Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202206Tuesday

മകന് ജോലിക്ക് വേണ്ടി പണം കൊടുത്ത് വഞ്ചിതരായി; പിന്നീട് തട്ടിപ്പുകാരനൊപ്പം ചേർന്ന് പാവങ്ങളെ വ്യാജ നിയമന ഉത്തരവ് കാട്ടി വിശ്വസിപ്പിച്ച് പിരിവ് തുടങ്ങി; 20 പേരെ വഞ്ചിച്ച് വാങ്ങിയ തുക വിനീഷിന് നൽകി കമ്മീഷനും കൈപ്പറ്റി; ദേവസ്വം ജോലി തട്ടിപ്പിൽ അമ്മയും മകനും കുടുങ്ങി; ദേവസ്വം ഓഫീസലേക്കും അന്വേഷണം എത്തിയേക്കും

മകന് ജോലിക്ക് വേണ്ടി പണം കൊടുത്ത് വഞ്ചിതരായി; പിന്നീട് തട്ടിപ്പുകാരനൊപ്പം ചേർന്ന് പാവങ്ങളെ വ്യാജ നിയമന ഉത്തരവ് കാട്ടി വിശ്വസിപ്പിച്ച് പിരിവ് തുടങ്ങി; 20 പേരെ വഞ്ചിച്ച് വാങ്ങിയ തുക വിനീഷിന് നൽകി കമ്മീഷനും കൈപ്പറ്റി; ദേവസ്വം ജോലി തട്ടിപ്പിൽ അമ്മയും മകനും കുടുങ്ങി; ദേവസ്വം ഓഫീസലേക്കും അന്വേഷണം എത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ദേവസ്വം ബോർഡിൽ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച സംഭവത്തിലെ തട്ടിപ്പുകൾക്ക് പിന്നിലെ കഥകൾ പുറത്ത്. അമ്മയും മകനും ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിലായതോടെയാണ് ഇത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം കെ.ജെ.സിനി (സിനി എസ്‌പിള്ള47), മകൻ അനന്തകൃഷ്ണൻ (അനന്തു23), കരുനാഗപ്പള്ളി കൊല്ലക വടക്കുംതല മൂന്ന് സെന്റ് കോളനി രുദ്രാക്ഷ് (കുക്കു27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അനന്തകൃഷ്ണനു ജോലിക്കു വേണ്ടി സിനി പലപ്പോഴായി മൂന്നര ലക്ഷം രൂപ കേസിലെ മുഖ്യപ്രതി വി.വിനീഷ് രാജിനു നൽകിയിരുന്നു. വിനീഷ് നൽകിയ വ്യാജ നിയമന ഉത്തരവ് കാട്ടി മറ്റു പലരെയും ജോലി ലഭിക്കുമെന്നു സിനി വിശ്വസിപ്പിച്ചു. ഇപ്രകാരം 20 പേരിൽ നിന്നായി ലക്ഷക്കണക്കിനു രൂപ അമ്മയും മകനും പിരിച്ചെടുത്തു വിനീഷിനു കൈമാറി കമ്മിഷൻ കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.കൊല്ലം സ്വദേശി വിഷ്ണു നൽകിയ പരാതിയിൽ പേര് പരാമർശിക്കപ്പെട്ട ആളാണു രുദ്രാക്ഷ്. തട്ടിപ്പിന്റെ മുഖ്യ ഏജന്റ് കൊല്ലം സ്വദേശി ഫെബിൻ ചാൾസ്, മുഖ്യപ്രതി വിനീഷ് രാജ് എന്നിവരെ പരിചയപ്പെടുത്തിയതു രുദ്രാക്ഷ് ആണെന്നു വിഷ്ണു മൊഴി നൽകിയിരുന്നു.

ഇതെത്തുടർന്നാണ് രുദ്രാക്ഷിനെ അറസ്റ്റ് ചെയ്തത്. 6 പേരിൽ നിന്നായി 75 ലക്ഷം രൂപ രുദ്രാക്ഷ് കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 52 കേസുകളിലായി മൊത്തം നാലരക്കോടി രൂപയുടെ തട്ടിപ്പാണു ഇതുവരെ പുറത്തു വന്നത്. വി.വിനീഷ് രാജ് (32), പി.രാജേഷ് (34), വി.അരുൺ (24), അനീഷ് (24), എസ്.ആദിത്യൻ (ആദി22), സന്തോഷ് കുമാർ (52), ബിന്ദു (43), വൈശാഖ് (24), സി.ആർ.അഖിൽ (കണ്ണൻ24), ഫെബിൻ ചാൾസ് (23) എന്നിവരാണു നേരത്തെ അറസ്റ്റിലായത്. ഇതൊരു വലിയ റാക്കറ്റായിരുന്നു. പൊലീസുകാരുടെ സഹായം പോലും ഇവർക്ക് കിട്ടി.

ബിന്ദു നടത്തുന്ന കമ്പ്യൂട്ടർ സ്ഥാപനത്തിലാണ് നിയമന ഉത്തരവുകൾ വ്യാജമായി നിർമ്മിച്ചത്. സന്തോഷ് ഇടപാടിൽ സബ് ഏജന്റായി പ്രവർത്തിച്ചിരുന്നു. വിനീഷ് രാജനെതിരെ (32) 41 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നു കോടിയുടെ തട്ടിപ്പാണ് ഇതുവരെ പുറത്തു വന്നത്. കഴിഞ്ഞ 24ന് വിനീഷ് രാജന്റെ, കടവൂർകുളത്തിന് സമീപമുള്ള സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കേരള ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് ഒന്ന് എന്ന വ്യാജ തിരിച്ചറിയൽ കാർഡും വ്യാജ രേഖകളും 13 കുപ്പി (9.75 ലിറ്റർ) വിദേശ മദ്യവും ഡ്രഗ്‌സ് ലൈസൻസ് ഇല്ലാതെ സൂക്ഷിച്ചിരുന്ന മൃഗങ്ങൾക്കുള്ള വിവിധ മരുന്നുകളും പിടിച്ചെടുത്തിരുന്നു.

വിനീഷ് രാജ് പിന്നീട് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌കോടതിയിൽ കീഴടങ്ങുകയായിരുന്നു. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ ഉദ്യോഗസ്ഥർക്ക് മാത്രമല്ല ദേവസ്വംബോർഡ് ആസ്ഥാനത്തെ ചിലർ കൂടി ഒത്താശ ചെയ്തതായി സംശയിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മൂന്ന് ഗ്രേഡ് എസ്‌ഐമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. മാവേലിക്കര പൊലീസ് സ്റ്റേഷനിൽ മുമ്പ് ജോലി ചെയ്തിരുന്ന വർഗീസ് മാത്യു, ഗോപാലകൃഷ്ണൻ, ഹക്കീം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

അതിനിടെ ദേവസ്വം ബോർഡിലെ നിയമനത്തട്ടിപ്പ് ശ്രമത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ ഡി.ജി.പിയെ അടക്കം കണ്ടിരുന്നു. തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടെന്നും പ്രത്യേക അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണിത്. രാജഗോപാലൻ നായർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട് തൊഴിൽതട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചിരുന്നു. ചെന്നൈയിലെ ഒരു വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് വ്യാജനിയമനഉത്തരവിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചിലരുടെ പങ്കും അന്വേഷണസംഘം സംശയിക്കുന്നു. ഓരോ തസ്തികയിലെയും ഒഴിവുകളുടെ എണ്ണം കൃത്യമായി പറഞ്ഞാണ് തട്ടിപ്പ് സംഘം പണം പിരിച്ചത്. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ ഇടനിലക്കാരെ വിശ്വസിക്കാമെന്ന് ഉറപ്പു നൽകിയതു കൊണ്ടുകൂടിയാണ് പലരും വിശ്വസിച്ച് പണം നൽകിയതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP