Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഹാര സാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ട് വെറുതെയിരിക്കും; തുടർനടപടികൾക്ക് ഒരുവർഷത്തിൽ അധികം കാലതാമസം; മനഃപൂർവം ലാബുകളിലെ പരിശോധനാ ഫലം വൈകിക്കും; ഫലം ലഭിച്ചാലും പിഴ ഈടാക്കുന്നതിൽ വീഴ്ച; ഗുണനിലവാരമില്ലാത്ത ഭക്ഷണം വിൽക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

ആഹാര സാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ട് വെറുതെയിരിക്കും; തുടർനടപടികൾക്ക് ഒരുവർഷത്തിൽ അധികം കാലതാമസം; മനഃപൂർവം ലാബുകളിലെ പരിശോധനാ ഫലം വൈകിക്കും; ഫലം ലഭിച്ചാലും പിഴ ഈടാക്കുന്നതിൽ വീഴ്ച; ഗുണനിലവാരമില്ലാത്ത ഭക്ഷണം വിൽക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ഹെൽത്ത്-വെൽത്ത് എന്ന പേരിലായിരുന്നു മിന്നൽ പരിശോധന. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ
അഴിമതി നടത്തി ഗുണമേന്മ കുറഞ്ഞ ആഹാര സാധനങ്ങൾ വിപണിയിൽ വില്ക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്.

സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഓഫീസിലും, പതിനാലു ജില്ലകളിലേയും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കീഴിലുള്ള ലാബുകളിലും ഒരേസമയം മിന്നൽ പരിശോധന നടത്തിയത്.

സാമ്പിളുകളിൽ തുടർ നടപടിയില്ല

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ആഹാരസാധനങ്ങളുടെ സാമ്പിളുകൾ വ്യാപകമായി ശേഖരിക്കുന്നുണ്ടെങ്കിലും അതിന്മേൽ ഒട്ടുമിക്ക ജില്ലകളിലും തുടർനടപടികൾ സ്വീകരിക്കുന്നില്ല എന്ന് വിജിലൻസ് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വാങ്ങുന്നതിന് ഒരുവർഷത്തിലധികം കാലതാമസം എടുക്കുന്നതായി കണ്ടെത്തി. അതുവഴി കാലതാമസം ഉണ്ടായതിന്റെ പേരിൽ ഭക്ഷ്യ ഉത്പാദകരും വിതരണക്കാരും ഇറക്കുമതി ചെയ്യുന്നവരും നിയമനടപടികളിൽ നിന്നും രക്ഷപ്പെടുന്നതായും വിജിലൻസ് കണ്ടെത്തി. സുരക്ഷിതമല്ലെന്ന് ലാബ് പരിശോധനാ ഫലം ലഭിച്ചവയിൽ എറണാകുളം ജില്ലയിലെ പള്ളുരുത്തി ഭക്ഷ്യസുരക്ഷാ ഓഫീസിലെ 11, പത്തനംതിട്ടയിൽ 10, കരുനാഗപ്പള്ളിയിലും ചടയമംഗലത്തും രണ്ട്, കോഴിക്കോട് ബേപ്പൂരിൽ 17, പാലക്കാട് 38, കോട്ടയത്ത് എട്ട്, ആലപ്പുഴയിൽ ഏഴ്, മലപ്പുറത്ത് ആറും ഭക്ഷ്യ ഉത്പാദക- വിതരണ- ഇറക്കുമതികാർക്കെതിരെ നടപടികൾ സ്വീകരിക്കാതിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.

പരിശോധനാ ഫലം വൈകിക്കുന്നു

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാർ ഫീൽഡ് പരിശോധന വേളയിൽ എടുക്കുന്ന സാമ്പിളുകളിൽ ഗുണനിലവാരമില്ലാത്ത്, തെറ്റായ ബ്രാൻഡ് എന്നിങ്ങനെ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങൾ തുടർനടപടികൾ സ്വീകരിക്കാതെ ചില ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനാഫലം നൽകുന്നത് വൈകിപ്പിക്കുന്നു. ഇത് നിലവാരമില്ലാത്തതും, തെറ്റായ ബ്രാൻഡുമായ ആഹാരസാധനങ്ങൾ വിറ്റ് തീർക്കുന്നതിന് സാഹചര്യം ഒരുക്കിനൽകുന്നതായും വിജിലൻസ് കണ്ടെത്തി. ഇത്തരത്തിൽ പരിശോധനാ ഫലം ലഭിച്ച പത്തനംതിട്ട ജില്ലയിലെ 128 സാമ്പിളുകളിൽ പിഴ ഈടാക്കിയിട്ടില്ല എന്നും, കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസിൽ നടത്തിയ പരിശോധനയിൽ 2016-2020 വരെയുള്ള കാലയളവിൽ നിലവാരമില്ലാത്തത് എന്ന് പരിശോധനയിൽ തെളിഞ്ഞ 46 സാമ്പിളുകളിലും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫീസിൻ നിന്നും 2022-2023 കാലയളവിൽ പ്രാഥമികമായി ശേഖരിച്ച 223 സാമ്പിളുകളിൽ 111 എണ്ണം നിലവാരമില്ലതതെന്നു ഫലം ലഭിച്ചിട്ടും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.

കാസർഗോഡ് ജില്ലയിൽ 14 ദിവസത്തിനുള്ളിൽ പരിശോധനാ ഫലം നൽകുന്നതിനു പകരം മൂന്ന് മാസമായിട്ടും ലാബുകളിൽ നിന്ന് പരിശോധനാ ഫലം നൽകിയിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. കൊല്ലം ജില്ലയിൽ 200 ഓളം സാമ്പിളുകളുടെ ഫലം ലാബുകളിൽ നിന്നും ലഭ്യമായിട്ടില്ലായെന്നും, 2022-2023 സാമ്പത്തിക വർഷത്തിൽ കരുനാഗപ്പള്ളി ഫുഡ് സേഫ്റ്റി ഓഫീസിൽ പരിശോധനക്ക് അയച്ച 80 സാമ്പിളുകളിൽ 58 എണ്ണത്തിനും പരിശോധനാ ഫലം ലഭ്യമായിട്ടില്ലയെന്നും വിജിലൻസ് കണ്ടെത്തി.

പത്തനംതിട്ട ജില്ലയിലെ ആറന്മുള ഭക്ഷ്യസുരക്ഷാ ഓഫീസറുടെ കീഴിൽ 115 സാമ്പിളുകൾ 2021- 22 കാലഘട്ടത്തിൽ പരിശോധനക്കായി ലാബിൽ അയച്ചെങ്കിലും ഫലം 14 ദിവസത്തിനകം പരിശോധിക്കണമെന്ന ചട്ടം ലംഘിച്ച് പരിശോധന ഫലം ലഭ്യമായിട്ടില്ലെന്നും കോട്ടയം ജില്ലയിലെ വടവത്തൂർ ഭക്ഷ്യസുരക്ഷാ ഓഫീസിൽ നടത്തിയ പരിശോധനയിൽ 2022 ഓഗസ്റ്റ് മുതൽ പരിശോധനക്ക് അയച്ച 29 സാമ്പിളുകളുടെ റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ലയെന്നും വിജിലൻസ് കണ്ടെത്തി.

ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP