പത്തനംതിട്ട: ഓമല്ലൂര്‍ അഞ്ജലി ഓഡിറ്റോറിയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി ചിങ്ങോലി ചേപ്പാട് കാഞ്ഞാര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന് സമീപം വളയിക്കകത്ത് വീട്ടില്‍ നിന്നും ഓമല്ലൂര്‍ ആറ്റരികം തയ്യില്‍ പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസം വിഷ്ണു (33), ആറ്റരികം പടിഞ്ഞാറേ കടുംപള്ളില്‍ വീട്ടില്‍ ശശിക്കുട്ടന്‍ (64) എന്നിവരാണ് പിടിയിലായത്. വിഷ്ണു മോഷ്ടിച്ച് കടത്തിയ സ്‌കൂട്ടര്‍ ശശികുട്ടന് കൈമാറുകയായിരുന്നു. മോഷണ മുതലാണ് എന്ന് അറിഞ്ഞു കൊണ്ടാണ് ഇയാള്‍ വിഷ്ണുവില്‍ നിന്നും സ്‌കൂട്ടര്‍ വാങ്ങിയത് എന്ന് അന്വേഷണത്തില്‍ വെളിവായി.

13 ന് വൈകിട്ട് 6. 30 നാണ് ഓമല്ലൂര്‍ പുത്തന്‍പീടിക പാറപ്പാട്ട് തെക്കേ മുറിയില്‍ ലിജോയുടെ സ്‌കൂട്ടര്‍ വിഷ്ണു മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. 16 ന് സ്റ്റേഷനിലെത്തി ലിജോ പരാതി നല്‍കിയത് പ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്തു. മോഷ്ടിച്ചയാളെന്ന് കണ്ടെത്തി വിഷ്ണുവിനെ വീടിന് സമീപത്തുനിന്നും ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു.

വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശശിക്കുട്ടനെയും കസ്റ്റഡിയില്‍ എടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതുപ്രകാരം സ്‌കൂട്ടര്‍ പിന്നീട് കണ്ടെത്തി. പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ കെ. സുനുമോന്റെ മേല്‍നോട്ടത്തില്‍ എസ് ഐ പി പി ദീപക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ രാജേഷ്, എസ് സിപിഓമാരായ പ്രശാന്ത്, വിജേഷ്, ബൈജു, രാജേഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.