Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീഷോപ്പും കഫറ്റീരിയയും തുടങ്ങാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് വിപിൻദാസ് വന്നത് മൂന്ന് വർഷം മുമ്പ്; വർഷങ്ങളായി പരിചയമുള്ള ആളായിരുന്നതുകൊണ്ട് അവിശ്വസിച്ചില്ല; മകളുടെ കല്യാണം നടത്താനായി വച്ചിരുന്ന സ്ഥലം വിറ്റുകിട്ടിയ 90 ലക്ഷം രൂപ നൽകി; വാങ്ങിയത് ഡൽഹിയിൽ നൽകാനാണെന്ന് പറഞ്ഞ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി തലശ്ശേരിയിലെ വ്യാപാരി

കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീഷോപ്പും കഫറ്റീരിയയും തുടങ്ങാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് വിപിൻദാസ് വന്നത് മൂന്ന് വർഷം മുമ്പ്; വർഷങ്ങളായി പരിചയമുള്ള ആളായിരുന്നതുകൊണ്ട് അവിശ്വസിച്ചില്ല; മകളുടെ കല്യാണം നടത്താനായി വച്ചിരുന്ന സ്ഥലം വിറ്റുകിട്ടിയ 90 ലക്ഷം രൂപ നൽകി; വാങ്ങിയത് ഡൽഹിയിൽ നൽകാനാണെന്ന് പറഞ്ഞ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി തലശ്ശേരിയിലെ വ്യാപാരി

ജാസിം മൊയ്ദീൻ

കോഴിക്കോട്: കണ്ണൂർ വിമാനത്താവളത്തിൽ ജോലിയും വിവിധ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായവും വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയ തട്ടിപ്പിനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി കൂടുതൽ പേർ രംഗത്ത്.

തലശ്ശേരിയിലെ വ്യാപാരിയും തട്ടിപ്പിനിരയായ ആളുമായ എംകെ നസീറാണ് പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായി വിപിൻദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ കഫറ്റീരിയയും ഡ്യൂട്ടിഫ്രീ ഷോപ്പും തുടങ്ങാനുള്ള സൗകര്യം ഒരുക്കി നൽകാമെന്ന് പറഞ്ഞ് 90 ലക്ഷം രൂപയാണ് നസീറിൽ നിന്ന് വിപിൻദാസ് കൈപറ്റിയത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വിപിൻദാസ് വിമാനത്താവളത്തിൽ കഫറ്റീരിയയും ഡ്യൂട്ടിഫ്രീഷോപ്പും തുടങ്ങാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് തന്നെ സമീപിക്കുന്നതെന്ന് നസീർ പറയുന്നു. വർഷങ്ങളായി പരിചയമുള്ള ആളായിരുന്നു വിപിൻദാസ്. അതു കൊണ്ട് തന്നെ അവിശ്വസിച്ചില്ല. എങ്കിലും മകളുടെ കല്യാണത്തിന്റെ ഒരുക്കത്തിലായതിനാൽ ആ സമയത്ത് താത്പര്യമില്ലെന്ന് പറഞ്ഞ് വിപിൻദാസിനെ തിരിച്ചയച്ചിരുന്നു. താത്പര്യമില്ലെന്ന് അറിയിച്ചിട്ടും വിപിൻദാസ് നിരന്തരം ഇതേ ആവശ്യവുമായി വരികയും രണ്ട് പേർക്ക് ജോലി സാധ്യതയുണ്ടെന്ന് പറയുകയും ചെയ്തത്കൊണ്ടാണ് പണം നൽകാൻ തയ്യാറായത്.

മകളുടെ വിവാഹത്തിന്റെ ആവശ്യത്തിന് വേണ്ടി സ്ഥലം വിറ്റുകിട്ടിയ പണമാണ് നൽകിത്. രണ്ട് ഘട്ടങ്ങളായി 90 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഡൽഹിയിലെ ഉന്നതർക്ക് നൽകാനെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പിന്നീട് വിളിക്കുമ്പോഴെല്ലാം ഡൽഹിയിലാണ് ഉള്ളത് എന്നാണ് വിപിൻദാസിൽ നിന്നും ലഭിക്കാറുള്ള മറുപടി. വർഷങ്ങളായി പരിചയമുള്ള ആളായിരുന്നതുകൊണ്ട് വിപിൻദാസിനെ അവിശ്വസിച്ചില്ല. ഇപ്പോൾ ആകെ പെട്ടുപോയിരിക്കുകയാണ്. വർഷങ്ങളുടെ പരിചയമുള്ള തന്നോട് തന്നെ എന്തിന് ഇത് ചെയ്തുവെന്നും നസീർ ചോദിക്കുന്നു.

അതിനിടെ പണം തിരികെ വാങ്ങി നൽകാമെന്ന് പറഞ്ഞ് തലശ്ശേരിയിലെ പല കോൺഗ്രസ് നേതാക്കളും സമീപിച്ചിരുന്നു. തിരികെ ലഭിക്കുന്ന പണത്തിൽ നിന്ന് അവർക്കും കമ്മീഷൻ നൽകണമെന്ന വ്യവസ്ഥയിലാണ് അവർ മദ്ധ്യസ്ഥ ശ്രമം നടത്തിയത്. വിപിൻദാസിന് എതിരായ പരാതി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരിക്കൽ പറ്റിക്കപ്പെട്ട ഒരാൾ അതിൽ നിന്ന് രക്ഷപ്പെടാൻ വീണ്ടും അതേ സംഘത്തിന് കമ്മീഷൻ നൽകേണ്ട അവസ്ഥയാണ്. കമ്മീഷൻ നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ മദ്ധ്യസ്ഥതക്ക് വന്നവർ തിരിച്ചുപോയി. ഇത് കേവലം വിപിൻ ദാസിലോ അറിസ്റ്റിലായ മറ്റു മൂന്നുപേരായ അരുൺകുമാർ, വിനോദ്, പ്രമോദ് എന്നിവരിലോ ഒതുങ്ങില്ല.

തലശ്ശേരിയിലെയും കണ്ണൂരിലെയും കോഴിക്കോട്ടെയും മുതിർന്ന പല കോൺഗ്രസ് നേതാക്കൾക്കും ഇതിൽ ബന്ധമുണ്ട്. അഴിയൂരിലെ അരുൺ കുമാറിന്റെ ഭാര്യയുടെ അക്കൗണ്ട് പരിശോധിച്ചാൽ പണമിടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും. തട്ടിപ്പിനിരയായവർ പരാതിയുമായി എത്തുമ്പോൾ പണം തിരിച്ചുനൽകുമെന്ന് ഉറപ്പുനൽകുന്ന എഗ്രിമെന്റിൽ പ്രതികളുടെ ഭാര്യമാരാണ് ഒപ്പുവച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വടകരയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം വഴിയാണ് കൂടുതൽ ഇടപാടുകൾ നടന്നിട്ടുള്ളത്. തട്ടിപ്പിലൂടെ ലഭിച്ച പണം കൊണ്ട് പ്രതികൾ സ്വർണ്ണവും ഡയമണ്ടും വാങ്ങി സൂക്ഷിച്ചിരിക്കുകയാണെന്നും സംശമുണ്ട്.

അതേ സമയം ഈ കേസിൽ കൂടുതൽ ആളുകളുടെ ഇടപെടലുകളെ കുറിച്ചും അന്വേഷിക്കണം. വിമാനത്താവളത്തിൽ കഫ്റ്റീരിയയും ഡ്യൂട്ടി ഫ്രീഷോപ്പുകളും ജോലിയും വാഗ്ദാനം ചെയ്ത ഡൽഹിയിലെ ഉന്നതനാരാണെന്നതും അന്വേഷണ വിധേയമാക്കണം. കണ്ണൂരിൽനിന്നുള്ള കെപിസിസി നേതാവിന്റെ സന്തതസഹചാരിയാണ് കോഴിക്കോട്ടെ നേതാവും അറസ്റ്റിലായ തലശ്ശേരി സ്വദേശി വിപിൻദാസും. വിപിൻദാസ് അറസ്റ്റിലായതോടെ കേസിൽ പരാതികളുമായി കൂടുതൽ പേർ രംഗത്തെത്തി.

കോടിയേരിയിലെ കളമുള്ളകണ്ടിയിൽ കശ്യപിന്റെ പരാതിയിലാണ് വിപിൻദാസ്, അരുൺകുമാർ, വിനോദ്, പ്രമോദ് എന്നിവരെ പ്രതിചേർത്ത്് തലശേരി പൊലീസ് കേസെടുത്തത്. കണ്ണൂക്കരയിലെ നിധിൻരാജിന്റെ പരാതിയിൽ ചോമ്പാല പൊലീസും കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP