Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടത്തിൽ പെട്ട ബാലഭാസ്‌കറിന്റെ കാറിൽ നിന്നും കണ്ടെത്തിയ സ്വർണാഭരണങ്ങളുടെ ചിത്രങ്ങൾ പുറത്ത്; ബാഗുകളിൽ ഉണ്ടായിരുന്ന 44 പവൻ സ്വർണാഭരണങ്ങളിൽ സ്വർണനാണയവും ലോക്കറ്റും മാലയും വളയും മോതിരവും; പത്തിന്റെ മുതൽ മുതൽ രണ്ടായിരത്തിന്റെ വരെ നോട്ടുകെട്ടുകൾ; ആകെയുണ്ടായിരുന്ന രണ്ടുലക്ഷം രൂപയിൽ കൂടുതലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും; കാറിനുള്ളിലെ സ്വർണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് പ്രകാശ് തമ്പി തന്നെ

അപകടത്തിൽ പെട്ട ബാലഭാസ്‌കറിന്റെ കാറിൽ നിന്നും കണ്ടെത്തിയ സ്വർണാഭരണങ്ങളുടെ ചിത്രങ്ങൾ പുറത്ത്; ബാഗുകളിൽ ഉണ്ടായിരുന്ന 44 പവൻ സ്വർണാഭരണങ്ങളിൽ സ്വർണനാണയവും ലോക്കറ്റും മാലയും വളയും മോതിരവും; പത്തിന്റെ മുതൽ മുതൽ രണ്ടായിരത്തിന്റെ വരെ നോട്ടുകെട്ടുകൾ; ആകെയുണ്ടായിരുന്ന രണ്ടുലക്ഷം രൂപയിൽ കൂടുതലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും; കാറിനുള്ളിലെ സ്വർണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് പ്രകാശ് തമ്പി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറിൽനിന്നു കണ്ടെത്തിയ സ്വർണാഭരണങ്ങളുടെ ചിത്രങ്ങൾ പുറത്ത്. അപകടത്തെ തുടർന്ന് പൊലീസ് കാറിൽ നിന്നും കസ്റ്റഡിയിലെടുത്ത പണവും പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ആഭരണം സംബന്ധിച്ച രേഖകൾ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളത്. ബാലഭാസ്‌കറിന്റെ കാറിലുണ്ടായിരുന്ന സ്വർണാഭരണങ്ങളുടെ ചിത്രങ്ങൾ മനോരമ ഓൺലൈനാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ലോക്കറ്റ്, മാല, വള, സ്വർണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 500, 2000 നോട്ടുകളായിരുന്നു കൂടുതൽ.

സെപ്റ്റംബർ 25നു പുലർച്ചെയാണ് ബാലഭാസ്‌കറിന്റെ വാഹനം തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. തൃശൂരിൽ ക്ഷേത്രദർശനം നടത്തി തിരുവനന്തപുരത്തേക്കു വരുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് ഹൈവേ പട്രോളിങ് സംഘമാണ്. പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച് കാറിനകത്തെ സാധനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. രണ്ടു ബാഗുകളിൽനിന്നാണു സ്വർണവും പണവും കണ്ടെടുത്തത്. പൊലീസ് പണം എണ്ണി തിട്ടപ്പെടുത്തിയശേഷം രജിസ്റ്ററിൽ രേഖപ്പെടുത്തി. 2 ലക്ഷം രൂപയും 44 പവൻ സ്വർണവും കണ്ടെടുത്തതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്.

കാറിനുള്ളിൽ ഉണ്ടായിരുന്ന സ്വർണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശ് തമ്പിയെന്ന് ക്രൈംബ്രാഞ്ച്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിൽ ഇപ്പോൾ റിമാൻഡിലാണ് പ്രകാശ് തമ്പി. പ്രകാശ് തമ്പി രാവിലെ തന്നെ സ്റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വർണത്തിന്റെ വിവരങ്ങൾ ആരാഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും അപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ബന്ധുക്കളാണെന്നു ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും കൈമാറുകയായിരുന്നു. ഇതിന്റെ രേഖകൾ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈഎസ്‌പി അനിലിനു കൈമാറി. മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി: ഹരികൃഷ്ണനാണ് അന്വേഷണ ചുമതല.

വടക്കുംനാഥ ക്ഷേത്രത്തിൽ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകൾ ഏർപ്പാടാക്കിയത് പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമകളാണ്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത്. ആശുപത്രി നടത്തിപ്പുകാരിയായ ലതയ്ക്കും ഭർത്താവ് ഡോ. രവീന്ദ്രനും പത്തുലക്ഷം രൂപ വായ്പ നൽകിയതായി തെളിയിക്കുന്നതുൾപ്പെടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രി നടത്തിപ്പുകാർക്കെതിരെ കോഴിക്കോട് സ്വദേശിയായ കരാറുകാരൻ നൽകിയ പരാതിയുടെ വിശദാംശങ്ങളും അന്വേഷണസംഘത്തിന് കിട്ടി. നിർമ്മാണം നടത്തിയതിന്റെ പണം തരാനുണ്ടെന്നു കാട്ടിയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ബാലഭാസ്‌കറിന്റെ പേരും പരാമർശിക്കുന്നുണ്ട്. ബാലഭാസ്‌കറിനുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്നും ബാലുവിന്റെ മരണത്തെതുടർന്ന് പണത്തിന് പ്രയാസം നേരിട്ടതെന്നും പരാതിയിലുണ്ട്. പരാതിയിൽ ചെർപ്പുളശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രകാശ് തമ്പി സ്വർണക്കടത്ത് കേസിൽ ജയിലിൽ ആയതോടെയാണ് ബാലഭാസ്‌കറിന്റെ മരണവും ദുരൂഹമായത്. പ്രകാശ് തമ്പി പിടിയിലായശേഷം പുറത്തുവന്ന വിവരങ്ങളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ചില വെളിപ്പെടുത്തലുകളും സംശയങ്ങൾ ഇരട്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്. ബാലഭാസ്‌കർ അപകടത്തിൽപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തി സിസി ടിവി കാമറയുടെ ഹാർഡ് ഡിസ്‌ക് പരിശോധിച്ചതായ വെളിപ്പെടുത്തലാണ് പ്രകാശ് തമ്പിക്കെതിരായ സംശയങ്ങൾ ബലപ്പെടുത്തിയത്.

പ്രകാശ് തമ്പിയെത്തി ഹാഡ് ഡിസ്‌ക് പരിശോധിച്ച വിവരം പിന്നീട് ജ്യൂസ് കടയുടെ ഉടമ നിഷേധിച്ചതോടെ സംഭവം കൂടുതൽ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതു കൊണ്ട് അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP