Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202206Tuesday

'മകൻ കാരണം ഒരു പെണ്ണ് ചത്തു'; നിർണായകമായത് റഫീക്കയുടെ നാക്കുപിഴ; പ്രണയം നടിച്ച് പീഡിപ്പിച്ചത് പുറത്തറിയാതിരിക്കാൻ പതിനാലുകാരിയെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത് അമ്മയും മകനും ചേർന്ന്; ദത്തെടുത്ത കുട്ടിയുടെ മരണത്തിൽ പൊലീസ് സംശയിച്ചത് രക്ഷകർത്താക്കളെ; വിഴിഞ്ഞത്ത് സത്യം തെളിഞ്ഞത് ഇങ്ങനെ

'മകൻ കാരണം ഒരു പെണ്ണ് ചത്തു'; നിർണായകമായത് റഫീക്കയുടെ നാക്കുപിഴ; പ്രണയം നടിച്ച് പീഡിപ്പിച്ചത് പുറത്തറിയാതിരിക്കാൻ പതിനാലുകാരിയെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത് അമ്മയും മകനും ചേർന്ന്; ദത്തെടുത്ത കുട്ടിയുടെ മരണത്തിൽ പൊലീസ് സംശയിച്ചത് രക്ഷകർത്താക്കളെ; വിഴിഞ്ഞത്ത് സത്യം തെളിഞ്ഞത് ഇങ്ങനെ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: ആർക്കും അധികകാലം സത്യം മറച്ചുപിടിക്കാൻ സാധിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന കേസായി വിഴിഞ്ഞത്തെ പതിന്നാലുകാരിയുടെ കൊലപാതകം. 2021 ജനുവരി 13 ന് നടന്ന കൊലപാതകത്തിൽ മുപ്പതിലധികം സാക്ഷികളെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തെങ്കിലും ഇതുവരെ കുറ്റവാളികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, പെൺകുട്ടിയുടെ വീടുമായി നല്ല ബന്ധത്തിലായിരുന്ന അയൽവാസികളായ റഫീക്ക ബീവിയേയും ഷഫീക്കിനെയും ആരും സംശയിച്ചിരുന്നുമില്ല.

മരിച്ച പെൺകുട്ടിയും ഷഫീക്കുമായി പ്രണയത്തിലായിരുന്നെന്ന് റഫീക്ക പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ ഷഫീക്ക് ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇത് പുറത്തുപറയാതിരിക്കാനും നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള പെൺകുട്ടിയെ ഒഴിവാക്കുന്നതിനും വേണ്ടിയാണ് അമ്മയും മകനും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഷഫീക്ക് ചുറ്റിക കൊണ്ട് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും റഫീക്ക പെൺകുട്ടിയുടെ തല പിടിച്ച് ചുമരിലിടിക്കുകയുമായിരുന്നു.

അമിതഭാരവും കാലിന് വീക്കവും മൂലം മരുന്നുകൾ കഴിക്കുന്നയാളായിരുന്നു പെൺകുട്ടിയെന്ന് കോവളം പൊലീസ് പറയുന്നു. അവശനിലയിൽ വീട്ടിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ ആദ്യം മരുന്നിന്റെ സെഡേഷനെന്നായിരുന്നു വീട്ടുകാർ കരുതിയത്. എന്നാൽ തലവേദന വർദ്ധിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മുന്നിൽ നിന്നത് റഫീക്ക ബീവി തന്നെയായിരുന്നു. പിറ്റെ ദിവസം പെൺകുട്ടി മരണപ്പെട്ടു.

ഈ കേസുമായി ബന്ധപ്പെട്ട് അയൽവാസികളായ നിരവധിപേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ആദ്യം പെൺകുട്ടിയുടെ വീട്ടുകാരെ തന്നെയായിരുന്നു പൊലീസിന് സംശയം. ദത്ത്പുത്രിയായിരുന്നു മരിച്ച പെൺകുട്ടി. കുറച്ചുകഴിഞ്ഞ് റഫീക്കയും ഷെഫീക്കും അവിടെ നിന്നും വീട് മാറി. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനും ട്രാൻസ്ഫറായതോടെ കേസ് പാതിവഴിയിൽ നിലച്ചു. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെങ്കിലും കേസിന്റെ വേഗം നിലച്ചിരിക്കുമ്പോഴാണ് ശാന്തകുമാരി കൊലപാതകേസിൽ റഫീക്ക ബീവിയും ഷഫീക്കും പിടിക്കപ്പെടുന്നതും പഴയ കേസിന്റെ ചുരുളഴിയുന്നതും.

വീട്ടുമയുടെ ഭാര്യയോട് റഫീക്ക ഒരിക്കൽ 'മകൻ കാരണം ഒരു പെണ്ണ് ചത്തു' എന്ന് അബദ്ധത്തിൽ പറഞ്ഞതാണ് ഈ കേസിൽ നിർണായകമായത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ വർഷം ചെയ്ത കൊലപാതകത്തിന്റെ വിവരങ്ങൾ അവർ അക്കമിട്ട് പറഞ്ഞു. ആദ്യ കൊലപാതകം പിടിക്കപ്പെടാത്തത് വീണ്ടും കൊല നടത്തുന്നതിന് ഇവർ പ്രേരണയായി. ഇവർ വേറെയും കുറ്റകൃത്യങ്ങളിലേർപ്പെട്ടിട്ടുണ്ടോ, 14 കാരിയുടെ കൊലപാതകം ആദ്യത്തേത് തന്നെയാണോ എന്നൊക്കെ പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ശാന്തകുമാരിയെ തലക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് പെൺകുട്ടിയുടെ തലയിലും ഷെഫീക്ക് അടിച്ചത്. ഒരുവർഷത്തെ ഇടവേളയിൽ ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തീയതികളിലും ആണെന്നതും കേസിലെ പ്രത്യേകതയാണ്.

മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വീണ്ടും നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയത് കേസിനെ കാര്യമായി ബാധിച്ചിരുന്നു. മരിക്കുന്നതിന് തലേന്ന് രാത്രിയിൽ കുട്ടി ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കൂടാതെ അന്ന് തന്നെ കുട്ടി സമീപവീടുകളിൽ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നൽകിയിരുന്നു. ഇതിനിടയിൽ ഇവിടെ നിന്നും റഫീഖാ ബീവിയും മകനും വീട് മാറി പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം വിഴിഞ്ഞം മുല്ലൂർ കലുങ്ക് നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയൽവാസിയുടെ വീട്ടിലെ മച്ചിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിലെ അന്വേഷണമാണ് പതിനാലുകാരിയുടെ മരണത്തിലും വഴിത്തിരിവായത്. 75കാരിയുടെ കൊലപാതകത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശിനി റഫീഖ ബീവി(48), മകൻ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽഅമീൻ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുൻപ് റഫീഖയും അൽഅമീനും തമ്മിൽ വഴക്കിടുകയും തുടർന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകൾ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവ ശേഷം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ മൃതദേഹം വീടിന്റെ മച്ചിനു മുകളിൽ ഒളിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. സമീപത്ത് പിഎസ്‌സി പഠിക്കാൻ എത്തിയ വാടക വീടിന്റെ ഉടമസ്ഥന്റെ മകൻ വീടിന്റെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഉള്ളിൽ കയറി നോക്കവെയാണ് തട്ടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കാണുന്നതും പൊലീസിൽ വിവരം അറിയിക്കുന്നതും. വിഴിഞ്ഞം പൊലീസിന്റെ വേഗത്തിലുള്ള ഇടപെടൽ മൂലം ഒരു മണിക്കൂറിനുള്ളിൽ തന്നെ കോഴിക്കോട്ടേയ്ക്ക് കടക്കാൻ ശ്രമിച്ച മൂവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഒരു വർഷം മുമ്പത്തെ കൊലപാതകവും തെളിയുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP