Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എക്സ്പയറി ഡേറ്റ് കഴിയാറായ മരുന്നുകൾ വാങ്ങി; കോടികളുടെ സ്റ്റോക്കുള്ളപ്പോൾ കൃത്രിമം കാണിച്ച് വീണ്ടും മരുന്നുവാങ്ങിയത് ആർക്കുവേണ്ടി; ശിവകുമാറിനെ പിടിക്കാനിറങ്ങിയ ജേക്കബ് തോമസ് പരാതിക്കാരനോട് നാട്ടിലെത്തി മൊഴിനൽകാൻ നിർദേശിച്ചു; നാട് നന്നാകാത്തതിൽ രോഷം കൊള്ളുന്ന പ്രവാസികൾക്ക് ലിജേഷിനെ കണ്ടുപഠിക്കാം

എക്സ്പയറി ഡേറ്റ് കഴിയാറായ മരുന്നുകൾ വാങ്ങി; കോടികളുടെ സ്റ്റോക്കുള്ളപ്പോൾ കൃത്രിമം കാണിച്ച് വീണ്ടും മരുന്നുവാങ്ങിയത് ആർക്കുവേണ്ടി; ശിവകുമാറിനെ പിടിക്കാനിറങ്ങിയ ജേക്കബ് തോമസ് പരാതിക്കാരനോട് നാട്ടിലെത്തി മൊഴിനൽകാൻ നിർദേശിച്ചു; നാട് നന്നാകാത്തതിൽ രോഷം കൊള്ളുന്ന പ്രവാസികൾക്ക് ലിജേഷിനെ കണ്ടുപഠിക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 60 കോടിയിൽപ്പരം രൂപയുടെ മരുന്നുകൾ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ കെട്ടിക്കിടന്ന് നശിച്ചസംഭവത്തിൽ വിജിലൻസ് തുടങ്ങുന്ന അന്വേഷണം മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിലേക്കും ആരോഗ്യവകുപ്പിലെയും കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലേയും ഉന്നതരിലേക്കും നീളുമോ? എക്‌സ്പയറി ഡേറ്റ് കഴിയാറായ മരുന്നുകൾ വാങ്ങിയും മരുന്നുകൾ സ്റ്റോക്കില്ലെന്നുള്ള രീതിയിൽ കമ്പ്യൂട്ടറിൽ കൃത്രിമം കാണിച്ചും കോടികളുടെ മരുന്ന് സ്‌റ്റോക്കുണ്ടായിട്ടും വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുകയും അത് പൊതുഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തതിനെപ്പറ്റി വിജിലൻസ് പ്രാരംഭ പരിശോധന തുടങ്ങി.

ഇതുസംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുകയും വിവരാവകാശംവഴി വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത് പ്രവാസി മലയാളിയായ പാലക്കാട് സ്വദേശി ലിജേഷ് ജോയി തെളിവുകൾ സഹിതം നൽകിയ പരാതിയിലാണ് അന്വേഷണം. ഇത്തരത്തിൽ മരുന്നുകൾ വാങ്ങിക്കൂട്ടിയത് വൻ അഴിമതിക്ക് കാരണമായെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു.

ഇതിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതർക്ക് പങ്കുണ്ടോയെന്ന അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുന്ന വിജിലൻസ് കെ. ബാബുവിനെതിരെയും കെഎം മാണിക്കെതിരെയുമുയർന്ന കോഴ ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചിരിക്കെ മറ്റ് മന്ത്രിമാർക്കെതിരെയും ഉടൻ അന്വേഷണം തുടങ്ങുമെന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിൽ ആദ്യം അന്വേഷണം നടക്കുന്നത് മരുന്നുകളുടെ ഇടപാടിൽ നടന്ന കോടികളുടെ അഴിമതിയെപ്പറ്റിയായിരിക്കുമെന്ന വിവരങ്ങളാണ് മറുനാടന് ലഭിച്ചിട്ടുള്ളത്.

പ്രവാസി മലയാളിയും പാലക്കാട് സ്വദേശിയുമായ ലിജേഷ് ജോയി ഇക്കഴിഞ്ഞ ജൂലായ് 28ന് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് പ്രാരംഭ നടപടികൾ തുടങ്ങുകയായിരുന്നു. പരാതി പഠിച്ച വിജിലൻസ് ഇക്കാര്യത്തിൽ ശേഖരിച്ച തെളിവുകൾ ഹാജരാക്കാൻ ലിജേഷിനോട് നിർദ്ദേശം നൽകിയിരിക്കുകയാണ്. താമസിയാതെ നാട്ടിലെത്തി ലിജേഷ് വിവരങ്ങൾ വിജിലൻസിന് കൈമാറും. മുൻസർക്കാരിന്റെ കാലത്ത് ലിജേഷ് ഇതേ പരാതി നൽകിയിരുന്നെങ്കിലും അതിൽ അന്വേഷണമൊന്നും നടന്നിരുന്നില്ല.

ഈ സാഹചര്യത്തിലാണ് പുതിയ സർക്കാർ വന്നതോടെ വീണ്ടും വിജിലൻസിന് മെഡിക്കൽ കോർപ്പറേഷനിലെ അഴിമതിയും എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കോർപ്പറേഷൻ വാങ്ങാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലിജേഷ് പുതിയ പരാതി നൽകിയിരിക്കുന്നത്.

കേരളത്തിലെ അഴിമതികൾക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും രോഷംകൊള്ളുന്നവർക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് ഈ പ്രവാസി മലയാളി മെഡിക്കൽ കോർപ്പറേഷനിലെ അഴിമതികളെപ്പറ്റി വിവരം ശേഖരിച്ചത്. വിവരാവകാശംവഴിയും ഫോണിൽ മെഡിക്കൽ കോർപ്പറേഷനിലെ ജീവനക്കാരും ഉന്നതരുമായി സംസാരിച്ചും വിവരങ്ങൾ ശേഖരിച്ചും ചില ഫോൺ സംഭാഷണങ്ങൾ തന്നെ തെളിവായി റെക്കോഡ് ചെയ്തുമെല്ലാമാണ് അഴിമതിയുടെ പിന്നാമ്പുറക്കഥകൾ വെളിച്ചത്തുകൊണ്ടുവരാൻ ലിജേഷ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസിനോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ലിജേഷ് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച പുറത്തുവന്ന പത്രവാർത്തകളും ചാനൽ റിപ്പോർട്ടുകളും സഹിതമാണ് ലിജേഷ് പരാതി നൽകിയിരിക്കുന്നത്.

നിരോധിക്കപ്പെട്ട കമ്പനികളിൽ നിന്ന് മരുന്നുവാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഒരു ആരോപണം. ഈ കമ്പനികളുടെ പേരുകൾ ഐടി വിഭാഗം വെബ്‌സൈറ്റിൽ നിന്ന് നീക്കിയെങ്കിലും അവർക്ക് ഷോ കോസ് നോട്ടീസ് നൽകി നടപടി അവസാനിപ്പിക്കുകയായിരുന്നു. ഇതിൽ കള്ളക്കളിൽ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.

കമ്പനികളിൽ നിന്ന് അക്കാലത്തുണ്ടായിരുന്ന മെഡിക്കൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പണം വാങ്ങിയതായി അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് തന്നെ ഫോണിൽ തന്നോട് പറഞ്ഞിട്ടുള്ളതായും അതിന്റെ ശബ്ദരേഖ ഹാജരാക്കാമെന്നും ലിജേഷ് പരാതിയിൽ പറഞ്ഞിരുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ പല വെയർ ഹൗസുകളിലും കോടികളുടെ മരുന്ന് നശിച്ചുപോയതായും പലയിടത്തും ഇത് കത്തിച്ചുകളഞ്ഞതായും നിരവധി മാദ്ധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ, ഇതിന്റെ സാഹചര്യം പരിശോധിക്കപ്പെട്ടില്ല.

ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ഓഫീസിൽ നിന്ന് ഫിനാൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിതന്നെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നതായാണ് മറ്റൊരു വിവരം. എന്നിട്ടും ശിവകുമാർ മന്ത്രിയായിരുന്ന ആരോഗ്യവകുപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതിന് കോൺഗ്രസ് തയ്യാറായില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

പക്ഷേ, ഇതിന്മേൽ അന്വേഷണം നടത്തുമെന്നാണ് ശിവകുമാർ നിയമസഭയിൽ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നത്. ഉന്നതർ ഇടപെട്ട് അഴിമതി നടത്തുന്നതിനെ പറ്റി വ്യക്തമായി വിവരം ലഭിച്ചതിനെ തുടർന്ന് 2014ൽ കോർപ്പറേഷനിലെ ജീവനക്കാർ തന്നെ ഇങ്ങനെയൊരു അന്വേഷണത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു. അതും സർക്കാർ കണ്ടില്ലെന്ന് നടിച്ചു. ഇതിനെല്ലാം പുറമെ, കോടികളുടെ മരുന്ന് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയിലൂടെ നശിച്ചുപോയതായി സിഎജി റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം, ആരോപണങ്ങളെല്ലാം യുഡിഎഫ് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയും ആരോഗ്യരംഗത്തെ ഉന്നതർക്കെതിരെ ഉയർന്ന ആരോപണം മുക്കുകയുമായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. മരുന്നുകളുടെ സ്‌റ്റോക്കിന്റെയും മറ്റും ഡാറ്റ ഉൾപ്പെടുത്തി അപ്പപ്പോൾ വിലയിരുത്താനുള്ള ടാസ്‌ക് സോഫ്റ്റ് വെയറിന്റെ പ്രവർത്തനത്തിൽ പലതവണ പാളിച്ചകൾ സംഭവിച്ചതായി മാനേജിങ് ഡയറക്ടർകകും ആരോഗ്യ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും അതു നന്നാക്കാൻ കൂട്ടാക്കിയില്ല.

സോഫ്റ്റ് വെയറിൽ മരുന്നുകൾ സ്റ്റോക്കില്ലെന്ന് കാണിച്ചതിനെ തുടർന്നാണ് കെട്ടുകണക്കിന് സ്‌റ്റോക്കുണ്ടായിരുന്ന മരുന്നുകൾതന്നെ വാങ്ങിക്കൂട്ടിയതെന്നും കൈവശമുണ്ടായിരുന്ന മരുന്നുകൾ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ് ഉപയോഗ ശൂന്യമായതെന്നും ആരോപണം നേരത്തേ ഉയർന്നിരുന്നു. എന്നാൽ വീണ്ടും വീണ്ടും മരുന്നുവാങ്ങാനും അതിന്റെ മറവിൽ കോടികൾ തട്ടാനും ചിലർ കരുതിക്കൂട്ടി ശ്രമം നടത്തിയെന്ന ആരോപണമാണ് ഇപ്പോഴും ഉയരുന്നത്.

ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ അക്കമിട്ടു നിരത്തി പരാതി നൽകിയ ലിജേഷ് ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ഹാജരാക്കാമെന്നും വിജിലൻസിനെ അറിയിച്ചിരുന്നു. പരാതി സ്വീകരിച്ച വിജിലൻസ് ഇക്കാര്യത്തിൽ പ്രാഥമിക പരിശോധനയ്ക്ക് വിജിലൻസ് ഇൻസ്‌പെക്ടർ സിഎൽ സുധീറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ഇദ്ദേഹത്തിന് വിവരങ്ങളും രേഖകളും തെളിവുകളും കൈമാറാനാണ് ലിജേഷിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇപ്പോൾ വിദേശത്തുള്ള ലിജേഷ് അടുത്തമാസം നാട്ടിലെത്തുമ്പോൾ വിജിലൻസിന് നേരിട്ട് തെളിവുകൾ നൽകുമെന്ന് മറുനാടനോട് വ്യക്തമാക്കി. കൈവശമുള്ള മറ്റു വിവരങ്ങൾ ഇതിനകം നൽകുകയും ചെയ്തി്ട്ടുണ്ട്. ഇതിൽ അന്വേഷണം ശക്തമായി നടക്കുന്നതോടെ ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതിയുടെ കഥകൾ പുറത്തുവരുമെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP