Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ എം ഷാജിയുടെ കാർഷിക വരുമാനവും അന്വേഷിക്കും; പത്തുവർഷത്തെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും; ആറ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കും; ഷാജിയെ വീണ്ടും ചോദ്യംചെയ്യും; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരുന്നു

കെ എം ഷാജിയുടെ കാർഷിക വരുമാനവും അന്വേഷിക്കും; പത്തുവർഷത്തെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും; ആറ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കും; ഷാജിയെ വീണ്ടും ചോദ്യംചെയ്യും; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ കെ എം ഷാജിയുടെ പത്തുവർഷത്തെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി വിജിലൻസ് അന്വേഷണ സംഘം. ഇതിനായി കാർഷിക വരുമാനവും രണ്ട് വീടുകളുടെ മൂല്യവും പിഡബ്ല്യുഡി, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെ സഹായത്തോടെ കണക്കാക്കും. കഴിഞ്ഞ പത്ത് വർഷത്തെ സമ്പാദ്യവും ചിലവും പരിശോധിക്കാനാണ് വിജിലൻസ് സംഘത്തിന്റെ തീരുമാനം. അന്വേഷണം വേഗത്തിലാക്കാൻ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ വിപുലീകരിക്കും.

നിലവിൽ ഒരു എസ്‌പി.യും ഡിവൈ.എസ്‌പി.യും ഉൾപ്പെടെ നാല് പേരാണ് അന്വേഷണസംഘത്തിലുള്ളത്. ഇതിന് പുറമേ ആറ് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തും.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ നാലര മണിക്കൂറാണ് വിജിലൻസ് എസ്‌പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്തത്. വീട്ടിൽ നിന്ന് പിടിച്ച പണത്തെ സംബന്ധിക്കുന്ന രേഖകൾ ഒരാഴ്‌ച്ചയ്ക്കകം ഹാജരാക്കുമെന്നാണ് ഷാജി വിജിലൻസിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ അരക്കോടിയോളം വരുന്ന രൂപയുടെ ഉറവിടം കാണിക്കാൻ സമയം വേണമെന്ന കെ എം ഷാജിയുടെ ആവശ്യം വിജിലൻസ് തള്ളിയിരുന്നു.

സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യുമെന്നാണ് സൂചന. പണവും സ്വത്ത് വിവരവും സംബന്ധിച്ച രേഖകൾ ലഭിക്കുന്ന മുറയ്ക്കാകും ചോദ്യംചെയ്യൽ. കഴിഞ്ഞദിവസം ചോദ്യംചെയ്തപ്പോൾ നൽകിയ മൊഴികൾ വിശകലനം ചെയ്താണ് അന്വേഷണസംഘം വിപുലീകരിക്കാൻ തീരുമാനിച്ചത്. ഷാജിയുടെ മൊഴികളിൽ അന്വേഷണസംഘം പൂർണമായും തൃപ്തരല്ലെന്നും വിവരമുണ്ട്.

കഴിഞ്ഞ ദിവസം റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം സംബന്ധിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണ്ടെടുത്ത മറ്റ് രേഖകളിൻ മേലുള്ള റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അടുത്ത 23-നാണ് കെ എം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കുന്നത്.

വിദേശയാത്രയുടേതടക്കമുള്ള 72 ഓളം രേഖകളാണ് വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി രേഖകൾ തിരികെ കിട്ടാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഹർജി നൽകും. കോടതിയിൽ നിന്ന് കൂടുതൽ രേഖകൾ കിട്ടിയതിനുശേഷം കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

2011- 2020 കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നൽകിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരവും വിജിലൻസ് പരിശോധിക്കും. എംഎ‍ൽഎ.യായ സമയത്ത് കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്.

എന്നാൽ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകൾ ഹാജരാക്കിയെന്നുമാണ് ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെ മുസ്ലിം ലീഗ് നിലപാടും ഷാജിക്ക് സഹായകമാകുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP