന. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിങ് സെന്റർ ജീവനക്കാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ സംഘത്തിലുള്ള ആളുകളാണ് കോച്ചിങ് സെന്ററിലെത്തുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി പരീക്ഷയെഴുതുന്നത്. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ വൻ തുകയാണ് വാങ്ങുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ സുമിത്തിന്റെ യഥാർഥ പേര് മനോജ് കുമാർ എന്നാണ്. സുനിലിന്റെ പേര് ഗൗതം ചൗഹാൻ എന്നാണെന്നും മ്യൂസിയം പൊലീസ് കണ്ടെത്തി. ഇതോടെ ആൾമാറാട്ടം തെളിഞ്ഞു.

ഹരിയാണയിൽനിന്ന് 469 പേരാണ് പരീക്ഷയെഴുതിയത്. തട്ടിപ്പിന് പിടിയിലായതും ഇതേ സംസ്ഥാനത്തുനിന്നുള്ളവരാണ്. ഇത്രയുമധികം പേർ പരീക്ഷ എഴുതിയതിനാൽ തട്ടിപ്പ് വ്യാപകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടിയിലായവർ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നിൽ ഹരിയാണയിലെ കോച്ചിങ് സെന്ററാണെന്നുമാണ് പൊലീസിന്റെ നിഗമനം. മെഡിക്കൽ കോളേജ്, മ്യൂസിയം പൊലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാണ സ്വദേശികളിൽ പലരും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചതായാണ് പ്രതികൾ പൊലീസിന് നൽകിയ വിവരം. പരീക്ഷയെഴുതിയ പലരും സംസ്ഥാനം വിട്ടു. വിമാനത്തിലാണ് ഇവരെത്തിയതെന്നും പറയുന്നു.

സംഭവത്തിൽ നാല് ഹരിയാന സ്വദേശികളെക്കൂടി ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കോപ്പിയടിക്ക് പുറത്തുനിന്ന് സഹായം നൽകിയ നാല് പേരാണ് പിടിയിലായത്. വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. സംഭവത്തിൽ കോട്ടൺഹിൽ സ്‌കൂളിലും പട്ടം സ്‌കൂളിലും പരീക്ഷ എഴുതിയവരാണ് പിടിയിലായത്. പരീക്ഷ തുടങ്ങിയതിനു പിന്നാലെ അദ്ധ്യാപകർ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെവിക്കുള്ളിൽ ബ്ലൂടൂത്ത് ഹെഡ് സെറ്റ് കണ്ടെത്തിയത്. പിന്നീട് പൊലീസിന് വിവരം കൈമാറുകയായിരുന്നു.

ഇടയ്ക്കിടെ ചെവിയിൽ പിടിച്ച് പരീക്ഷ എഴുത്ത്

പൊലീസിന്റെ മുന്നറിയിപ്പ് കിട്ടിയതോടെ വി എസ്എസ്സി അധികൃതർ ഡേറ്റാ ബാങ്ക് പരിശോധിച്ചു. മൂന്നു ഹരിയാന സ്വദേശികൾ നഗരത്തിലെ രണ്ട് സ്‌കൂളുകളിൽ പരീക്ഷ എഴുതുന്നതായി മനസ്സിലാക്കി. ഒരാൾ പരീക്ഷയ്ക്ക് ഹാജരായില്ല. പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ്, അറസ്റ്റിലായ സുമിത്ത് പരീക്ഷയെഴുതിയത്. സുനിൽ വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലും. സുമിത്ത് ചെവിയിൽ ഇടയ്ക്കിടെ പിടിക്കുന്നത് ശ്രദ്ധിച്ച അദ്ധ്യാപികയാണ് വി എസ്എസ്സി ജീവനക്കാരോട് വിവരം പറഞ്ഞത്. അവർ നടത്തിയ പരിശോധനയിൽ ഉപകരണങ്ങൾ കണ്ടെത്തി.

സമാനമായി, കോട്ടൺഹിൽ സ്‌കൂളിലെ അദ്ധ്യാപികയും സംശയമുള്ള ആളിനെക്കുറിച്ചുള്ള വിവരം കൈമാറി. പരിശോധനയിൽ ഉപകരണങ്ങൾ കണ്ടെടുത്തതോടെ പൊലീസിനെ വിവരം അറിയിച്ചു. ഹരിയാനയിലെ കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പരീക്ഷയിൽ തട്ടിപ്പു നടത്തുന്നതിന് കോച്ചിങ് സെന്ററുകൾ പരിശീലനം നൽകിയിരുന്നു. സുരക്ഷ കുറവുള്ള പരീക്ഷകളും സെന്ററുകളുമാണ് തിരഞ്ഞെടുത്തിരുന്നത്.

പരീക്ഷ എഴുതാൻ വൻ തുകയ്ക്ക് ആൾമാറാട്ടക്കാരെയും ഏർപ്പെടുത്തിയിരുന്നു. സെന്ററുകൾ തമ്മിൽ മത്സരം വർധിച്ചതോടെയാണ് തട്ടിപ്പ് വിവരം ചോർന്നത്. ഹരിയാനയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയിൽ പങ്കെടുത്തത്. ഇത്രയും പേർ ഹരിയാനയിൽനിന്ന് പങ്കെടുത്തതിലെ അസ്വാഭാവികതയും പൊലീസ് അന്വേഷിക്കും. പ്രതികളുടെ വിവരം ഹരിയാന പൊലീസിനു കൈമാറി. അവിടെനിന്ന് സ്ഥിരീകരണം ലഭിച്ച ശേഷമാകും കേരള പൊലീസ് ഹരിയാനയിലേക്ക് പുറപ്പെടുക

സുനിൽ, സുമിത്ത് എന്നീ ഉദ്യോഗാർഥികളുടെ പേരിൽ ആൾമാറാട്ടക്കാർ പരീക്ഷ എഴുതുകയായിരുന്നു. ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്ത് ഇവർ പുറത്തേക്ക് അയച്ച് കൊടുത്തു. ഉത്തരങ്ങൾ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴി കേട്ടാണ് ഉത്തരം എഴുതിയത്.

ഹൈടെക് കോപ്പിയടി

എഴുത്തുപരീക്ഷയിലെ ഹൈടെക് കോപ്പിയടി അമ്പരപ്പിക്കുന്നതാണ്. വയറ്റിൽ ബെൽറ്റ് കെട്ടി മൊബൈൽ ഫോൺ ഒളിപ്പിച്ച്, ബ്ലൂടൂത്ത് ഹെഡ്‌സെറ്റും സ്മാർട് വാച്ചും റിമോട്ടും ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്നു വിരുതന്മാർ. ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികൾ ക്രമക്കേട് കാണിച്ചത്. ഹരിയാണയിലുള്ള കോച്ചിങ് സ്ഥാപനങ്ങൾക്കാണ് ഇവർ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തത്. മറ്റുള്ള ആളുകൾക്ക് വേണ്ടിയാണ് ഇവർ പരീക്ഷയെഴുതിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതികളുടെ വിലാസം പരിശോധിച്ചപ്പോൾ അത് വ്യാജമായിരുന്നു. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്.

പേപ്പർ പിന്നിന്റെ അത്രയും വലുപ്പമുള്ള ബ്ലൂ ടൂത്ത് ഹെഡ്സെറ്റാണ് പിടിച്ചെടുത്തത്. ചെവിക്കുള്ളിലേക്ക് ഇത് കയറ്റിവെയ്ക്കും. പെട്ടെന്ന് തിരിച്ചറിയില്ല. പഴയ മൊബൈൽഫോണിന്റെ കെയ്സുകൾ ഇളക്കിമാറ്റി ചെറുതാക്കും. ക്യാമറ മാത്രം പുറത്തുകാണും. ഈ ഉപകരണം വയറിൽ ബെൽറ്റുപയോഗിച്ച് കെട്ടിവെച്ചശേഷം ക്യാമറ, ഷർട്ടിന്റെ ബട്ടൻസുള്ള സ്ഥാനത്ത് ഘടിപ്പിക്കും. പുറത്തു നിന്ന് നോക്കുന്നയാൾക്ക് ഷർട്ടിന്റെ ബട്ടൻസാണെന്ന് തോന്നും. ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കാൻ ചെറിയ റിമോട്ടും പ്രതികളുടെ കൈയിലുണ്ടാകും. ക്യാമറ ഉപയോഗിച്ച്, റിമോട്ട് കൺട്രോൾ വഴി ചോദ്യപേപ്പറിന്റെ ചിത്രമെടുക്കും. ഇത് ക്ലൗഡ് സ്റ്റോറേജായി പുറത്ത് ഒരിടത്ത് സേവ് ചെയ്യും. പുറത്തുനിന്നുള്ളയാൾ ചോദ്യ പേപ്പർ പരിശോധിച്ച ശേഷം ഉത്തരങ്ങൾ ഹെഡ്സെറ്റ് വഴി പറഞ്ഞുകൊടുക്കും.

വയറ്റിൽ ബെൽറ്റ് കെട്ടി അതിലാണു ഫോൺ സൂക്ഷിച്ചിരുന്നത്. ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്തു പുറത്തേക്ക് അയച്ചു കൊടുത്തു. ഹരിയാനയിലെ സുഹൃത്തുക്കൾക്കാണോ അതോ പുറത്തുണ്ടായിരുന്നവർക്കാണോ ഇത് അയച്ചതെന്ന് അന്വേഷിക്കുന്നു. ഇതിനു ശേഷം ഉത്തരങ്ങൾ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴിയും സ്മാർട് വാച്ചിലെ സ്‌ക്രീനിലൂടെയും കേട്ടും മനസ്സിലാക്കിയുമാണു സുനിൽ പരീക്ഷ എഴുതിയത്. ഇത്തരത്തിൽ സുനിൽ 75 മാർക്കിന് ഉത്തരങ്ങൾ എഴുതി. പിടിക്കപ്പെട്ടതിനാൽ സുമിത്തിന് ഒന്നും എഴുതാൻ സാധിച്ചില്ല. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാണ സ്വദേശികൾ ഉൾപ്പെടെ ഉത്തരേന്ത്യക്കാരാണ് കൂടുതലും പരീക്ഷയെഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP