Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാഹീൻ കണ്ണിനെ വിദ്യ ആദ്യം കാണുന്നത് മീൻ കച്ചവടകാരനായി; വിദ്യയെ പരിചയപ്പെട്ടത് അവിവാഹിതനായ മനുവെന്ന പേരിൽ; ജീവിതകാലം മുഴുവൻ കൂട്ടിനുണ്ടാകുമെന്ന വിശ്വസിച്ച് ഇറങ്ങിപോയി; പൂവാറിലെ ഭാര്യയുടെ ഫോൺ എത്തിയപ്പോൾ ചതി തിരിച്ചറിഞ്ഞു; ഗതികേട്കൊണ്ട് രണ്ടാം ഭാര്യയായി കഴിഞ്ഞോളാമെന്ന വിദ്യയുടെ അപേക്ഷയും ആ ക്രൂരൻ ചെവികൊണ്ടില്ല

മാഹീൻ കണ്ണിനെ വിദ്യ ആദ്യം കാണുന്നത് മീൻ കച്ചവടകാരനായി; വിദ്യയെ പരിചയപ്പെട്ടത് അവിവാഹിതനായ മനുവെന്ന പേരിൽ; ജീവിതകാലം മുഴുവൻ കൂട്ടിനുണ്ടാകുമെന്ന വിശ്വസിച്ച് ഇറങ്ങിപോയി; പൂവാറിലെ ഭാര്യയുടെ ഫോൺ എത്തിയപ്പോൾ ചതി തിരിച്ചറിഞ്ഞു; ഗതികേട്കൊണ്ട് രണ്ടാം ഭാര്യയായി കഴിഞ്ഞോളാമെന്ന വിദ്യയുടെ അപേക്ഷയും ആ ക്രൂരൻ ചെവികൊണ്ടില്ല

സായ് കിരൺ

തിരുവനന്തപുരം : ഒരുപെണ്ണിനും ഉണ്ടാകാൻ പാടില്ലാത്ത അവസ്ഥയിലൂടെയാണ് ഊരൂട്ടമ്പലത്തെ വിദ്യ കടന്നുപോയത്. വിശ്വസിച്ച പുരുഷനിൽ നിന്ന് നിരന്തരം ചതിയുടെ ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നിട്ടും അയാൾക്കൊപ്പം ജീവക്കണമെന്ന് കരുതിയ വിദ്യയെ നിഷ്ഠൂരമായി കൊന്നുതള്ളിയത് സമാനതകളില്ലാത്ത ക്രൂരതയാണ്. ഓട്ടോയിൽ മീൻ കച്ചവടത്തിനെത്തുന്ന മീൻകാരനായാണ് മാഹിൻകണ്ണിനെ വിദ്യ ആദ്യം കാണുന്നത്.

പൂവാറിൽ നിന്ന് ഓട്ടോറിക്ഷയിൽ മത്സ്യവുമായി കാട്ടാക്കട , മാറനല്ലൂർ മേഖലകളിൽ കച്ചവടം നടത്തുമ്പോഴാണ് പതിനൊന്നുവർഷം മുമ്പ് വിദ്യയുമായി മാഹിൻ പരിചയത്തിലായത്. താൻ വിവാഹിതനാണെന്നും മാഹിനെന്നാണ് പേരെന്നും മറച്ചുവച്ച ഇയാൾ മനുവെന്ന പേരിലാണ് വിദ്യയെ പരിചയപ്പെട്ടത്. ദിവസവും മീനുമായെത്തുന്ന മനുവുമായി അടുപ്പത്തിലായതോടെ വിദ്യ ഇക്കാര്യം അമ്മയോട് പറഞ്ഞു. കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാർ സ്വദേശി മാഹിനുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തു. അത് വകവയ്ക്കാതെ മാഹിനെ വിശ്വസിച്ച വിദ്യ അയാൾക്കൊപ്പം ഇറങ്ങിപ്പോയി.

എന്നും ഒപ്പമുണ്ടാകുമെന്നത് മാത്രമായിരുന്നു പ്രതീക്ഷ. മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ വിദ്യയുടെ വീട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ മാഹിൻ വിദേശത്തേക്ക് കടന്നു. 2009 മാർച്ച് 14 ന് വിദ്യഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒന്നര വർഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻ തിരിച്ചെത്തി.ഗൾഫിൽ നിന്നെത്തിയ മാഹിൻ വിദ്യയ്ക്കൊപ്പം കഴിയുകയായിരുന്നു. ഒരുദിവസം മാഹിൻ ബാത്ത് റൂമിലായിരിക്കെ ഇയാളുടെ ഫോണിലേക്ക് വന്ന ആദ്യ ഭാര്യ റുക്കിയയുടെ കോൾ വിദ്യ അറ്റന്റ് ചെയ്തപ്പോഴാണ് മാഹിൻ വിവാഹിതനാണെന്നും മക്കളുണ്ടെന്നുമുള്ള വിവരം വിദ്യ അറിഞ്ഞത്.

ഇതേ ചൊല്ലി ഇരുവരും തർക്കമായി. റുക്കിയയും വിദ്യയുമായി തർക്കവും വഴക്കുമായി. താൻ പിരിഞ്ഞുപോകില്ലെന്ന് ശാഠ്യം പിടിച്ച വിദ്യ രണ്ടാം ഭാര്യയായി കഴിഞ്ഞുകൊള്ളാമെന്ന് പറഞ്ഞ് അപേക്ഷിച്ചു. എന്നാൽ ഇത് റുക്കിയയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. റുക്കിയയുടെ ഒത്താശയോാടെ വിദ്യയെ എന്നെന്നേക്കും ഒഴിവാക്കാൻ മാഹിൻ പദ്ധതിയിട്ടു. 2011 ആഗസ്റ്റ 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കറങ്ങാൻ പോകാമെന്ന് പറഞ്ഞ് മാഹിൻകണ്ണ് ബൈക്കിൽ കയറ്റികൊണ്ടുപോകുകയായിരുന്നു. പീന്നീട് ആരും കണ്ടിട്ടില്ല.
മാഹീൻ കണ്ണ് വിദ്യയും കുഞ്ഞുമായി പൂവാറിന് അപ്പുറം തമിഴ്‌നാട് അതിർത്തിയിലുള്ള കടപ്പുറത്തെത്തുകയും അവിടെ വിജനമായ സ്ഥലത്തുവച്ച് വിദ്യയെയും കുഞ്ഞിനെയും കടലിലേക്ക് തള്ളി വീഴ്‌ത്തുകയുമായിരുന്നു. തിരയിൽപ്പെട്ട് ഇരുവരും മുങ്ങിതാഴ്ന്നുവെന്ന് ഉറപ്പാക്കിയശേഷം അവിടെ നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു.

വിദ്യയുടെ മൃതദേഹം 2011 ഓഗസ്റ്റ് 19നും ഗൗരിയുടേത് ജീർണിച്ച നിലയിൽ ഓഗസ്റ്റ് 24നും തമിഴ്‌നാട് തീരത്ത് അടിയുകയും അജ്ഞാത മൃതദേഹങ്ങളെന്ന നിലയിൽ ഡി.എൻ.എ സാമ്പിളുകളും ഫോട്ടോയും ശേഖരിച്ചശേഷം തമിഴ്‌നാട് പൊലീസ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി അവിടെ മറവുചെയ്യുകയും ചെയ്തു. മകളെയും കുഞ്ഞിനെയും കാണാതായി രണ്ട് ദിവസമായിട്ടും ഇവരെപ്പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ വിദ്യയുടെ അമ്മ രാധ 2011 ഓഗസ്റ്റ് 20ന് മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തൊട്ടടുത്ത ദിവസം മാഹിന്റെ സ്ഥലമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി. പൂവാർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ മാഹിൻ കണ്ണിനെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ വിദ്യയെയും മകളെയും വേളാങ്കണ്ണിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്നും അടുത്തദിവസം അവരെ കൂട്ടിക്കൊണ്ടുവരാമെന്നേറ്റശേഷം മുങ്ങുകയായിരുന്നു.

2019ൽ മാറനല്ലൂർ പൊലീസ് വീണ്ടും മാഹിനെ നോട്ടീസ് നൽകി ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ മാഹിൻ മനുഷ്യാവകാശ കമ്മിഷനിലും കോടതിയിലും പോയി തന്നെ അനാവശ്യമായി സ്റ്റേഷനിൽ വിളിപ്പിക്കുന്നത് തടഞ്ഞു. ഇതോടെ അന്വേഷണം വഴിമുട്ടിയ കേസ് അൺനോൺ കേസുകളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോഴാണ് 2021ൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനെത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിദ്യയുടെ ബന്ധുക്കളെയും മാഹിൻകണ്ണിനെയും കുടുംബാംഗങ്ങളെയും നേരിൽ കണ്ട് നടത്തിയ അന്വേഷണവും ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവ് ശേഖരണവുമാണ് പതിനൊന്ന് വർഷത്തിന് ശേഷം കൈക്കുഞ്ഞുൾപ്പെടെയുള്ള ഇരകളായ ഇരട്ടക്കൊലപാതകക്കേസിന് തുമ്പായത്.

വിദ്യയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് മാഹിൻ കണ്ണിന്റേ പേര് രേഖപ്പെടുത്തിയതും ഏറ്റവും അവസാനം വിദ്യയേയും ഗൗരിയേയും മാഹിൻകണ്ണാണ് കൂട്ടിക്കൊണ്ടുപോയതെന്ന മൊഴികളും മാഹിൻ കണ്ണിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിക്കാൻ ഇടയാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP