Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൈപ്രസിൽ മാസം ഒരുലക്ഷം രൂപ ശമ്പളമുള്ള ജോലിയെന്ന് ഓൺലൈൻ പരസ്യം; ഫോൺ വിളിച്ചപ്പോൾ 10 ലക്ഷം ചെലവാകുമെന്ന് കിളിമൊഴിനാദം; ജോബ് വിസയ്ക്കായി പെട്ടിയുമൊരുക്കി രണ്ട് മാസം കാത്തപ്പോൾ സംഗതി വഞ്ചനയെന്ന് കണ്ണൂർ സ്വദേശികളായ യുവാക്കൾക്ക് പിടികിട്ടി; കേരള-തമിഴ്‌നാട് പൊലീസ് സംയുക്ത ഓപ്പറേഷനിൽ ചെന്നൈയിൽ നിന്ന് തട്ടിപ്പുകാരായ ദമ്പതികളെ വലയിലാക്കിയത് ഇങ്ങനെ

സൈപ്രസിൽ മാസം ഒരുലക്ഷം രൂപ ശമ്പളമുള്ള ജോലിയെന്ന് ഓൺലൈൻ പരസ്യം; ഫോൺ വിളിച്ചപ്പോൾ 10 ലക്ഷം ചെലവാകുമെന്ന് കിളിമൊഴിനാദം; ജോബ് വിസയ്ക്കായി പെട്ടിയുമൊരുക്കി രണ്ട് മാസം കാത്തപ്പോൾ സംഗതി വഞ്ചനയെന്ന് കണ്ണൂർ സ്വദേശികളായ യുവാക്കൾക്ക് പിടികിട്ടി; കേരള-തമിഴ്‌നാട് പൊലീസ് സംയുക്ത ഓപ്പറേഷനിൽ ചെന്നൈയിൽ നിന്ന് തട്ടിപ്പുകാരായ ദമ്പതികളെ വലയിലാക്കിയത് ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: വിദേശ ജോലിക്ക് പണം വാങ്ങി വിസ നൽകാതെ വഞ്ചിച്ച ദമ്പതികളെ പൊലീസ് വലയിലാക്കി. സൈപ്രസിലേക്ക് പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്ക് വിസ ലഭിക്കാൻ 10 ലക്ഷം രൂപ നൽകിയ തിരുമേനി സ്വദേശികളെയാണ് ദമ്പതികൾ വഞ്ചിച്ചത്.സംഭവം ഇങ്ങനെ: റിതിൻ ജോണും സുഹൃത്ത് ബിജുവും വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നതിനിടെ 2017 മാർച്ച് മാസത്തിലാണ് ഓൺലൈനിൽ സൈപ്രസിൽ 1 ലക്ഷം രൂപ ശമ്പളമുള്ള വിസ ഉണ്ടെന്നുള്ള ചെന്നൈ വടപളനി വിലാസത്തിലുള്ള ശ്രീ ഗ്ലോബൽ കൺസൾട്ടൻസി സർവീസസ് എന്ന സ്ഥാപനത്തിന്റെ പരസ്യം യുവാക്കൾ കാണുന്നത്. അവർ സ്ഥാപനത്തിന്റെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടതിൽ ശാന്തി ശ്രീകാന്ത് എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയാണ് ഫോൺ അറ്റന്റ് ചെയ്തത്.

വിസക്ക് 5 ലക്ഷം രൂപ ചെലവു വരുമെന്നും പെട്ടെന്നു തന്നെ പണം റെഡിയാക്കാനും അവർ പറഞ്ഞു. പണം അവരുടെ ഭർത്താവ് ശ്രീകാന്തിന്റെ ഐസിഐസിഐ ബാങ്ക് കൊമരച്ചി ശാഖയിലെ അക്കൗണ്ടിലേക്ക് അയക്കാൻ പറഞ്ഞു. അതു വിശ്വസിച്ച് രണ്ടുപേരും 50,000 രൂപ വീതം ഏപ്രിൽ മാസത്തിൽ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തപ്പോൾ സൈപ്രസ്സിലേക്കുള്ള വിസയുടെ എൻട്രി പെർമിറ്റ് അവർ യുവാക്കൾക്ക് അയച്ചുകൊടുത്തു. അതു പരിശോധിച്ചതിൽ ഒറിജിനലാണെന്നു കണ്ടപ്പോൾ യുവാക്കൾക്ക് വിശ്വാസമായി. അവർ രണ്ടു പേരും 2017 ഏപ്രിൽ മുതൽ ജൂൺ വരെ 6 തവണകളായി ഓരോരുത്തരും 5 ലക്ഷം രൂപ വീതം ആകെ 10 ലക്ഷം രൂപ ചെറുപുഴ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും ഗ്രാമീൺ ബാങ്ക് ശാഖയിൽ നിന്നും പ്രതി ശ്രീകാന്തിന്റെ അക്കൗണ്ടിലേക്ക് എൻഇഎഫ്ടി ആയി അയച്ചു കൊടുത്തു.

പണം അയച്ചു കഴിഞ്ഞപ്പോൾ രണ്ടാഴ്ചക്കുള്ളിൽ സൈപ്രസ്സിലേക്കുള്ള ജോബ് വിസ വരുമെന്നും ഉടൻ പോകാൻ റെഡിയായിക്കൊള്ളാനും പ്രതി ശാന്തി പറഞ്ഞു. രണ്ട് മാസം കാത്തു നിന്നിട്ടും വിസ വരാതായപ്പോൾ സംശയം തുടങ്ങി. പ്രതികൾ വീണ്ടും ഒഴിഞ്ഞുമാറിയതോടെ സംശയം രൂക്ഷമായി. രണ്ടുമാസം കഴിഞ്ഞ് സംഭവം അന്വേഷിക്കാൻ ചെന്നൈ വടപളനി എന്ന സ്ഥലത്തുള്ള ഓഫീസിൽ ചെന്നപ്പോൾ തങ്ങൾ ചതിയിൽപ്പെട്ടകാര്യം യുവാക്കൾക്ക് മനസ്സിലായി. ഫെയ്സ് ബുക്കിലൂടെയും മറ്റും ശാന്തിയെയും ശ്രീകാന്തിനെയും പറ്റി അന്വേഷിച്ചതിലും പണം നഷ്ടപ്പെട്ട തമിഴ്‌നാട്ടിലെ തഞ്ചാവൂരിലും മറ്റുമുള്ള ആൾക്കാരുടെ വിവരങ്ങൾ വടപളനി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയതിൽ ബന്ധപ്പെട്ട് സംസാരിച്ചതിലും ശാന്തി, ശ്രീകാന്ത് സിംഗപ്പൂർ സ്വദേശിയും ഇയാൾ അവരുടെ രണ്ടാമത്തെ ഭർത്താവാണെന്നും മനസിലായി. ആദ്യ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. അവർ സിംഗപ്പൂരിലാണെന്നും ശ്രീകാന്ത് പോണ്ടിച്ചേരിയിലാണെന്നും മറ്റും യുവാക്കൾക്ക് അറിയാൻ കഴിഞ്ഞു.

ചതി മനസ്സിലാക്കിയ യുവാക്കൾ പലവട്ടം ഫോണിൽ ബന്ധപ്പെട്ടു. ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. ഇടയ്ക്കിടെ ആ സ്ത്രീ ഉടൻ വിസ വരുമെന്നും പോകാൻ റെഡിയാകണമെന്നും ചെറിയ ചില തടസ്സങ്ങൾ ഉണ്ടായതുകൊണ്ട് മാത്രമാണ് വിസ വൈകുന്നതെന്നും മറ്റും പറഞ്ഞ് സമയം നീട്ടി. പണം കൊൽക്കത്തയിലുള്ള ഏജന്റിന് കൊടുത്തുവെന്നും അയാൾ ചതിച്ചുവെന്നും പണം തിരികെ തരാമെന്നും കുറച്ചു കാത്തു നില്ക്കണമെന്നും പിന്നീട് അറിയിച്ചു. എന്നാൽ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേസന്വേഷിക്കാൻ ചെറുപുഴ പൊലീസിന് നിർദ്ദേശം നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് രണ്ട് മാസം മുമ്പ് ലഭിച്ച കോൾ വിവരങ്ങൾ പരിശോധിച്ചതിൽ പ്രതികൾ പഞ്ചാബ് , ലുധിയാന, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലാണെന്നു മനസ്സിലായി.

പൊലീസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പ്രതികളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു. പരാതിക്കാരോട് പണം തിരികെ ചോദിച്ച് വാട്സ് ആപ്പ് സന്ദേശങ്ങളും ഫോൺ സന്ദേശങ്ങളും അയയ്ക്കാൻ പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്ത വിവരം പ്രതികൾ അറിയാതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. കഴിഞ്ഞ മാസം വീണ്ടും പ്രതികളുടെ ഫോൺ വിവരങ്ങൾ എടുത്ത് പരിശോധിച്ചതിൽ പ്രതികൾ മുംബെ, മഹാരാഷ്ട്ര, ആന്ധ്ര, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലാണെന്നു മനസ്സിലായി. പക്ഷെ കോൾ വിവരങ്ങൾ പരിശോധിച്ച പൊലീസ് രണ്ട് നമ്പറുകളുടേയും ലൊക്കേഷൻ എല്ലായ്‌പ്പോഴും ഒരേ സ്ഥലത്താണെന്ന കാര്യവും രണ്ട് നമ്പറുകളിൽ നിന്നും പരസ്പരം കോളുകളോ മെസ്സേജുകളോ ഇല്ലെന്ന കാര്യം തിരിച്ചറിഞ്ഞു. അവസാനമായി കഴിഞ്ഞ ആഴ്ച ഫോൺ വിവരങ്ങൾ പരിശോധിച്ച പൊലീസിന് പ്രതികൾ തമിഴ്‌നാട്ടിലെത്തിയെന്ന വിവരം ലഭിച്ചു.

കേസന്വേഷണം നടത്തുന്ന എസ് ഐ പി.വി.സുകുമാരൻ ഉടൻ വിവരം തളിപ്പറമ്പ ഡിവൈഎസ്‌പി കെ.വി.വേണുഗോപാലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ് കുന്നൂൽ, ഭാസ്‌കരൻ എന്നിവർ ചെന്നൈക്കടുത്ത കടലൂർ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രതികളുടെ ഫോൺ വിവരങ്ങളും ടവർ ലൊക്കേഷനും ഒഴികെ മറ്റൊന്നുമില്ലാതെ പൊലീസ് കടലൂരിലെത്തി. അവിടെയെത്തി രണ്ട് ഫോണിന്റെയും ലൊക്കേഷൻ പരിശോധിച്ചതിൽ ഒരു നമ്പർ സ്വിച്ച് ഓഫാണെന്നും തിരിച്ചറിഞ്ഞു. ഓരോ മണിക്കൂറിലും സൈബർ സെല്ലിൽ നിന്നും ലഭിക്കുന്ന ലൊക്കേഷൻ ഓരോ സ്ഥലങ്ങളിൽ. അതുവരെ സ്വിച്ച് ഓഫ് ആയിരുന്ന ഫോണിന്റെ കോൾ ഡീറ്റെയിൽസ് ലഭിച്ചത് നിർണ്ണായകമായി. ഉച്ചയ്ക്ക് 2 മണി മുതൽ 2.30 വരെ ഓണാക്കിയ മൊബൈലിൽ നിന്നും ഒരു നമ്പറിലേക്ക് രണ്ട് വിളികൾ മാത്രം.

തമിഴ്‌നാട് പൊലീസിനെ അഭിനന്ദിക്കാൻ തെല്ലും പിശകു കാട്ടാതെ കേരള പൊലീസ് കാട്ടുമന്നാർ കോവിൽ എസ്ഐയെ കണ്ട് കാര്യം പറഞ്ഞു. എസ്ഐ ഉടൻ തന്നെ സിഡി പാർട്ടിയെ വിളിച്ചു വരുത്തി. ടവർ ലൊക്കേഷൻ ലഭിച്ച പ്രദേശങ്ങളിൽ സംശയമുള്ള വീടുകളിലും ക്വാർട്ടേഴ്സിലും ലോഡ്ജുകളിലും പരിശോധന നടത്തി.പൊലീസ് ആ നമ്പർ ഡയൽ ചെയത് ട്രൂ കോളറിൽ പേരു നോക്കിയപ്പോൾ ലാൽപോട്ടെ ഹമീദ് എന്ന പേരാണ് തെളിഞ്ഞത്. സ്ഥലം ഗൂഗിൾ മാപ്പിൽ നോക്കിയതിൽ തൊട്ടടുത്ത സ്ഥമാണ് ലാൽപേട്ടെ എന്ന് തെളിഞ്ഞു. ഉടൻ വിവരം തമിഴ്‌നാട് പൊലീസിന് അറിയിച്ചത് നിർണ്ണായകമായി.ഓട്ടോ ഡ്രൈവറായ ഹമീദിനെ തമിഴ്‌നാട് പൊലീസിന്റെ സഹായത്താൽ കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിലൂടെ പ്രതികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് കണ്ടെത്തി. ആ സമയം പ്രതികൾ സ്ഥലം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP