Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

വിസ്മയയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചുകൊന്ന ജിത്തു പിടിക്കപെടാതിരിക്കാൻ തന്ത്രം പയറ്റി; ബുധനാഴ്‌ച്ച രാത്രി പൊലീസിന്റെ കൈയിൽ പെട്ടപ്പോൾ ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞ് കബളിപ്പിച്ചു; അഭയകേന്ദ്രത്തിൽ എത്തിച്ചപ്പോഴും പൊലീസിന് ആളെ അറിഞ്ഞില്ല; കൊലയ്ക്ക് പരസഹായം ഇല്ലെന്ന ജിത്തുവിന്റെ മൊഴി വിശ്വസിക്കാതെ പൊലീസും

വിസ്മയയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചുകൊന്ന ജിത്തു പിടിക്കപെടാതിരിക്കാൻ തന്ത്രം പയറ്റി;  ബുധനാഴ്‌ച്ച രാത്രി പൊലീസിന്റെ കൈയിൽ പെട്ടപ്പോൾ ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞ് കബളിപ്പിച്ചു; അഭയകേന്ദ്രത്തിൽ എത്തിച്ചപ്പോഴും പൊലീസിന് ആളെ അറിഞ്ഞില്ല; കൊലയ്ക്ക് പരസഹായം ഇല്ലെന്ന ജിത്തുവിന്റെ മൊഴി വിശ്വസിക്കാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വടക്കൻ പറവൂരിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവതി രക്ഷപെടാൻ എല്ലാ ശ്രമങ്ങളും നടത്തി. പ്രതിസ്ഥാനത്തുള്ള ജിത്തുവാണ് സംഭവത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി സമർത്ഥമായി തന്ത്രങ്ങൾ പയറ്റിയത്. പൊലീസിന് മുമ്പാകെ എത്തിപ്പെട്ടിട്ടും അവരെ കബളിപ്പിക്കാൻ യുവതിക്ക് സാധിച്ചു. ജിത്തുവിനെ പൊലീസ് കണ്ടെത്തിയത് ബുധനാഴ്ച രാത്രിയിലാണ്. പ്രതിയെ തിരിച്ചറിയാതെ പൊലീസുകാർ ജിത്തുവിനെ അഭയകേന്ദ്രത്തിലാക്കി. ലക്ഷദ്വീപ് സ്വദേശിനിയെന്നാണ് ജിത്തു പൊലീസിന് ആദ്യം നൽകിയ വിവരം. പറവൂർ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത് വ്യാഴാഴ്ച വൈകിട്ടാണ്.

യുവതിയുടെ മൃതദേഹം വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതുകൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കാക്കനാട്ടുനിന്നാണ് മുനമ്പം ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും കൊച്ചി വനിതാ സെല്ലിലെ പൊലീസും ചേർന്ന് ജിത്തുവിനെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് ജിത്തുവിന്റെ സഹോദരിയും പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ മൂത്ത മകളുമായ വിസ്മയയെ വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു കാണാതായ ഇളയ മകൾ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

സഹോദരിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ഇവർ സമ്മതിച്ചതായാണ് പൊലീസിൽനിന്നു ലഭിക്കുന്ന പ്രാഥമിക വിവരം. സഹോദരിയെ കൊലപ്പെടുത്തുന്നതിന് മറ്റാരെങ്കിലും സഹായിച്ചോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇവരിൽനിന്ന് അറിയാനുണ്ട്. സാധാരണ പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് മൊഴി. കൊലപാതകത്തിന് ആരുടെയും പ്രേരണയോ സഹായമോ തനിക്ക് കിട്ടിയിട്ടില്ലെന്നും ജിത്തു പൊലീസിന്റെ ചോദ്യം ചെയ്യലിൽ മറുപടി നൽകി.

കാക്കനാട്ട് ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. വഴക്കിനിടെ കത്തി ഉപയോഗിച്ച് കുത്തിയെന്നും മരിച്ചെന്ന് തോന്നിയപ്പോൾ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നുമാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു പറഞ്ഞു. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ജിത്തു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയാേടെയാണ് വിസ്മയയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

വീടിന് സമീപത്തെ റോഡിലൂടെ ജിത്തു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വീടിനടുത്തുനിന്ന് ബസിലാണ് ജിത്തു എറണാകുളത്തെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വിസ്മയയുടെ മൊബൈൽ ഫോണും കൊണ്ടാണ് ജിത്തു പോയതെങ്കിലും അത് ഇടയ്ക്കുവച്ച് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ജിത്തുവിനുവേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുയും ചെയ്തിരുന്നു.

കാക്കനാട് വച്ചാണ് പൊലീസ് ജിത്തുവിനെ പിടികൂടിയത്. പ്രതിക്ക് ആരെങ്കിലും ഒളിവിൽ കഴിയാൻ സഹായം നൽകിയോ എന്നടക്കമുള്ള കാര്യങ്ങൾ അറിയാനുണ്ട്. ജിത്തുവിനെ പൊലീസിന് ഇന്നലെ കിട്ടിയെങ്കിലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജിത്തുവാണെന്ന് പൊലീസുകാർക്ക് മനസിലാക്കാനായില്ല. ജിത്തുവാണെന്ന് തിരിച്ചറിയാനാകാതെ തെരുവോരം മുരുകൻ നടത്തുന്ന കാക്കനാട്ടെ അഭയകേന്ദ്രത്തിൽ പൊലീസ് തന്നെ ഇവരെ എത്തിച്ചു.

താൻ ലക്ഷദ്വീപ് സ്വദേശിയാണെന്നാണ് ജിത്തു ഇന്നലെ പൊലീസിനോട് പറഞ്ഞത്. പിന്നീട് ലക്ഷദ്വീപ് പൊലീസെത്തി ജിത്തുവിന്റെ മൊഴിയെടുത്തെങ്കിലും മൊഴി പരസ്പര വിരുദ്ധമായിരുന്നു. ഇക്കാര്യം പിന്നീട് കൊച്ചി പൊലീസിനെ അറിയിച്ചു. തുടർന്ന് ഇന്നലെ വൈകീട്ട് പറവൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിയുകയായിരുന്നു. പൊലീസ് തങ്ങളെ ഏൽപ്പിച്ചത് ജിത്തുവിനെയാണെന്ന് മനസിലായില്ലെന്നാണ് അഭയകേന്ദ്രം നടത്തിപ്പുകാരും പറയുന്നത്. കോവിഡ് ആയതിനാൽ മാസ്‌ക് ധരിച്ചതും ആളെ തിരിച്ചറിയാൻ തടസ്സമായെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ വീടിന്റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവൻ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു.

ഇവിടെ നിന്നും ബസ്സിൽ എറണാകുളത്തെത്തിയെന്നും കണ്ടെത്തി. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാൽ ഫോട്ടോയിൽ കാണുന്ന രൂപമല്ല ഇപ്പോൾ ജിത്തുവിനുള്ളത്. അടുത്തിടെ തല മൊട്ടയടിച്ചിരുന്നു. വിസ്മയയുടെ മൊബൈൽ ഫോൺ ജിത്തുവിന്റെ കൈവശമുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ ലഭിച്ചത് പറവൂരിന് സമീപം എടവനക്കാട് വച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കാണാതായിരുന്നു. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചിട്ടും ജിത്തുവിനെ കണ്ടെത്താനാകാതെ വന്നതോടെ ലുക്കൗട്ട് നോട്ടീസും പൊലീസ് പുറത്തിക്കിയിരുന്നു. ഇതിന് പിന്നാലെ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പെൺകുട്ടിയെ കണ്ടതായി ഫോൺ കോളുകൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച ഒരു സൂചനയിൽ നടത്തിയ അന്വേഷണത്തിലാണ് കാക്കനാട് നിന്ന് ജിത്തുവിലെ പൊലീസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP