Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിങ്‌സ് വേ ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി; വൈശാഖിനേയും റിയാസ് ഖാനേയും കൈകാര്യം ചെയ്തതിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് ഒളിവിൽ കഴിയുമ്പോൾ; ജാമ്യത്തിലിറങ്ങി ആഴ്ചകൾക്കുള്ളിൽ പ്രതികാരം തീർത്തുകൊലപാതകം; മലബാർ മാളിന് മുമ്പിൽ നിന്ന് ഓട്ടം പിടിച്ചതിൽ തുടങ്ങിയ ആസൂത്രണം; വലതു കൈയും ഇടതുപാദവും വെട്ടിമാറ്റി പക തീർത്തു: വിപിനെ തീർത്തത് മുരുകന്റെ അതി സമർത്ഥ ഗൂഢാലോചന: പ്രതികളെ തേടി പൊലീസ്

കിങ്‌സ് വേ ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി; വൈശാഖിനേയും റിയാസ് ഖാനേയും കൈകാര്യം ചെയ്തതിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് ഒളിവിൽ കഴിയുമ്പോൾ; ജാമ്യത്തിലിറങ്ങി ആഴ്ചകൾക്കുള്ളിൽ പ്രതികാരം തീർത്തുകൊലപാതകം; മലബാർ മാളിന് മുമ്പിൽ നിന്ന് ഓട്ടം പിടിച്ചതിൽ തുടങ്ങിയ ആസൂത്രണം; വലതു കൈയും ഇടതുപാദവും വെട്ടിമാറ്റി പക തീർത്തു: വിപിനെ തീർത്തത് മുരുകന്റെ അതി സമർത്ഥ ഗൂഢാലോചന: പ്രതികളെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുണ്ടാപ്പകയുടെ കണക്കുതീർക്കലുകൾക്കിടയിൽ അതിക്രൂരമായ കൊലചെയ്യപ്പെട്ട ആനയറ സ്വദേശി വിപിന്റെ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ അറിയാൻ പേട്ട പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വട്ടിയൂർക്കാവിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ നടന്ന കൊലപാതകം രാഷ്ട്രീയ നേതൃത്വത്തിനും പൊലീസിനും തലവേദനയായിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പ്രതികളെ ഉടൻ തന്നെ വലയിലാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് വിപിൻ.

വിപിൻവധത്തിലെ മുഖ്യപ്രതി ഗുണ്ടാ തലവനായ മുരുകൻ തന്നെയാണ് എന്നാണ് പൊലീസ് കരുതുന്നത്. മുരുകന്റെ സംഘത്തിലെ ചിലരുമായി കഴിഞ്ഞ ഓഗസ്റ്റ് മാസം കിങ്‌സ് വേ ബാറിൽ വെച്ച് വിപിനും സംഘവും ഉടക്കിയിരുന്നു. വിപിന്റെ സംഘവും മുരുകന്റെ സംഘവും ഒരുമിച്ചാണ് ബാറിൽ മദ്യപിക്കാനെത്തിയത്. ഒന്നും രണ്ടും പറഞ്ഞു ഇവർ തമ്മിൽ സംഘർഷമായി. മുരുകന്റെ സംഘത്തിലെ വൈശാഖ്, റിയാസ്ഖാൻ എന്നിവരെ വിപിനും മറ്റു രണ്ടുപേരും ചേർന്നാണ് കിങ്‌സ് വേ ബാറിൽ നിന്നും കൈകാര്യം ചെയ്തത്. ചെറിയ പരുക്കുകൾ മാത്രമേ ഇവർക്ക് ഏറ്റിട്ടുള്ളൂ. ഈ സംഘട്ടനത്തിന്റെ പേരിൽ വഞ്ചിയൂർ പൊലീസിൽ കേസുമുണ്ട്.

പക്ഷെ പ്രശ്‌നത്തോടെ മുരുകനും വിപിനും തമ്മിലുള്ള ശത്രുത കൂടുതലുമായി. കല്ലറയിൽ ഒളിവിൽ താമസിക്കുമ്പോഴാണ് ഈ കേസിൽ വിപിൻ വഞ്ചിയൂർ പൊലീസിന്റെ പിടിയിലാവുന്നത്. ഈ കേസിൽ ജാമ്യത്തിലായിരിക്കെയാണ് വിപിൻ വധിക്കപ്പെടുന്നതും. അന്ന് ഈഞ്ചയ്ക്കലിലെ ബാറിൽ നിന്നും അടികൊണ്ട മുരുകൻ സംഘത്തിൽപ്പെട്ടവർ തന്നെയാണ് വിപിനെ വധിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. മുരുകനും സംഘവും ഒളിവിൽ ആണെന്നുമാണ് സൂചനകൾ. ചെറിയ പ്രശ്‌നമാണെങ്കിലും ഇതെല്ലാം ഗുണ്ടാകൊലപാതകങ്ങൾക്കും കണക്കു തീർക്കലുകൾക്കും ഇടവയ്ക്കുന്ന കാര്യം തന്നെയാണ് എന്നാണ് പൊലീസ് പറയുന്നത്.

ഒരു സംശയവും തോന്നാതെയാണ് മുരുകൻ നീങ്ങിയത്. വിപിനുമായി ശത്രുതയോ പ്രതികാരമോ ഉള്ളതായി മുരുകൻ ആർക്കും ഒരു സൂചന നൽകിയില്ല. കുറച്ചു നാളായി അക്രമങ്ങൾക്ക് വിട കൊടുത്ത് കൂലപ്പണി ചെയ്തു ജീവിക്കുകയായിരുന്നു മുരുകൻ. വിപിൻ ഓട്ടോ ഡ്രൈവറും. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു മുരുകൻ. അതുകൊണ്ട് തന്നെ ഈ രണ്ട് സംഘങ്ങൾ തമ്മിൽ ബാറിലെ അക്രമണത്തിന് ശേഷവും വലിയൊരു സ്പർദ്ധയുണ്ടായതായി ആരും തിരിച്ചറിഞ്ഞില്ല. മനസ്സിൽ പകയില്ലാത്ത വണ്ണം മുരുകൻ പെരുമാറുകയും ചെയ്തു. എന്നാൽ വിപിനെ വകവരുത്താനുള്ള കൃത്യമായ ആസൂത്രണം അണിയറയിൽ നടക്കുകയും ചെയ്തു.

അക്രമിസംഘത്തിൽ ഉൾപ്പെട്ട ഒരാൾ ചാക്കയിൽ നിന്ന് ആനയറ ഭാഗത്തേക്ക് ഓട്ടം വിളിക്കുകയും തുടർന്ന് ആനയറയിൽ വച്ച് അക്രമി സംഘം വിപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനന്തപുരി ആശുപത്രിക്കും മലബാർ മാളിനും(ട്രാവൻകൂർ മാൾ) ഇടയിൽ നിന്നാണ് ഓട്ടം പിടിച്ചത്. ഈ സ്ഥലത്ത് വിപൻ എത്തുന്ന സമയവും മറ്റും മനസ്സിലാക്കിയുള്ള ഓപ്പറേഷനായിരുന്നു ഇത്. വിപിന് പരിചയമില്ലാത്ത ആളാണ് ഓട്ടം പിടിച്ചതെന്നാണ് സൂചന. ട്രാവൻകൂർ മാളിൽ നിന്ന് സിനിമ കഴിഞ്ഞിറങ്ങിയ ആളെന്ന് കരുതി ഓട്ടം പോയി. ഇതാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. മുരുകൻ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഈ കൊലയെന്നാണ് പൊലീസ് കരുതുന്നത്.

വലത് കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു വിപന്റെ മൃതദേഹം. തൊലിമാത്രമാണ് വേർപെടാനുണ്ടായിരുന്നത്. ഇടതുപാദവും വെട്ടേറ്റ് വേർപെട്ട നിലയിലായിരുന്നു. ഇരുൾമൂടിയ പ്രദേശമായതിനാൽ സംഭവം നടന്ന് അല്പനേരം കഴിഞ്ഞാണ് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വഴിയാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂമിൽ നിന്നെത്തിയ പൊലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രക്തംവാർന്നാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് വർക്ക് ഷോപ്പ് നടത്തിയിരുന്ന അനൂപ് എന്നയാളെ തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതിയാണ് വിപിൻ. ഇതിന് പിന്നിലെ വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് പിന്നിലെന്ന സംശയവും ഉണ്ട്. അനൂപും മുരുകനും സുഹൃത്തുക്കളായിരുന്നു.

പേട്ട മുരുകൻ, ചാക്ക മുരുകൻ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. വിമാനത്താവളത്തിന് തൊട്ടുടുത്തുള്ള പ്രദേശമാണ് കാരാളി. ഈ ഭാഗത്ത് ഗുണ്ടാ പ്രവർത്തനം നടത്തുന്ന ക്രിമിനലാണ് ചാക്കാ മുരുകൻ. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. വിപിനെ ഓട്ടം വിളിച്ചുകൊണ്ടുപോയ ആറംഗ സംഘത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട വിപിനും പത്തോളം കേസുള്ള കൊലക്കേസ് പ്രതിയാണ്. കൊച്ചുകുട്ടൻ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ എന്താണ് വിപിന്റെ കൊലയ്ക്ക് പിന്നിലെ കാരണം എന്നാണു പൊലീസ് അന്വേഷിക്കുന്നത്. എഐടിയുസി യൂണിയനിൽപ്പെട്ട ഓട്ടോ ഡ്രൈവർ കൂടിയാണ് വിപിൻ. പക്ഷെ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.

അനന്തപുരി ആശുപത്രിക്ക് സമീപമുള്ള മലബാർ മാളിനു മുന്നിലെ ഓട്ടോ ഡ്രൈവറാണ് വിപിൻ. മലബാർ മാളിന് മുന്നിലുള്ള ഗംഗാ ലോഡ്ജിനു പിന്നിലാണ് വിപിൻ താമസിക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാൾ കൂടിയാണ് വിപിൻ. അനൂപ് വധം അടക്കം നിരവധി കേസുകളിൽ പ്രതിയായതിനാൽ രാത്രി വിപിൻ ഓട്ടം പോകാറുണ്ടായിരുന്നില്ല. പേട്ട മുരുകൻ, ചാക്ക മുരുകൻ എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവുമായി ഉടക്കിലുമാണ് വിപിൻ. അതുകൊണ്ട് തന്നെയാണ് വിപിൻ രാത്രി ഓട്ടം ഒഴിവാക്കി നിർത്തിയത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം മുരുകൻ ഓട്ടോയുമായെത്തിയതിന് പിന്നിലും തന്ത്രങ്ങൾ ആരോ ഒരുക്കിയിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

രാത്രി ഒരു മണിക്കാണ് വിപിൻ വെട്ടേറ്റ് മരിക്കുന്നത്. ആറംഗ സംഘം വിപിന്റെ ഓട്ടോ വിളിച്ച ശേഷം ആനയറ ലോർഡ്‌സ് ഹോസ്പിറ്റലിനു സമീപമുള്ള ആളൊഴിഞ്ഞ റോഡിലിട്ടു വിപിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2014 ജൂലായിലാണ് കാരാളിക്ക് സമീപം അനൂപിനെ വിപിൻ വെട്ടിക്കൊന്നത്. കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. അന്ന് ഗുണ്ടാനിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്തിരുന്നു. അനൂപിന്റെ തലയിൽ കരിങ്കൽകൊണ്ട് ഇടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. പേട്ട, ചാക്ക, കാരാളി, താഴശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ കൊലപാതകം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് വിപിൻ.

അനൂപ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാളെ പൊലീസ് കരുതൽതടങ്കലിലും പാർപ്പിച്ചിട്ടുണ്ട്. ചാക്കയിൽ ബിഎംഎസ് ശ്രീകണ്‌ഠേശ്വരം ഉപ മേഖല സെക്രട്ടറി ശക്തികുമാറിനെ വിമാനത്താവളത്തിനു സമീപം വച്ച് അടിച്ച കേസിലും വിപൻ പ്രതിസ്ഥാനത്തുണ്ടായിരുന്നു. രാവിലെ 10മണിയോടെ നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ ജൂവലറി ഷോപ്പിലേക്ക് ലോഡ് ഇറക്കാൻ എത്തിയതായിരുന്നു ശക്തികുമാർ. ഈ സമയം സംഘം ചേർന്നെത്തിയ ഗുണ്ടകൾ കമ്പിപാരകൊണ്ട് ആക്രമിച്ചു. വിപന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP