Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിജയലക്ഷ്മിയുടെ മരണത്തിൽ റഫീഖയുടെ മൊഴികളിൽ വൈരുദ്ധ്യം; പഴയ ഫയലുകൾ വീണ്ടും പൊടിതട്ടിയെടുത്ത് പരിശോധിക്കും; റഫീക്കയേയും മകനേയും അടുത്ത ആഴ്‌ച്ച കസ്റ്റഡിയിൽ വാങ്ങും; വിഴിഞ്ഞത്തെ മറ്റൊരു മരണത്തിൽ പുനരന്വേഷണത്തിന് സാധ്യത തേടി കോവളം പൊലീസ്

വിജയലക്ഷ്മിയുടെ മരണത്തിൽ റഫീഖയുടെ മൊഴികളിൽ വൈരുദ്ധ്യം; പഴയ ഫയലുകൾ വീണ്ടും പൊടിതട്ടിയെടുത്ത് പരിശോധിക്കും; റഫീക്കയേയും മകനേയും അടുത്ത ആഴ്‌ച്ച കസ്റ്റഡിയിൽ വാങ്ങും; വിഴിഞ്ഞത്തെ മറ്റൊരു മരണത്തിൽ പുനരന്വേഷണത്തിന് സാധ്യത തേടി കോവളം പൊലീസ്

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപത്തെ തുംബ്ലിയോട് സ്വദേശിനി വിജയലക്ഷ്മിയുടെ മരണത്തിൽ കർശനപരിശോധനയ്ക്ക് കോവളം പൊലീസ്. പഴയ ഫയലുകൾ കർശനമായി പരിശോധിക്കും. ഈ കേസിൽ പുനരന്വേഷണത്തിനുള്ള സാധ്യത തേടുകയാണ് പൊലീസ്. കേസിൽ റഫീഖയേയും മകനേയും ഇവരുമായി അടുത്ത ബന്ധമുള്ള യുവാവിനെയും കഴിഞ്ഞദിവസം വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കാര്യമായ തുമ്പ് ലഭിച്ചാൽ മാത്രമേ വിജയലക്ഷ്മിയുടെ കേസ് പുനരന്വേഷിക്കാൻ കോവളം പൊലീസിന് സാധിക്കുകയുള്ളു. അതിന് വേണ്ടി അടുത്തയാഴ്‌ച്ച റഫീഖയേയും മകനേയും സുഹൃത്തിനേയും കസ്റ്റഡിയിൽ വാങ്ങാനിരിക്കുകയാണ് കോവളം പൊലീസ്. ഇപ്പോൾ വിഴിഞ്ഞം പൊലീസിന്റെ കസ്റ്റഡിയിലാണ് ഇവർ.

റഫീഖ വാടകയ്ക്ക് താമസിച്ചിരുന്ന തുംബ്ലിയോട് ഭാഗത്തെ വീടിനടുത്തായിരുന്നു മരണപ്പെട്ട വിജയലക്ഷ്മിയുടെയും വീട്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നെന്ന് വിജയലക്ഷ്മിയുടെ വീട്ടുകാരും സമീപവാസികളും പൊലീസിന് വിവരം നൽകിയിരുന്നു. റഫീഖ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടിടങ്ങളിലും കൊലപാതകം നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.

സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റഫീഖയെ ചോദ്യം ചെയ്തിരുന്നെങ്കിലും താൻ വിജയലക്ഷ്മിയുടെ വീടിനടുത്ത് താമസിച്ചിരുന്നില്ലെന്നാണ് അവർ ആദ്യം മൊഴി നൽകിയത്. എന്നാൽ യുവാവാണ് ഇവർക്ക് വീടെടുത്ത് നൽകിയതെന്ന മൊഴിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ റഫീഖ മാസങ്ങളോളം ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വിജയലക്ഷ്മിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും ചോദ്യം ചെയ്യലിൽ റഫീഖ സമ്മതിച്ചിരുന്നു.

റഫീഖയുടെ അടുത്ത സുഹൃത്തായ യുവാവ് അൽഅമീൻ വിജയലക്ഷ്മിയുടെ പക്കൽ നിന്ന് 40,000 രൂപ കടം വാങ്ങിയിരുന്നു. അടുത്ത ദിവസം വീടുപണിയുമായി പണം തിരികെ തരണമെന്നാവശ്യപ്പെട്ട് അൽഅമീന്റെ വീട്ടിൽ പോയിരുന്നു. തിരികെ വരാൻ വൈകിയപ്പോൾ നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ വഴിയിൽ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നാണ് വിജയലക്ഷ്മിയുടെ അമ്മ പൊലീസിന് മൊഴി നൽകിയത്. എന്നാൽ താൻ പണം കടം വാങ്ങിയിട്ടില്ലെന്നും തനിക്ക് വീട് വാടകയ്ക്ക് എടുത്ത് തരുന്നതുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്മി വന്നിരുന്നതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തും. ലഭ്യമായ വിവരങ്ങൾ തുടരന്വേഷണത്തെ സഹായിക്കുമെന്ന് കോവളം പൊലീസ് പ്രതീക്ഷിക്കുന്നു,

2016 ൽ വാട്ടർ അഥോറിറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോവളത്തെ കൊലപാതകം വാർത്തയായതോടെ മോളിയുടെ മരണത്തിലും റഫീഖയ്ക്കും ഷഫീക്കിനും പങ്കുണ്ടാകാമെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. മോളിയെ വീടിന് സമീപം മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രാത്രി 12 ന് ശേഷമാണ് ഇവർ മരിച്ചു കിടക്കുന്നത് അയൽവാസികൾ കാണുന്നത്.

ഭിന്നശേഷിക്കാരിയായ മോളി പടിയിറങ്ങുമ്പോൾ കാല് വഴുതി മുഖമടിച്ചുവീണ് മരിക്കുകയായിരുന്നുവെന്നാണ് അന്നത്തെ പൊലീസ് നിഗമനം. ഭിന്നശേഷിക്കാരിയായിരുന്ന മോളി അവിവാഹിതയായിരുന്നു. മോളി മരിക്കുമ്പോൾ 45 വയസ്സായിരുന്നു പ്രായം. റഫീഖയും മകനും മോളിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നുവെന്നും രാത്രിയിൽ മോളിയോടൊപ്പം തങ്ങാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പൊലീസ് ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.

വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ റഫീഖയും മകൻ ഷെഫീക്കും തന്നെയാണ് ഒരുവർഷം മുമ്പ് 14 കാരിയായ പെൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 14 കാരിയുടെ കൊലപാതക കുറ്റം ഏറ്റെടുക്കാൻ രക്ഷിതാക്കൾക്കെതിരെ കോവളം പൊലീസ് നടത്തിയ കൊടിയ പീഡനത്തിന്റെ വിവരങ്ങളും പുറത്തു വന്നിരുന്നു.

വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതകവും കോവളത്തെ 14 കാരിയുടെ കൊലപാതകവും രംഗത്ത് വന്നതോടെ റഫീഖയും ഷഫീക്കും താമസിച്ചിരുന്ന സ്ഥലങ്ങളിലെ ദുരൂഹമരണങ്ങളിലെല്ലാം ഇവരുടെ പങ്കും സംശയിക്കുകയാണ് നാട്ടുകാർ. അതേസമയം ഇവർ മറ്റ് കുറ്റകൃത്യങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോ എന്നും മറ്റ് കൊലപാതകങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്നും വിശദമായി അന്വേഷിക്കുമെന്ന് കോവളം സിഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP