Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഇല്ലാത്ത വിസയിൽ വല്ലാത്ത തട്ടിപ്പുകൾ..! വിദേശജോലി വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അനിൽകുമാർ ഒരു വില്ലാളി വീരൻ; പൊലീസ് പിടിയിലായപ്പോൾ തുമ്പായതുകൊലപാതക കേസിനും

ഇല്ലാത്ത വിസയിൽ വല്ലാത്ത തട്ടിപ്പുകൾ..! വിദേശജോലി വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അനിൽകുമാർ ഒരു വില്ലാളി വീരൻ; പൊലീസ് പിടിയിലായപ്പോൾ തുമ്പായതുകൊലപാതക കേസിനും

തിരുവനന്തപുരം: വിസ വാഗ്ദാനം ചെയ്്ത അമ്പത് ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ തിരുവനന്തപുരം ആനയറ ഓൾസെയിന്റ്‌സ് കോളേജിന് സമീപം സൗമ്യാഭവനിൽ കൊച്ചനിയെന്ന അനിൽകുമാർ അറസ്റ്റിലായപ്പോൽ തുമ്പായത് മറ്റൊരു കൊലപാതക കേസിന് കൂടി. ശാസ്തമംഗലം മരുതുംകുഴി പാലത്തിന് സമീപത്തുള്ള എക്സ്‌പ്രസ് ട്രാാവൽസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പു നടത്തിയത്. കഴിഞ്ഞദിവസം മ്യൂസിയം പൊലീസിന്റെ പിടിയിലായതോടെ വർഷങ്ങളായി തുടർന്നുവന്ന തട്ടിപ്പുകൾക്കൊപ്പം വിചാരണ നേരിടാതെ മുങ്ങിനടന്ന കൊലപാതകക്കേസിന് കൂടി ജീവൻ വച്ചു.

നാട്ടിൽ കൂലിപ്പണിചെയ്യുന്നതിൽ മലയാളിക്കുള്ള ദുരഭിമാനം മനസിലാക്കിയാണ് വൈറ്റ് കോളർ ജോലി കാത്തിരിക്കുന്ന മലയാളികളെ വിസ തട്ടിപ്പിൽ കുടുക്കാൻ അനിൽകുമാർ കച്ചകെട്ടിയിറങ്ങിയത്. ആയിരമോ, രണ്ടായിരമോ നൽകി ഖത്തറിലേക്കോ ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിലേക്കോ വിസയുള്ളതായി പത്രത്തിൽ പരസ്യം നൽകി തട്ടിപ്പുനടത്തുന്നായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്ര്, കുക്ക്, ഡ്രൈവർ വിസകൾ റെഡി, പരിചയം ആവശ്യമില്ല, വിസയ്ക്കും ടിക്കറ്റിനും തുച്ഛമായ ഫീസ്. പരസ്യ വാചകങ്ങളിൽ മതിമറന്ന് ഫോൺ നമ്പരുകളിലേക്ക് തൊഴിൽ അന്വേഷകരുടെ കോളുകളുടെ പ്രവാഹം. കോളുകൾ അറ്റന്റ് ചെയ്യാനും ഇന്റർവ്യൂവിന് തീയതി നൽകാനുമായി രണ്ട് വനിതാ ജീവനക്കാരുമുണ്ട് ഇയാളുടെ ഓഫീസിൽ.

വിസ ആവശ്യപ്പെടുന്നവരോട് ഓഫീസിലെത്തി പതിനായിരം രൂപ നൽകി രജിസ്റ്റർ ചെയ്യാനാണ് ആദ്യ നിർദ്ദേശം. രണ്ടായിരം രൂപ മെഡിക്കൽ പരിശോധന ഫീസും ഈടാക്കും. 85,000 രൂപവരെയാണ് വിസയ്ക്ക് ആവശ്യപ്പെടുന്നത്. രജിസ്‌ട്രേഷനും മെഡിക്കൽ ഫീസുമൊഴികെയുള്ള പണം ബാങ്ക് അക്കൗണ്ട് വഴിയാണ് അനിൽകുമാർ വസൂലാക്കുന്നത്. പണം നൽകിയവർക്ക് പറഞ്ഞ സമയത്ത് വിസ ലഭ്യമാക്കാതിരുന്നതാണ് പരാതിക്കും അറസ്റ്റിനുംഇടയാക്കിയത്. നൂറിലേറെപ്പേർ തട്ടിപ്പിൽപെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചത് അമ്പതിലേറെ പരാതികൾ മാത്രം.

രജിസ്‌ട്രേഷൻ നടത്തി വൈദ്യപരിശോധനാ ഫീസൊടുക്കുന്നവരെ മെഡിക്കൽ ചെക്കപ്പിന്റെ പേരിലാണ് പിന്നീട് കബളിപ്പിക്കപ്പെടുന്നത്. തൊട്ടടുത്ത ലാബിലേക്ക് അയച്ച് രക്ത സാമ്പിളുകൾ ശേഖരിക്കുന്നതോടെ വൈദ്യപരിശോധന അവസാനിക്കും. രക്തസാമ്പിളുകൾ ശേഖരിച്ചശേഷം പ്രമേഹം, കൊളസ്‌ട്രോൾ, മഞ്ഞപ്പിത്തം തുടങ്ങി ഏതാനും ടെസ്റ്റുകൾ നടത്തിയശേഷം ഫിറ്റായതായി അറിയിക്കും. വിസ ഉടനെത്തുമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ മടക്കി അയക്കും. ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും കാത്തിരുന്നവർക്ക് വിസ കിട്ടില്ല. സമീപത്തെ ഒരു ലാബിലായിരുന്നു തുടക്കം മുതൽ അനിൽകുമാർ മെഡിക്കൽ പരിശോധന നടത്തിയിരുന്നതെങ്കിലും പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് എക്‌സ് പ്രസ് ട്രാവത്സിന്റെ ഓഫീസിൽ വച്ചും രക്ത സാമ്പിളുകൾ ശേഖരിച്ച് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷം മുമ്പ് കൊല്ലത്തും അനിൽകുമാർ വിസ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. സമാന സ്വഭാവത്തിലുള്ള തട്ടിപ്പാണ് അന്നും അരങ്ങേറിയത്.

വിസ തട്ടിപ്പിൽ ഇയാൾക്കൊപ്പം പൊലീസ് പിടികൂടിയ ഇടമൺ സ്വദേശി സൈനുലാബ്ദീൻ, തെന്മല സ്വദേശി ഇമാൻ മൊയ്തീൻ എന്നിവർ അനിൽകുമാറിന്റെ കുതന്ത്രങ്ങളിൽപ്പെട്ടാണ് കേസിൽ കുടുങ്ങിയത്. ലോഡിങ് തൊഴിലാളികളായ ഇവരിൽ സൈനുലാബ്ദീൻ അനിൽകുമാറിന്റെ അമ്മയുടെ പഴയ സുഹൃത്താണ്. ആ വഴിക്കാണ് ഇമാൻ മൊയ്തീനും അനിൽകുമാറുമായി പരിചയം. കുടുംബ സുഹൃത്തുക്കളായ ഇവരുമായുള്ള ചങ്ങാത്തം മുതലെടുത്ത അനിൽ കുമാർ തട്ടിപ്പിന് ഇവരുടെ പേരിലുള്ളബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. പുനലൂർ, കൊട്ടാരക്കര, അമ്പലംകുന്ന് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിൽ ഇവരുടെ പേരും വിലാസവുമുപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച അനിൽകുമാ&്വംിഷ;ർ ഈ അക്കൗണ്ട് നമ്പരുകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഓൺലൈൻ ബിസിനസുകളുമായി ബന്ധപ്പെട്ട് കമ്മിഷൻ ഇനത്തിൽ ധാരാളം പണം വരുന്നതിനാൽ തന്റെ അക്കൗണ്ട് വഴി ഇടപാട് നടത്തിയാൽ ആദായ നികുതിയിനത്തിൽ വൻ തുക നൽകേണ്ടിവരുമെന്നും ഇതിനായി അക്കൗണ്ട് ആരംഭിച്ച് സഹായിക്കണമെന്നുമായിരുന്നു അനിൽകുമാർ ഇവരോട് പറഞ്ഞിരുന്നത്.

രജിസ്‌ട്രേഷൻ ഫീസും മെഡിക്കൽ ഫീസും കഴിച്ചുള്ള ബാക്കി പണം അക്കൗണ്ട് നമ്പരുകളിൽ നിക്ഷേപിക്കാൻ വിസ ഇടപാടുകാരോട് നിർദേശിച്ച അനിൽകുമാർ പണം പിൻവലിക്കാൻ എ.ടി.എം കാർഡുകളും അക്കൗണ്ട് ഉടമകളിൽ നിന്ന് കരസ്ഥമാക്കി. അക്കൗണ്ടുകളിൽ പണം വരുന്നതനുസരിച്ച് പിൻവലിച്ചുകൊണ്ടിരുന്ന അനിൽകുമാർ ഇതിൽനിന്നും രണ്ടായിരമോ മൂവായിരമോ രൂപ വല്ലപ്പോഴും സൈനുലാബ്ദീനും ഇമാൻ മൊയ്തീനും പ്രതിഫലമായി നൽകിയിരുന്നു. വിസതട്ടിപ്പ് കേസിൽ അനിൽകുമാർ പിടിയിലാകുകയും തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് നമ്പരുകൾ പരിശോധിക്കുകയും ചെയ്തതിനെ തുടർന്നാണ് സൈനുലാബ്ദീനും ഇമാൻ മൊയ്തീനും പൊലീസ് പിടിയിലായത്. അപ്പോഴാണ് അനിൽകുമാർ തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്ന് ഇരുവർക്കും ബോദ്ധ്യപ്പെട്ടത്.

തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ അനിൽകുമാർ തലസ്ഥാനത്തെ ആഡംബര ഹോട്ടലുകളിലായിരുന്നു ഊണും ഉറക്കവും. പണം നഷ്ടപ്പെട്ടും വിസ ലഭിക്കാതെയും ഇരകൾ പരക്കം പായുമ്പോഴും തന്നെ ഫോണിൽ വിളിക്കുമ്പോഴും അനിൽകുമാറിന് തെല്ലും കൂസലുണ്ടായില്ല. അവരോട് വിസ ഉടനെത്തുമെന്നായിരുന്നു കൂളായുള്ള മറുപടി. ചിലരോട് എയർപോർട്ടിൽ വരാൻ ഒരു തീയതി പറയുകയും അവിടെ വച്ച് വിസ കൈമാറാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യും. ഇത്തരത്തിൽ യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിലെത്തിയ ചിലരുടെ ഫോൺ കോളുകൾ അനിൽകുമാർ പിടിയിലായശേഷം പൊലീസാണ് അറ്റന്റ് ചെയ്തത്.

രാജീവ് പിള്ള, സൈനുലാബ്ദീൻ, ദേവൻ, മൊയ്തീൻ, കുമാർ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഈ പേരുകളിൽ ഹോട്ടലുകളിൽ മാറിമാറി താമസിച്ചിരുന്ന ഇയാൾ ബിസിനസുകാരനാണെന്നാണ് ഹോട്ടലുകാരോട് പറഞ്ഞിരുന്നത്. തട്ടിപ്പിനിരയായവരിൽ പലരെയും അനിൽകുമാർ ഒരുതവണപോലും നേരിട്ട് കണ്ടിട്ടില്ല. അനിൽകുമാർ വിദേശയാത്രയിലാണെന്നാണ് അവിടുത്തെ വനിതാ ജീവനക്കാർ ഇടപാടുകാരെ ധരിപ്പിക്കുക. വിസ വൈകുമ്പോൾ ഉടമയെ കണ്ടേ പറ്റൂവെന്ന് ശഠിക്കുന്നവർക്ക് ജീവനക്കാർ ഇയാളെ ഫോണിൽ കണക്ട് ചെയ്യും. വാചക കസർത്തിലൂടെ ആരെയും വലയിലാക്കുന്ന അനിൽകുമാറിന്റെ വാക്കുകൾ വിശ്വസിച്ച് മടങ്ങിയ പലർക്കും വളരെ വൈകിയാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP