Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യപാനവും ലഹരി വസ്തുക്കൾ വായിലിട്ട് ചവയ്ക്കലും; മരുമകളെ കൊണ്ട് എല്ലാവരുടേയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിപ്പിച്ച അമ്മായി അമ്മയും; ചെടികളോടുള്ള പ്രണയം പോലും ഭാര്യയോട് കാട്ടത്ത കിരൺ കുമാർ! വിസ്മയയുടെ മരണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് അയൽക്കാരെ; ആ സന്ദേശങ്ങൾ അയച്ചത് വിസ്മയ തന്നെ

മദ്യപാനവും ലഹരി വസ്തുക്കൾ വായിലിട്ട് ചവയ്ക്കലും; മരുമകളെ കൊണ്ട് എല്ലാവരുടേയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിപ്പിച്ച അമ്മായി അമ്മയും; ചെടികളോടുള്ള പ്രണയം പോലും ഭാര്യയോട് കാട്ടത്ത കിരൺ കുമാർ! വിസ്മയയുടെ മരണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് അയൽക്കാരെ; ആ സന്ദേശങ്ങൾ അയച്ചത് വിസ്മയ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിസ്മയ വി.നായർ സ്ത്രീധന പീഡനത്തെ തുടർന്നു മരിച്ച ശേഷമാണ് ഭർത്താവ് അസി.മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാർ അവളെ മർദിച്ചിരുന്നെന്ന വിവരം അയൽക്കാർ പോലും അറിയുന്നത്. സോഷ്യൽ മീഡിയയിലെ സന്ദേശങ്ങളും ഫോട്ടോകളും നാട്ടുകാർക്കും അതുകൊണ്ട് അത്ഭൂതമായി. എല്ലാവരോടും സൗമ്യനായി പെരുമാറിയിരുന്ന കിരണിന്റെ മനസ്സിലെ കാടത്വം ഇപ്പോഴാണ് ശാസ്താംകോട്ടക്കാർ തിരിച്ചറിയുന്നത്.

വിസ്മയയെ ശൂരനാട് പോരുവഴിയിലെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാദ്ധ്യത തള്ളാതെ അന്വേഷണസംഘം മുമ്പോട്ട് പോവുകയാണ്. വിസ്മയയുടെ ഫോൺ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി. ഭർത്താവ് കിരൺകുമാറിന്റെ പീഡനങ്ങളെ കുറിച്ച് വിസ്മയ കൂട്ടുകാരിക്കും ബന്ധുക്കൾക്കും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങൾ അവർ പുറത്തുവിട്ടിരുന്നു. ഇത് വിസ്മയയുടെ ഫോണിൽ നിന്ന് അയച്ചതാണെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം ശാസ്ത്രീയ തെളിവാക്കാൻ ഫോൺ സൈബർ സെല്ലിൽ നിന്ന് ലഭിക്കുമ്പോൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകും.

പഠനത്തിലും മറ്റും മിടുക്കനായിരുന്നു കിരൺ. പ്ലസ്ടുവിനു ശേഷം കോഴിക്കോട് മുക്കത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലായിരുന്നു പഠനം. ചെടിയോടായിരുന്നു കൂടുതൽ ഇഷ്ടം. ഒഴിവുസമയങ്ങളിൽ നഴ്‌സറികളിൽനിന്നും വിവിധയിനം ചെടികൾ വാങ്ങി വീട്ടിനുള്ളിലും മുറ്റത്തും നട്ടു വളർത്തും. വാഹനങ്ങളോടു വലിയ കമ്പമായിരുന്നു. ഇതുകൊണ്ടാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോലി പഠിച്ച് നേടിയെടുക്കാൻ കാരണവും. കോവിഡു കാലത്തായിരുന്നു കിരണിന്റേയും വിസ്മയുടേയും കല്യാണം. അതുകൊണ്ട് തന്നെ അയൽക്കാർ പോലും കല്യാണത്തിന് എത്തിയിരുന്നില്ല. പലരും വിസ്മയയെ കണ്ടിട്ടു പോലുമില്ല.

വിസ്മയയുടെ വീട്ടിൽനിന്നും കൊടുത്ത കാർ ഇഷ്ടമല്ലെന്നും ഇതേചൊല്ലി വിയോജിപ്പുകൾ ഉണ്ടെന്നും മാത്രമാണ് കിരൺ അടുത്ത കൂട്ടുകാരോടു പോലും പറഞ്ഞിരുന്നത്. അതിന് അപ്പുറത്തേക്ക് ആർക്കും ഒന്നും അറിയില്ല. ജനുവരിയിൽ വിസ്മയയുടെ വീട്ടിൽ രാത്രി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ കിരണിനെ കുറിച്ചു കേട്ട് ഞെട്ടുകയാണ് നാട്ടുകാരും കൂട്ടുകാരും. കിരൺ മദ്യപിക്കുകയും ലഹരിവസ്തു വായിലിട്ടു ചവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിസ്മയ പരാതി പറഞ്ഞിരുന്നതായി വിസ്മയയുടെ ബന്ധുക്കൾ പറയുന്നു.

നൃത്തത്തിലും കലാപ്രവർത്തനങ്ങളിലുമൊക്കെ സജീവമായിരുന്നു വിസ്മയ. ഇതൊന്നും കിരണിന് ഇഷ്ടമല്ലായിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കൾ പറയുന്നു. സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ പോലും കിരൺ തന്നെ മർദിച്ചിരുന്നതായി മകൾ പറഞ്ഞിട്ടുണ്ടെന്ന് വിസ്മയയുടെ അമ്മ സജിത വി.നായർ പറയുന്നു. നായർ മാട്രിമോണിയിൽ നിന്നാണ് വിവാഹ ആലോചന എത്തിയത്. നിശ്ചയം കഴിഞ്ഞതോടെ തന്നെ ഫോൺ വിളിയും തുടങ്ങി. വിസ്മയെ കാണാൻ കിരൺ കോളേജിലും പോകുമായിരുന്നു. ഈ സമയത്തും അടി കൊടുത്തിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

വിവാഹനിശ്ചയത്തിനു ശേഷം വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ മർദിച്ചിരുന്നു.അടുത്തസമയത്തു മാത്രമാണ് ഇക്കാര്യം മകൾ പറഞ്ഞതെന്നും സജിത പറഞ്ഞു. കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു.

നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുൻപ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്. അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്‌നമുണ്ടാക്കി.

സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അടുത്തിടെയായി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി സജിത പറയുന്നു. ഒരിക്കൽ ഞാൻ മകളെക്കാണാൻ അവളുടെ ഭർതൃഗൃഹത്തിൽ പോയപ്പോൾ അവൾ ആ വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കുകയാണ്. അതുകണ്ട് സങ്കടമായി അടുത്ത ദിവസം തന്നെ ഞാൻ ഒരു വാഷിങ് മെഷീൻ വാങ്ങി അവരുടെ വീട്ടിൽ എത്തിച്ചു. കിരൺ മദ്യപിച്ച് ഇവിടെ വന്ന് പ്രശ്‌നമുണ്ടാക്കിയപ്പോൾ മാത്രമാണ് അവന്റെ സ്വഭാവം എനിക്കു മനസ്സിലായത്. ഈ ബന്ധം ഇനി വേണ്ട എന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അവൻ എന്റെ മകളെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ടുപോയതാണ്.-ഇതാണ് അച്ഛൻ ത്രിവിക്രമൻ നായർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP