Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെയിൻ ടൂമറെന്ന് പറഞ്ഞപ്പോൾ പാവം തോന്നി പരാതി പിൻവലിച്ചു; തലയിലേത് വെറും കുരുപ്പ് എന്നറിഞ്ഞത് പിന്നീട്; നാടകം കളിച്ച മുഹമ്മദ് സലീം സിപിഎം നേതാവെന്നും മന്ത്രി പി.രാജീവിന്റെ അടുപ്പക്കാരനെന്നും അറിഞ്ഞപ്പോൾ ഞെട്ടി; ദേശാഭിമാനി ലേഖകൻ പ്രതിയായ വിസ തട്ടിപ്പ് കേസ് പൊലീസ് ഒതുക്കുന്നതായി പരാതി

ബ്രെയിൻ ടൂമറെന്ന് പറഞ്ഞപ്പോൾ പാവം തോന്നി പരാതി പിൻവലിച്ചു; തലയിലേത് വെറും കുരുപ്പ് എന്നറിഞ്ഞത് പിന്നീട്; നാടകം കളിച്ച മുഹമ്മദ് സലീം സിപിഎം നേതാവെന്നും മന്ത്രി പി.രാജീവിന്റെ അടുപ്പക്കാരനെന്നും അറിഞ്ഞപ്പോൾ ഞെട്ടി; ദേശാഭിമാനി ലേഖകൻ പ്രതിയായ വിസ തട്ടിപ്പ് കേസ് പൊലീസ് ഒതുക്കുന്നതായി പരാതി

അഖിൽ രാമൻ

കൊച്ചി: ദേശാഭിമാനി ലേഖകന് എതിരായ വിസാ തട്ടിപ്പ് കേസ് പൊലീസ് ഒതുക്കുന്നു എന്ന് ആരോപണം. ആലങ്ങാട് ദേശാഭിമാനി പ്രാദേശിക ലേഖകനും സിപിഎം നേതാവുമായ മുഹമ്മദ് സലീം എ.എ എന്ന വ്യക്തിക്ക് എതിരേയാണ് പിറവം സ്വദേശിയായ യുവാവ് കൊച്ചി പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി തെളിവുകൾ ഹാജരാക്കിയത്.

കളമശ്ശേരി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള പാർട്ടി ബ്രാഞ്ചിലും ലോക്കലിലും സജീവ പ്രവർത്തകനായ ഇയാൾ വ്യവസായ മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ പി. രാജീവിന്റെ ഏറ്റവും അടുത്ത ആളാണ് എന്നാണ് പറയപ്പെടുന്നത്. പത്ത് ദിവസം മുൻപ് പരാതിക്കാരൻ, ഇയാൾക്കെതിരേ എറണാകുളം റൂറൽ എസ്‌പിക്ക് പരാതി നൽകി. എസ്‌പി ആ പരാതി പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് ഫോർവേഡ് ചെയ്‌തെങ്കിലും പറവൂർ പൊലീസ് പരാതിക്കാരന്റെ മൊഴി എടുക്കുക മാത്രമാണ് ചെയ്തത് എന്നും ആരോപണമുണ്ട്.

2013ൽ ആലപ്പുഴ സ്വദേശിയായ യുവതിയുടെ കയ്യിൽ നിന്നും രണ്ട് ലക്ഷത്തിഅൻപത്തിമൂവായിരം രൂപ ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിച്ചുവെന്നാണ് ആരോപണം. കോടതി ഇയാളെ അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തായി പരാതിക്കാരൻ പറയുന്നു. പാസ്പോർട്ടില്ലാതെ നേപ്പാൾ വഴി വിദേശത്ത് കടന്നതിന് ഗൾഫിലും മുഹമ്മദ് സലീം ജയിൽ ശിക്ഷ
അനുഭവിച്ചിട്ടുണ്ട്.

2012 ലാണ് പരാതിക്കാരന്റെയും ഇയാളുടെ തന്നെ മൂന്ന് ബന്ധുക്കളുടെയും കയ്യിൽ നിന്നും കുവൈറ്റിൽ നേഴ്സിങ് ജോലി നൽകാം എന്ന് അവകാശപ്പെട്ട് 8 ലക്ഷം രൂപ വാങ്ങിയത്. നോർത്ത് പറവൂർ വ്യാപാരഭവനിൽ സൈൻ ടൂർ ആൻഡ് ട്രാവൻസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുക ആയിരുന്നു ഇയാൾ. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത ഇവർ പറവൂർ പൊലീസിന് പരാതി നൽകി. പൊലീസ് രണ്ട് കക്ഷികളെയും വിളിപ്പിച്ചു. കുറെ അധികം മെഡിക്കൽ രേഖകളുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ മുഹമ്മദ് സലിം തനിക്ക് ബ്രെയിൻ ടൂമർ ആണ് എന്നും കാശ് കൊടുക്കാൻ വേറേ മാർമില്ല എന്നും പറഞ്ഞു നാടകം കളിച്ചു. ഇത് കേട്ട് പരാതിക്കാർ പരാതി പിൻവലിച്ചു മടങ്ങി.

എന്നാൽ ഈ അടുത്താണ് തങ്ങൾ കബളിക്കപ്പെട്ടു എന്ന് പരാതിക്കാർ തിരിച്ചറിയുന്നത്. മുഹമ്മദ് സലിം ആലങ്ങാട് ദേശാഭിമാനി ലേഖകനും സിപിഎം നേതാവും ആണെന്നും, ഇയാൾക്ക് ടൂമർ ഒന്നുമില്ലായിരുന്നു. തലയിൽ എന്തൊ കുരുപ്പ് വന്നു ഓപ്പറേഷൻ ചെയ്ത രേഖകളാണ് തട്ടിപ്പിനായി കൊണ്ട് വന്നു കാണിച്ചത് എന്നും പറവൂരിലുള്ള സുഹൃത്തുക്കൾ വിളിച്ചു അറിയിച്ചപ്പോഴാണ് ഇവർക്ക് മനസിലായത്. തട്ടിപ്പിനിരയായ പരാതിക്കാരിൽ ഒരാളുടെ പിതാവ് മുഹമ്മദ് സലിമിനെ ഫോണിൽ വിളിക്കുകയും കാശ് തിരികേ തരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കാശ് തരാൻ ഉദ്ദേശമില്ല എന്നും കഴിയുമെങ്കിൽ വാങ്ങിക്കാനായിരുന്നു മുഹമ്മദ് സലിമിന്റെ ധാർഷ്ട്യം നിറഞ്ഞ മറുപടി.

ഇതേ തുടർന്നാണ് പരാതിക്കാരൻ എറണാകുളം റൂറൽ എസ്‌പിക്ക് പരാതി നൽകിയത്. എസ്‌പി പറവൂർ പൊലീസിന് പരാതി അയക്കുകയും ചെയ്തു. എന്നാൽ പറവൂർ പൊലീസ് തികഞ്ഞ അലംഭാവമാണ് കാട്ടിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. തന്റെ മൊഴി എടുക്കുകയാണ് എന്ന മട്ടിൽ ചില ചോദ്യങ്ങൾ ചോദിച്ചു തന്നെ തിരിച്ചയക്കുകയാണ് പറവൂർ പൊലീസ് ചെയ്തത്. ഇതിനെ തുടർന്നാണ് താൻ വാർത്താസമ്മേളനം വിളിച്ചത് എന്നാണ് പിറവം സ്വദേശി പറഞ്ഞത്.

വ്യാജ നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസുകളിൽ പ്രതിയായ മുഹമ്മദ് സലിമിന്റെ പേരിൽ ആലുവ ക്രൈം ഡിപ്പാർട്ട്മെന്റിൽ മാത്രം ഏകദേശം പതിനഞ്ചോളം കേസുകളുണ്ട്. പറവൂർ, ആലുവ വെസ്റ്റ് (ആലങ്ങാട്) പൊലീസ് സ്റ്റേഷനുകളിലായി നഴ്സിങ ്റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് അടക്കം നിരവധി കേസുകളുണ്ട്. മുഹമ്മദ് സലീമിനെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ആലുവ റൂറൽ എസ്‌പിയുടെ കീഴിലും നിരവധി പരാതികളും നിലവിലുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP