Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കലാഭവൻ സോബിയുടെ ആരോപണം ശരിവച്ച് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി; സോബിയുടെ വെളിപ്പെടുത്തൽ ഗൗരവമായി പരിശോധിക്കണം; ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ബാലഭാസ്‌കറിന്റെ പിതാവിന്റെ ആവശ്യം; സരിത്തിനെ കണ്ടെന്ന സോബിയുടെ വാദത്തിൽ ഉറച്ച് പിതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് കണ്ടുവെന്ന കലാഭവൻ സോബിയുടെ ആരോപണം പരിശോധിക്കണമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി.സോബിയുടെ വെളിപ്പെടുത്തൽ ഗൗരവമായി പരിശോധിക്കണമെന്ന് കെ.സി. ഉണ്ണി പറഞ്ഞു.ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയതിനാലാണ് കേസ് സിബിഐക്ക് കൊടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നുംഉണ്ണി പറഞ്ഞു.ബാലഭാസ്‌കറിന്റെ അപകടമരണസസ്ഥലത്ത് രണ്ട് പേരെ അസ്വാഭാവികമായി കണ്ടുവെന്ന് നേരത്തെ തന്നെ കലാഭവൻ സോബി പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തൽ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്.

അന്ന് കണ്ട രണ്ട് പേരിൽ രൂപസാദൃശ്യമുള്ള ഒരാളാണ് സ്വർണക്കടത്ത് കേസിലെ പ്രതിയെന്നാണ് ഇപ്പോൾ സോബി ആരോപിക്കുന്നത്.മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി വെളിപപ്പെടുത്തി. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങൾ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങൾക്ക് കരുത്തു പകരുന്നതാണ് സോബി ജോർജ്ജിന്റെ വെളിപ്പെടുത്തൽ.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിൽ മൊഴി നൽകിയെങ്കിലും അന്വേഷണം അന്ന് കാര്യമായി മുന്നോട്ടു പോയില്ല. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു.

അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റിൽ കൈയിട്ട് കൂട്ടത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓർമിക്കാൻ കാരണമെന്നും സോബി വെളിപ്പെടുത്തുന്നു.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്കും നീണ്ടിരുന്നു. ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവും കുടുങ്ങി. വിഷ്ണുവാണ് അർജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അർജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങൾ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജർമാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോർഡിനേഷൻ നിർവഹിച്ചവരാണെന്നുമായിരുന്നു ലക്ഷ്മിയുടെ വിശദീകരണം. 2018 സെപ്റ്റംബർ 25-ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP