Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സഹപാഠികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഒൻപതാംക്ലാസിലെ പരിചയം സജീവമായി; 25-ാം വർഷത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കൂട്ടുകാരിയുടെ മൂന്ന് മക്കൾക്കും അമ്മയ്ക്കുമൊപ്പം കൂട്ടുകാരൻ എത്തിയത് പ്രണയമായി; കഴുത്തിന്റെ ചികിൽസയ്ക്കായി വന്ന ഭാര്യയെ ഉറങ്ങുമ്പോൾ ശ്വാസം മുട്ടിച്ച് കൊന്ന് ഒഴിവാക്കൽ; മരണം സ്ഥിരീകരിച്ചത് നേഴ്‌സായ കാമുകി ഹൃദയമിടിപ്പ് നോക്കി: മകന്റെ രഹസ്യം ഒളിപ്പിച്ചത് പകയായെന്ന് മൊഴി; വിദ്യയെ പ്രേംകുമാറും സുനിതയും ചേർന്ന് കൊന്നതും മദ്യത്തിൽ ചതിയൊരുക്കി

സഹപാഠികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഒൻപതാംക്ലാസിലെ പരിചയം സജീവമായി; 25-ാം വർഷത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കൂട്ടുകാരിയുടെ മൂന്ന് മക്കൾക്കും അമ്മയ്ക്കുമൊപ്പം കൂട്ടുകാരൻ എത്തിയത് പ്രണയമായി; കഴുത്തിന്റെ ചികിൽസയ്ക്കായി വന്ന ഭാര്യയെ ഉറങ്ങുമ്പോൾ ശ്വാസം മുട്ടിച്ച് കൊന്ന് ഒഴിവാക്കൽ; മരണം സ്ഥിരീകരിച്ചത് നേഴ്‌സായ കാമുകി ഹൃദയമിടിപ്പ് നോക്കി: മകന്റെ രഹസ്യം ഒളിപ്പിച്ചത് പകയായെന്ന് മൊഴി; വിദ്യയെ പ്രേംകുമാറും സുനിതയും ചേർന്ന് കൊന്നതും മദ്യത്തിൽ ചതിയൊരുക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ളറട ചെറുവാരക്കോണം സ്‌കൂളിലെ 1994-95 എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർത്ഥികൾ ഞെട്ടലിലാണ്. കൂടെ പഠിച്ച പ്രേംകുമാറും സുനിതാ ബേബിയും കേരളത്തെ നടുക്കിയ കൊലക്കേസിലെ പ്രതികളാകുന്നു. ഈ ബാച്ചിലെ സൗഹൃദമാണ് ഈ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കണ്ടു മുട്ടി തുടങ്ങിയ പ്രണയമാണ് എല്ലാത്തിനും കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് കൂടെ പഠിച്ചവർ വിശ്വസിക്കുന്നില്ല. അതിന് മുമ്പേ അവർ തമ്മിൽ അടുത്തിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ നിഗമനം.

Stories you may Like

ഹൈസ്‌കൂളിൽ 1994-95 എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർത്ഥി സംഗമം നടന്നത് കഴിഞ്ഞ മെയ്‌ 25 ന്. പത്താം ക്ലാസിലെ 3 ഡിവിഷനുകളിൽ പഠിച്ചിരുന്ന 50 ലേറെ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. സംഗമ ദിവസം പ്രേംകുമാർ സുനിതയ്‌ക്കൊപ്പം കാറിലാണ് എത്തിയത്. സംഗമത്തിന് സുനിതയുടെ 3 മക്കളും മാതാവും ഉണ്ടായിരുന്നു. പൂർവ വിദ്യാർത്ഥി സംഗമത്തിലാണു വീണ്ടും കണ്ടുമുട്ടിയതെന്ന ഇരുവരുടെയും വാദം അതുകൊണ്ട് തന്നെ സുഹൃത്തുക്കൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. അതിനിടെ കൊല്ലപ്പെട്ട വിദ്യയുടെ കുടുംബത്തിന് പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് തിരിച്ചറിയുന്നു.

പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു 15 വർഷം മുൻപ് ഫോൺ കോളിലൂടെയാണ്. മൂവാറ്റുപുഴയിൽ ഒരു ഹോട്ടലിൽ സൂപ്പർവൈസറായിരുന്നു പ്രേംകുമാർ. ബന്ധുവായ ദീപക്കിനെ ഹോട്ടലിൽ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോൺ ചെയ്തത്. ഈ പരിചയം വിവാഹത്തിലെത്തി. മുൻ ബന്ധത്തിലുള്ള മകനെ കസിൻ എന്നു പറഞ്ഞ് വിദ്യ തന്നെ പരിചയപ്പെടുത്തിയെന്നും വർഷങ്ങളോളം മറച്ചു വച്ച സത്യം പീന്നീട് അറിഞ്ഞപ്പോൾ മാനസികമായി തകർന്നുവെന്നും ഇതും വൈരാഗ്യത്തിനു കാരണമായെന്നും പ്രേംകുമാർ മൊഴി നൽകിയിട്ടുണ്ട്. ഒരു മകളുള്ള കാര്യം മാത്രമാണ് വിദ്യ പറഞ്ഞിരുന്നത്. വിദ്യയെ 4 തവണ കാണാതായിരുന്നുവെന്ന് പ്രേം പൊലീസിനോടു പറഞ്ഞു. ആദ്യ വിവാഹത്തിലെ മക്കളുടെ കൂടെ താമസിക്കാൻ പോയെന്നാണു തിരിച്ചെത്തിയ ശേഷം വിദ്യ വിശദീകരിക്കാറത്രേ.

ഇയാൾ എറണാകുളം ജില്ലയിൽ വിവിധ ഹോട്ടലുകളിൽ മാനേജരായിരുന്നു. പിന്നീട്, 2 തവണയായി 4 വർഷത്തോളം ഗൾഫിൽ ജോലി നോക്കി. 2015 ലാണു തിരിച്ചെത്തിയ ശേഷമാണ് റിക്രൂട്‌മെന്റ് സ്ഥാപനം തുടങ്ങിയത്. സുനിതയുടെ ഭർത്താവും മക്കളും ഹൈദരാബാദിലാണ്. ഹൈസ്‌കൂളിൽ 1994ൽ ഒരേ ക്ലാസിൽ പഠിച്ച പ്രേംകുമാറും സുനിതയും സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിലൂടെ വീണ്ടും പരിചയം പുതുക്കി. മേയിൽ സ്‌കൂളിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമത്തിൽ പഠന കാലത്തു പറയാതിരുന്ന പ്രണയം ഇരുവരും തുറന്നു പറഞ്ഞു. എന്നാൽ ഇത് സുഹൃത്തുക്കൾ വിശ്വസിക്കുന്നില്ല. നേരത്തെ തന്നെ ഇവർ അടുപ്പം തുടങ്ങിയെന്നാണ് അവർ പറയുന്നത്. തുടർന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയിൽ ചേർന്നു. പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേർന്ന് വീട് വാടകയ്‌ക്കെടുത്തു. ഇത് വിദ്യ അറിഞ്ഞു. ഇതോടെ വഴക്കും തുടങ്ങി.

സെപ്റ്റംബർ 20ന് പ്രേംകുമാർ വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്‌പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടു. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അർധരാത്രിയോടെ പേയാട്ടെ വില്ലയിലെത്തി.പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി. പുലർച്ചെ രണ്ടുമണിയോടെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മുകൾനിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. രാവിലെ സുനിത പതിവുപോലെ ജോലിക്കു പോയി. പിന്നീട് പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. മൃതദേഹം വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി. സുനിത പിൻസീറ്റിൽ മൃതദേഹത്തിന്റെ തോളിൽ കയ്യിട്ടിരുന്നു. തിരുനെൽവേലി നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളി.

തിരിച്ചെത്തിയ പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് ഉദയംപേരൂർ പൊലീസിൽ സെപ്റ്റംബർ 23ന് പരാതി നൽകി. സ്റ്റേഷനിലെത്തുമ്പോൾ സുനിത കാറിലുണ്ടായിരുന്നു. ഈ പരാതിയിൽ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. എന്നാൽ ട്രെയിനിൽ യാത്ര ചെയ്ത മൊബൈൽ പൊലീസിനെ കുടുക്കി. ഇതിനിടെ വാട്‌സാപ്പ് സന്ദേശം പൊലീസിന് കിട്ടി. അങ്ങനെ കാമുകനും കാമുകിയും സംശയ നിഴലിലായി. പിന്നീട് അറസ്റ്റും. സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാൻ പ്രേം കുമാർ തക്കം പാർത്തിരുന്നു. വിദ്യയ്ക്ക് മുമ്പ് ഒരു വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. വിദ്യയ്ക്ക് അന്ന് കഴുത്തിനാണ് പരിക്കേറ്റത്. ആയൂർവേദ ചികിത്സയിലൂടെ കഴുത്തിനേറ്റ പരിക്ക് സുഖപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രേം കുമാർ വിദ്യയെ തിരുവനന്തപുരത്ത് എത്തിച്ചത്.

തിരുവനന്തപുരത്ത് പേയാട് ഗ്രേസ് എന്ന് പേരുള്ള വില്ല സുനിത നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ വച്ചാണ് ഇരുവരും ചേർന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വാഹനത്തിൽ കയറ്റി തിരുനെൽവേലിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. പരാതി നൽകിയ ശേഷം പ്രേം കുമാറിനെ പറ്റി ഏറെ നാൾ വിവരമൊന്നും ഇല്ലാതിരുന്നതും പൊലീസിൽ സംശയം ജനിപ്പിച്ചു. ഇതിനിടെയാണ് കാമുകി സുനിതയോടൊപ്പം പ്രേം കുമാർ താമസം ആരംഭിച്ചത്.

ഇതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു. പൊലീസ് അന്വേഷണം തനിക്ക് നേരെയാണെന്ന് വ്യക്തമായതോടെ പ്രേം കുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. ഇതോടെ പ്രതി പ്രേം കുമാറാണെന്ന കാര്യത്തിൽ പൊലീസിന് സംശയം ഇല്ലാതെയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP