Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻ മന്ത്രി കെ ബാബുവിന് എതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് തെളിവുണ്ടെന്ന് വിജിലൻസ്; കടിഞ്ഞാൺ ബെഹ്‌റയെ ഏൽപ്പിച്ച് വിജിലൻസ് കേസുകളിൽ എല്ലാം ശരിയാക്കുന്നു എന്ന ആക്ഷേപം ഉയർന്നതോടെ മുന്മന്ത്രിയുടെ സ്വത്തിൽ പകുതിയോളവും അനധികൃതമെന്ന് പുതിയ വാദം; മാണിക്കും ബാബുറാമിനും ക്‌ളീൻചിറ്റ് നൽകിയ ബാർകോഴ കേസിൽ 'കൂട്ടിലെ തത്ത' ചിറകു വിടർത്തുമോ?

മുൻ മന്ത്രി കെ ബാബുവിന് എതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് തെളിവുണ്ടെന്ന് വിജിലൻസ്; കടിഞ്ഞാൺ ബെഹ്‌റയെ ഏൽപ്പിച്ച് വിജിലൻസ് കേസുകളിൽ എല്ലാം ശരിയാക്കുന്നു എന്ന ആക്ഷേപം ഉയർന്നതോടെ മുന്മന്ത്രിയുടെ സ്വത്തിൽ പകുതിയോളവും അനധികൃതമെന്ന് പുതിയ വാദം; മാണിക്കും ബാബുറാമിനും ക്‌ളീൻചിറ്റ് നൽകിയ ബാർകോഴ കേസിൽ 'കൂട്ടിലെ തത്ത' ചിറകു വിടർത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർ കോഴ കേസിൽ ഉമ്മൻ ചാണ്ടി സർക്കാരിൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് എതിരായ വിജിലൻസ് കേസിൽ ഒരിക്കൽ കൂടി മലക്കംമറിഞ്ഞ് വിജിലൻസ്. ബാബുവിന് എതിരെ തെളിവുണ്ടെന്നും സ്വത്തിൽ പകുതിയോളവും അനധികൃതമെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അനിധികൃത സ്വത്തുസമ്പാദനക്കേസിൽ ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട ബാബുറാമിനെ ഒഴിവാക്കി വിജിലൻസ് ഇക്കഴിഞ്ഞ ജനുവരി പത്തിന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ഇതോടെ കേസിൽ ബാബുവിനെ കുറ്റവിമുക്തനാക്കാനുള്ള നീക്കമാണ് വിജിലൻസ് നടത്തുന്നതെന്ന വിലയിരുത്തലും പലകോണിൽ നിന്നും ഉയർന്നു. ഇത്തരത്തിൽ വിജിലൻസ് മുൻ സർക്കാരിന്റെ കാലത്ത് പ്രബലർക്ക് എതിരായി ഉയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കുന്നകാര്യത്തിൽ ഉഴപ്പുന്നതായും ആക്ഷേപമുണ്ടായി. വിജിലൻസിന്റെ ചുമതല ജേക്കബ് തോമസിൽ നിന്ന് മാറി ലോക്‌നാഥ് ബെഹ്‌റയിലേക്ക് എത്തിയതോടെയാണ് ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടായതെന്നതും വലിയ ചർച്ചയാണിപ്പോൾ. അതിനിടെയാണ് ഇപ്പോൾ ബാബുവിന് എതിരായ കേസ് അവസാനിച്ചിട്ടില്ലെന്നും ബാബു കുറ്റവിമുക്തനല്ലെന്നും അനധികൃത സ്വത്തുസമ്പാദിച്ചെന്നും വ്യക്തമാക്കി വിജിലൻസ് എത്തുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നാണ് വിജിലൻസ് ഇപ്പോൾ വ്യക്തമാക്കുന്നത്. കേസ് നിലനിൽക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ബാബു നൽകിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലൻസ് ഇപ്പോൾ വ്യക്തമാക്കുന്നത്. ബാർ കോഴക്കേസിൽ ബാബുവിനെതിരായ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലെന്നു വിജിലൻസ് ഡയറക്ടർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാബുവിന്റെ ബിനാമിയെന്നു വിജിലൻസ് ആരോപിച്ച ബാബുറാമിന്റെ ഹർജി പരിഗണിക്കുമ്പോഴാണു വിജിലൻസ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി ബാബുറാം ഹൈക്കോടതിയെ സമീപിക്കുന്നത്.

മുൻ സർക്കാരിന്റെ കാലത്ത് നടന്ന കോഴ ഇടപാടുകളും അഴിമതികളുമെല്ലാം ഉയർത്തിക്കാട്ടി വലിയ പ്രചരണം നടത്തിയാണ് ഇടതുമുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയതും അതിന്റെ നേട്ടത്തോടെ അധികാരത്തിൽ എത്തിയതും. ഉന്നയിച്ച അഴിമതി ആരോപണങ്ങളിലെല്ലാം ശക്തമായ അന്വേഷണം ഉണ്ടാവുമെന്നും ഒരാളെപ്പോലും വെറുതെവിടില്ലെന്നുമായിരുന്നു ഇടതുമുന്നണി മുഖമുദ്രയാക്കിയ മുദ്രാവാക്യം. എന്നാൽ പല ആരോപണങ്ങളിലും യുഡിഎഫിലെ ഉന്നതർ രക്ഷപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

വിജിലൻസ് അന്വേഷണം ഓരോ വിഷയത്തിലും പ്രഖ്യാപിച്ചെങ്കിലും ഡിജിപി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് 'കൂട്ടിലടച്ച തത്ത' ആക്കി നിർത്തിയതോടെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ല. അദ്ദേഹവും സർക്കാരുമായി ഉടക്ക് ഉച്ചസ്ഥായിയിൽ എത്തിയതോടെ പിന്നെ വിജിലൻസിന്റെ കാര്യങ്ങളെല്ലാം സർക്കാർ നിശ്ചയിച്ച രീതിയിൽ മുന്നോട്ടുനീങ്ങുന്നതായും ആക്ഷേപം ഉയർന്നു. സിപിഎം ഉന്നതർക്ക് എതിരെയുൾപ്പെടെ ഉയർന്ന പരാതികളിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായ കേസുകളിലുമെല്ലാം ഉദാസീനതവരികയും പല കേസിലും കഴമ്പില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. ഇതോടെയാണ് ബാബുവിനെതിരായ കേസ് അവസാനിച്ചില്ലെന്നു വ്യക്തമാക്കി വിജിലൻസ് വരുന്നത് എന്നത് ശ്രദ്ധേയമാണ്.

കേരളത്തിൽ ഇടതുവലതു സർക്കാരുകൾ തമ്മിൽ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയമാണെന്ന ആക്ഷേപം നേരത്തേ മുതലേ ബിജെപി ഉയർത്തിയിരുന്നു. രണ്ടുകൂട്ടരും പരസ്പരം കേസുകൾ ഒത്തുതീർപ്പാക്കി കൊടുത്ത് സഹായിക്കുന്നു എന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികൾ എണ്ണിപ്പറഞ്ഞാണ് സിപിഎം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെങ്കിലും അതിൽ ഒരു സംഭവത്തിൽ പോലും ഇതുവരെ സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നതും ശ്രദ്ധേയമാണ്. കെഎം മാണിക്കെതിരെയും ഉമ്മൻ ചാണ്ടിക്കെതിരെയും ഉൾപ്പെടെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തി.

ബാബുവിനെതിരെ ഉയർന്ന ആരോപണത്തിലും ബാബുറാമിനെ കുറ്റവിമുക്തനാക്കിയ നിലയിൽ കഴിഞ്ഞമാസം റിപ്പോർട്ട് നൽകപ്പെട്ടതോടെ ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയാവുകയും ചെയ്തു. വിജിലൻസ് ഭരണം ബെഹ്‌റയെ ഏൽപ്പിച്ചതിന് പിന്നാലെ ഉണ്ടായ ഈ മാറ്റങ്ങളിൽ വലിയൊരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുൾപ്പെടെ അസ്വസ്ഥരാണ്. ഇത് ഉദ്യോഗസ്ഥതലത്തിലും ചർച്ചയാവുന്നതിനിടെയാണ് ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അനധികൃത സ്വത്തുസമ്പാദനത്തിന് തെളിവുണ്ടെന്നും വ്യക്തമാക്കി വിജിലൻസ് രംഗത്തെത്തുന്നത്.

ബാബുവിന്റെ ബിനാമിയാണു ബാബുറാമെന്നതിനു തെളിവില്ലെന്നാണ് ജനുവരിയിൽ ഹെക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഫോൺ കോളുകളല്ലാതെ ഇരുവരെയും ബന്ധിപ്പിക്കാൻ മറ്റൊന്നുമില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഇതോടെ ബാബു കുറ്റവിമുക്തനാകാനുള്ള സാധ്യതയേറിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ഇക്കാര്യം ചർച്ചയാകുകയും ചെയ്തിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാബുറാം സമർപ്പിച്ച ഹർജിയിലായിരുന്നു വിജിലൻസ് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്. കേസിൽ കെ. ബാബു ഒന്നാം പ്രതിയും ബാബുറാം രണ്ടാംപ്രതിയും മോഹനൻ മൂന്നാം പ്രതിയുമാണ്. ബാബുറാമിന്റെ സ്വത്തുക്കൾ കെ. ബാബുവിന്റെ സഹായത്തോടെയാണു സമ്പാദിച്ചതെന്നതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലൻസ് അറിയിച്ചത്. ബാബുറാം കേസിൽനിന്ന് ഒഴിവാക്കപ്പെടുന്ന മുറയ്ക്ക്, ഇതേ ആവശ്യവുമായി ബാബുവും മോഹനനും കോടതിയെ സമീപിച്ചേക്കുമെന്നും അന്ന് റിപ്പോർട്ടുകൾ വന്നു.

എക്‌സൈസ് മന്ത്രിയായിരിക്കെ ബാബു 2011-2016 കാലയളവിൽ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി വിജിലൻസ് സ്പെഷൽ സെൽ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട്ടിലെ തേനിയിലും കർണാടകത്തിലും ബാബുവിനും ബന്ധുക്കൾക്കും ഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിമായി നടക്കുകയും ബാബുവിന്റേയും ബാബുറാമിന്റേയും ഇടപാടുകളെല്ലാം പരിശോധിക്കുകയും തുടർച്ചയായി റെയ്ഡുകൾ നടത്തുകയും ചെയതിരുന്നു. എന്നാൽ പിന്നീട് പതിയെപ്പതിയെ കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ നിലച്ചു. ജേക്കബ് തോമസിനെ വിജിലൻസിന്റെ ചുമതലയിൽ നിന്ന് മാറ്റിയതോടെ കേസ് ആറിത്തണുത്ത മട്ടായി. ഇതിന് പിന്നാലെയാണ് ബാബുറാമിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചത്. ഇത് ചർച്ചയാവുകയും ചെയ്തു.

വിശ്വസ്തരായ ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, ജോജി എന്നിവരിലൂടെ ബാബു റിയൽ എസ്റ്റേറ്റ് ഇടപാടുകളും പലിശ ഇടപാടും അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള വെളിപ്പെടുത്തൽ. ഭൂമി ഇടപാടുകൾക്കാണു ബാബുറാമിനെ ബിനാമിയായി ഉപയോഗപ്പെടുത്തിയതെന്നായിരുന്നു വിജിലൻസിന്റെ വാദം. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടു നടന്നുവെന്ന കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി എം. രാധാകൃഷ്ണൻ നൽകിയ പരാതിയിലാണു ബാബുവിനെതിരേ കേസെടുത്തത്.

കോടികളുടെ സ്വത്തുക്കൾ ബിനാമി പേരിലാണെന്നുമായിരുന്നു എറണാകുളം വിജിലൻസ് എസ്‌പിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് ഭാഗികമായി തെറ്റാണെന്ന നിലയിൽ ആണ് വിജിലൻസ് കഴിഞ്ഞ മാസം കോടതിയിൽ റിപ്പോർട്ട് നൽകിയത്. അത് ചർച്ചയായതിന് പിന്നാലെയാണ് ഇപ്പോൾ ബാബുവിന് അനധികൃത സമ്പാദ്യമുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് എത്തുന്നത്. ബാബുവിന്റെ വീട്ടിൽനിന്നു തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തിൽ 120 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വർണാഭരണങ്ങളും മോഹനന്റെ വീട്ടിൽനിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടിൽനിന്നു ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP