Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെങ്കാശിയിൽ ക്ഷേത്ര ഉത്സവത്തിനിടെ മനുഷ്യ തല ഭക്ഷിച്ച് സ്വാമിമാർ; വിഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്;നടപടി വില്ലേജ് അഡ്‌മിനിസ്‌ട്രേഷൻ ഓഫിസറുടെ പരാതിയിൽ

തെങ്കാശിയിൽ ക്ഷേത്ര ഉത്സവത്തിനിടെ മനുഷ്യ തല ഭക്ഷിച്ച് സ്വാമിമാർ; വിഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്;നടപടി  വില്ലേജ് അഡ്‌മിനിസ്‌ട്രേഷൻ ഓഫിസറുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തെങ്കാശി: തെങ്കാശിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മനുഷ്യന്റെ തല ഭക്ഷിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. തെങ്കാശിയിലെ കല്ലൂരാണി ഗ്രാമത്തിലെ ശക്തിപോതി ചുടലൈ മാടസ്വാമി ക്ഷേത്രത്തിലാണ് സംഭവം. മനുഷ്യമാംസവും തലയും ഭക്ഷിച്ച സ്വാമിമാർക്കെതിരെയാണ് കേസ്. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമധ്യമങ്ങളിൽ വ്യാപകമായി പ്രചരിത്തിരുന്നു.വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വില്ലേജ് അഡ്‌മിനിസ്‌ട്രേഷൻ ഓഫിസറുടെ പരാതിയിലാണ് നടപടി. തുടർന്ന് പൊലീസ് സൂപ്രണ്ട് ആർ. കൃഷ്ണരാജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ ഉത്സവ സംഘാടകർക്കെതിരെയും സ്വാമിമാർക്കെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ ശക്തി പൊതി സുടലൈ മാടസ്വാമി ക്ഷേത്ര(കാട്ടു കോവിൽ)ത്തിലെ സ്വാമിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.ഉത്സവ ചടങ്ങിനിടെ ചിലർ മനുഷ്യന്റെ തല കൈയിലേന്തി നിൽക്കുന്നതാണ് വിഡിയോ. നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുന്നതും വിഡിയോയിൽ കാണാം. അവർ ഇത് ഭക്ഷിക്കുന്നതായും പറയുന്നു. എന്നാൽ ആരുടെ മൃതദേഹമാണെന്നോ, എവിടെനിന്ന് കടത്തികൊണ്ടുവന്നതാണെന്നോ വ്യക്തമല്ല. ഇത് യഥാർഥ മനുഷ്യത്തലയാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

അതേസമയം, ആരുടെ മൃതദേഹമാണ് പുറത്തെടുത്ത് ഭക്ഷിച്ചതെന്ന് ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പിടിയിലായവരിൽനിന്ന് ഇതു സംബന്ധിച്ച വ്യക്തമായ മൊഴിയും ലഭിച്ചിട്ടില്ല. ആരുടെ മൃതദേഹമാണ് ഇവർ പുറത്തെടുത്തതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഉത്സവത്തിന്റെ സംഘാടകർക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ആർ.കൃഷ്ണരാജ് പറഞ്ഞു.

'ഇവർ മനുഷ്യശരീരം എവിടെനിന്നാണ് കൊണ്ടുവന്നതെന്ന കാര്യം വ്യക്തമല്ല. പാതി കത്തിയ മൃതദേഹം ഏതെങ്കിലും ശ്മശാനത്തിൽനിന്ന് എടുത്തുകൊണ്ടുവന്നതാണോ എന്ന കാര്യവും അറിയില്ല. ഇതിൽ അന്വേഷണം തുടരുകയാണ്' -പൊലീസ് പറഞ്ഞു.

ക്ഷേത്രത്തിലെ സ്വാമിമാർ ചടങ്ങുകൾ നടക്കുമ്പോൾ മനുഷ്യ ശരീരം തിരഞ്ഞ് ശ്മശാനങ്ങളിലും ചുടലപറമ്പുകളിലും പോകാറുണ്ടെന്ന് ചിലർ പറയുന്നു. സാധാരണയായി ഇവർ മടങ്ങിവരുമ്പോൾ മനുഷ്യ ശരീരം കൊണ്ടുവരാറില്ല. എന്നാൽ, അടുത്തിടെ നടന്ന ചടങ്ങിൽ ഇവർ മനുഷ്യശരീരം കൊണ്ടുവരികയും ഭക്ഷിക്കുകയും ചെയ്തതായാണ് ഗ്രാമവാസികൾ പറയുന്നത്.

2019ലും കാട്ടുകോവിലിൽ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് ചടങ്ങിനിടെ ഒരു മനുഷ്യശരീരവും കൈയും ഇവർ കൊണ്ടുവന്നിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.പ്രാദേശിക ദേവതകളാണെന്ന് സ്വയം പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നവരാണ് സ്വാമിയാദികൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP